Friday, June 21, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.09 AM

പാതി മുറിഞ്ഞ മഴവില്ല്‌

uploads/news/2019/05/309227/1.jpg

വെളിച്ചവും ശബ്‌ദവും ഇല്ലാത്ത ലോകത്തെപ്പറ്റി സങ്കല്‌പിക്കാന്‍ തന്നെ നമുക്ക്‌ പ്രയാസമാണ്‌. അവിടെ നീല വിഹായസില്ല. സൂര്യനും ചന്ദ്രനുമില്ല. പുഷ്‌പങ്ങളും കളകളാരവം മുഴക്കുന്ന അരുവികളും പക്ഷികളുമില്ല. ഈണത്തില്‍ പാടുന്ന കുയിലുകളില്ല. മയിലുകളും മാന്‍പേടകളുമില്ല. അട്ടഹാസമില്ല; പുഞ്ചിരിയില്ല. ഉള്ളത്‌ രണ്ടു കാര്യം മാത്രം! അന്ധകാരത്തിന്റെ ആഴിപ്പരപ്പും ശ്‌മശാന മൂകതയും! ഇങ്ങനെയുള്ള ഒരു ലോകത്തിലേക്കാണ്‌ ഹെലന്‍ കെല്ലര്‍ പിറന്നു വീണത്‌. മൂകയും ബധിരയും ആയിരുന്ന ഈ അമേരിക്കന്‍ പെണ്‍കുട്ടിയെ അറിവിന്റെ ലോകത്തിലേക്കു പിച്ച വച്ചു നടത്തിയത്‌ സള്ളിവന്‍ എന്ന അധ്യാപികയാണ്‌.
തത്ത്വജ്‌ഞാനിയും സാഹിത്യകാരിയുമായ ഹെലന്‍ രചിച്ച ഗ്രന്ഥങ്ങള്‍ ലോകമെങ്ങുമുള്ള അനേകായിരങ്ങളുടെ അന്തര്‍ നേത്രങ്ങള്‍ തുറക്കുവാന്‍ മതിയായവയാണ്‌. ഈ വനിതാ രത്നത്തെ ഒരു പ്രതിഭാസമായും അത്ഭുത സംഭവമായും മനുഷ്യസ്‌നേഹിയായും വിദ്യാഭ്യാസ വിചക്ഷണയായും ലോകം ബഹുമാനിക്കുന്നു. ഹെലന്‍ കെല്ലര്‍ പറഞ്ഞു: ആനന്ദത്തിലേക്കുള്ള ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന്‌ താനേ തുറക്കും. എന്നാല്‍ അടഞ്ഞ വാതിലിലേക്ക്‌ നോക്കിക്കൊണ്ടിരുന്നാല്‍ നമുക്കുവേണ്ടി തുറന്നിട്ടിരിക്കുന്ന വാതില്‍ നാം കാണുകയില്ല. ഭൗതിക സുഖസൗകര്യങ്ങളിലേക്കുള്ള വാതില്‍ അടഞ്ഞിരിക്കാം. എന്നാല്‍ ആധ്യാത്മിക സന്തോഷത്തിലേക്കും പ്രത്യാശയിലേക്കുമുള്ള വാതില്‍ തുറക്കപ്പെടും. ഇതായിരുന്നു ഹെലന്‍ കെല്ലറെ സംബന്ധിച്ചിടത്തോളം തന്റെ ഇരുണ്ട ലോകത്തുണ്ടായിരുന്ന ഏക ദീപശിഖ. അതിലാണ്‌ അവര്‍ ആനന്ദം കണ്ടെത്തിയത്‌. ഹെലന്റെ മറ്റു ചില വാക്കുകള്‍കൂടി ഇവിടെ പകര്‍ത്തട്ടെ: ഞാന്‍ അന്ധയാണ്‌; മഴവില്ല്‌ കണ്ടിട്ടില്ല; അതിന്റെ സൗന്ദര്യത്തെപ്പറ്റി ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. എനിക്കറിയാം മഴവില്ലിന്റെ സൗന്ദര്യം ക്ഷണികവും അപൂര്‍ണ്ണവുമാണെന്ന്‌. ഇതു തന്നെയാണ്‌ സൂര്യനു കീഴില്‍, ഈ ലോകത്തില്‍ നമുക്കറിയാവുന്ന എല്ലാറ്റിന്റേയും വില. മഴവില്ലിന്റെ പാതിവൃത്തം പോലെ മുറിഞ്ഞതും അപൂര്‍ണവുമാണ്‌ നമ്മുടെയെല്ലാം ജീവിതം. ജീവിതത്തില്‍ നിന്ന്‌ നിത്യതയിലേക്ക്‌ കാല്‍വയ്‌ക്കുന്നതു വരെയും ഹെലന്‍ പറഞ്ഞതിന്റെ അര്‍ത്ഥം നമുക്ക്‌ മനസ്സിലാവുകയില്ല.
എഴുത്തുകാരന്‍ ബ്രൗണിംഗ്‌ എഴുതി: മുറിഞ്ഞ വൃത്താംശങ്ങള്‍ ഭൂമിയില്‍ നാം കാണുന്നു; പരിപൂര്‍ണമാം വൃത്തം സ്വര്‍ഗ്ഗത്തില്‍ നേടുന്നു.
നിങ്ങളുടെ സ്വന്ത ജീവിതത്തില്‍, ഭവനത്തില്‍ സ്വസ്‌ഥത ഇല്ലായെങ്കില്‍, അതിന്റെ യഥാര്‍ത്ഥ കാരണം ബാഹ്യമായ യാതൊന്നുമല്ല, പിന്നെയോ നിങ്ങളുടെ ഹൃദയത്തിന്റെ അവസ്‌ഥയാണ്‌.
ബൈബിളില്‍ അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിന്‌ എഴുതിയ ഒന്നാം ലേഖനം ആറാം അധ്യായം ഏഴു മുതലുള്ള വാക്യങ്ങള്‍: ഇഹലോകത്തിലേക്ക്‌ നാം ഒന്നും കൊണ്ടു വന്നിട്ടില്ല. ഇവിടെനിന്ന്‌ യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല. ഉണ്ണാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്ന്‌ നാം വിചാരിക്ക. ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. മറ്റുള്ളവര്‍ക്കുള്ള നന്മകള്‍ എല്ലാം തങ്ങള്‍ക്ക്‌ ലഭിച്ചാല്‍ കൊള്ളാം എന്ന ചിന്ത മനുഷ്യരില്‍ അസംതൃപ്‌തി ഉളവാക്കുന്നു. ശൂന്യത വരുത്തി വയ്‌ക്കുന്നു. ദൈവം തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നന്മകള്‍ക്ക്‌ നന്ദി പറയുവാന്‍ അതുമൂലം അവര്‍ക്ക്‌ സാധിക്കുന്നില്ല. ബൈബിളിലെ സംഖ്യാ പുസ്‌തകം പന്ത്രണ്ടാം അധ്യായത്തില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്‌. മോശെയുടെ സഹോദരനും സഹോദരിയുമായ അഹരോനും മിര്യാമും മോശെയ്‌ക്കെതിരായി പിറുപിറുക്കുകയാണ്‌, അസൂയപ്പെടുകയാണ്‌. അവര്‍ പറയുന്നു: എന്താ മോശെയോടു മാത്രമേ ദൈവം സംസാരിക്കുകയുള്ളോ? ഞങ്ങളോട്‌ ദൈവം സംസാരിക്കുകയില്ലെന്നുണ്ടോ? അവര്‍ മോശെയെ ദ്വേഷിച്ചു സംസാരിക്കുന്നു, അപവാദം പറഞ്ഞു പരത്തുന്നു.
നോക്കുക! ദൈവം അവര്‍ക്കു കൊടുത്ത വന്‍ പദവികളില്‍, സ്‌ഥാനങ്ങളില്‍, അവര്‍ തൃപ്‌തരായില്ല. അനന്തരഫലം എന്തായിരുന്നു? ദൈവത്തിന്റെ വലിയ ശിക്ഷാവിധി ഏല്‍ക്കേണ്ടിവന്നു. മിര്യാം കുഷ്‌ഠരോഗിയായിത്തീര്‍ന്നു. ദൈവം തമ്പുരാന്‍ നമ്മെ സൃഷ്‌ടിച്ചിരിക്കുന്നത്‌, തന്നില്‍ നാം ആശ്വാസവും സമാധാനവും കണ്ടെത്തുവാനാണ്‌. യേശുവിനെ ഹൃദയംഗമമായി അറിയുന്ന ഒരു വ്യക്‌തിക്ക്‌, ജീവിതത്തില്‍ ഐഹികമായ, വര്‍ണ്ണശബളിമയാര്‍ന്ന പ്രതാപവും പ്രൗഢിയും മറ്റും ഇല്ലെങ്കിലും പൂര്‍ണ്ണസംതൃപ്‌തിയുണ്ട്‌.
ഈ ലോകത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യത്തെപ്പറ്റിയുള്ള ആശയും അറിവുമാണ്‌ ഇപ്പോഴത്തെ ദുഃഖവും ഇല്ലായ്‌മയും മറന്ന്‌ ജീവിതം ആനന്ദകരമാകുവാന്‍ സഹായിക്കുന്നത്‌.

Ads by Google
Sunday 19 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW