Monday, May 20, 2019 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 11.45 AM

ശിശുരോഗങ്ങള്‍ക്ക് ആയുര്‍വേദം

''രോഗമകറ്റാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ദിനചര്യ ഋതുചര്യ, സദ് വൃത്തങ്ങള്‍ തുടങ്ങിയവയും കുട്ടിക്കാലം മുതല്‍ തന്നെ ശീലിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിനു ഇത് ഏറെ പ്രയോജനം ചെയ്യും''
uploads/news/2019/05/308360/kidspaniayurvedm1505.jpg

ആയുര്‍വേദത്തില്‍ കുട്ടികള്‍ക്കുള്ള ചികിത്സ രണ്ടുവിധമുണ്ട്. രോഗങ്ങള്‍ക്കുള്ള ചികിത്സയും രോഗങ്ങള്‍ വരാതിരിക്കാനുള്ള പ്രായോഗിക കാര്യങ്ങളും. മൂന്നു വിധത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ ശക്തി ലഭിക്കുന്നതെന്ന് ആയുര്‍വേദ സംഹിതകള്‍ പറയുന്നു. സഹജബലം (ജന്മനാ ലഭിക്കുന്നത്), കാലജബലം (കാലാവസ്ഥകളുടെ ആനുകൂല്യം കൊണ്ട് ലഭിക്കുന്നത്, ആര്‍ജ്ജിത ബലം (പ്രത്യേക ഔഷധങ്ങള്‍, ആഹാരം, വ്യായാമം, ഇവയുടെ യുക്ത പൂര്‍ണമായ ഉപയോഗത്താല്‍ നേടിയെടുക്കുന്നത്).

ബാലചികിത്സ ഗ്രന്ഥമായ' ആരോഗ്യ കല്പഭ്രുമം' എന്ന ഗ്രന്ഥത്തിലെ 'പ്രകാരയോഗം' എന്ന അധ്യായത്തില്‍ ജനനം മുതല്‍ പതിമൂന്ന് വയസുവരെയുള്ള കാലത്ത് ഉണ്ടാകാന്‍ ഇടയുള്ള വിവിധ രോഗങ്ങളെ തടയുന്നതിനുള്ള ഔഷധയോഗങ്ങള്‍ പറയുന്നു. വളര്‍ച്ചയുടെ ഓരോ മാസത്തിലും ആദ്യത്തെ ഏഴുദിവസം കഴിക്കേണ്ട വിധത്തിലുള്ള യോഗങ്ങളാണിവ.

അതായത് ഒന്നാം വര്‍ഷത്തില്‍ ഒന്നാം മാസത്തിലെ ആദ്യ ഏഴുദിവസം, രണ്ടാം മാസത്തിലെ ആദ്യ ഏഴുദിവസം എന്നിങ്ങനെ പതിമൂന്നു വയസുവരെയുള്ള തരത്തില്‍ പ്രത്യേകമായി പറഞ്ഞിരിക്കുന്നു. രോഗമകറ്റാന്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്ന ദിനചര്യ ഋതുചര്യ, സദ് വൃത്തങ്ങള്‍ തുടങ്ങിയവയും കുട്ടിക്കാലം മുതല്‍ തന്നെ ശീലിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിനു ഇത് ഏറെ പ്രയോജനം ചെയ്യും.

പൊതുവായ രോഗങ്ങള്‍ക്കുള്ള ചികിത്സ


പനി :
മുലപ്പാല്‍ ദുഷിക്കുന്നതു മൂലമുള്ള പനി മാറാന്‍ അമ്മയാണ് മരുന്നു കഴിക്കേണ്ടത്. ( പാഠാദി കഷായം, വചാദി കഷായം, ഹരിദ്രാദി കഷായംഎന്നിവ)

1. കുട്ടികളില്‍ പനിയുടെ തുടക്കത്തില്‍ ആഹാരപാചനത്തെ സഹായിക്കുന്ന ഔഷധങ്ങള്‍ കൊടുത്ത് കഫത്തെ ശമിപ്പിച്ചതിനു ശേഷം ഇന്ദുകാന്തഘൃതം കൊടുക്കാവുന്നതാണ്. പാചനത്തിനായി ആദ്യം അമൃതാദി കഷായം, അമൃതാരിഷ്ടം, ഷട്ധരണ കഷായം ഇവ കൊടുക്കാം. അടുത്ത ഘട്ടത്തില്‍ രജത്യാദിചൂര്‍ണംകൊടുക്കാം.

2. അണുബാധ മൂലമുണ്ടാകുന്ന മെനിഞ്ചൈറ്റിസ്, പോളിയോ തുടങ്ങിയ രോഗങ്ങളിലും തുടക്കത്തില്‍ പനിയാണ് പ്രധാന രോഗലക്ഷണം. ഇവ വരാതിരിക്കാന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കണം. പിടിപെട്ടാല്‍ രോഗത്തെ അകറ്റാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. കഷായം, കഷായധാര, മരുന്നുകള്‍,രജന്യാദിചൂര്‍ണം, അഷ്ടചൂര്‍ണം തുടങ്ങിയ പലവിധ യോഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

uploads/news/2019/05/308360/kidspaniayurvedm1505b.jpg

കൃമിയും വിരശല്യവും


അഷ്ടചൂര്‍ണം മോരില്‍ ചേര്‍ത്ത് ഒരാഴ്ച തുടര്‍ച്ചയായി ആഹാരത്തിനു ശേഷം കൊടുത്താല്‍ വിരശല്യം കുറയുന്നതാണ്്. അഷ്ടചൂര്‍ണം, കൃമിഘ്‌നാദികഷായം, വിഡംഗാരിഷ്ടം, രജന്യാദിചൂര്‍ണം, അരവിന്ദാസവം, ലക്ഷാദികഷായം എന്നിവയും അവസ്ഥാനുസരണം ഉപയോഗിക്കുന്നു.
ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതുകൊണ്ടാണ് വിളര്‍ച്ചയെങ്കില്‍ യുക്തമായ ആഹാരക്രമത്തോടൊപ്പം ദ്രാക്ഷാദികഷായം, ദ്രാക്ഷാരിഷ്ടം, വ്യോഷാദി കഷായം, ലോഹാസവം, കല്യാണഘൃതം തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നു.

ഉദരരോഗങ്ങള്‍

വയറിളക്കം: -


പിപ്പല്യാസവം ദാഡിമാഷ്ടകചൂര്‍ണം, രചന്യാദി ചൂര്‍ണം എന്നിവ അവസ്ഥാനുസരണം ഉപയോഗിക്കുന്നു. വയറിളക്കം വരുമ്പോള്‍ ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം വരാതിരിക്കാന്‍ മലര്‍വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇത് സ്പൂണില്‍ അല്‍പ്പമെടുത്ത് കുറച്ചു വീതം നല്‍കുക. പാഠാദി ഗുളിക, വില്വാദി ഗുളിക, കൈഡര്യാദി കഷായം എന്നിവയും ഉപയോഗപ്പെടുത്താം. വയറിളക്കത്തോടൊപ്പം ഛര്‍ദിയുണ്ടെങ്കില്‍ ഉപ്പിട്ട മലര്‍വെള്ളം കൊടുക്കണം. ഔഷധമായി വില്വാദി ഗുളികയും വില്വാദി ലേഹ്യവും കൊടുക്കാം. ലഘുവായ ആഹാരം മാത്രമേ കൊടുക്കാവൂ.

ഗ്രഹണി: -


ഗ്രഹണി ബാധിച്ച കുട്ടികള്‍ എന്തഒ കഴിച്ചാലും ഉടന്‍ വയറ്റില്‍നിന്നും പോകും. അതുകൊണ്ടു തന്നെ ശരീരം മെലിഞ്ഞിരിക്കും. ഈ അവസ്ഥയില്‍ രജന്യാദി ചൂര്‍ണം, ദാഡിമാഷ്ടക ചൂര്‍ണം, തിപ്പല്യാദി ഗുളിക, മുസ്താരിഷ്ടം, അരവിന്ദാസവം, അഷ്ടാക്ഷരി ഗുളിക എന്നിവ രോഗത്തിന്റെ അവസ്ഥ അനുസരിച്ച് നല്‍കാം.
uploads/news/2019/05/308360/kidspaniayurvedm1505a.jpg

വയറു വേദന: -


വയറുവേദനയുടെ യഥാര്‍ത്ഥ കാരണം മനസിലാക്കി മാത്രമേ ചികിത്സ തുടങ്ങാവൂ. ദഹനക്കേടുകൊണ്ടുണ്ടാകുന്ന വയറുവേദനയ്ക്ക് പിപ്പല്യാസവവും അഷ്ടചൂര്‍ണവും രജന്യാദി ചൂര്‍ണവും ഉപയോഗപ്പെടുത്താം. അഷ്ടചൂര്‍ണം ചൂടുവെള്ളത്തില്‍ കലര്‍ത്തി കൊടുക്കാം.

ചര്‍മ്മരോഗങ്ങള്‍:


രക്തശുദ്ധി ഉണ്ടാക്കുക, വ്രണം കരിയിക്കുക, രോഗം പടരാതിരിക്കുക, നല്ല നിറം നല്‍കുക തുടങ്ങിയവയാണ് ആയുര്‍വേദ മരുന്നുകളുടെ പ്രയോജനം. പടോലാദി കഷായം, തിക്തകം കഷായം, ഗോപീചന്ദതാദി ഗുളിക, ശോണിതാമൃതം, ഗുളുച്യാദി അശ്വഗന്ധാരിഷ്ടം, ചെമ്പരത്യാദികേരം, ഏലാദി കേരം, നാല്‍പാമരാദി തൈലം തുടങ്ങിയവ ഉപയോഗിക്കുക. വ്രണങ്ങള്‍ കരിയാനും അത് പടരാതിരിക്കാനുമായി ഔഷധവെള്ളം കൊണ്ട് കഴുകുക. നാല്‍പാമരം, തെച്ചിപൂവ്, കണിക്കൊന്ന തൊലി, വേപ്പിന്‍ തൊലി എന്നിവയുടെ കഷായം കൊണ്ട് കഴുകുന്നതും നല്ലതാണ്.

ആസ്ത്മ:


കഫം ദുഷിച്ച് ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രാണന്‍, ഉദാനന്‍ തുടങ്ങിയ വായുവിനെ തടസപ്പെടുത്തുമ്പോഴാണ് ആസ്ത്മ ഉണ്ടാകുന്നത്. പൊതുവേ ശ്വാസകോശരോഗങ്ങള്‍ക്ക് ദശമൂല കടത്രയം കഷായം, ദശമൂല രസായനം, അമൃതാരിഷ്ടം, ഇന്ദുകാന്തഘൃതം, അഗസ്ത്യരസായനം, കൂശ്മാണ്ഡ രസായനം, വാസാരിഷ്ടം, കനകാസവം, ശ്വാസാനന്ദം ഗുളിക ഇവ കൊടുക്കാം. വള്ളിപ്പാലയുടെ ഇല ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും ആടലോടകത്തിന്റെ പൂവ് കല്‍ക്കമാക്കി നെയ്യ് കാച്ചി കഴിക്കുന്നതും ആസ്ത്മയ്ക്ക് നല്ലതാണ്. ആസ്ത്മ ഉള്ളപ്പോള്‍ കഴിക്കുന്നതിനേക്കാള്‍ വന്നശേഷം മരുന്ന് കഴിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ് വേണ്ടത്.
uploads/news/2019/05/308360/kidspaniayurvedm1505c.jpg

ശമന ചികിത്സകള്‍


പഞ്ചകര്‍മ്മപ്രധാനമായ ശോധനചികിത്സയും സ്‌നേഹപാനവും മറ്റു ശമനൗഷധങ്ങളും പ്രയോഗിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ നിരന്തരവും സ്‌നേഹപൂര്‍ണവുമായ ശ്രദ്ധയും കരുതലും പ്രോത്സാഹനവും ആവശ്യമായ അവസ്ഥയാണിത്. ശംഖുപുഷ്പത്തിന്റെ വേര് അരച്ച് പശുവിന്‍ പാലില്‍ സേവിക്കുക, ഇരട്ടിമധുരം പൊടിച്ച് നെയ് കുമ്പളങ്ങ നീരില്‍ സേവിക്കുക, തിപ്പലി, ഇരട്ടിമധുരം, മുന്തിരിങ്ങപ്പഴം ഇവ തേനും നെയ്യും പഞ്ചസാരയും ചേര്‍ത്തരച്ച് രാവിലെ സേവിക്കുക. ദ്രാക്ഷാസമംഗാദി കഷായം, അഭീരുമൂലാദി കഷായം, സോമവല്യാദി കഷായം, ദ്രാക്ഷാമധുകാദി കഷായം, എന്നിവയും ഉപയോഗപ്പെടുത്തുന്നു.

ബ്രഹ്മി, വയമ്പ്, രുദ്രാക്ഷം, ജടാമാഞ്ചി, സാരസ്വതാരിഷ്ടം, അശ്വഗന്ധാരിഷ്ടം, ബ്രഹ്മീഘൃതം, കല്യാണലേഹം തുടങ്ങിയവ ബുദ്ധിമാന്ദ്യമുള്ള അവസ്ഥയില്‍ ഉപയോഗിക്കുന്നു. രോഗത്തിന്റെ മൃദു - തീവ്ര അവസ്ഥകളും രോഗിയുടെ പ്രായം, തൂക്കം, ദേഹ - അഗ്നി ബലം തുടങ്ങി നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ചികിത്സകള്‍ മാത്രമേ പ്രയോഗിക്കാവൂ. സ്വയം ചികിത്സ പാടില്ല.

കുട്ടികള്‍ ഒരു വരദാനമാണെന്നും അവരെ വളര്‍ത്തുകയെന്നത് ദൈവീകമായ ഒരു നിയോഗമാണെന്നും മനസിലാക്കി ക്ഷമയോടെയും
സന്തോഷത്തോടെയും ശാസ്ത്രീയമായും അവരെ സമീപിക്കാന്‍ കഴിയണം.

എല്ലാ കുട്ടികളും മിടുക്കരായാണ് ജനിക്കുന്നത്. നമുക്കവരെ മിടുമിടുക്കരാക്കി മാറ്റാനാകും. അവരുടെ ആഹാര വിഹാരങ്ങളും ശാസ്ത്രീയമായ അറിവോടെ ആയാല്‍ ശാരീരികക്ഷമതയുള്ള ബൗദ്ധിക ഉയര്‍ച്ചയുള്ള കുഞ്ഞുങ്ങളെ നമ്മുടെ സ്വന്തമെന്നു വിശേഷിപ്പിക്കുവാന്‍ നമുക്കാവും.

കടപ്പാട്:
ഡോ. സതി കെ.യു
ആയുര്‍വേദ ഫാര്‍മസി, വെണ്ണല

Ads by Google
Wednesday 15 May 2019 11.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW