Saturday, May 18, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 10.42 AM

മാധ്യമങ്ങള്‍ മോഡിക്കായി കാത്തിരുന്നത് 1817 ദിവസം ; 53 മിനിറ്റ് അഭിമുഖത്തില്‍ മിണ്ടിയത് 12 ​മിനിറ്റ് ; പ്രധാനകോളം ഒഴിച്ചിട്ട് ടെലിഗ്രാഫ് പത്രം

uploads/news/2019/05/309084/narendra-modi-telegraph.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വിളിച്ച വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് എതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ തിളച്ചു മറിയുന്നതിനിടയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഇന്ത്യയിലെ ഏറ്റവും പഴയ പത്രങ്ങളിലൊന്ന് ടെലിഗ്രാഫ്. പ്രതിഷേധ സൂചകമായി പ്രധാനവാര്‍ത്തയ്ക്കുള്ള രണ്ടു കോളം ഒഴിച്ചിട്ടായിരുന്നു പത്രം ശനിയാഴ്ച പുറത്തിറങ്ങിയത്. ഇന്നലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വളരെ കുറച്ച് സംസാരിച്ച മോഡി ഉത്തരം പറയാനുള്ള ബാദ്ധ്യത ഷായ്ക്ക് നല്‍കുകയായിരുന്നു.

പ്രധാന വാര്‍ത്തയുടെ മുകളിലെയും താഴത്തെയും കോളങ്ങള്‍ ഒഴിപ്പിച്ചിട്ട പത്രം താടിക്ക് കൈ കൊടുത്തിരിക്കുന്ന മോഡിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനൊപ്പം ശബ്ദ നിരോധിത മേഖലയെ സൂചിപ്പിക്കുന്ന ഹോണിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പ്പോലും വാര്‍ത്താസമ്മേളനം നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രി എന്ന ആരോപണം നിലനില്‍ക്കെയാണു പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ ഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് മോഡി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. വാര്‍ത്താസമ്മേളനം വിളിച്ച പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം മോഡി എത്തുമെന്നറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ 53 മിനിറ്റോളം നീണ്ട അഭിമുഖത്തില്‍ മോഡി സംസാരിച്ചത് വെറും 12 മിനിറ്റില്‍ താഴെ മാത്രമായിരുന്നു.

മോഡിയുടെ മറുപടിക്കായി ഒഴിച്ചിട്ട കോളത്തിന് തൊട്ടു താഴെ 'ചോദ്യങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയുന്നു' എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖം നല്‍കിയിട്ടുമുണ്ട്. 'പ്രധാനമന്ത്രി ഒരു നിശബ്ദചിത്രം' എന്ന പേരിലാണ് അവര്‍ വെബ്‌സൈറ്റില്‍ വാര്‍ത്ത കൊടുത്തത്. പ്രധാനമന്ത്രിയായി 2014 മെയ് 26 ന് സത്യപ്രതിജ്ഞ ചെയ്ത മോഡി 1817 ദിവസം കാത്തിരുന്ന ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു എന്ന വാര്‍ത്ത രാജ്യം ആകാംഷയോടെയാണ് കേട്ടത്.

ജനങ്ങള്‍ക്കു നന്ദി പറയാനാണ് എത്തിയതെന്ന ആമുഖത്തോടെ തനിക്കു പറയാനുള്ളതു പറഞ്ഞ മോഡി, ചോദ്യങ്ങള്‍ അമിത് ഷായിലേക്കു തിരിച്ചുവിട്ടു. ''ഞങ്ങള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ മാത്രം. പാര്‍ട്ടിയധ്യക്ഷനാണ് എല്ലാമെല്ലാം''- എന്നു വിശദീകരണം! 2014-ലെ തെരഞ്ഞെടുപ്പിന്റെ ഫലം വന്നതു മേയ് പതിനാറിനായിരുന്നു. കോണ്‍ഗ്രസിനു വേണ്ടി പന്തയംവച്ചവര്‍ക്കു പണം നഷ്ടപ്പെട്ടതിന്റെ വാര്‍ഷികമാണു മേയ് 17 എന്നു പറഞ്ഞ്, ഇന്നലത്തെ ദിവസത്തിന്റെ സവിശേഷത മോഡി പങ്കുവച്ചു.

തെരഞ്ഞെടുപ്പായതിനാല്‍ ഐ.പി.എല്‍. ക്രിക്കറ്റ് വിദേശത്തേക്കു മാറ്റിയ കാലമുണ്ടായിരുന്നു. ഈ സര്‍ക്കാരിനു കീഴില്‍ തെരഞ്ഞെടുപ്പും നവരാത്രിയും രാമനവമിയും ഈസ്റ്ററും റമദാനും ഐ.പി.എല്ലും സ്‌കൂള്‍ പരീക്ഷകളുമെല്ലാം ഒരുമിച്ച് സുഗമമായി നടന്നു. തെരഞ്ഞെടുപ്പ് ഗംഭീരമായി പൂര്‍ത്തിയാകുന്നു. ബി.ജെ.പി. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രചാരണം ജനങ്ങളോടുള്ള നന്ദിപറയല്‍ കൂടിയായിരുന്നു. രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള ഒട്ടേറെ കാര്യങ്ങള്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ അവ നടപ്പാക്കിത്തുടങ്ങും. നാനാത്വം കൊണ്ടും ജനാധിപത്യത്തിന്റെ ശക്തികൊണ്ടും ഇന്ത്യ ലോകത്തെ അതിശയിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയേണ്ടതില്ലെന്നു പറഞ്ഞാണു ചോദ്യങ്ങള്‍ അമിത് ഷാ ഏറ്റെടുത്തത്. ബി.ജെ.പി. തനിച്ചു ഭൂരിപക്ഷം നേടും. ബി.ജെ.പിക്കു 300 സീറ്റിലേറെ ലഭിക്കും.

എങ്കിലും ഘടകകക്ഷികളും ചേര്‍ന്ന എന്‍.ഡി.എ. സര്‍ക്കാരാകും ഉണ്ടാകുക. പുതിയ പാര്‍ട്ടികള്‍ എന്‍.ഡി.എയുടെ ഭാഗമാകാന്‍ താല്‍പ്പര്യമറിയിച്ചാല്‍ വാതില്‍ തുറന്നുകൊടുക്കുമെന്നും അമിത് ഷാ പറഞ്ഞു. റാഫേല്‍ കരാര്‍ അടക്കമുള്ള വിഷയങ്ങളില്‍ മോഡിയോടായി മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും അമിത് ഷായാണു മറുപടി നല്‍കിയത്. ചോദ്യങ്ങളും ഉത്തരങ്ങളും കേട്ട് മോഡി തൊട്ടരികിലിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW