Wednesday, July 17, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 08.15 PM

ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വിടുന്നു ; പണച്ചാക്കുമായി വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നത് ബാഴ്‌സിലോണ ; കുടീഞ്ഞോയ്ക്കും പണി കിട്ടിയേക്കും

uploads/news/2019/05/308411/antonio-griezman.jpg

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് ഫ്രഞ്ച് സൂപ്പര്‍താരം അന്റോണിയോ ഗ്രീസ് മാനെ നഷ്ടമാകുന്നു. കഴിഞ്ഞ ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ടീമിന്റെ എഞ്ചിനായിരുന്ന ഗ്രീസ്മാന്‍ ഈ സീസണ്‍ അവസാനത്തോടെ ക്‌ളബ്ബ് വിടും. അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള അഞ്ചു വര്‍ഷത്തെ കരാര്‍ ശനിയാഴ്ച നടക്കുന്ന ലാവന്റേയ്‌ക്കെതിരേയുള്ള മത്സരത്തോടെയാണ് പൂര്‍ത്തിയാകുന്നത്്

ക്‌ളബ്ബ് വിടുന്ന കാര്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ താരം തന്നെ വ്യക്തമാക്കി. അഞ്ചു നീണ്ട വര്‍ഷത്തെ ബന്ധമാണ് ഫ്രഞ്ച് താരം അവസാനിപ്പിച്ചത്. തനിക്ക് മനം നിറഞ്ഞ് സ്‌നേഹവും പിന്തുണയും നല്‍കിയ ആരാധകരോട് നന്ദി പറയുന്നതായും ഇനി പുതിയ വെല്ലുവിളികളും കാഴ്ചകളും അനുഭവിക്കാനുണ്ടെന്ന് താരം പറഞ്ഞു. 2014 ല്‍ സ്പാനിഷ് ക്‌ളബ്ബായ റീയല്‍ സോസിഡാഡില്‍ നിന്നും അത്‌ലറ്റിക്കോയില്‍ എത്തിയ ഗ്രീസ്മാന്‍ 256 മത്സരങ്ങളില്‍ 133 ഗോളുകള്‍ നേടി. അഞ്ചു സീസണിലും ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.

യൂറോപ്പാലീഗ്, സ്പാനിഷ് സൂപ്പര്‍കപ്പ്, യുവേഫാ സൂപ്പര്‍കപപ് എന്നിങ്ങനെ അനേകം ട്രോഫികള്‍ അത്‌ലറ്റിക്കോയുടെ ഷെല്‍ഫില്‍ എത്തിച്ചു. അതേസമയം പുതിയ തട്ടകം എവിടെയാണെന്ന വിവരം ഗ്രീസ് മാന്‍ പുറത്തു വിട്ടില്ല. അതേസമയം ടീമിലെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരായ ലൂക്കാസ് ഹെര്‍ണാണ്ടസും നായകന്‍ ഡിയഗോ ഗോഡിനും ക്‌ളബ്ബ് വിടുകയാണ്. പ്രതിരോധ ഭടനായ ലൂക്കാസ് ഹെര്‍ണാണ്ടസ് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് പോകുമ്പോള്‍ ഡിയഗോ ഗോഡിന്റെ കരാര്‍ പൂര്‍ത്തിയാകുകയാണ്.

അതേസമയം സ്‌പെയിനിലെ ഏറ്റവും കരുത്തരായ ബാഴ്‌സിലോണ 130 ദശലക്ഷം യൂറോയുടെ കരാറുമായി ഗ്രീസ് മാന് വേണ്ടി വാതില്‍ക്കല്‍ കാത്തു നില്‍ക്കുകയാണ്. ഗ്രീസ് മാന്‍ ബാഴ്‌സയില്‍ എത്തിയാല്‍ ബ്രസീല്‍താരം ഫിലിപ്പെ കുടീഞ്ഞോയ്ക്ക് ആയിരിക്കും കത്തി വീഴുക. കഴിഞ്ഞ ജനുവരിയില്‍ 142 ദശലക്ഷ്യം പൗണ്ട് മുടക്കി ടീമില്‍ എത്തിച്ച താരം ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുപോലെ തന്നെ സുവാരസിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും കുടീഞ്ഞോയെക്കാള്‍ മികവ് സുവാരസ് കാട്ടുന്നുണ്ട്. കുടീഞ്ഞോ പോകുകയാണെങ്കില്‍ ചെല്‍സിയിലേക്കായിരിക്കും എന്നാണ് വിവരം.

ചെല്‍സിസൂപ്പര്‍താരമായ ബല്‍ജിയം കാരന്‍ ഈദന്‍ ഹസാഡ് റയലിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. ഹസാഡ് പോകുന്ന വിടവ് കുടീഞ്ഞോയെ വിളിച്ച് അവര്‍ നികത്തിയേക്കും. കഴിഞ്ഞ വര്‍ഷവും ഫ്രഞ്ചു താരത്തിന് ഈ വാഗ്ദാനം കാറ്റാലന്‍ ക്‌ളബ്ബ് വെച്ചു നീട്ടിയിരുന്നെങ്കിലൂം ഗ്രീസ്മാന്‍ തള്ളിയിരുന്നു. അനാവശ്യമായ സമീപനം നടത്തിയാല്‍ ഫിഫയ്ക്ക് പരാതി നല്‍കുമെന്ന് അത്‌ലറ്റിക്കോ ബാഴ്‌സിലോണയോട് പറയുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW