Tuesday, May 21, 2019 Last Updated 54 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 10.00 AM

പൂജാമുറിയിലെ ഈശ്വരാരാധന

uploads/news/2019/05/308095/joythi130519.jpg

ആചാരങ്ങളുടെ പൊരുള്‍ മനസ്സിലാക്കാതെ അന്ധമായി അനുഷ്ഠിക്കുമ്പോഴാണ് അത് 'അന്ധവിശ്വാസ'മാകുന്നത്. ചെയ്യുന്ന ആചാരങ്ങളുടെ ആഴം അഥവാ തലം ദര്‍ശിക്കാനായാല്‍ ആ വ്യക്തി ആത്മീയതയുടെ ഉയര്‍ന്ന തലത്തിലേക്ക് പ്രവേശിക്കുന്നതാണ്.

'ഓം' എന്ന മന്ത്രം, അഹം അഥവാ ഞാന്‍ എന്ന അര്‍ത്ഥത്തെ വഹിക്കുന്നു.

ഞാന്‍ ആരാണ് എന്ന സ്മൃതി ഉണര്‍ത്തിയിട്ടു വേണം ഈശ്വരനെ ഉപാസിക്കാന്‍. അതിനാലാണ് മന്ത്രങ്ങളെല്ലാം ഓംകാരത്തില്‍ ആരംഭിക്കുന്നത്. ഉദാഹരണത്തിന്: 'ഓം നമഃ ശിവായ' എന്ന മന്ത്രത്തിലെ ഓം എന്ന ശബ്ദം സാധകനേയും, 'ശിവായ' എന്നത് ഈശ്വരനേയും, നമഃ എന്നത് നമസ്‌ക്കരിക്കുന്നതിനേയും സൂചിപ്പിക്കുന്നു.

നിരാകാരനും പ്രപഞ്ചത്തിന്റെ ചേതനയുമായ പരമാത്മാവിനെ ധ്യാനിക്കുവാന്‍ നമുക്ക് യാതൊരു ഭൗതിക രൂപങ്ങളും ആവശ്യമില്ല.

എന്നാല്‍ ഭക്തന്റെ ഭാവനകള്‍ ഈശ്വരന്റെ മുമ്പില്‍ സമര്‍പ്പിക്കുവാനാണ് പ്രതീകാത്മകമായി ഭാവന ചെയ്ത് രൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്.

മനുഷ്യന്‍ നല്ല ഗുണങ്ങള്‍ പ്രാപ്തമാക്കാന്‍ ഗുണസ്വരൂപരായ ദേവീ ദേവന്മാരെ ഉപാസിക്കുന്നു. എന്നാല്‍ ഉപാസിക്കുന്ന ദേവതയെപ്പോലെ നമ്മള്‍ സ്വയം മാറുന്നുവെങ്കില്‍ മാത്രമേ അത് യഥാര്‍ത്ഥ ആരാധനയാകൂ.

സ്വന്തം മനസ്സില്‍ ഈശ്വരനൊരു സ്ഥാനം കാത്തുസൂക്ഷിക്കുന്നതുപോലെ സ്വന്തം ഗൃഹത്തില്‍ ഈശ്വരാരാധനയ്ക്ക് ഒരു സ്ഥാനം ആവശ്യമാണ്.

എന്നും ആ സ്ഥാനത്തെ പരിചരിക്കുന്നവന് ദുഃഖത്തിന്റെ ഘട്ടത്തില്‍ അവിടം ഒരാശ്രയമായിരിക്കും, ആ സ്ഥാനമാണ് 'പൂജാമുറി.'ക്ഷേത്രം ശരീരവും, ക്ഷേത്രജ്ഞനായ മൂര്‍ത്തി ആത്മാവുമാണ്. ക്ഷേത്രത്തിനകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന മൂര്‍ത്തിയെ ദര്‍ശിക്കുകയെന്നാല്‍ അതിനര്‍ത്ഥം, ശരീരത്തിനകത്ത് വസിക്കുന്ന ആത്മാവിനെ ദര്‍ശിക്കണമെന്നാണ്.

ക്ഷേത്രങ്ങളില്‍ നമ്മള്‍ ചെയ്യുന്ന എല്ലാ ആചാരങ്ങളും നമ്മുടെ ജീവിതത്തെ ശ്രേഷ്ഠമാക്കാനുള്ള വിധികളാണ്. പക്ഷേ, അതിനുള്ളിലെ രഹസ്യങ്ങള്‍ എന്താണെന്ന് ചിന്തിക്കുന്നവര്‍ക്ക് മാത്രമേ അത് ബോദ്ധ്യപ്പെടുകയുള്ളൂ.

തന്റെ ഉള്ളില്‍ അവ ഗുണങ്ങളാകുന്ന 'മുള്ള്' ഇല്ലാതിരിക്കുകയും ഗുണങ്ങളാകുന്ന പൂക്കള്‍ വിരിയുകയും ചെയ്താല്‍ ആ ഗുണങ്ങളാകുന്ന 'പൂവാ'യിരിക്കും ഈശ്വരന് ഏറ്റവും ഇഷ്ടപ്പെടുന്നത്.

ക്ഷേത്രത്തില്‍ എത്രയധികം ശുദ്ധിപാലിക്കുന്നുവോ അതിലധികം ശുദ്ധി നമ്മുടെ ശരീരത്തിലും മനസ്സിലും കാത്തുസൂക്ഷിച്ചാല്‍ ആത്മാവാകുന്ന മൂര്‍ത്തി ശോഭിക്കും.

സ്വ ഗൃഹത്തില്‍ ഒരു പൂജാമുറി നിര്‍മ്മിച്ചാല്‍ മാത്രം നമ്മുടെ ധര്‍മ്മം പൂര്‍ത്തീകരിക്കില്ല. നിത്യവും അവിടെ ഈശ്വരാരാധനയും, ധ്യാനവും പ്രാര്‍ത്ഥനയും നടത്തണം. ശാന്തമായ മനസ്സും, കുടുംബാന്തരീക്ഷവും നേടാന്‍ പ്രയത്‌നിക്കുകയും വേണം.

എല്ലാ ദാനങ്ങളേക്കാളും മഹത്വം 'ജ്ഞാനദാന'ത്തിനും, 'അന്നദാന'ത്തിനുമാണ്. മറ്റെല്ലാം പ്രാപ്തമായാലും യഥാര്‍ത്ഥ ജ്ഞാനത്തിലൂടെ മാത്രമേ ജീവിതത്തില്‍ സദാ സംതൃപ്തിയും സന്തോഷവും പ്രാപ്തമാകൂ.

ഒരാള്‍ ക്ഷേത്രത്തില്‍ പോയതുകൊണ്ട് മാത്രം മനസ്സിന് ശാന്തി ലഭിക്കണമെന്നില്ല. ക്ഷേത്രത്തിലെ ചില വിശേഷദിവസങ്ങളില്‍ സ്വാഭാവികമായും വളരെ തിക്കും തിരക്കുമാകും അനുഭവപ്പെടുന്നത്.

അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തിയാല്‍ മനസ്സിന് ശാന്തി ലഭിക്കില്ല. അതിനാല്‍ തിരക്കില്ലാത്ത സമയത്ത് മനസ്സിനെ ഏകാഗ്രമാക്കി പ്രാര്‍ത്ഥിച്ചാല്‍ മനഃശാന്തി കൈവരും.

'ശാന്തി'യിരിക്കുന്നത് നമ്മുടെ മനസ്സിലാണ്. മറ്റൊരര്‍ത്ഥത്തില്‍ ശാന്തി, സമാധാനം, ആനന്ദം, സംതൃപ്തി സ്വസ്ഥത എല്ലാം ഇരിക്കുന്നത് ഭഗവാനിലാണ്. എന്നാല്‍ ഭഗവാന്‍ വസിക്കുന്നത് നമ്മുടെ ഹൃദയത്തിലും.

ശാന്തിയും സമാധാനവും കൈവരിക്കാന്‍- അനുഭവിക്കാന്‍-ഈശ്വരന്‍ തന്നിട്ടുള്ള ഉപകരണമാണ് മനസ്സ്.

എവിടെ മനസ്സ് അസ്വസ്ഥമാകുന്നുവോ അവിടെ ശാന്തി നഷ്ടപ്പെടുന്നു. മനസ്സ് സ്വസ്ഥമാകുമ്പോള്‍ തിരിച്ചുവരികയും ചെയ്യും. അപ്പോള്‍ മനസ്സ് സ്വസ്ഥമാക്കാന്‍ തേടേണ്ട ഒരു മാര്‍ഗമാണ് 'യോഗ'. അതായത് മനസ്സിനെ ഈശ്വരനിലേക്ക് നയിക്കുന്ന മാര്‍ഗമാണ് യോഗ.

നമ്മുടെ പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നതും, ലഘൂകരിക്കുന്നതും മനസ്സാണ്. നമ്മെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും മനസ്സാണ്. സ്വസ്ഥത അസ്വസ്ഥത ഇവ രണ്ടും മനസ്സിന്റെ സൃഷ്ടിയാണ്.

അപ്പോള്‍ അസ്വസ്ഥമായ ചിന്തകളില്‍നിന്ന് വേറിട്ടുനിന്ന് ഭഗവാനെക്കുറിച്ചുമാത്രം ചിന്തിക്കുക. ഭഗവാനോടുള്ള പ്രേമം കലര്‍ന്ന ഭക്തി കൈവിടാതെ സൂക്ഷിക്കുക.

വിവേകബുദ്ധികൊണ്ടാണ് ഇതെല്ലാം നിയന്ത്രണ വിധേയമാക്കേണ്ടത്. ഭക്തി കൂടും തോറും വിവേകബുദ്ധിയും വര്‍ദ്ധിക്കും. എന്തു ചെയ്യണമെന്ന് നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നത് വിവേകബുദ്ധിയാണ്. ഈശ്വര സ്‌നേഹം ഉണ്ടാകാന്‍ ജ്ഞാനവും വൈരാഗ്യവും വേണം.

വൈരാഗ്യമെന്നാല്‍ ദൃഢഭക്തിയാണ്. ഭക്തിയുണ്ടെങ്കില്‍ ശക്തി കൈവരുമെന്ന് പാഞ്ചാലിയുടെയും ഭക്തപ്രഹളാദന്റെയും കഥകള്‍ നമുക്ക് കാട്ടിത്തരുന്നു.

കെ.വി. ശ്രീനിവാസന്‍
ജ്യോതിഷാചാര്യ രത്‌നം ,
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Tuesday 14 May 2019 10.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW