Tuesday, May 21, 2019 Last Updated 14 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 07.49 PM

മുല്ലപ്പള്ളിക്കെതിരേ കോണ്‍ഗ്രസില്‍ പടയൊരുക്കം ; തെരഞ്ഞെടുപ്പിന് പിന്നാലെ പൊട്ടിത്തെറികള്‍ക്ക് സാധ്യത ; അദ്ധ്യക്ഷനെ മാറ്റാന്‍ എ - ഐ ഗ്രൂപ്പുകളുടെ രഹസ്യ ധാരണ?

uploads/news/2019/05/308408/mullappally.jpg

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കൂട്ടലുകളും കിഴിക്കലുകളുമായി നീങ്ങുകയാണ് മുന്നണികള്‍. എന്നാല്‍ കോണ്‍ഗ്രസില്‍ അദ്ധ്യക്ഷനെ മാറ്റാനുള്ള രഹസ്യധാരണയുമായി ഐ-എ ഗ്രൂപ്പുകള്‍ നീങ്ങുന്നതായി സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷനെ നീക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്നുമാണ് സൂചനകള്‍.

ജയപരാജയ വിവരങ്ങള്‍ പുറത്തുവരും മുമ്പ് തന്നെ അദ്ധ്യക്ഷനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ഇരു ഗ്രൂപ്പുകളും നടത്തുന്നുണ്ടെന്നാണ് അണിയറ രഹസ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അദ്ധ്യക്ഷന്റെ പ്രവര്‍ത്തനം പോരായ്മകളുടേതാണെന്നതാണ് ഇരു ഗ്രൂപ്പുകളുടെയും കണ്ടെത്തല്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളിക്ക് കീഴിലാണ് കോണ്‍ഗ്രസ് മത്സരത്തിന് ഇറങ്ങുന്നതെങ്കില്‍ എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാകുമെന്ന് അണികള്‍ തന്നെ രഹസ്യമായി പറഞ്ഞു തുടങ്ങി. പാര്‍ട്ടിക്കുള്ളില്‍ യുവത്വവും ചുറുചുറുക്കുമുള്ള ജില്ലാ പ്രസിഡന്റുമാര്‍ ഏറെയുണ്ടായിട്ടും അവരെ പ്രചോദിപ്പിക്കാന്‍ തക്ക വിധമുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സംസ്ഥാന അദ്ധ്യക്ഷനില്‍ നിന്നും വരുന്നില്ലെന്നാണ് പരാതി.

വടകരയില്‍ ജയരാജനെതിരേ മത്സരിക്കാന്‍ തയ്യാറാകാതെ ഒളിച്ചോടി എന്നതാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഏകോപിപ്പിക്കണമെന്ന് പറഞ്ഞ് മാറി നിന്ന മുല്ലപ്പള്ളിക്ക് ഒരു മികച്ച പകരക്കാരനെ കണ്ടെത്താനുമായില്ല. ഒടുവില്‍ തുണയായത് മത്സരിക്കാന്‍ സ്വയം സന്നദ്ധനായ കെ മുരളീധരനായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണമെന്ന് പറഞ്ഞ് മാറി നിന്നിട്ടും വേണ്ടവണ്ണമുള്ള ഒരു പ്രവര്‍ത്തനം കാണിക്കാനും അദ്ദേഹത്തിനായില്ല. ഇതിന് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനായി എത്തിയപ്പോള്‍ പ്രചരണ ചുമതല വഹിക്കേണ്ട ഡിസിസി പ്രസിഡന്റിനെ മാറ്റി മുഴുവന്‍ മണ്ഡലങ്ങളിലെ പ്രചരണവും ഏകോപിപ്പിക്കേണ്ട സ്ഥാനത്ത് വയനാട്ടില്‍ തന്നെ തങ്ങിയത്.

തിരുവനന്തപുരത്ത് ശശി തരൂരിന് വേണ്ടിയുള്ള പ്രചരണം ചിട്ടയായി നടത്താതെ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശ്രമമുണ്ടായെന്നും പ്രവര്‍ത്തകര്‍ മാറി നിന്നെന്നും ആരോപണമുണ്ട്. തരൂരിനെ തോല്‍പ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും കാര്യമായ ഇടപെടല്‍ നടത്തിയില്ല. ഒടുവില്‍ ശശി തരൂര്‍ തന്നെ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കേന്ദ്രം പ്രത്യേക നിരീക്ഷകനെ അയയ്ക്കുകയും ചെയ്തതോടെയാണ് പ്രചരണം നേരാം വണ്ണം നടന്നത്.

പല ജില്ലകളിലും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നോക്കം പോയതും പ്രസിഡന്റിന്റെ കുറ്റമായിട്ടാണ് കാണുന്നത്. കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ്, വടകരയിലും പ്രവര്‍ത്തകരുടെ സഹകരണം വേണ്ടുവോളമുണ്ടായില്ല എന്നും വിമര്‍ശനമുണ്ട്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കുകയാണ് മുല്ലപ്പള്ളിയെന്ന ആരോപണവും കോണ്‍ഗ്രസിന് ഉള്ളില്‍ ഉയരുന്നുണ്ട്.

സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ത്തി വിടേണ്ട സാഹചര്യത്തില്‍ പോലും മുല്ലപ്പള്ളി നിശബ്ദനായിരിക്കുന്നത് പിണറായി സര്‍ക്കാരിന് ഗുണകരമാകുന്ന രീതിയിലുള്ള നിലപാടായി മാറുന്നെന്നാണ് ആക്ഷേപം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായിയും സിപിഎമ്മും അവസരം ഒരുക്കിത്തന്നിട്ടുണ്ടെങ്കിലും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അതിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കെപിസിസി അദ്ധ്യക്ഷന്‍ ഫലപ്രദമായ തന്ത്രം കണ്ടെത്തിയില്ലെങ്കില്‍ ഭരണ തുടര്‍ച്ചയായിരിക്കും ഫലമെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ കണ്ടെത്തല്‍.

Ads by Google
Wednesday 15 May 2019 07.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW