Monday, May 20, 2019 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 08.07 AM

ജോസഫിനെ നിയമസഭാ ലീഡറാക്കും, വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം വിട്ടു കൊടുക്കണം ; ചെയര്‍മാന്‍ പദവി കൈവിടാതെ ജോസ് വിഭാഗം

uploads/news/2019/05/308083/pj-joseph.jpg

കോട്ടയം/തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ താല്‍ക്കാലിക വെടി നിര്‍ത്തല്‍ നടപ്പായെങ്കിലും പ്രധാന ഭാരവാഹികളെയും തിരഞ്ഞെടുക്കാന്‍ മാണി വിഭാഗത്തില്‍ തിരക്കിട്ട ആലോചന. കെ.എം. മാണി കൈവശംവച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ് സ്ഥാനങ്ങളായിരുന്നു പ്രധാന തര്‍ക്കവിഷയം.

ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല പി.ജെ. ജോസഫിന് നല്‍കി അധികാര തര്‍ക്കത്തിന് താല്‍ക്കാലിക വിരാമം ഇടാനായിട്ടുണ്ടെങ്കിലും പല ഫോര്‍മുലകള്‍ ആലോചിക്കുകയാണ് ജോസ് കെ മാണി ക്യാമ്പ്. നിലവില്‍ വൈസ് ചെയര്‍മാനായ ജോസ് കെ. മാണിയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് ഉന്നം. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ പിജെ ജോസഫിന് ഈ സ്ഥാനം ത്യജിച്ചാല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം കൈമാറാമെന്ന വാഗ്ദാനം ജോസ് കെ മാണി വിഭാഗം മുമ്പോട്ടു വെയ്ക്കുന്നുണ്ട്.

വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.എഫ്. തോമസിനെയാണ് പരിഗണിക്കപ്പെടുന്നത്. ജോസ് കെ മാണി ചെയര്‍മാനായാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. ജോയ് എബ്രഹാമിന്റെ പേരിനാണ് ഈ സ്ഥാനത്തേക്ക് മുന്‍തൂക്കം. ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, ട്രഷറര്‍ എന്നീ പ്രധാനപ്പെട്ട പദവികളില്‍ ഒന്നിച്ചുള്ള മാറ്റമാണ് മാണി വിഭാഗത്തിന്റെ ലക്ഷ്യം. അംഗബലമനുസരിച്ച് പാര്‍ട്ടിപദവികളിലും പൂര്‍ണമായും മുന്‍തൂക്കം വേണമെന്നാണ് മാണി വിഭാഗത്തിന്റെ ആഗ്രഹം. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ ജോസഫിനു ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നു പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള സര്‍ക്കുലറില്‍ സംഘടനാ ചുമതലയുള്ള ജനറല്‍സെക്രട്ടറി ജോയിഏബ്രഹാം വിശദീകരിച്ചിരുന്നു.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെയാണു നിയോഗം. സിഎഫ് തോമസ് ചെയര്‍മാനാകുന്നതില്‍ എതിര്‍പ്പില്ലെങ്കിലും നിയമസഭാകക്ഷി നേതൃപദവി തനിക്കു വേണമെന്ന നിലപാടിലാണു ജോസഫ്. ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ് സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ ജോസ് കെ. മാണി വിഭാഗം ഉപയോഗിക്കുന്നതു മാണി ഏറ്റവുമൊടുവില്‍ കാട്ടിക്കൊടുത്ത നീക്കം തന്നെ. ജോസിനെ ചെയര്‍മാനാക്കണമെന്നും സി.എഫ്. തോമസിനെ നിയമസഭാകക്ഷി നേതാവാക്കണമെന്നും ജില്ലാ പ്രസിഡന്റുമാരില്‍ പത്തുപേര്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തുവിട്ടു. അങ്ങനെയൊരു നിര്‍ദേശമില്ലെന്നും സംസ്ഥാന നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നും ജോസഫ് ഞായറാഴ്ച തുറന്നടിച്ചതോടെ തര്‍ക്കം മറനീക്കി. ഇക്കാര്യത്തില്‍ ജോസഫിന്റെ നിലപാടിനെ മാണി ഗ്രൂപ്പ് എങ്ങനെ മറികടക്കുമെന്നതാണ് നിര്‍ണായകം.

ജോസഫുമായി ധാരണയിലെത്തിയില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളിലേക്ക് കടക്കണമെന്നാണ് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവരുടെ താത്പര്യം. അതിനിടെ, ജോസിനെ ചെയര്‍മാനാക്കാനുള്ള ജില്ലാ പ്രസിഡന്റുമാരുടെ കരുനീക്കത്തില്‍ മാണി വിഭാഗത്തില്‍ത്തന്നെ അതൃപ്തിയുണ്ട്. ഇക്കാര്യം പല നേതാക്കളും ജോസിനെ നേരിട്ടറിയിച്ചു. ഇപ്പോഴത്തെ നീക്കം പിളര്‍പ്പിനു കാരണമായേക്കുമെന്നു തന്നെ കാണാനെത്തിയ ജില്ലാ പ്രസിഡന്റുമാരോടു ജോയി ഏബ്രഹാം പറയുകയും ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW