Wednesday, May 22, 2019 Last Updated 25 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.09 AM

"മോഡി നീചന്‍": വിവാദ പരാമര്‍ശത്തില്‍ പിന്നോട്ടില്ലെന്നു മണിശങ്കര്‍ അയ്യര്‍

uploads/news/2019/05/308181/d2.jpg

ന്യൂഡല്‍ഹി/സിംല: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ "നീചന്‍" എന്ന വിവാദ പരാമര്‍ശം ആവര്‍ത്തിച്ച്‌ മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. പാകിസ്‌താന്റെ ചങ്ങാതിയെന്നു വിളിച്ച്‌ ബി.ജെ.പി. തിരിച്ചടിച്ചതോടെ കോണ്‍ഗ്രസ്‌ നേതൃത്വം അയ്യരുടെ വാക്കിനെ തള്ളിപ്പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പ്‌ ഒരു ലേഖനത്തില്‍ മോഡിയെ നീചനെന്നു വിശേഷിപ്പിച്ചത്‌ റൈസിങ്‌ കശ്‌മീര്‍ ദിനപത്രത്തിലും ദ്‌ പ്രിന്റ്‌ വെബ്‌സൈറ്റിലും പുതിയ ലേഖനത്തിലൂടെ ഓര്‍മിപ്പിച്ചുകൊണ്ടാണ്‌ അയ്യര്‍ വീണ്ടും വെടിപൊട്ടിച്ചത്‌.
"എന്തായാലും 23-ാം തീയതി ജനം മോഡിയെ പുറത്താക്കും. ഇന്ത്യ കണ്ട ഏറ്റവും ദുഷിച്ച നാവുള്ള പ്രധാനമന്ത്രിക്ക്‌ അതു ചേരുന്ന അവസാനമായിരിക്കും.
2017 ഡിസംബര്‍ ഏഴിനു ഞാന്‍ മോഡിയെ വിശേഷിപ്പിച്ചത്‌ ഓര്‍മയുണ്ടോ? അതിനു പ്രവചനസ്വഭാവമില്ലേ?"- എന്നാണ്‌ അയ്യര്‍ പുതുതായി എഴുതിയത്‌. മാധ്യമങ്ങള്‍ വിശദീകരണമാരാഞ്ഞ്‌ സമീപിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. വിവാദ പരാമര്‍ശത്തിനു തന്റെ മോശം ഹിന്ദിയെ പഴിച്ച്‌ അയ്യര്‍ അന്നു മാപ്പു പറഞ്ഞതു ചൂണ്ടിക്കാട്ടിയാണു ബി.ജെ.പി. വക്‌താവ്‌ ജി.വി.എല്‍. നരസിംഹറാവു തിരിച്ചടിച്ചത്‌.
സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടു പിന്നീടു തിരിച്ചെടുത്ത്‌ കോണ്‍ഗ്രസ്‌ ഇരട്ടത്താപ്പും ധാര്‍ഷ്‌ട്യവും വ്യക്‌തമാക്കി. രാഷ്‌ട്രഭക്‌തിയുടെ പ്രതീകമായ മോഡിയെ പാകിസ്‌താന്റെ ചങ്ങാതിയായ അയ്യര്‍ രാജ്യവിരുദ്ധനെന്നു വിളിച്ചിരിക്കുന്നു. അയ്യര്‍ക്കു കുടുംബഭക്‌തി മാത്രമേ അറിയൂ- റാവു ട്വിറ്ററിലൂടെ പ്രതികരിച്ചു.
അയ്യര്‍ നേരത്തേ പാകിസ്‌താന്‍ സന്ദര്‍ശിച്ച്‌ മോഡിയെ പുറത്താക്കാന്‍ സഹായം തേടിയത്‌ ഓര്‍മിപ്പിച്ചും നെഹ്‌റു കുടുംബവാഴ്‌ചയെ വീണ്ടും ആക്രമിച്ചും ബി.ജെ.പി. തിരിച്ചടിച്ചതോടെയാണ്‌ അയ്യരുടെ വിവാദ പരാമര്‍ശത്തെ കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല തള്ളിപ്പറഞ്ഞത്‌.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു വേളയില്‍ അയ്യര്‍ മോഡിയെ "ചായക്കാരന്‍" എന്നു പരിഹസിച്ചതില്‍ പിടിച്ചുകയറിയാണു ബി.ജെ.പി. വിജയം കൊയ്‌തത്‌. മോഡിയുടെ ലളിത പശ്‌ചാത്തലവും കോണ്‍ഗ്രസിന്റെ കുടുംബപൂജയും ഉയര്‍ത്തിക്കാട്ടി "ചായ്‌ പേ ചര്‍ച്ച" വ്യാപകമായി സംഘടിപ്പിച്ചതോടെ അയ്യരുടെ വാവിട്ട വാക്കിനു വലിയ വിലയാണു കോണ്‍ഗ്രസിനു നല്‍കേണ്ടിവന്നത്‌.

Ads by Google
Wednesday 15 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW