Sunday, May 19, 2019 Last Updated 17 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.11 AM

പാപമോചനത്തിന്‌ മുന്‍പ്‌

റഹ്‌മത്തിന്റെ(കരുണയുടെ) പത്ത്‌ വിട പറഞ്ഞു. മഗ്‌ഫിറത്തിന്റെ (പാപ മോചനത്തിന്റെ) പത്താണു നമ്മിലേക്ക്‌ ആഗതമായിരിക്കുന്നത്‌. അല്ലാഹുവിനോട്‌ ചെയ്‌തു പോയ പാപങ്ങളില്‍നിന്ന്‌ പൊറുക്കലിനെ തേടിയാല്‍ ഏറ്റവും കൂടുതല്‍ ഉത്തരം ലഭിക്കുന്ന ദിനങ്ങള്‍. എന്നാല്‍, പൊറുക്കലിനെ തേടുന്നതിനു മുമ്പ്‌ ആദ്യമായി വേണ്ടത്‌ തൗബയാണ്‌. അഥവാ ചെയ്‌ത്‌ പോയതിലുള്ള ഖേദം.
ചെയ്‌തു പോയ തെറ്റില്‍നിന്ന്‌ ഖേദിക്കാതെ പൊറുക്കലിനെ തേടിയാല്‍ അല്ലാഹുവിനെ പരിഹസിക്കുന്നവനെ പോലെയാണെന്നും അത്‌ കള്ളന്മാരുടെ തൗബ പോലെയാണെന്ന്‌ അവന്‍ അറിയുന്നില്ലെന്നുമാണ്‌ ഇമാം ശഅറാനി തന്റെ തമ്പീഉല്‍ മുഗ്‌തരീന്‍ എന്ന കിതാബില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നു കാണാം. ഇതിനു ഉപോല്‍ബലകമായി അദ്ദേഹം ഖുര്‍ആനിലെ ഒരു ആയത്തിനെ തെളിവായി ഉദ്ധരിക്കുന്നുണ്ട്‌. അല്ലാഹുവിലേക്ക്‌ അവര്‍ തൗബ ചെയ്യുന്നില്ലേ, പൊറുക്കലിനെ തേടുകയും ചെയ്യുന്നില്ലേ (സൂറത്ത്‌ മാഇദ 74). ഇവിടെ ആദ്യം അല്ലാഹു തആല മുന്തിച്ചത്‌ തൗബയെയാണ്‌. അതു കൊണ്ട്‌ തന്നെ പൊറുക്കലിനെ തേടുന്നതിനു മുമ്പ്‌ അതില്‍ ഖേദിച്ച്‌ ഒരിക്കലും അതിലേക്ക്‌ തിരിച്ചു വരില്ലെന്നുള്ള ദൃഢ നിശ്‌ചയം നമുക്കുണ്ടാകണം.
ഒരിക്കല്‍ പ്രവാചകന്‍ അനുചരര്‍ക്കിടയില്‍ നില്‍കുന്ന സന്ദര്‍ഭത്തില്‍ ആരാണ്‌ താഇബ്‌ (തൗബ ചെയ്യുന്നവന്‍) എന്ന്‌ നിങ്ങള്‍ക്കറിയുമോ എന്നു ചോദിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കറിയില്ല നബിയേ. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഒരു അടിമ തന്റെ എതിരാളിയെ തൃപ്‌തിപ്പെടുത്താതെയോ വസ്‌ത്രത്തെ മാറ്റം വരുത്താതെയോ (ഹറാമായ വസ്‌ത്രമോ അഹങ്കാരത്തിന്റെ വസ്‌ത്രമോ), മജ്‌ലിസിനെ(സ്‌ഥലത്തെ) മാറ്റം വരുത്താതെയോ (വിഡ്‌ഢികളുടെയോ കളിയുടെയോ ചീത്ത കൂട്ടുകെട്ടുകളുടെയോ മജ്‌ലിസ്‌) സ്വഭാവത്തെയും ഹൃദയത്തെയും വിശാലമാക്കാതെയോ (സ്വന്തം കാര്യം നോക്കി നടക്കുക) തൗബ ചെയ്യുകയാണെങ്കില്‍ അവന്‍ യഥാര്‍ഥ താഇബ്‌ അല്ല. ശേഷം നബി(സ്വ) പറഞ്ഞു: ഈ കാര്യങ്ങളെ തൊട്ടക്കെ വിട്ട്‌ നിന്ന്‌ ഒരുത്തന്‍ തൗബ ചെയ്‌താല്‍ അവനാണ്‌ യഥാര്‍ഥ താഇബ്‌ (തൗബ ചെയ്യുന്നവന്‍).
ചുരുക്കത്തില്‍, തൗബ ചെയ്യുമ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കളങ്കരഹിതമായ തൗബയ്‌ക്ക്‌ ശേഷം പാപമോചനത്തിനെ തേടണം. ആ തേട്ടത്തിന്‌ ഒരു എക്‌സ്‌ട്രാ പവറുണ്ട്‌. പടച്ചവന്‍ ആ തേട്ടം തട്ടുകയില്ലെന്നുറപ്പാണ്‌. പരിശുദ്ധമായ ഈ റമദാനിലൂടെ കറകളഞ്ഞ ജീവിതം സാധ്യമാക്കാന്‍ നമുക്കാകട്ടെ.

അബൂബക്കര്‍ അഹ്‌സനി
പറപ്പൂര്‍

(മലപ്പുറം മഅ്‌ദിന്‍ കുല്ലിയ്യ ഓഫ്‌ ഇസ്ലാമിക്‌ സയന്‍സ്‌ ഫിഖ്‌ഹ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ മേധാവിയാണ്‌ ലേഖകന്‍)

Ads by Google
Sunday 19 May 2019 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW