Wednesday, June 12, 2019 Last Updated 10 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 12.55 AM

ഇംഗ്ലണ്ടില്‍ ലോകകപ്പിനു മുമ്പേ റണ്‍മഴക്കാലം നേരത്തെയെത്തി

uploads/news/2019/05/309182/1.jpg

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്‌ ബൗളര്‍മാരുടെ ശവപ്പറമ്പാകുമെന്ന ഓര്‍മപ്പെടുത്തലുമായി വീണ്ടും ഒരു ഏകദിനം കൂടി. ഇംഗ്ലണ്ടും പാകിസ്‌താനും തമ്മില്‍ നടന്ന ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ നാലാം ഏകദിനത്തില്‍ 681 റണ്ണാണു പിറന്നത്‌.
നോട്ടിങാമിലെ ട്രെന്റ്‌ ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട്‌ മൂന്ന്‌ വിക്കറ്റിനു ജയിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 340 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ കളി തീരാന്‍ മൂന്ന്‌ പന്ത്‌ ശേഷിക്കേ ലക്ഷ്യം കടന്നു.
അഞ്ച്‌ ഏകദിനങ്ങളുടെ പരമ്പര ഇംഗ്ലണ്ട്‌ 3-0 ത്തിനു സ്വന്തമാക്കി. ഓപ്പണര്‍ ജാസണ്‍ റോയുടെ(89 പന്തില്‍ നാല്‌ സിക്‌സറും 11 ഫോറുമടക്കം 114) വെടിക്കെട്ട്‌ സെഞ്ചുറിയും ബെന്‍ സ്‌റ്റോക്‌സിന്റെ അര്‍ധ സെഞ്ചുറിയുമാണ്‌ ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്‌. ബെന്‍ സ്‌റ്റോക്‌സ് 64 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 71 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ ജെയിംസ്‌ വിന്‍സ്‌ (39 പന്തില്‍ 43), ജോ റൂട്ട്‌ (41 പന്തില്‍ 36), ടോം കുറാന്‍ (30 പന്തില്‍ 31), ആദില്‍ റഷീദ്‌ (എട്ട്‌ പന്തില്‍ 12) എന്നിവരും ജയത്തില്‍ നിര്‍ണായകമായി.
നായകനും വിക്കറ്റ്‌ കീപ്പറുമായ ജോസ്‌ ബട്ട്‌ലര്‍, മൊയീന്‍ അലി എന്നിവരെ പൂജ്യത്തിനു പുറത്താക്കാനായെങ്കിലും പാക്‌ ബൗളര്‍മാര്‍ക്കു ടീമിനെ ജയിപ്പിക്കാനായില്ല. ഇമാദ്‌ വസിം, മുഹമ്മദ്‌ ഹസ്‌നൈന്‍ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും ജുനൈദ്‌ ഖാന്‍, ഹസന്‍ അലി, ഷുഐബ്‌ മാലിക്ക്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. പാകിസ്‌താനു വേണ്ടി ബാബര്‍ അസം (112 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 115) സെഞ്ചുറിയുമായി തിളങ്ങി. ഫഖര്‍ സമാന്‍ (50 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 57), മുഹമ്മദ്‌ ഹഫീസ്‌ (55 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 59) എന്നിവരുടെ അര്‍ധ സെഞ്ചുറികളും പാക്‌ ഇന്നിങ്‌സിനു തിളക്കമായി. 75 റണ്‍ വഴങ്ങി നാല്‌ വിക്കറ്റെടുത്ത ടോം കുറാനാണ്‌ പാക്‌ ഇന്നിങ്‌സിനെ നിയന്ത്രിച്ചു നിര്‍ത്തിയത്‌. മാര്‍ക്ക്‌ വുഡ്‌ രണ്ട്‌ വിക്കറ്റും ജോഫ്ര ആര്‍ചര്‍ ഒരു വിക്കറ്റുമെടുത്തു. ഏകദിനത്തിലെ എട്ടാം സെഞ്ചുറി നേടിയ ജാസണ്‍ റോയ്‌ മത്സരത്തിലെ താരമായി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചെങ്കിലും മറ്റു മൂന്നു ഏകദിനങ്ങളിലും റണ്‍മഴ പെയ്‌തു. രണ്ടാം ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 373 റണ്ണെടുത്തു.
പിന്തുടര്‍ന്നു ബാറ്റ്‌ ചെയ്‌ത പാകിസ്‌താനു ജയിക്കാനായില്ലെങ്കിലും 361 റണ്ണെടുക്കാനായി. 12 റണ്ണിനായിരുന്നു തോല്‍വി. 55 പന്തില്‍ 110 റണ്ണെടുത്ത ജോസ്‌ ബട്ട്‌ലറുടെ ഇന്നിങ്‌സ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ 358 റണ്ണെടുത്തു. ഇമാനുള്‍ ഹഖിന്റെ (151) സെഞ്ചുറി മികവാണ്‌ പാകിസ്‌താനെ മികച്ച സ്‌കോറിലെത്തിച്ചത്‌. ജോണി ബെയര്‍സ്‌റ്റോയിലൂടെ (128 റണ്‍) തിരിച്ചടിച്ച ഇംഗ്ലണ്ട്‌ അഞ്ച്‌ ഓവര്‍ ശേഷിക്കേ ജയമറിഞ്ഞു. ഇംഗ്ലീഷ്‌ പേസര്‍ ഡേവിഡ്‌ വില്ലി ഈ മത്സരത്തില്‍ വഴങ്ങിയത്‌ 10 ഓവറില്‍ 86 റണ്‍. മൂന്ന്‌ മത്സരങ്ങളില്‍നിന്നു മാത്രം പിറന്നത്‌ 2132 റണ്‍. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രവചനം കണക്കിലെടുത്താല്‍ വരാനിരിക്കുന്നത്‌ റണ്‍മഴക്കാലമാണ്‌.

മകള്‍ക്കായി സെഞ്ചുറി

ലണ്ടന്‍: പാകിസ്‌താനെ അടിച്ചു തകര്‍ത്ത ഇംഗ്ലണ്ട്‌ ഓപ്പണര്‍ ജാസണ്‍ റോയിക്കു പറയാനുള്ളതു മറ്റൊരു കഥ. കഷ്‌ടിച്ചു മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങിയ ശേഷമാണു താന്‍ ക്രീസിലെത്തിയതെന്നു മത്സരത്തിനു ശേഷം ഇംഗ്ലീഷ്‌ ഓപ്പണര്‍ വെളിപ്പെടുത്തി.
ഇംഗ്ലണ്ടിന്‌ ഏകദിനത്തിലെ ഏറ്റവും മികച്ച നാലാമത്തെ പിന്തുടര്‍ന്നുള്ള ജയം നേടിക്കൊടുത്തത്‌ റോയുടെ എട്ടാം സെഞ്ചുറിയാണ്‌. എട്ടാഴ്‌ച മാത്രം പ്രായമുള്ള മകളെ അസുഖത്തെത്തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചതാണ്‌ ജാസണ്‍ റോയിയുടെ ഉറക്കം നഷ്‌ടപ്പെടുത്തിയത്‌. മകള്‍ അപകടനില തരണം ചെയ്‌തെന്ന്‌ ഉറപ്പാക്കിയതോടെയാണു റോയ്‌ സഹതാരങ്ങള്‍ക്കൊപ്പം ചേര്‍ന്നത്‌.
മത്സരത്തിനു ശേഷം അദ്ദേഹം നേരെ ആശുപത്രിയിലേക്കാണു പോയത്‌. രാവിലെ ടീം വാം അപ്പ്‌ തുടങ്ങുന്നതിനു തൊട്ടുമുമ്പാണു ഗ്രൗണ്ടിലെത്തിയത്‌. മകളെ കുറിച്ചുള്ള ആശങ്കകള്‍ നല്‍കിയ സമ്മര്‍ദത്തെ അതിജീവിച്ചു നേടിയ സെഞ്ചുറിയെ ഏറെ വിലമതിക്കുന്നതായും ഇംഗ്ലണ്ട്‌ താരം പറഞ്ഞു.

Ads by Google
Sunday 19 May 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW