Sunday, July 21, 2019 Last Updated 26 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.27 AM

പെരിയ ഇരട്ടക്കൊല: സി.പി.എം. ഏരിയ, ലോക്കല്‍ സെക്രട്ടറിമാര്‍ അറസ്‌റ്റില്‍

uploads/news/2019/05/308241/c1.jpg

കാസര്‍ഗോഡ്‌: പെരിയ കല്യോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷും ശരത്‌ ലാലും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിന്റെ രണ്ടു പ്രാദേശിക നേതാക്കള്‍ അറസ്‌റ്റില്‍. ഉദുമ ഏരിയ കമ്മിറ്റി സെക്രട്ടറി കെ. മണികണ്‌ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്‌ണന്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
തെളിവ്‌ നശിപ്പിച്ചെന്നതാണ്‌ ഇവര്‍ക്കെതിരായ കുറ്റം. ക്രൈംബ്രാഞ്ച്‌ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. കൊലപാതകത്തിനു ശേഷം പ്രതികളുടെ വസ്‌ത്രങ്ങള്‍ നശിപ്പിച്ചതടക്കമുള്ള കാര്യങ്ങള്‍ ചെയ്‌തത്‌ മണികണ്‌ഠന്റെ നിര്‍ദേശപ്രകാരമാണെന്നു ക്രൈംബ്രാഞ്ച്‌ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക്‌ ഉപാധികളോടെ ജാമ്യം ലഭിച്ചു. 25,000 രൂപ കെട്ടിവയ്‌ക്കണം, രണ്ട്‌ ആള്‍ ജാമ്യം എന്നിവയാണ്‌ ഉപാധികള്‍. അന്വേഷണ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരി പതിനേഴിനു രാത്രി എട്ടോടെയാണു കൃപേഷിനെയും ശരത്‌ ലാലിനെയും മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്‌. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന എ. പീതാംബരനാണു കേസിലെ ഒന്നാം പ്രതി. പീതാംബരനു പുറമേ സി.ജെ. സജി (സജി ജോര്‍ജ്‌), കെ.എം. സുരേഷ്‌, കെ. അനില്‍കുമാര്‍, എ. അശ്വിന്‍, ആര്‍. ശ്രീരാഗ്‌, ജി. ഗിജിന്‍, പ്രദീപന്‍, മണി, മുരളി എന്നിവരെ നേരത്തേ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്‌. എട്ടാം പ്രതി സുബീഷ്‌ ഗള്‍ഫിലേക്കു കടന്നതായാണു ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം.
കൊലപാതകത്തിനു ശേഷം പ്രതികള്‍ ഉദുമയ്‌ക്കടുത്തുള്ള വെളുത്തോളിയിലെത്തി മണികണ്‌ഠനുമായി ബന്ധപ്പെട്ടെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി. മണികണ്‌ഠനും ബാലകൃഷ്‌ണനും ചേര്‍ന്ന്‌ പ്രതികള്‍ക്ക്‌ ഒളിവില്‍ പോകാനും ആയുധങ്ങള്‍ ഒളിപ്പിക്കാനും സഹായം നല്‍കി. ഇവരുടെ വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കത്തിച്ചുകളഞ്ഞെന്നും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌.
ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്‌. കൊലപാതകം, ഗൂഢാലോചന എന്നിവയ്‌ക്ക്‌ വ്യത്യസ്‌ത കുറ്റപത്രങ്ങളായിരിക്കും സമര്‍പ്പിക്കുക. അന്വേഷണം സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട്‌ കൃപേഷിന്റെയും ശരത്‌ ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി 25-നു സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്‌. അതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള തിടുക്കത്തിലാണു ക്രൈംബ്രാഞ്ചെന്നും ഇപ്പോഴത്തെ അറസ്‌റ്റ്‌ അതിന്റെ ഭാഗമാണെന്നുമാണു സൂചന.
മണികണ്‌ഠനെയും ബാലകൃഷ്‌ണനെയും ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തതു സി.ബി.ഐ. അന്വേഷണം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കോണ്‍ഗ്രസ്‌ ആരോപിച്ചു. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്‌. അതു പുറത്തുവരണമെങ്കില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണ്‌. സി.പി.എമ്മിന്റെ ഏരിയ, ലോക്കല്‍ സെക്രട്ടറിമാരെ ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന്‌ അറസ്‌റ്റ്‌ ചെയ്‌തതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്‌. സി.ബി.ഐ. അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ഡി.സി.സി. പ്രസിഡന്റ്‌ ഹക്കീം കുന്നില്‍ പറഞ്ഞു..

Ads by Google
Wednesday 15 May 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW