Monday, July 15, 2019 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.09 AM

അമിത്‌ ഷായുടെ കൊല്‍ക്കത്ത റോഡ്‌ഷോയില്‍ സംഘര്‍ഷം

uploads/news/2019/05/308182/d3.jpg

കൊല്‍ക്കത്ത: ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന റോഡ്‌ ഷോയ്‌ക്കിടെ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ്‌-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ നഗരത്തില്‍ കലാപസമാന അന്തരീക്ഷം. രൂക്ഷമായ കല്ലേറിനിടെ റോഡ്‌ ഷോ പാതിവഴിയില്‍ അവസാനിപ്പിച്ച്‌ പോലീസ്‌ സുരക്ഷയില്‍ അമിത്‌ ഷാ മടങ്ങി. സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രി വൈകിയും തൃണമൂല്‍-ബി.ജെ.പി. സംഘര്‍ഷം തുടരുന്നതായും റിപ്പോര്‍ട്ട്‌.
19 ന്‌ നടക്കാനിരിക്കുന്ന അന്തിമഘട്ടം തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തോടനുബന്ധിച്ച്‌ ബി.ജെ.പി. സംഘടിപ്പിച്ച റോഡ്‌ ഷോയ്‌ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജിയുമായി ബി.ജെ.പി. നേതൃത്വം മുമ്പു പലവട്ടം കൊമ്പുകോര്‍ത്ത പശ്‌ചാത്തലത്തില്‍ റോഡ്‌ഷോ സംഘര്‍ഷഭരിതമായേക്കുമെന്ന്‌ ആശങ്ക ഉയര്‍ന്നിരുന്നു. നേതാക്കള്‍ തമ്മില്‍ നടത്തിയ വാക്‌പോര്‌ അണികള്‍ കൈയാങ്കളിയിലേക്കു വളര്‍ത്തുകയായിരുന്നു.
കൊല്‍ക്കത്ത നഗരത്തില്‍നിന്ന്‌ ആരംഭിച്ച്‌ വടക്കന്‍ കൊല്‍ക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ പൂര്‍വികവസതി വരെയായിരുന്നു അമിത്‌ ഷായുടെ റോഡ്‌ ഷോ നിശ്‌ചയിച്ചിരുന്നത്‌. ആയിരക്കണക്കിന്‌ ബി.ജെ.പി. അനുയായികളുടെ അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ. റാലി കല്‍ക്കട്ട സര്‍വകലാശാലാ ക്യാമ്പസിനു മുന്നിലെത്തിയതോടെ ഉള്ളില്‍നിന്ന്‌ കല്ലേറു തുടങ്ങിയെന്നും ഇതോടെയാണു സംഘര്‍ഷാവസ്‌ഥ ഉടലെടുത്തതെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
അമിത്‌ ഷാ സഞ്ചരിച്ചിരുന്ന വാഹനത്തിനടുത്തേക്കു കല്ലും വടികളും പതിച്ചതോടെ അക്രമത്തിനു പിന്നില്‍ തൃണമൂലിന്റെ വിദ്യാര്‍ഥി പ്രസ്‌ഥാനമാണെന്ന്‌ ആക്ഷേപിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രത്യാക്രമണം തുടങ്ങി. അഞ്ചോളം കോളജുകള്‍ സ്‌ഥിതി ചെയ്യുന്ന തെരുവ്‌ ഇതോടെ യുദ്ധക്കളമായി. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍.
റോഡ്‌ ഷോയ്‌ക്കു സുരക്ഷ തീര്‍ത്ത്‌ ഒപ്പമുണ്ടായിരുന്ന പോലീസ്‌ ലാത്തിവീശി ഇരുവിഭാഗത്തെയും പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വിദ്യാര്‍ഥികളെ അകത്താക്കി ക്യാമ്പസിന്റെ ഗേറ്റ്‌ പൂട്ടി ബാരിക്കേഡ്‌ വച്ച്‌ പോലീസ്‌ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ നിലകൊണ്ടു.
ഗേറ്റിനപ്പുറത്തുനിന്ന്‌ കാവല്‍ക്കാരന്‍ കള്ളന്‍, അമിത്‌ ഷാ ഗോബാക്ക്‌ തുടങ്ങിയ വിദ്യാര്‍ഥികളുടെ മുദ്രാവാക്യത്തിനു ജയ്‌ ശ്രീറാം വിളികളായിരുന്നു ബി.ജെ.പി. അനുയായികളുടെ മറുപടി. പോലീസ്‌ ബാരിക്കേഡ്‌ മറികടക്കാനുള്ള ബി.ജെ.പി. പ്രവര്‍ത്തകരുടെ ശ്രമം രംഗം വഷളാക്കി. വിദ്യാര്‍ഥികളുടേതെന്നു കരുതുന്ന ബൈക്കുകള്‍ പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. വിദ്യാസാഗര്‍ കോളജില്‍ സ്‌ഥാപിച്ചിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തില്‍ തകര്‍ന്നു.
സംഘര്‍ഷം വ്യാപിച്ചതോടെ റോഡ്‌ ഷോ മുഴുമിപ്പിക്കാതെ അമിത്‌ ഷാ പോലീസ്‌ സംരക്ഷണയില്‍ മടങ്ങി. അക്രമത്തിന്‌ ആഹ്വാനം ചെയ്‌ത മമതാ ബാനര്‍ജിയാണു സംഘര്‍ഷത്തിനു വഴിമരുന്നിട്ടതെന്നു ഷാ പിന്നീട്‌ ആക്ഷേപിച്ചു.
അമിത്‌ ഷായെ ഗുണ്ടയെന്നു വിളിച്ചായിരുന്നു മമതയുടെ തിരിച്ചടി. ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിനുമേല്‍ കൈവച്ച താങ്കളെ ഗുണ്ടയെന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടതെന്ന്‌ അവര്‍ ചോദിച്ചു.

Ads by Google
Wednesday 15 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW