Wednesday, May 22, 2019 Last Updated 29 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.14 AM

കിടപ്പാടം ജപ്‌തിയില്‍: അമ്മയും മകളും തീകൊളുത്തി മരിച്ചു

uploads/news/2019/05/308223/k1.jpg

നെയ്യാറ്റിന്‍കര/പാറശാല : കിടപ്പാടം ജപ്‌തി ചെയ്യാന്‍ ബാങ്ക്‌ നടപടി ആരംഭിച്ചതിനേത്തുടര്‍ന്ന്‌ യുവതിയും മകളും തീകൊളുത്തി ജീവനൊടുക്കി. നെയ്യാറ്റിന്‍കര മഞ്ചവിളാകം ഓംമലൈയിക്കട റോഡരികത്ത്‌ വൈഷ്‌ണവിഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്‌ണവി (19) എന്നിവരാണു മരിച്ചത്‌.
ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ ഇരുവരും ദേഹത്തു തീകൊളുത്തിയത്‌. വൈഷ്‌ണവി തല്‍ക്ഷണം മരിച്ചു. ഗുരുതരപൊള്ളലേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണു മരിച്ചത്‌. 15 വര്‍ഷം മുമ്പ്‌ കനറാ ബാങ്ക്‌ നെയ്യാറ്റിന്‍കര ശാഖയില്‍നിന്നു ചന്ദ്രനും കുടുംബവും വീടുവയ്‌ക്കാന്‍ അഞ്ചുലക്ഷം രൂപ വായ്‌പയെടുത്തിരുന്നു. അന്നു ചന്ദ്രന്‌ വിദേശത്തു ജോലിയുണ്ടായിരുന്നെങ്കിലും പിന്നീടതു നഷ്‌ടമായി. അതോടെ വായ്‌പയുടെ തിരിച്ചടവ്‌ പലപ്പോഴും മുടങ്ങി. പലിശ പെരുകിയതോടെ ബാങ്കില്‍ അടയ്‌ക്കാനുള്ള തുക 6.85 ലക്ഷമായി. ഇതേത്തുടര്‍ന്ന്‌ ബാങ്ക്‌ ജപ്‌തി നടപടിയാരംഭിച്ചു. ഗള്‍ഫില്‍നിന്നു തിരിച്ചെത്തിയശേഷം മരപ്പണി ചെയ്‌തിരുന്ന ചന്ദ്രന്‍ നിത്യച്ചെലവിനുതന്നെ ബുദ്ധിമുട്ടിയിരുന്നു. സ്‌ഥലം വിറ്റ്‌ വായ്‌പ തിരിച്ചടയ്‌ക്കാനുള്ള ശ്രമവും വിജയിച്ചില്ല. കഴിഞ്ഞയാഴ്‌ച ബാങ്കിലെത്തിയ ചന്ദ്രന്‍, സ്‌ഥലം വില്‍ക്കാന്‍ സാവകാശം തേടിയതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ബാങ്ക്‌ അനുവദിച്ചില്ല. ഇന്നലെ വൈകിട്ടുവരെയാണു പണമടയ്‌ക്കാന്‍ സമയമനുവദിച്ചത്‌.
ബന്ധുക്കളോടു ലേഖ ജപ്‌തിയുടെ കാര്യം പറഞ്ഞിരുന്നു. ബാങ്ക്‌ നല്‍കിയ സമയം അവസാനിക്കാനിരിക്കേ, ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ ലേഖയും മകളും ദേഹത്തു മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കു തീ പടര്‍ന്നു. വൈഷ്‌ണവി സംഭവസ്‌ഥലത്തുതന്നെ മരിച്ചു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ടു മരിച്ചു. സംഭവത്തേത്തുടര്‍ന്ന്‌ ബാങ്കിനെതിരേ വന്‍ജനരോഷമുയര്‍ന്നു. ബാങ്കിനു മുന്നില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ ജീവനക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട്‌ നെയ്യാറ്റിന്‍കര-കാരക്കോണം റോഡ്‌ ഉപരോധിച്ചു. അഞ്ചുലക്ഷത്തിന്റെ വായ്‌പയ്‌ക്ക്‌ എട്ടുലക്ഷം തിരിച്ചടച്ചെങ്കിലും ബാങ്ക്‌ കനിഞ്ഞില്ലെന്നു ചന്ദ്രന്‍ പറഞ്ഞു. ബാങ്കിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന്‌ കെ.എ. ആന്‍സലന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.

ബാങ്ക്‌ തിടുക്കം കാട്ടിയെന്ന്‌ എ.ഡി.എം; നഷ്‌ടപരിഹാരം നല്‍കണമെന്നു മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിന്റെ ജപ്‌തി നടപടികള്‍ വേഗത്തിലായതാണു നെയ്യാറ്റിന്‍കര മാരായമുട്ടത്ത്‌ യുവതിയും മകളും ജീവനൊടുക്കാന്‍ കാരണമെന്നു തിരുവനന്തപുരം എ.ഡി.എമ്മിന്റെ റിപ്പോര്‍ട്ട്‌. സംസ്‌ഥാനത്തു ബാങ്ക്‌ വായ്‌പകള്‍ക്കു മൊറട്ടോറിയമുള്ളപ്പോള്‍ ജപ്‌തി നടപടിയുമായി മുന്നോട്ടുപോയത്‌ അംഗീകരിക്കാനാവില്ലെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ബാങ്ക്‌ ജനറല്‍ മാനേജരെ അറിയിച്ചു. സംഭവത്തില്‍ ഗൃഹനാഥനു ബാങ്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്നു ധനമന്ത്രി ടി.എം. തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

സമ്മര്‍ദം ചെലുത്തിയില്ല: ബാങ്ക്‌

തിരുവനന്തപുരം: ജപ്‌തി നടപടിയേത്തുടര്‍ന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ വിശദീകരണവുമായി കനറാ ബാങ്ക്‌. ജപ്‌തിയുടെ പേരില്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നാണ്‌ അധികൃതരുടെ വിശദീകരണം. ഭവനവായ്‌പയുടെ തിരിച്ചടവ്‌ മുടങ്ങിയതിനേത്തുടര്‍ന്ന്‌ കോടതിയില്‍ കേസ്‌ കൊടുത്തിരുന്നു. വായ്‌പ തിരിച്ചടയ്‌ക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുവദിച്ച സമയം ഇന്നലെഅവസാനിക്കാനിരിക്കുകയായിരുന്നെന്നും ബാങ്ക്‌ വ്യക്‌തമാക്കി.

Ads by Google
Wednesday 15 May 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW