Monday, May 20, 2019 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റ്യന്‍
Thursday 16 May 2019 05.33 PM

ഫാ.തേലക്കാട്ട് വ്യാജരേഖ ചമച്ചുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല, വ്യാജരേഖയുമായി അദ്ദേഹത്തിന് ബന്ധമുണ്ട്, വ്യാജരേഖയില്‍ എട്ട് ലത്തീന്‍ മെത്രാന്മാരുടെ പേരും, കേസ് കൊടുക്കണമെന്ന് സിനഡില്‍ ആവശ്യപ്പെട്ടത് ബിഷപ് മനത്തോടത്ത്: ഖേദംപ്രകടിപ്പിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഫാ. ആന്റണി പൂതവേലില്‍

ഭൂമി ഇടപാട് കേസിനു പിന്നില്‍ ആലഞ്ചേരി പിതാവിനോട് ചില വൈദികര്‍ക്കും ബിഷപുമാര്‍ക്കുമുള്ള ശത്രുതയാണെന്നും വിവാദം ഇത്രയേറെ ആളിക്കത്തിക്കാന്‍ ഇവരുടെ പങ്ക് വലുതാണെന്നും ഫാ.ആന്റണി പൂതവേലില്‍ പറയുന്നു.
church fake document case, fr. Poothavelil

കോട്ടയം: സിറോ മലബാര്‍ സഭയിലെ പുതിയ വിവാദമായ വ്യാജരേഖ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മറ്റൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ആന്റണി പൂതവേലില്‍. സ്വകാര്യ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ച വ്യാജരേഖയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മാത്രമല്ല, എട്ട് ലത്തീന്‍ ബിഷപുമാരുടെയും ചില ബിസിനസുകാരുടെയും ഭൂമി ഇടപാടിലെ ഇടനിലക്കാരന്റെയും പേരുകളുണ്ടെന്ന് ഫാ.പൂതവേലില്‍ 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു.

വ്യാജരേഖയുമായി മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിന് ബന്ധമുണ്ടെന്നാണ് താന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വ്യാജരേഖ ചമച്ചത് തേലക്കാട്ട് അച്ചനാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഫാ.ആന്റണി പൂതവേലില്‍ പറഞ്ഞു. ചാനലില്‍ നല്‍കിയ അഭിമുഖത്തിന്റെ പേരിലാണ് ഖേദം പ്രകടിപ്പിച്ചത്. അല്ലാതെ തേലക്കാട്ട് അച്ചന് വ്യാജരേഖയുമായി ബന്ധമുണ്ടെന്ന് പറഞ്ഞതിനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആ സംഭവത്തിന് തലേദിവസം ചില ഗൂഢാലോചനകള്‍ നടന്നുവെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അക്കാര്യം ചാനലിനു മുന്നില്‍ പറഞ്ഞത്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയില്‍ ഖേദം പ്രകടിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആലഞ്ചേരി പിതാവിന്റെ ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകള്‍ ചില വൈദികര്‍ നല്‍കിയെന്ന് മാര്‍ച്ച് 21ന് ചേര്‍ന്ന വൈദിക സമിതിയില്‍ പറഞ്ഞ ഫാ.തേലക്കാട്ട് എന്തുകൊണ്ടാണ് അക്കാര്യമൊക്കെ പോലീസിനോട് പറയാത്തത്. പോലീസിനോട് അദ്ദേഹം പറയുന്നത് ഇതൊക്കെ ഇമെയിലില്‍ വന്നതാണെന്ന്. അച്ചന്മാരും എ.എം.ടിയും വ്യാജരേഖയില്‍ ഇടപെട്ടിട്ടുണ്ട്. എട്ട് ലത്തീന്‍ ബിഷപുമാരുടെ പേരും വ്യാജരേഖയിലുണ്ട്. ഇങ്ങനെയൊരു വ്യാജരേഖ ഉണ്ടാക്കാനുള്ള കാരണമെന്താണ്? ഭൂമി കച്ചവടത്തില്‍ കിട്ടിയ പണം ആലഞ്ചേരി പിതാവിന്റെ കയ്യിലുണ്ടെന്ന് വരുത്തിതീര്‍ക്കണം. ഇതുവരെ ആലഞ്ചേരി പിതാവ് പണമെടുത്തുവെന്ന് ഒരിടത്തും തെളിവില്ല. ആ തെളിവ് ഉണ്ടാക്കിയാല്‍ എല്ലാവരും വിശ്വസിക്കില്ലേ? അതിനു വേണ്ടി ഉണ്ടാക്കിയ തെളിവാണിത്-വൈദികന്‍ ചോദിക്കുന്നു.

സിനഡില്‍ ഈ രേഖ വന്നപ്പോള്‍ ഇതിനെതിരെ കേസ് കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് മനത്തോടത്ത് പിതാവാണ്. ഇപ്പോള്‍ അദ്ദേഹം മലക്കംമറിയുകയാണ്. ഈ വ്യാജ രേഖയ്ക്കു പിന്നില്‍ അച്ചന്മാര്‍ ആരെങ്കിലുമുണ്ടോയെന്ന് മനത്തോടത്ത് പിതാവിനോട് ബിഷപ് ആന്‍ഡ്രൂസ് താഴത്തും ഫാ.ജോബി മാപ്രക്കാവിലും ചോദിച്ചതാണ്. അവര്‍ക്കു പങ്കുണ്ടെങ്കില്‍ കേസ് കൊടുക്കേണ്ടെന്നും പറഞ്ഞതാണ്. എന്നാല്‍ ബിഷപ് മനത്തോടത്ത് അത് നിഷേധിക്കുകയായിരുന്നു. ഒരു അച്ചനുമില്ല. കേസുമായി മുന്നോട്ടുപോകാമെന്ന് അദ്ദേഹം പറഞ്ഞു. കേസ് വന്നപ്പോള്‍ തങ്ങളെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്ന് വൈദികരോട് പറഞ്ഞ മനത്തോടത്ത് പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാണ്. കേസ് ഇല്ലാതായാല്‍ വ്യാജരേഖയിലെ അന്വേഷണം നിലയ്ക്കിലല്ലേ? അപ്പോള്‍ വ്യാജരേഖയ്ക്ക് പിന്നില്‍ ഫാ.തേലക്കാട്ടിന് ബന്ധമില്ലെന്ന് പറയാനാകുമോ?- ഫാ.ആന്റണി പൂതവേലില്‍ ആരോപിക്കുന്നു.

ഭൂമി ഇടപാട് കേസിനു പിന്നില്‍ ആലഞ്ചേരി പിതാവിനോട് ചില വൈദികര്‍ക്കും ബിഷപുമാര്‍ക്കുമുള്ള ശത്രുതയാണെന്നും വിവാദം ഇത്രയേറെ ആളിക്കത്തിക്കാന്‍ ഇവരുടെ പങ്ക് വലുതാണെന്നും ഫാ.ആന്റണി പൂതവേലില്‍ പറയുന്നു.

താന്‍ മറുപടി നല്‍കിയിട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബിഷപ് മനത്തോടത്ത് തന്റെ കത്തിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ട് അദ്ദേഹം പ്രതികരിക്കുന്നില്ല. അദ്ദേഹവും ഇപ്പോള്‍ പ്രതിസ്ഥാനത്താണ് നില്‍ക്കുന്നത്. കാരണം തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ അദ്ദേഹം ഹനിച്ചു. താന്‍ കേസുകൊടുത്താല്‍ ഇവര്‍ ജയിലില്‍ കിടക്കേണ്ടിവരില്ലേ? എന്നാല്‍ കത്തോലിക്കാ സഭയിലെ വൈദികനായ താന്‍ കേസിനു പോകാത്തത് സഭയെ മാനിക്കുന്നതുകൊണ്ടാണ്. അല്ലാതെ തനിക്കെതിരെ നില്‍ക്കുന്നവരെയൊന്നും താന്‍ ഭയക്കുന്നില്ല. ഇവരുടെ ഓശാരത്തിലല്ല താന്‍ ജീവിക്കുന്നത്. ഇവരുടെ ഒരു ആനുകൂല്യവും താന്‍ പറ്റിയിട്ടില്ല-ഫാ.ആന്റണി പറഞ്ഞു.

തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ബിഷപ് മനത്തോടത്തിന് നല്‍കിയ മറുപടിയില്‍ സഭാ നേതൃത്വത്തിനെതിരെ പ്രസക്തമായ ചില ചോദ്യങ്ങളും ഫാ.ആന്റണി ഉന്നയിക്കുന്നുണ്ട്. അങ്ങയുടെ നോട്ടീസ് ഞാന്‍ കൈപ്പറ്റിയ അതേദിവസം അതേസമയം അതില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും മറ്റും ആലോചിക്കുവാന്‍ അടിയന്തരമായി വൈദിക സമിതിയോഗം വിളിച്ചുകൂട്ടിയതിന്റെ ഔചിത്യമെന്തായിരുന്നു? എന്റെ മറുപടി എന്തെന്നറിയാന്‍ സാവകാശം കാട്ടേണ്ടതായിരുന്നില്ലേ? ചാനല്‍ അഭിമുഖം വഴി ഞാന്‍ ഉന്നയിച്ചതും വെളിപ്പെടുത്തിയതുമായ കാര്യങ്ങള്‍ ഒട്ടും ക്ഷമയില്ലാതെ വൈദിക സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യാനിടയായതും അന്നുതന്നെ സായാഹ്നത്തില്‍ അരമനവളപ്പില്‍വച്ച് വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ വഴി യോഗനടപടികള്‍ മാധ്യമങ്ങളോട് പരസ്യമായി വെളിപ്പെടുത്താനിടയായതും ഗുരുതരമായ അച്ചടക്ക ലംഘനവും നിയമലംഘനവുമല്ലേ?

ഏതെങ്കിലും രൂപതയിലെ വൈദികര്‍ക്കെതിരെ സമാനമായ സാചര്യങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുമ്പോള്‍ പത്രത്തിലും ദൃശ്യമാധ്യമങ്ങളിലും കൊടുക്കുന്ന കീഴ്‌വഴക്കം കത്തോലിക്കാ സഭയുടെ കാനല്‍ നിയമപ്രകാരമുള്ളതാണോ എന്നറിയാന്‍ ആഗ്രഹമുണ്ട്. ശ്രീലങ്കയില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 350 ഓളം ജീവന്‍ പൊലിഞ്ഞുവീണപ്പോഴും ജലന്ധര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കോ പിതാവിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറില്‍ നടത്തിയ സമരപ്പന്തലില്‍ അതിരൂപതയിലെ തേലക്കാട്ടച്ചന്‍ ഉള്‍പ്പെടെ പതിനഞ്ചോളം വൈദികര്‍ സത്യാഗ്രഹമിരിക്കാന്‍ പോയപ്പോഴും, മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കൊണ്ടുവന്ന രേഖ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചപ്പോഴും അടിയന്തിരമായി ഒരു വൈദിക സമിതിയോഗം പോലും വിളിച്ചുകൂട്ടാന്‍ തയ്യാറാകാതിരുന്ന സഭാനേതൃത്വം ഇപ്പോള്‍ ഇങ്ങനെയൊരു യോഗം വിളിച്ചുചേര്‍ത്തത് ഏറെ ദുരൂഹമായി തോന്നുന്നു. അതിരൂപതയ്ക്ക് സാമൂഹ്യ പ്രശ്‌നങ്ങളോടുള്ള താല്പര്യത്തേക്കാള്‍ വ്യക്തിതാല്‍പര്യങ്ങളോടാണ് ഏറെ ആഭിമുഖ്യം എന്ന് പറയേണ്ടിവന്നതില്‍ അതിയായ ഖേദമുണ്ടെന്നും വൈദികന്‍ പറയുന്നു.

താന്‍ മറുപടികത്ത് മനത്തോടത്ത് പിതാവിനു മാത്രമാണ് നല്‍കിയതെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതെന്നു അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

13 പേജുകളുള്ള മറുപടി കത്തിന്റെ പൂര്‍ണ്ണരൂപം:

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

church fake document case, fr. Poothavelil

ബീനാ സെബാസ്റ്റ്യന്‍

Ads by Google
Ads by Google
Loading...
TRENDING NOW