Sunday, June 23, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 09.48 AM

ഇനിയൊരു ദൃശ്യം പ്രതീക്ഷിക്കരുത്

''പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ ദൃശ്യവിരുന്നൊരുക്കിയ സംവിധായകന്‍ ജീത്തു ജോസഫിന്റെ ജീവിതത്തിലൂടെ....''
Jeethu Joseph Interview

പ്രീപ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന തമിഴ് ചിത്രത്തിന്റെയും ഷൂട്ടിങ് പൂര്‍ത്തിയായ ബോളിവുഡ് സിനിമയുടെ പ്രമോഷന്റെയും തിരക്കുകള്‍ക്കിടയിലും ജീത്തു ജോസഫ് എന്ന സംവിധായകന്‍ കൂളാണ്. വിജയപരാജയങ്ങളെക്കുറിച്ചുള്ള ആശങ്കയ്ക്ക് ആ മനസ്സില്‍ സ്ഥാനമില്ല. ഓരോ ചിത്രവും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് മാത്രമാണ് ചിന്ത.

ഭാര്യ ലിന്‍ഡ എഴുതിയ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ സംവിധാനത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിന് മധുരം കൂടുതലാണെന്ന് പറയുന്ന അദ്ദേഹത്തിന് ഭര്‍ത്താവിന്റെ റോളിലും നൂറ് മാര്‍ക്ക് നല്‍കാം. പുതിയ പ്രോജക്ടുകളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ജീത്തു ജോസഫിന്റെ വാക്കുകളിലൂടെ...

പ്രണവ് മോഹന്‍ലാല്‍, കാളിദാസ് ജയറാം... താരപുത്രന്മാര്‍ക്കൊപ്പമുള്ള അനുഭവം?


ഒറ്റവാക്കില്‍ ബഹുമുഖ പ്രതിഭ എന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് പ്രണവ്. മോഹന്‍ലാലിന്റെ മകന്‍ എന്നൊരു തണലില്‍ ഒതുങ്ങാതെ സ്വന്തമായൊരു മേല്‍വിലാസം ആഗ്രഹിക്കുന്ന അപ്പുവിന്റെ(പ്രണവ്) ഇഷ്ടങ്ങള്‍പോലും വ്യത്യസ്തമാണ്.

സാഹസികതയോട് ആഭിമുഖ്യമുള്ള, എഴുത്തിനോട് താല്‍പര്യമുള്ള ആ വ്യക്തിത്വത്തോട് പ്രായം മറന്ന് ആര്‍ക്കും ബഹുമാനം തോന്നും. ലൈഫ് ഓഫ് ജോസൂട്ടി യില്‍ എന്നോടൊപ്പം സംവിധാന സഹായി ആയി നില്‍ക്കുമ്പോഴാണ്, ഒരു ജോലി ഏല്‍പ്പിച്ചാല്‍ അതിനുവേണ്ടി 100 % കഷ്ടപ്പെടാന്‍ മനസ്സുള്ള ആളാണ് അപ്പുവെന്ന് ബോധ്യപ്പെട്ടത്.

Jeethu Joseph Interview

ആദിയില്‍ നായകനാകാന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം വൈമുഖ്യം കാണിച്ചെങ്കിലും ഓക്കേ പറഞ്ഞശേഷം കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചു. ചുറ്റുംനടക്കുന്ന എല്ലാം അറിയാനുള്ള താല്‍പര്യമാണ് അപ്പുവിന്റെ പ്ലസ്. കാളിദാസ് ജയറാം ബാലതാരമായി തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത ആളാണ്. ചെറുപ്പത്തില്‍ ദേശീയ അവാര്‍ഡ് നേടിയിട്ടുമുണ്ട്.

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, കണ്ണന്‍ (കാളിദാസ്) നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ്. പൂമരത്തിലെ പാവം ഇമേജ് ബ്രേക്ക് ചെയ്യാന്‍ അപ്പിയറന്‍സ് മാറ്റാനും കണ്ണന്‍ തയാറായി. ക്വാളിറ്റിയുള്ള കളിമണ്ണ് കയ്യില്‍ ലഭിക്കുന്നത് ഏത് ശില്‍പിക്കും സന്തോഷമുള്ള കാര്യമാണ്.

പൂമരത്തില്‍ നിന്ന് മിസ്റ്റര്‍ റൗഡിയിലെ കാളിദാസിന്റെ മാറ്റങ്ങള്‍?


സൗമ്യനും ശാന്തനുമായ നായക വേഷമാണല്ലോ പൂമരത്തില്‍. മിസ്റ്റര്‍ റൗഡി എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്നത്ര ക്രൂരനൊന്നുമല്ല നമ്മുടെ നായകന്‍. എങ്കിലും, ഒരു ക്വട്ടേഷന്‍ സംഘം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരുടെ നേതാവാണ്. പരുക്കന്‍ ലുക്കില്ലാത്ത ഒരാള്‍ റൗഡി ആകാന്‍ ശ്രമിക്കുന്നതിലെ ഹ്യൂമര്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഭംഗിയായി തന്നെ കണ്ണന്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

യൂത്തിനെ വച്ചൊരു സിനിമ ആദ്യമായാണല്ലോ?


കുറേ നാളായി അങ്ങനൊരു ആഗ്രഹം മനസ്സിലുണ്ട്. ഇപ്പോഴാണ് കഥ ഒത്തുവന്നത്. അപര്‍ണ ബാലമുരളിയുടെ നായിക വേഷവും പ്രാധാന്യമുള്ളതാണ്. ടൈറ്റിലിലെ മിസ് റൗഡി അപര്‍ണയാണ്. എന്താടീഎന്ന് ചോദിച്ചാല്‍, ആലോചിച്ചുനില്‍ക്കാതെ ധൈര്യത്തോടെ എന്താ ടാ എന്ന് തിരിച്ചു ചോദിക്കുന്ന പെണ്ണ്.

നായകനും നായികയും കട്ടയ്ക്കു കട്ട നില്‍ക്കുമ്പോള്‍, അവര്‍ക്കിടയിലെ വഴക്കൊക്കെ പ്രേക്ഷകര്‍ ആസ്വദിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം. മുതിര്‍ന്നവരെവച്ച് സിനിമ ചെയ്യുമ്പോള്‍, സീന്‍ വായിക്കുന്ന നേരംകൊണ്ട് തന്നെ എന്തുചെയ്യണമെന്ന് അവര്‍ക്ക് ധാരണ ഉണ്ടായിരിക്കും.

ഉദ്ദേശിച്ചത് കിട്ടുകയും ചെയ്യും. ചെറുപ്പക്കാരുടെ അടുത്ത് കൂടുതല്‍ വിശദീകരിക്കേണ്ടി വരും. പക്ഷേ, നമ്മള്‍ പ്രതീക്ഷിക്കുന്നതിനും അപ്പുറമുള്ള ഔട്ട്പുട്ട് ലഭിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റേതായ കുസൃതികള്‍ കാണിക്കുമ്പോഴും സെറ്റില്‍ കലപില കൂടുമ്പോഴും സ്‌കൂള്‍ മാഷിനെപ്പോലെ വഴക്ക് പറയേണ്ടി വന്നിട്ടുണ്ട്. അതൊക്കെ ശരിക്കും ആസ്വദിച്ചു.

Jeethu Joseph Interview

സിനിമാജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ മുഹൂര്‍ത്തം?


ഒരുപാടുണ്ട്. എങ്കിലും ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങള്‍ പറയാം. ദൃശ്യത്തിന്റെ ലൊക്കേഷനില്‍ ലാലേട്ടന്‍ വന്ന ആദ്യ ദിവസം. ഒരു ചെറിയ സീക്വന്‍സ് എടുത്തുകഴിഞ്ഞ് അദ്ദേഹം അടുത്ത രംഗത്തിന്റെ തയ്യാറെടുപ്പിനുവേണ്ടി സമയം തന്നുകൊണ്ട് കാരവാനിലേക്ക് പോകാന്‍ തുടങ്ങി. അപ്പോള്‍, അടുത്ത സീക്വന്‍സിനുള്ള ട്രാക്ക് റെഡിയാണെന്നും ബ്രേക്ക് ആവശ്യമില്ലെന്നും ഞാന്‍ പറഞ്ഞു.

എല്ലാക്കാര്യത്തിനും പ്ലാനിങ് വേണം. ഇങ്ങനെ വേണം സിനിമ എടുക്കാന്‍.. എന്ന് ലാലേട്ടന്‍ പറഞ്ഞെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വന്നുപറഞ്ഞു. അതിനപ്പുറം സംവിധാനജീവിതത്തില്‍ ഒരു അംഗീകാരം ലഭിക്കാനില്ലെന്ന് തോന്നി. പാപനാശം ചെയ്തുകഴിഞ്ഞ് കമല്‍ഹാസന്‍ ഇനിയും ഒരുമിച്ചൊരു പ്രോജക്ട് ആഗ്രഹിക്കുന്നെന്ന് പറഞ്ഞതും വലിയ സന്തോഷമാണ്.

ബോളിവുഡിലെ അനുഭവം?


ത്രില്ലര്‍ സ്വഭാവമുള്ള ബോളിവുഡ് ചിത്രത്തില്‍ ഋഷി കപൂറും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന റോളില്‍. 39 ദിവസംകൊണ്ടൊരു ഹിന്ദിചിത്രം ഷൂട്ട് ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്ന് പ്ലാന്‍ ചെയ്യുമ്പോള്‍ കരുതിയതല്ല. ഇമ്രാന്‍ ഹൈഎന്‍ഡ് പ്രൊഫഷണല്‍ ആണ്. രാത്രി ഷൂട്ട് ചെയ്യുന്നത് താല്‍പര്യമില്ലെങ്കിലും ഋഷി സാറും പൂര്‍ണമായി സഹകരിച്ചു.

ക്യാമറാമാന്‍ സതീഷ് കുറുപ്പടക്കം എന്റെ ക്രൂവില്‍ അധികവും മലയാളികളായിരുന്നു. മറ്റുഭാഷകളിലേക്ക് ക്ഷണം ലഭിച്ചത് ദൃശ്യത്തിന്റെ സ്വീകാര്യതകൊണ്ടാവാം. എങ്കിലും, അതുപോലൊരു ചിത്രം പിന്നീട് ശ്രമിച്ചിട്ടില്ല. ഏതു ഭാഷയിലായാലും വ്യത്യസ്ത ചിത്രങ്ങളാണവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

Jeethu Joseph Interview

തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംവിധായകന്‍... ഈ മൂന്ന് റോളുകള്‍ എങ്ങനെ വിലയിരുത്തുന്നു?


കഥ രൂപപ്പെടുത്തുന്നതാണ് ഏറ്റവും ശ്രമകരം. നമ്മള്‍ തനിയെ എഴുതുന്നതാണെങ്കില്‍, സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകുന്നതോടൊപ്പം മനസ്സില്‍ ഓരോ ഷോട്ടും പ്ലാന്‍ ചെയ്തിരിക്കും. ഡയലോഗ് ഉറപ്പിക്കാന്‍ വേണ്ടി മാത്രം സ്‌ക്രിപ്റ്റ് നോക്കിയാല്‍ മതി. തിരക്കഥ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ സംവിധായകന് കാര്യങ്ങള്‍ എളുപ്പമാണ്.

കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രത്തിനുവേണ്ടി തിരക്കഥാകൃത്തുമായുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍. എഴുത്തുകാര്‍ ഉദ്ദേശിച്ചത് പൂര്‍ണമായി നമ്മുടെ ഹൃദയം ഒപ്പിയെടുക്കുകയും, എന്ത് മാറ്റമാണ് വരേണ്ടതെന്ന് നമ്മുടെ തലച്ചോര്‍ തീരുമാനിക്കുകയും ചെയ്യുന്ന അവസരത്തിലാണ് നല്ല സിനിമ ഉണ്ടാകുന്നത്.

നിര്‍മാതാവാകുമ്പോള്‍ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ഉള്ളതുകൊണ്ട് ടെന്‍ഷന്‍ ഇല്ലാതെ നീങ്ങാം. ആഴ്ചയില്‍ മൂന്ന് പടം വീതം റിലീസ് ആകുന്ന സാഹചര്യത്തില്‍, നല്ല തീയറ്റര്‍ ലഭിക്കുന്നതും ചിത്രം മാര്‍ക്കറ്റ് ചെയ്യുന്നതുമാണ് വെല്ലുവിളി. എത്ര നല്ല സിനിമ ആയാലും പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ അധ്വാനം വെറുതെ ആകും.

Jeethu Joseph Interview
ജിത്തുവിന്റെ ഭാര്യ ലിന്‍ഡ

കുടുംബത്തിന്റെ സിനിമ താല്‍പര്യങ്ങള്‍?


വസ്ത്രാലങ്കാരകയായി ഭാര്യ ലിന്‍ഡ എന്റെ ആദ്യകാല സിനിമകള്‍ മുതല്‍ കണക്ടഡ് ആണ്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലൂടെ തിരക്കഥാരംഗത്തും കൈവച്ചു. മൂത്തമകള്‍ കാതറിന് സംവിധായിക ആകാനാണ് ആഗ്രഹം.

പഠിത്തവും ജോലിയും ഒക്കെയായി സേഫ് സോണില്‍ നിന്നിട്ട് ആലോചിക്കാം എന്ന് ഉപദേശിച്ചതിന്റെ പേരില്‍ ഇപ്പോള്‍ ആമസോണില്‍ ജോലി ചെയ്യുകയാണ്. ഇളയമകള്‍ ക്യാറ്റിന 12-ാം ക്ലാസില്‍. എല്ലാ ഭാഷയിലെയും സിനിമകള്‍ ആസ്വദിക്കുന്ന കുടുംബമാണ് എന്റേത്.

മീട്ടു റഹ്മത്ത് കലാം

Ads by Google
Ads by Google
Loading...
TRENDING NOW