Wednesday, July 17, 2019 Last Updated 3 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.38 AM

പഞ്ചനാട്ടിലെ മല്ലയുദ്ധം

uploads/news/2019/05/308320/bft2.jpg

അതിര്‍ത്തികടന്നുള്ള വ്യോമാക്രമണവും ദേശസുരക്ഷയും മുഖ്യ പ്രചാരണായുധമാക്കി മറ്റു സംസ്‌ഥാനങ്ങളില്‍ ബി.ജെ.പി. കാടിളക്കി പ്രചാരണം നടത്തുമ്പോഴും പാകിസ്‌താന്‍ അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിനു തെല്ലുമില്ല ആശങ്ക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയം ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണു കോണ്‍ഗ്രസ്‌. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന അപൂര്‍വം സംസ്‌ഥാനങ്ങളിലൊന്നാണു പഞ്ചാബ്‌.
എന്നാല്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണം അവസാനഘട്ടത്തിലേക്ക്‌ കടന്നതോടെ സിഖ്‌ വിരുദ്ധ കലാപം അടക്കം ചര്‍ച്ചയാക്കി കളം പിടിക്കാനുള്ള ശ്രമത്തിലാണു ബി.ജെ.പി. 1984-ലെ സിഖ്‌ കൂട്ടക്കൊല അന്വേഷിച്ച നാനാവതി കമ്മിഷന്റെ റിപ്പോര്‍ട്ട്‌ ആയുധമാക്കി മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയെ വരെ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ്‌ പ്രചാരണ രംഗത്തേക്ക്‌ കൊണ്ടുവന്നു. സിഖ്‌ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട്‌ സാം പിത്രോദ നടത്തിയ പരാമര്‍ശം കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ കോണ്‍ഗ്രസ്‌ പ്രതിരോധത്തിലായി. പിത്രോദ മാപ്പ്‌ പറയണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും ഇതില്‍ ആത്ഥാര്‍ത്ഥതയില്ലെന്ന്‌ ആരോപിച്ച്‌ മോഡിയും രംഗത്ത്‌ വന്നതോടെ വിവാദം കൊഴുത്തു.
പടയോട്ടങ്ങളുടെ സംഘര്‍ഷഭീതിയില്‍ ആശങ്കയുടെ കുളമ്പൊച്ചയുണരുന്നതാണ്‌ മറ്റ്‌ അതിര്‍ത്തി മേഖലകളെങ്കില്‍ പഞ്ചാബ്‌ തികച്ചും വ്യത്യസ്‌തമാണ്‌. അതിര്‍ത്തിയിലങ്ങോളമിങ്ങോളം സമാധാനാന്തരീക്ഷമാണ്‌. അതിര്‍ത്തി പങ്കിടുന്ന മറ്റ്‌ സംസ്‌ഥാനങ്ങളില്‍ അതിദേശീയത വോട്ട്‌ ഉറപ്പാക്കാനുള്ള പ്രചാരണ വിഷയമാണെങ്കിലും പഞ്ചാബിലെ വോട്ടര്‍മാരെ സ്വാധീനിക്കാതെ പോകുന്നതിനു പ്രധാന കാരണവും ഇതുതന്നെ.
ബി.ജെ.പിക്ക്‌ ഏറെയൊന്നും സ്വാധീനിമില്ലാത്ത സംസ്‌ഥാനമാണു പഞ്ചാബ്‌. രണ്ടു പതിറ്റാണ്ടോളമായി ശിരോമണി അകാലിദളിനൊപ്പം ചേര്‍ന്നാണു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. കോണ്‍ഗ്രസാണ്‌ ഈ സഖ്യത്തിന്റെ മുഖ്യശത്രു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറി. മുഖ്യമന്ത്രി ക്യാപ്‌റ്റര്‍ അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരേ ശക്‌തമായ ജനവികാരം സംസ്‌ഥാനത്തില്ല.
12 ശതമാനത്തോളം വരുന്ന ദളിത്‌ സിഖുകാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ ബി.എസ്‌.പി. പഞ്ചാബില്‍ പ്രധാന ശക്‌തിയായി ഉയര്‍ന്നുവന്നെങ്കിലും ആ സ്വാധീനം നിലനിര്‍ത്താനായില്ല. ഇത്തവണ ഇടതുപാര്‍ട്ടികളുടെ പൊതുവേദിയായ പീപ്പിള്‍ ഡമോക്രാറ്റിക്‌ അലയന്‍സി(പി.ഡി.എ)ന്റെ ഭാഗമായാണു ബി.എസ്‌.പി. മത്സരിക്കുന്നത്‌. കഴിഞ്ഞതവണ ആര്‍.എം.പിയും സി.പി.ഐയും ഉള്‍പ്പെട്ട പി.ഡി.എ. മത്സരരംത്തുണ്ടായിരുന്നെങ്കിലും അന്നു ബി.എസ്‌.പി. തനിച്ചാണു തെരഞ്ഞെടുപ്പിനെ നേരിട്ടത്‌.
ഇത്തവണ കൂടുതല്‍ ശക്‌തമായ ഇടതുസഖ്യം ചില മണ്ഡലങ്ങളിലെങ്കിലും നിര്‍ണായകമാകും. പത്താന്‍കോട്ട്‌, ജലന്തര്‍ എന്നിവ ഉള്‍പ്പെടുന്ന വടക്കന്‍ മേഖലകളിലാണ്‌ ഇടതുപാര്‍ട്ടികള്‍ക്ക്‌ സ്വാധീനമുള്ളത്‌. അതേസമയം ഹരിയാനയോട്‌ ചേര്‍ന്നു കിടക്കുന്ന മേഖലകളിലാണ്‌ ബി.എസ്‌.പിക്കു സ്വാധീനം.
പഞ്ചാബില്‍ ശക്‌തമായിരുന്ന തീവ്രവാദത്തെ അടിച്ചമര്‍ത്തിയത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയോടെയാണ്‌. ഇതിനുശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ബി.ജെ.പി- അകാലിദള്‍ സഖ്യവും മാറിമാറി അധികാരത്തിലെത്തി. എന്നാല്‍ 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിനു മാറ്റംവന്നു. പ്രകാശ്‌ സിങ്‌ ബാദലിന്റെ നേതൃത്വത്തിലുള്ള അകാലിദള്‍- ബി.ജെ.പി സഖ്യ സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയുണ്ടായി. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മോഡി തരംഗത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പി- അകാലിദള്‍ സഖ്യത്തിനായി മേല്‍ക്കൈ. ആകെയുള്ള 13 സീറ്റില്‍ ശിരോമണി അകാലിദള്‍ നാലും ബി.ജെ.പി. രണ്ടും സീറ്റുകള്‍ സ്വന്തമാക്കി. 2009 ലെ തെരഞ്ഞെടുപ്പില്‍ എട്ടു സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന്‌ മൂന്നു സീറ്റ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. അതേസമയം, കന്നിമത്സരത്തിനിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി (എ.എ.പി) നാലു സീറ്റ്‌ സ്വന്തമാക്കി പുത്തന്‍ താരോദയമായി.
1984-ലെ സിഖ്‌ വിരുദ്ധ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന്‌ ഉള്‍പ്പെടെയുള്ള വാഗ്‌ദാനങ്ങള്‍ മുന്നോട്ടുവച്ചായിരുന്നു എ.എ.പി പഞ്ചാബില്‍ രാഷ്‌ട്രീയ പ്രവേശം നടത്തിയത്‌. ഗുജറാത്തിലെ കച്ച്‌ മേഖലയില്‍ കുടിയിറക്ക്‌ ഭീഷണി നേരിടുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ.എ.പി ശക്‌തമായി തന്നെ ഉന്നയിച്ചു. സാധാരണക്കാര്‍ എ.എ.പിയെ പിന്തുണച്ചതോടെ വോട്ട്‌ ചോര്‍ച്ച കൂടുതലുണ്ടായത്‌ കോണ്‍ഗ്രസിനായിരുന്നു- 12.13 ശതമാനത്തിന്റെ കുറവ്‌. പരാമ്പരാഗതമായി ലഭിച്ചിരുന്ന സിഖ്‌ കര്‍ഷക വോട്ടുകളില്‍ എ.എ.പി വിള്ളലുണ്ടാക്കിയതോടെ ശിരോമണി അകാലിദളിനും 7.55% വോട്ടിന്റെ കുറവുണ്ടായി. എന്നാല്‍ അഞ്ചാണ്ടിന്‌ ഇപ്പുറത്ത്‌ എ.എ.പി. സംസ്‌ഥാനത്ത്‌ നിര്‍ണായക ശക്‌തിയല്ലാതായി. ജയിച്ചെത്തിയ നാലു പേരില്‍ രണ്ടു പേര്‍ പാര്‍ട്ടി വിട്ടു. ഇത്തവണ സന്‍ഗ്രൂറില്‍ മത്സരിക്കുന്ന സിറ്റിങ്‌ എം.പി. ഭഗവന്ത്‌മാനിലാണ്‌ എ.എ.പിയുടെ പ്രതീക്ഷ.
പാക്‌ പിന്തുണയോടെ പഞ്ചാബില്‍ സജീവമായ ലഹരിമാഫിയയും അകാലിദള്‍ നേതാക്കളും തമ്മിലുള്ള ബന്ധമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്‌. കൊച്ചുകുട്ടികളെപ്പോലും വലയ്‌ക്കകത്താക്കിയ ലഹരിമാഫിയയോടുള്ള എതിര്‍പ്പ്‌ അകാലിദളിനെതിരായ രോഷമായതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അകാലിദള്‍- ബി.ജെ.പി. സഖ്യത്തിന്‌ കനത്ത തിരിച്ചടിയേറ്റു. ഈ സാഹചര്യങ്ങളൊക്കെയും ഇപ്പോഴും സംസ്‌ഥാനത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. പ്രകാശ്‌ സിങ്‌ ബാദല്‍ തന്നെയാണ്‌ സഖ്യത്തിന്റെ പ്രധാന പ്രചാരകന്‍.
കഴിഞ്ഞ തവണ അമൃത്സറിലായിരുന്നു രാജ്യം ഉറ്റുനോക്കിയ മത്സരം. ബി.ജെ.പി. നേതാവ്‌ അരുണ്‍ ജയ്‌റ്റ്‌ലി ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ എതിര്‍പക്ഷത്ത്‌ കോണ്‍ഗ്രസ്‌ നേതാവും പട്യാലയിലെ രാജാവുമായ ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌. മോഡി തരംഗത്തില്‍ ഒട്ടുമിക്ക ബി.ജെ.പി നേതാക്കളും വിജയിച്ചിട്ടും ജയ്‌റ്റ്‌ലി തോറ്റു.
എന്നാല്‍ അദേഹത്തെ രാജ്യസഭയിലൂടെ മന്ത്രിസഭയിലെത്തിച്ച്‌ മേഡി നിര്‍ണായക വകുപ്പും നല്‍കി.
ജയ്‌റ്റിലിയ്‌ക്ക്‌ വേണ്ടി സിറ്റിങ്‌ സീറ്റ്‌ നിഷേധിക്കപ്പെട്ട നവ്‌ജ്യോത്‌ സിങ്‌ സിദ്ദു കോണ്‍ഗ്രസിലേക്ക്‌ കൂടുമാറി രാഹുലിന്റെ ഇഷ്‌ടക്കാരനായി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രി പദം കൊതിച്ചെങ്കിലും ക്യാപ്‌റ്റന്‍ കൈപ്പിടിയിലൊതുക്കി. ഇത്തവണ അമൃത്സര്‍ മണ്ഡലത്തില്‍നിന്ന്‌ തന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ സിദ്ദു ആഗ്രഹിച്ചെങ്കിലും ക്യാപ്‌റ്റന്‍ ടിക്കറ്റ്‌ നല്‍കിയില്ല. ഇതോടെ സംസ്‌ഥാന നേതൃത്വത്തോട്‌ പിണങ്ങി സിദ്ദു പ്രചാരണ രംഗത്തുനിന്ന്‌ മാറിനിന്നു. ഇത്തവണ ജയ്‌റ്റ്‌ലിയും തെരഞ്ഞെടുപ്പ്‌ രംഗത്തില്ല.
കോണ്‍ഗ്രസ്‌ നേതാവ്‌ മനീഷ്‌ തിവാരി ഇത്തവണ അനന്തപൂര്‍ സാഹിബില്‍നിന്നാണു ജനവിധി തേടുന്നത്‌. ഗുരുദാസ്‌പൂരില്‍ സിറ്റിങ്‌ എം.പി. സുനില്‍ ജാഖറിനെ തന്നെ കോണ്‍ഗ്രസ്‌ രംഗത്തിറക്കുമ്പോള്‍ ബോളിവുഡ്‌ താരം സണ്ണി ഡിയോളിനെ രംഗത്തിറക്കി മണ്ഡലം വീണ്ടും കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണു ബി.ജെ.പിയുടേത്‌.
പ്രകാശ്‌ സിങ്‌ ബാദലിന്റെ മരുമകളും കേന്ദ്രമന്ത്രിയുമായ സിറ്റിങ്‌ എം.പി ഹര്‍സിമ്രത്ത്‌ കൗര്‍ ബാദല്‍ വീണ്ടും ജനവിധി തേടുന്ന ഭട്ടിന്‍ഡയാണ്‌ മറ്റൊരു ശ്രദ്ധേയ മണ്ഡലം. പട്യാലയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രനീത്‌ കൗര്‍ തന്നെയാണ്‌ ഇത്തവണയും കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി. മുന്‍കേന്ദ്രമന്ത്രിയും സിറ്റിങ്‌ എം.പിയുമായിരുന്ന പ്രനീത്‌ കൗറിനെ കഴിഞ്ഞ തവണ 20,942 വോട്ടുകള്‍ക്ക്‌ അട്ടിമറിച്ചാണ്‌ എ.എ.പി വിജയം നേടിയത്‌. ഇത്തവണ കോണ്‍ഗ്രസിന്‌ പ്രതീക്ഷയേറെയുള്ള മണ്ഡലം കൂടിയാണു പട്യാല.
സിഖ്‌ മത ആരാധനാലയങ്ങളെ ബന്ധപ്പെടുത്തി ഇന്ത്യയില്‍നിന്ന്‌ പാകിസ്‌താനിലേക്ക്‌ നീളുന്ന കര്‍ത്താര്‍പുര്‍ ഇടനാഴി വലിയ വിഷയമാക്കി ഉയര്‍ത്തികൊണ്ടുവരാന്‍ സിദ്ദുവിന്റെ പ്രചാരണത്തിലൂടെ സാധിച്ചിട്ടുണ്ട്‌. പഞ്ചാബിലെ കര്‍ഷകര്‍ കൂടുതലായി വ്യാപാര ബന്ധത്തിന്‌ ഉപയോഗിക്കുന്നത്‌ പാക്‌ മാര്‍ക്കറ്റുകളെയാണ്‌. കാര്‍ഷിക വിളകള്‍ക്ക്‌ നല്ല വിപണിയായി പാകിസ്‌താന്‍ മാറുമ്പോള്‍ അതിര്‍ത്തിയില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കാനാണ്‌ ഇവര്‍ ആഗ്രഹിക്കുന്നതും. അതുകൊണ്ടുതന്നെയാണ്‌ ബി.ജെ.പിയുടെ അതിദേശീയതയ്‌ക്ക്‌ പഞ്ചാബ്‌ മണ്ണില്‍ വലിയ വേരോട്ടം ലഭിക്കാതെ പോകുന്നതും.
അകാലിദളിനും കോണ്‍ഗ്രസിനും ഒരേപോലെ ശക്‌തിയുള്ള മേഖലയാണു കാര്‍ഷിക സമൃദ്ധമായ ദ്വാബ. ജാട്ട്‌, സിഖ്‌ കര്‍ഷക വോട്ടുകളും നഗരങ്ങളിലെ ഹിന്ദു വോട്ടുകളും ഒരേപോലെ ആകര്‍ഷിക്കാന്‍ അകാലിദള്‍- ബി.ജെ.പി സഖ്യത്തിന്‌ സാധിച്ചതോടെയാണ്‌ 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയതുടര്‍ച്ചയ്‌ക്ക്‌ സഹായിച്ചത്‌.
എന്നാല്‍ ഈ വോട്ടുകള്‍ കോണ്‍ഗ്രസ്‌ ചോര്‍ത്തിയതോടെ 2017ലെ തെരഞ്ഞെടുപ്പില്‍ അവര്‍ അധികാരം തിരിച്ചുപിടിച്ചു. ഇത്തവണ കാര്‍ഷിക മേഖല ആര്‍ക്കൊപ്പമൊന്നതിനുള്ള ഉത്തരംകൂടിയാകും വോട്ടെണ്ണല്‍ ദിവസമായ 23നു ലഭിക്കുക. കാര്‍ഷിക കടങ്ങള്‍ ഏഴുതിതള്ളലടക്കമുള്ള നടപടികള്‍ തങ്ങള്‍ക്ക്‌ അനുകൂലമാകുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Wednesday 15 May 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW