Tuesday, July 09, 2019 Last Updated 54 Min 21 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 15 May 2019 01.39 AM

ശിഥിലകുടുംബങ്ങള്‍ പെരുകുന്ന കേരളം , ഇന്ന്‌ കുടുംബദിനം

uploads/news/2019/05/308329/bft1.jpg

വിവേചനശക്‌തി ഉപയോഗിച്ച്‌ നേരായ മാര്‍ഗത്തിലൂടെ നടന്നാല്‍ നാളെ നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക്‌ കഴിയും. ക്ഷണിക നേരത്തേക്കു മാത്രം തോന്നുന്ന ഒന്നിന്റെ പുറകെ പോയാല്‍ ഒരായുസ്സു മുഴുവന്‍ ചിലപ്പോള്‍ വേദന അനുഭവിക്കേണ്ടി വന്നേക്കാം. പിന്നീട്‌ അതിനെക്കുറിച്ച്‌ ദുഖിക്കുന്നതില്‍ കാര്യമില്ലെന്ന്‌ ഓര്‍ത്ത്‌ വേണം ഓരോ വ്യക്‌തിയും അവരവരുടെ കുടുംബത്തെ മുന്നോട്ട്‌ നയിക്കേണ്ടത്‌.
കട്ടപ്പനയില്‍ എട്ടുവയസ്സുകാരിയെ തല്ലിച്ചതച്ച കേസില്‍ അമ്മയുടെ സുഹൃത്ത്‌ അറസ്‌റ്റില്‍ എന്നതാണ്‌ കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തകളില്‍ ഒന്ന്‌. കേരളത്തിലെ ആനുകാലികസംഭങ്ങളുടെ വാര്‍ത്തകള്‍ പത്രത്താളുകളിലൂടെ വായിക്കുമ്പോള്‍ മനസ്‌ വ്യാകുലപ്പെടുന്നു. കട്ടിയെ തല്ലുന്നത്‌ അമ്മ കണ്ടുനില്‍ക്കെയാണെന്നത്‌ അതിനേക്കാള്‍ വിഷമിപ്പിച്ചു. ഇനി മറ്റൊന്ന്‌ മേയ്‌ 12ന്‌ മാതൃദിനത്തല്‍ കേരളത്തെ നടുക്കിയ ഒരു മകന്റെ ക്രൂരത. കുമളിയില്‍ പെന്‍ഷന്‍ തുക ചോദിച്ചിട്ടു കൊടുക്കാത്തതിന്‌ 70 വയസ്സുള്ള അമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാന്‍ മകന്‍ ശ്രമിച്ചു. എത്ര വിചിത്രമായ സംഭവങ്ങളാണ്‌ ഇന്ന്‌ കേരളത്തില്‍ അരങ്ങേറുന്നത്‌.
സ്വന്തങ്ങളുടെയും ബന്ധങ്ങളുടെയും വിലയറിയാതെ നൈമിഷകമായ ഒന്നിന്റെ പിന്നാലെ പോകുന്ന സമൂഹമാണിന്ന്‌ നമുക്കുള്ളതെന്ന്‌ ഓരോ ദിവസവും തെളിയിക്കുകയാണ്‌. ഇത്തരം ഒരവസരത്തിലാണ്‌ വീണ്ടും ഒരു കുടുംബ ദിനം കൂടി സമാഗതമായിരിക്കുന്നത്‌. ഇത്തരത്തിലുള്ള ദുര്‍ദിനങ്ങളിലൂടെ! കടുന്നുപോകുന്ന സമൂഹത്തില്‍ നിന്നുകൊണ്ടാണ്‌ കുടുംബങ്ങളെ കുറിച്ച്‌ പറയേണ്ടിവരുന്നതും.
ലോകത്ത്‌ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്നത്‌ കേരളത്തിലാണെന്ന ഞെട്ടിക്കുന്ന കണക്കുകളാണ്‌ പുറത്തു വരുന്നത്‌. ഇതും നമ്മളെ അലോസരപ്പെടുത്തുകയാണ്‌. പലപ്പോഴും നിസ്സാര പ്രശ്‌നങ്ങളുടെ പേരിലായിരിക്കും വിവാഹ മോചന കേസുകള്‍ കുടുംബ കോടതികളില്‍ എത്തുന്നത്‌. എന്നാല്‍, ഇതില്‍ നിന്ന്‌ ദുരിതമനുഭിക്കുന്നത്‌ കുഞ്ഞുങ്ങള്‍ മാത്രമാണ്‌. ശിഥിലമായ ഒരു കുടുംബത്തിലെ കുട്ടിയുടെ മാനസിക നിലയും തകരാറിലാവും അങ്ങനെയിരിക്കുമ്പോള്‍ ദുര്‍ബലമായ ഒരു സമൂഹത്തെയാണ്‌ നാം വാര്‍ത്തെടുക്കുന്നത്‌.
സാമൂഹിക വ്യവസ്‌ഥയില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്‌ഥാപനമാണ്‌ കുടുംബം. സുസജ്‌ജവും ആരോഗ്യപൂര്‍ണവുമായ കുടുംബങ്ങളാണ്‌ സമൂഹത്തിന്റെ സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്നത്‌. കൂടുമ്പോള്‍ ഇമ്പം ലഭിക്കുന്നത്‌ എന്നാണ്‌ കുടുംബത്തിന്‌ നല്‍കാവുന്ന അര്‍ത്ഥമെന്നു പറയാറുണ്ട്‌. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്‌ചയും സന്തോഷവും കുളിര്‍മയും ഉണ്ടാക്കിത്തീര്‍ക്കുമ്പോഴാണ്‌ കുടുംബം യഥാര്‍ത്ഥത്തില്‍ സമ്പൂര്‍ണമാകുക.
എന്നും കൂട്ടായ്‌മയുടെയും സ്‌നേഹത്തിന്റെയും ആസ്വാദനമാണ്‌ കുടുംബം. അവിടെ പെട്ടെന്നൊരു നിമിഷം കൊണ്ടാണ്‌ എല്ലാം തകര്‍ന്നടിയുന്നത്‌. ജീവിതത്തിന്റെ സുഗന്ധം നഷ്‌ടപ്പെടുന്നത്‌. ബന്ധങ്ങളും സ്വന്തക്കാരും ഇല്ലാതാകുന്നത്‌. അവിടെ കുടുംബത്തിന്റെ വേരുകള്‍ പോലും അറുത്തുമാറ്റപ്പെടുന്നു.
ഒരു കുടുംബം എങ്ങനെ ആയിരിക്കണമെന്ന്‌ നിശ്‌ചയിക്കുന്നത്‌ മാതാപിതാക്കളാണ്‌. കുടുംബങ്ങളുടെ നടുനായകത്വവും സാരഥ്യവും അവരിലാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. സകല സദുദ്യമങ്ങളുടെയും അടിസ്‌ഥാന ഘടകങ്ങളില്‍ മുഖ്യമായിട്ടുള്ളതും കുടുംബമെന്ന ഘടകത്തിന്റെ മൗലികതയാണ്‌.
കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിന്‌ ഇന്ന്‌ കൂടുതലായും കാണുന്ന കാരണം സ്‌ത്രീകള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ തന്നെയാണ്‌. കുടുംബങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും താങ്ങാന്‍ കഴിയാത്ത വരാണ്‌ നമുക്ക്‌ ചുറ്റുമുള്ളത്‌. തിരക്കുകളില്‍പെട്ട്‌ സ്വന്തം കുടുംബത്തിന്‌ മുന്നില്‍ ഒന്ന്‌ മനസ്സ്‌ തുറക്കാന്‍ പോലും കഴിയാത്ത ഒട്ടേറെ സ്‌ത്രീകളുണ്ട്‌. സുഖസൗകര്യങ്ങളും നല്ല ഭക്ഷണവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടെങ്കില്‍ പോലും മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒട്ടേറെ പേരുണ്ട്‌. ഇതുമൂലം ഭര്‍ത്താവിനും ഭാര്യയ്‌ക്കും അടുത്തിടപഴകാനുള്ള അവസരം പോലും ഇല്ലാതാകുന്നു. മാത്രമല്ല വഴിവിട്ട ബന്ധങ്ങള്‍ക്കും ഇത്‌ കാരണമായി തീരുന്നു.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിക്കുമ്പോള്‍ സ്വന്തം സുഖത്തിന്‌ മാത്രമായിരിക്കും പ്രാധാന്യം നല്‍കുന്നത്‌. അംഗീകാരമില്ലായ്‌മ, സ്‌നേഹമില്ലായ്‌മ, പങ്കാളിയുടെ സാന്നിധ്യം അനുഭവപ്പെടാതിരിക്കുക, അനാവശ്യ കുറ്റപ്പെടുത്തലുകള്‍ഇതെല്ലാം പരിധി കടക്കുമ്പോള്‍ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. ഭാര്യയായാലും ഭര്‍ത്താവായാലും പരസ്‌പരം അംഗീകാരം ആഗ്രഹിക്കുന്നവരാണ്‌. പല കുടുംബങ്ങളിലും ഇത്‌ ആവശ്യത്തിനുള്ള അളവില്‍ നല്‍കാന്‍ സാധിക്കുന്നില്ല.
വിവാഹ മോചനം പോലും മോശം കാര്യമായി കരുതിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഇന്ന്‌ വിദ്യാസമ്പന്നരായിരുക്കുന്നവര്‍ പോലും കോടതികളില്‍ പരസ്യമായി പോരടിക്കുന്ന കാഴ്‌ചയാണുള്ളത്‌. മാത്രമല്ല കുടുംബത്തിന്‌ വേണ്ടി പരസ്‌പരം സഹിക്കുന്ന ത്യാഗം കൈമോശം വന്നു എന്ന്‌ വേണം അനുമാനിക്കാന്‍. ത്യാഗം ഉണ്ടെങ്കിലേ കുടുംബം മുന്നോട്ടുപോകൂ.. പല സുഖങ്ങളും സൗകര്യങ്ങളും ഉപേക്ഷിച്ചാണ്‌ നമ്മുടെ പൂര്‍വികര്‍ കുടുംബത്തിന്‌ വേണ്ടി ത്യാഗം സഹിച്ചത്‌. അതിലെല്ലാം സ്‌നേഹവും കരുതലും ഉണ്ടായിരുന്നു. നല്ല ആരോഗ്യമുള്ള കുടുംബങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന്‌ നാം പഠിക്കേണ്ടതുണ്ട്‌.
മനുഷ്യബന്ധങ്ങളില്‍ ഇന്ന്‌ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്‌ സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം. ഇത്‌ സമൂഹിക ബന്ധങ്ങളില്‍ മാത്രമല്ല മാനസികാരോഗ്യത്തിലും മുറുവുകള്‍ ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണുകള്‍ വില്ലനായി മാറിയിരിക്കുകയാണ്‌.
തിരക്കുകളില്‍ സ്വന്തം കുടുംബം പോലും മറക്കുന്നവരുണ്ട്‌. സുഖസൗകര്യങ്ങളും നല്ല ഭക്ഷണവും ആവശ്യത്തിനുള്ള പണവും നല്‍കിയാല്‍ എല്ലാം തികഞ്ഞു എന്ന്‌ കരുതുന്ന ഭാര്യാഭര്‍ത്താക്കന്മാരും ഇന്ന്‌ കുറവല്ല. എന്നാല്‍, ഇതാണോ സ്‌നേഹം എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തണം. ജോലികളും മറ്റ്‌ തിരക്കളും മാറ്റി ഒന്നിച്ചിരിക്കണം. കുട്ടികളുടെ കളിയും ചിരിയും നുറുങ്ങു തമാശകളുമെല്ലാം ആ വീടുകള്‍ നിറയണം. ഇതില്‍ നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളൊക്കെയായി ആ വീടുകള്‍ സ്‌നേഹം കൊണ്ട്‌ മുഖരിതമാവണം. ഇങ്ങനെ അടുക്കും ചിട്ടയിലുമായി ജീവിതം കടന്നുപോകുമ്പോള്‍ അവിടെ ഏകാന്തതയ്‌ക്കോ ദുഖ ചിന്തകള്‍ക്കോ മാനസിക പിരിമുറുക്കങ്ങള്‍ക്കോ സ്‌ഥാനമുണ്ടാവില്ലെന്നുറപ്പാണ്‌. ജോലിയിടങ്ങളിലെ സമ്മര്‍ദ്ദങ്ങളും സ്‌കൂളിലെ കാര്യങ്ങള്‍ കുട്ടികള്‍ക്കും പങ്കുവയ്‌ക്കാന്‍ ഇത്തരം സമയങ്ങള്‍ സഹായകരമാകും. ഏതൊരു സമൂഹത്തിന്റെയും അടിത്തറ കുടുംബമാണ്‌. അടിത്തറയ്‌ക്ക്‌ കെട്ടുറപ്പുണ്ടാക്കേണ്ടത്‌ ഓരോരുത്തരുടേയും കടമയാണ്‌. അല്ലെങ്കില്‍ അത്‌ നാശത്തിലേക്ക്‌ കൂപ്പുകുത്തുമെന്നത്‌ ഉറപ്പാണ്‌.
വിവേചന ശക്‌തി ഉപയോഗിച്ച്‌ നേരായ മാര്‍ഗത്തിലൂടെ നടന്നാല്‍ നാളെ നല്ല ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക്‌ കഴിയും. ക്ഷണിക നേരത്തേക്ക്‌ മാത്രം തോന്നുന്ന ഒന്നിന്റെ പുറകെ പോയാല്‍ ഒരായുസ്സു മുഴുവന്‍ ചിലപ്പോള്‍ വേദന അനുഭവിക്കേണ്ടി വന്നേക്കാം. പിന്നീട്‌ അതിനെ കുറിച്ച്‌ ദുഖിക്കുന്നതില്‍ കാര്യമില്ലെന്ന്‌ ഓര്‍ത്ത്‌ വേണം ഓരോ വ്യക്‌തിയും അവരവരുടെ കുടുംബത്തെ മുന്നോട്ട്‌ നയിക്കേണ്ടത്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 15 May 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW