Monday, July 15, 2019 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.06 AM

സൗദിയില്‍ എണ്ണ 'കത്തിച്ച്‌ ' ഡ്രോണ്‍ ആക്രമണം, ആക്രമിച്ചത്‌ അരാംകോയുടെ എണ്ണ പൈപ്പ്‌ലൈന്‍, ഇറാനു മുന്നറിയിപ്പായി യു.എസ്‌. ബോംബറുകള്‍

uploads/news/2019/05/308171/in1.jpg

ദുബായ്‌: സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള അരാംകോ എണ്ണക്കമ്പനിയുടെ രണ്ടു പമ്പിങ്‌ സ്‌റ്റേഷനുകള്‍ക്കു നേരേ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ആളില്ലാവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിച്ച്‌ ആക്രമണം. രാജ്യാന്തര എണ്ണവിതരണത്തെ ലക്ഷ്യമിട്ടു നടന്ന തീവ്രവാദ ആക്രമണമെന്നു സൗദി ഊര്‍ജമന്ത്രി ഖാലിദ്‌ അല്‍ ഫാലിഹ്‌.

രാജ്യാന്തര ക്രൂഡോയില്‍ വ്യാപാരത്തില്‍ നിര്‍ണായക സ്‌ഥാനമുള്ള ഹോര്‍മുസ്‌ കടലിടുക്കില്‍ സൗദിയുടെ രണ്ട്‌ എണ്ണക്കപ്പലുകളും യു.എ.ഇയുടെയും നോര്‍വേയുടെയും ചരക്കുകപ്പലുകളും ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്‌ ഡ്രോണുകള്‍ ലോകത്തെ ഏറ്റവും ബൃഹത്തായ എണ്ണക്കമ്പനിയായ അരാംകോയെ ലക്ഷ്യമിട്ടത്‌.

ആണവക്കരാറില്‍നിന്ന്‌ ഏകപക്ഷീയമായി പിന്മാറിയ അമേരിക്ക, ഇറാനെ ചൊല്‍പ്പടിക്കു നിര്‍ത്താനായി നാവിക, വ്യോമ സേനകളെ വിന്യസിച്ചതോടെ ഗള്‍ഫ്‌ മേഖലയാകെ സംഘര്‍ഷത്തിന്റെ വക്കിലാണ്‌.

കിഴക്കന്‍ മേഖലയിലെ എണ്ണപ്പാടങ്ങളില്‍നിന്ന്‌ പടിഞ്ഞാറന്‍ തീരത്തുള്ള യാന്‍ബു തുറമുഖത്തേക്കു ക്രൂഡോയില്‍ കൊണ്ടുപോകുന്ന പൈപ്പ്‌ ലൈനിന്റെ ഭാഗമായ പമ്പിങ്‌ സ്‌റ്റേഷനുകളെയാണു ഡ്രോണുകള്‍ ആക്രമിച്ചത്‌. അറ്റകുറ്റപ്പണിക്കായി പമ്പിങ്‌ നിര്‍ത്തിവച്ചിരിക്കുകയാണ്‌. ക്രൂഡോയില്‍ ഉല്‍പ്പാദനമോ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയോ തടസപ്പെട്ടിട്ടില്ലെന്നും അല്‍ ഫാലിഹ്‌ പറഞ്ഞു.

സൗദിയിലെ സ്‌ഥാപനങ്ങള്‍ക്കു നേരേ ഇറാന്‍ ആഭിമുഖ്യമുള്ള സംഘടന ഡ്രോണ്‍ ആക്രമണം നടത്തിയെന്ന്‌ യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ടിവി ചാനല്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടെ, ഞായറാഴ്‌ച ഫുജൈറ തീരത്തു കപ്പലുകള്‍ക്കു നേരേയുണ്ടായ ആക്രമണത്തില്‍ അമേരിക്കയും യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചു.

ഇറാനു മുന്നറിയിപ്പായി യു.എസ്‌. ബോംബറുകള്‍

വാഷിങ്‌ടണ്‍: സ്‌ഫോടനാത്മകമായ ഗള്‍ഫ്‌ മേഖലയുടെ നെഞ്ചിടിപ്പേറ്റി അമേരിക്കയുടെ സൈനിക നീക്കം. പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ യുദ്ധവിമാനങ്ങളും ബോംബറുകളും പറത്തിയത്‌ ഇറാനു മുന്നറിയിപ്പായി. ഹോര്‍മുസ്‌ കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതാണു പ്രകോപനം. പശ്‌ചിമേഷ്യയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിക്കു പ്രതിരോധം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണു യു.എസിന്റെ പരീക്ഷണപ്പറക്കല്‍. ഈ മേഖലയില്‍ വിന്യസിച്ചിരുന്ന ബി-52 ബോംബര്‍ വിമാനങ്ങള്‍ നടത്തിയ നിരീക്ഷണപ്പറക്കലില്‍ എഫ്‌-15 സി ഈഗിള്‍സ്‌, എഫ്‌-35 എ ജോയിന്റ്‌ സ്‌ട്രൈക്ക്‌ വിമാനങ്ങള്‍ അകമ്പടിയായി. ആകാശത്തുവച്ച്‌ ഇന്ധനം നിറയ്‌ക്കലിനു സജ്‌ജമായി കെ.സി-135 സ്‌ട്രാറ്റോ ടാങ്കറും പറന്നുയര്‍ന്നു.

താക്കീതുമായി ട്രംപ്‌

വാഷിങ്‌ടണ്‍: ഹോര്‍മുസ്‌ കടലിടുക്കില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഇറാനു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ താക്കീത്‌. ഇനി സാഹസം കാട്ടിയാല്‍ കടുത്ത ഭവിഷ്യത്തുണ്ടാകുമെന്നാണു മുന്നറിയിപ്പ്‌. "ഇറാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്‌. ഞാന്‍ ചിലതു കേള്‍ക്കുന്നുണ്ട്‌. അവര്‍ എന്തെങ്കിലും ചെയ്‌താല്‍ വലിയ മണ്ടത്തരമായിരിക്കും". വൈറ്റ്‌ ഹൗസിലെ ഓവല്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ്‌ പറഞ്ഞു.

Ads by Google
Wednesday 15 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW