Thursday, July 18, 2019 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.27 AM

യുവാവിനെ തട്ടിക്കൊണ്ടു പോയി കൊന്ന പ്രതികള്‍ക്കു ജീവപര്യന്തം

uploads/news/2019/05/308239/c5.jpg

കൊല്ലം: ഗുണ്ടാനേതാവിന്റെ ഭാര്യയെ ഒപ്പം പാര്‍പ്പിച്ചതിനു സുഹൃത്തായിരുന്ന യുവാവിനെ തമിഴ്‌നാട്ടിലേക്കു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഗുണ്ടാസംഘത്തിലെ ഏഴു പ്രതികള്‍ക്കു ജീവപര്യന്തവും ഒരു ലക്ഷം രൂപ വീതം പിഴയും. കൊറ്റങ്കര പേരൂര്‍ തട്ടാര്‍കോണം അയ്യര്‍മുക്കില്‍ പ്രോമിസ്‌ഡ്‌ ലാന്‍ഡില്‍ ജോണ്‍സണ്‍-ട്രീസ ദമ്പതികളുടെ മകന്‍ രഞ്‌ജിത്ത്‌ ജോണ്‍സ(രഞ്‌ജു- 40) നെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി ജഡ്‌ജി എസ്‌.കൃഷ്‌ണകുമാറാണു ശിക്ഷിച്ചു വിധിപ്രസ്‌താവിച്ചത്‌.
കണ്ണനല്ലൂര്‍ വാലിമുക്കിനു സമീപം പുതിയവീട്ടില്‍ മനോജ്‌ (പാമ്പ്‌ മനോജ്‌-40), പരവൂര്‍ നെടുങ്ങോലം കച്ചേരിവിള വീട്ടില്‍ രഞ്‌ജിത്ത്‌ (കാട്ടുണ്ണി-30), പരവൂര്‍ പൂതക്കുളം പാണാട്ടുചിറയില്‍ വീട്ടില്‍ ഉണ്ണി (കൈതപ്പുഴ ഉണ്ണി-39), കൊല്ലം വെറ്റിലത്താഴത്തു വാടകയ്‌ക്കു താമസിക്കുന്ന വടക്കേവിള ന്യൂനഗര്‍ കോണത്തുകാവിനു സമീപം തോട്ടിന്‍കര വീട്ടില്‍ പ്രണവ്‌ (ഡീസന്റ്‌മുക്ക്‌ കുക്കു-25), കൊല്ലം ഡീസന്റ്‌മുക്ക്‌ കോണത്തു വടക്കതില്‍ സ്വദേശി വിഷ്‌ണു (21), കൊല്ലം കിളികൊല്ലൂര്‍ പവിത്ര നഗറില്‍ വിനീത മന്ദിരത്തില്‍ വിനേഷ്‌ (38), കൊല്ലം വടക്കേവിള കൊച്ചുമുണ്ടയില്‍ വീട്ടില്‍ റിയാസ്‌ (30) എന്നിവര്‍ക്കാണു ജീവപര്യന്തം. പ്രതികള്‍ക്ക്‌ 25 വര്‍ഷം പരോള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
തെളിവുകളുടെ അഭാവത്തില്‍ കേസിലെ എട്ടാംപ്രതി കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം നക്ഷത്ര നഗര്‍-47 പറങ്കിമാംവിളയില്‍ അജിംഷാ മന്‍സിലില്‍ അജിംഷാ(ബാബുജി-37)യെ വെറുതെ വിട്ടു. കുറ്റവാളികള്‍ എല്ലാവരും തന്നെ കൊലപാതകം, കഞ്ചാവ്‌ വില്‍പ്പന, കാപ്പ തുടങ്ങി നിരവധി ക്രിമിനല്‍ക്കേസുകളില്‍ ഉള്‍പ്പെട്ടവരാണ്‌.
2018 ഓഗസ്‌റ്റ്‌ 15-നാണു രഞ്‌ജിത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി നാഗര്‍കോവില്‍ സമുന്താപുരം പൊന്നക്കുടിയില്‍ ക്വാറി അവശിഷ്‌ടങ്ങള്‍ തള്ളുന്ന സ്‌ഥലത്തു കുഴിച്ചിട്ടത്‌. ഗുണ്ടാനേതാവ്‌ മനോജിന്റെ പീഡനത്തില്‍ സഹികെട്ടു വീടുവിട്ട ഭാര്യയെ കൂടെത്താമസിപ്പിച്ചതിന്റെ പ്രതികാരമായാണു മനോജും കൂട്ടാളികളും ചേര്‍ന്നു രഞ്‌ജിത്തിനെ വകവരുത്തിയതെന്നാണു കേസ്‌. യുവതി, രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ രഞ്‌ജിത്തിന്റെ കൂടെ ഒന്‍പതു വര്‍ഷം മുമ്പായിരുന്നു പോയത്‌. രഞ്‌ജിത്തും മനോജും സുഹൃത്തുക്കളുമായിരുന്നു. ഈ സംഭവത്തിനു ശേഷം യുവാവിനു വധഭീഷണിയുണ്ടായി. അതിനാല്‍, ഭയന്നു വീടിനു പുറത്തിറങ്ങാതെ മുന്തിയിനം പ്രാവുകളുടെയും മുയലുകളുടെയും വ്യാപാരവുമായി ഒതുങ്ങിക്കൂടി.
എന്നാല്‍, പ്രാവിനെ വാങ്ങാനെന്ന വ്യാജേന സുഹൃത്തിനെ അയച്ച്‌ വീട്ടില്‍ നിന്നു രഞ്‌ജിത്തിനെ പുറത്തിറക്കിയ ശേഷം കാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്നു പോളച്ചിറ ഏലായിലെ വിജനമായ സ്‌ഥലത്തു കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തി, തിരുവനന്തപുരം വഴി നാഗര്‍കോവിലിലേക്ക്‌ പോയി. പിറ്റേദിവസം മൃതദേഹം കുഴിച്ചു മൂടി. മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ ഓഗസ്‌റ്റ്‌ 20ന്‌ അമ്മ ട്രീസ കിളികൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. പിന്നീട്‌ കസ്‌റ്റഡിയിലെടുത്ത ഉണ്ണിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു മറ്റുപ്രതികളെയും പിടികൂടിയത്‌.
കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ കിളികൊല്ലൂര്‍ എസ്‌.ഐ: വി. അനില്‍കുമാര്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Ads by Google
Wednesday 15 May 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW