Friday, July 05, 2019 Last Updated 44 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.20 AM

ഇടനാഴിയിലെ വീണ്ടെടുപ്പ്‌

uploads/news/2019/05/308071/bft1.jpg

"ഗംഗ ഇടനാഴി പദ്ധതി നടപ്പാക്കുന്നത്‌ ഒരു കെട്ടിടത്തേയും തകര്‍ത്തുകൊണ്ടല്ല, കെട്ടിടങ്ങളാല്‍ മൂടപ്പെട്ട ചെറു ക്ഷേത്രങ്ങളെ കണ്ടെത്തുകയും പുനര്‍നിര്‍മിക്കുകയും ചെയ്‌തുകൊണ്ടാണ്‌. അതുകൊണ്ട്‌ തന്നെ ഈയൊരു പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ച കേന്ദ്ര സര്‍ക്കാരിന്‌ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ ലഭിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല"- വിശ്വ ഹിന്ദു പരിഷത്ത്‌ ഉപാധ്യക്ഷന്‍ ചമ്പത്‌റായി പറഞ്ഞു. ഇന്നലെ രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ തൊഴുത ശേഷം വിവാദമായ ഗംഗ ഇടനാഴി പദ്ധതി സന്ദര്‍ശിച്ച ചമ്പത്‌റായി, മോഡി സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ നല്‍കുന്നത്‌ നൂറില്‍ നൂറു മാര്‍ക്ക്‌. ഒപ്പമുണ്ടായിരുന്ന കാഞ്ചി കാമകോടി കാശിമഠാധിപതി സ്വാമി ജിതേന്ദബന്ധ സരസ്വതിക്കും പൂര്‍ണ സംതൃപ്‌തി.
ക്ഷേത്ര പരിസരവും നിരീക്ഷണ സംവിധാനവുമൊക്കെ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട്‌ പാടെ മാറി. ഷീറ്റ്‌ പതിച്ച്‌ കാര്‍പറ്റ്‌ വിരിച്ച്‌ തീര്‍ഥാടകര്‍ക്കു വിശ്രമിക്കാന്‍ സൗകര്യമാരുക്കി നിര്‍മിച്ച വലിയ നടപന്തലും കുടിവെള്ള വിതരണ സംവിധാനവുമൊക്കെ യോഗി ആദിത്യനാഥ്‌ സര്‍ക്കാരിന്റെ നേട്ടങ്ങളായി കാണിച്ചാണ്‌ ബി.ജെ.പിയുടെ കിഴക്കന്‍ യു.പിയിലെ പ്രധാന പ്രചാരണം. തീര്‍ഥാടന മേഖലയിലെ ഉന്നമനത്തിന്‌ ഇരു സര്‍ക്കാരുകളും മികച്ച പ്രവര്‍ത്തനമാണ്‌ നടത്തുന്നതെന്ന്‌ ചമ്പത്‌റായി പറഞ്ഞു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ നശിപ്പിക്കപ്പെട്ട ക്ഷേത്രത്തിന്റെ നവീകരണമാണു ലക്ഷ്യം. പഴയ പ്രൗഡിയോടെ കാശിയിലെ ക്ഷേത്രവും പുനര്‍നിര്‍മിക്കപ്പെടുമെന്നതില്‍ ഒട്ടുമില്ല സംശയം. ഇക്കാര്യത്തില്‍ മോഡിയിലും യോഗിയിലും ഒരേപോലെ വിശ്വാസമാണ്‌- ചമ്പത്‌റായിയുടെ വാക്കുകള്‍ക്ക്‌ ക്ഷേത്രത്തിലെ മുഖ്യ പൂജാരി ശ്രീകാന്ത്‌ ശര്‍മ്മ ശാസ്‌ത്രികളുടെ പൂര്‍ണപിന്തുണ. നടപ്പന്തലില്‍വച്ച്‌ കണ്ടുമുട്ടിയ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവിനോടുള്ള കുശലാന്വേഷണത്തിലും ചമ്പല്‍റായി പങ്കുവച്ചത്‌ തീര്‍ഥാടകര്‍ക്കു സൗകര്യമൊരുക്കിയതിലെ കാര്യക്ഷമത തന്നെ.
ഭരണത്തുടര്‍ച്ചയ്‌ക്കായി പ്രചാരണം നയിക്കുന്ന നരേന്ദ്ര മോഡിയുടെ പ്രധാന ശക്‌തിയും ഇതുതന്നെയാണ്‌. വി.എച്ച്‌.പി. അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ഒറ്റക്കെട്ടായി പിന്നിലുണ്ട്‌. ഹിന്ദുത്വത്തിന്റെ വ്യാപനത്തിലും സ്വാധീനത്തിലും പൂര്‍ണ തൃപ്‌തരാണവര്‍. 2014 ല്‍ വി.എച്ച്‌.പിയ്‌ക്ക്‌ നേതൃത്വം നല്‍കിയിരുന്ന പ്രവീണ്‍ തൊഗാഡിയ നരേന്ദ്ര മോഡിയ്‌ക്കെതിരേ കരുനീക്കിയായിരുന്നു സജീവമായത്‌. തുടര്‍ന്ന്‌ നടന്ന ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിലും തൊഗാഡിയ മോഡിയെ നന്നായി വെള്ളംകുടിപ്പിച്ചു. എന്നാല്‍ 2019 ലെത്തിയതോടെ തൊഗാഡിയ പുറത്തായി. പകരമെത്തിയവരടക്കം മോഡിയ്‌ക്കും യോഗിയ്‌ക്കും പൂര്‍ണ പിന്തുണയുമായി രംഗത്ത്‌. ഗ്രാമീണരില്‍പോലും ജാതീയതയ്‌ക്ക്‌ മേല്‍ ഹിന്ദുത്വത്തിന്റെ ആധിപത്യം പ്രകടം. പുറമെ മഹാസഖ്യത്തിന്റെ കരുത്ത്‌ പ്രദര്‍ശിപ്പിക്കപ്പെടുമ്പോഴും ഉത്തര്‍പ്രദേശിന്റെ മനസ്‌ നിഗൂഡമായി തുടരുന്നതിന്‌ കാരണവും ഇതുതന്നെ.
ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ആയിരങ്ങളാണ്‌ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്‌. വേദപാരായണത്തിലും മന്ത്രജപത്തിലും ഏര്‍പ്പെട്ട ശ്രീകാന്ത്‌ ശര്‍മ്മ ശാസ്‌ത്രികളുമായി സംസാരിച്ചിരിക്കവെയാണ്‌ ചമ്പത്‌റായിയും വി.എച്ച്‌.പി. നേതാക്കളുമെത്തിയത്‌. കോവിലിലേക്ക്‌ കയറി ശിവലിംഗത്തില്‍ മോദക തര്‍പ്പണം നടത്തി പുറത്തിറങ്ങിയപ്പോഴേക്കും ജിതേന്ദബന്ധ സരസ്വതിയും ഒപ്പം ചേര്‍ന്നു. പിന്നീട്‌ ഒരുമിച്ചായി ഗംഗാ ഇടനാഴിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍.
കാശി വിശ്വനാഥ ക്ഷേത്രത്തിലെ നാലാം നമ്പര്‍ ഗേറ്റില്‍നിന്ന്‌ നേരേ ഗംഗയിലേക്ക്‌ നീളുന്ന 300 മീറ്റര്‍ വരുന്ന വലിയ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. കാശി വിശ്വനാഥ്‌ കോറിഡോര്‍ പദ്ധതിയിലൂടെ ശിവലിംഗത്തില്‍നിന്ന്‌ ഗംഗയിലേക്ക്‌ ദൃഷ്‌ടി പതിയുകയും ഒപ്പം ഗംഗയില്‍ സ്‌നാനം ചെയ്‌ത്‌ തീര്‍ഥാടകര്‍ക്ക്‌ നേരേ ക്ഷേത്രത്തിലേക്കു കയറാനും സാധ്യമാകുന്ന തരത്തിലാണ്‌ നിര്‍മാണം. എന്നാല്‍ ഇതിനായി ക്ഷേത്ര പരിസരത്തെ ഒട്ടേറെ വ്യാപാര സ്‌ഥാപനങ്ങളും വീടുകളുമടക്കം പൊളിച്ച്‌ നീക്കുന്നതിനെതിരേ ഉയര്‍ന്ന പ്രതിഷേധമാണ്‌ പദ്ധതിയെ വിവാദത്തിലാക്കിയത്‌.
600 കോടി മുടക്കി പൂര്‍ത്തിയാക്കുന്ന ഇടനാഴി പദ്ധതിയ്‌ക്കെതിരേ വീട്ടുടമസ്‌ഥരും വ്യാപാരികളുമടക്കമുള്ളവര്‍ രംഗത്ത്‌ വന്നതോടെ പ്രദേശത്ത്‌ സംഘര്‍ാവസ്‌ഥയുണ്ടായി. എതിര്‍പ്പുകള്‍ അവഗണിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങിയപ്പോഴാകട്ടെ ഉയര്‍ന്നുവന്നത്‌ 43 ചെറുക്ഷേത്രങ്ങള്‍. പ്രധാന ക്ഷേത്രത്തിനു ചുറ്റും നിലനിന്ന ചെറുക്ഷേത്രങ്ങളെ പൊതിഞ്ഞ്‌ കൈയേറ്റ ലോബി കെട്ടിടങ്ങള്‍ പണിത്‌ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഇവയെല്ലാം ചരിത്രത്തില്‍നിന്ന്‌ തന്നെ മായ്‌ക്കപ്പെടുകയായിരുന്നു. ഇവ കണ്ടെത്തി സംരക്ഷണമൊരുക്കി തുടങ്ങിയതോടെ പഴയ പ്രൗഢിയിലേക്കുള്ള തിരിച്ചുപോക്കാണെന്ന പ്രതീക്ഷയിലായി വി.എച്ച്‌.പി. അടക്കമുള്ള ഹിന്ദു സംഘടനകള്‍.
അതേസമയം, സാമുദായിക കലഹത്തിലേക്കുള്ള തീപ്പൊരിയാകുമോ ഇടനാഴി പദ്ധതിയെന്ന ആശങ്കയാണ്‌ പുറം ലോകത്തിനുള്ളത്‌. ചുറ്റുവട്ടങ്ങളിലെ കെട്ടിടങ്ങള്‍ ഒഴിപ്പിച്ചുള്ള പ്രവര്‍ത്തനം ക്ഷേത്ര മതിലിനോടു ചേര്‍ന്നുള്ള ഗ്യാന്‍ വാപി പള്ളിക്കെതിരായ നീക്കമായേക്കാമെന്ന ആശങ്കയാണ്‌ മുസ്ലിം വിഭാഗം പങ്കുവയ്‌ക്കുന്നത്‌. വാരാണസിയിലെ 16 ലക്ഷത്തിലധികം വരുന്ന വോട്ടര്‍മാരില്‍ മൂന്നു ലക്ഷം മുസ്ലിംകളാണ്‌. പള്ളിക്ക്‌ ഒരു കുഴപ്പവും വരില്ലെന്നു ജില്ലാ ഭരണകൂടം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അയോധ്യയുടെ ഓര്‍മയിലാണ്‌ മുസ്ലിംകള്‍ക്ക്‌ ആശങ്ക. ഇടനാഴി നിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടയില്‍ അമ്പലത്തിന്റെ നാലാംനമ്പര്‍ ഗേറ്റിനോട്‌ ചേര്‍ന്ന പള്ളിയുടെ പ്ലാറ്റ്‌ഫോം കഴിഞ്ഞ ഒക്‌ടോബറില്‍ തകര്‍ന്നിരുന്നു. മുസ്ലിംകള്‍ പ്രതിഷേധിച്ചതോടെ ജില്ലാ ഭരണകൂടം തന്നെ പുനര്‍നിര്‍മിച്ചുനല്‍കി പ്രശ്‌നം പരിഹരിച്ചു.
മുഗള്‍ ആധിപത്യകാലത്ത്‌ കാശി ക്ഷേത്രം ആക്രമിച്ച്‌ 1669ല്‍ ഔറംഗസേബ്‌ പണികഴിപ്പിച്ചതാണ്‌ ഗ്യാന്‍ വാപി മോസ്‌ക്‌. ഈ സാഹചര്യത്തില്‍ പള്ളിയുടെ ഭാഗംകൂടെ ചേര്‍ന്നാലേ ക്ഷേത്രം പൂര്‍ണമാകൂവെന്നാണ്‌ ഹിന്ദു സംഘടനകളുടെ വാദം. അയോധ്യയ്‌ക്കു പിന്നാലെ കാവി രാഷ്‌ട്രീയത്തിന്റെ അടുത്ത ലക്ഷ്യം കാശിയാകാനുള്ള സാധ്യതയും ഏറെ.
ക്ഷേത്രത്തിന്റെ നാലാം ഗേറ്റിനോട്‌ ചേര്‍ന്ന്‌ മോഡി ഉദ്‌ഘാടനം ചെയ്‌ത ഗംഗാ ഇടനാഴിയുടെ തറക്കല്ല്‌ മുള്ള്‌കമ്പി ചുരുളുകളാല്‍ പൊതിഞ്ഞ്‌ സംരക്ഷിച്ചിട്ടുണ്ട്‌. സി.ആര്‍.പി.എഫ്‌. ജവാന്‍മാരുടെ സംരക്ഷണം പള്ളിക്കുമുണ്ട്‌. ഇത്‌ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന സുരക്ഷയാണെന്നും ഇടനാഴിയുടെ പദ്ധതിയുടെ ഭാഗമായി പള്ളിക്ക്‌ കേടുപാടു സംഭവിക്കില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ്‌ സുരേന്ദ്ര സിങ്‌ പറഞ്ഞു. 17-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയുടെ ഇപ്പോഴത്തെ ചുമതലക്കാരനായ ഇജാസ്‌ മുഹമ്മദ്‌ ഇസ്ലാഹിയ്‌ക്കും ശുഭപ്രതീക്ഷ തന്നെയാണുള്ളത്‌. കഴിഞ്ഞ മുപ്പത്‌ വര്‍ഷമായി പള്ളിയുടെ ചുമതല വഹിക്കുന്ന ഇസ്ലാഹി, ഇക്കാലത്തിനിടയിലുണ്ടായ രാഷ്‌ട്രീയ മാറ്റവും ഇപ്പോഴത്തെ വിവാദവും താരതമ്യപ്പെടുത്തിയാണ്‌ സംസാരിച്ചത്‌. സുന്നി സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡിന്റെ കീഴിലാണ്‌ ഗ്യാന്‍വാപി മോസ്‌ക്‌.
തകര്‍ക്കപ്പെട്ട കെട്ടിടങ്ങളില്‍നിന്ന്‌ മണ്ണും കല്ലും കഴുതപ്പുറത്തേറ്റി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്‌. ആയിരത്തോളം കുടുംബങ്ങള്‍ക്ക്‌ ഇവിടെനിന്ന്‌ കുടിയൊഴിഞ്ഞ്‌ പോകേണ്ടിവന്നിട്ടുണ്ട്‌. മുന്നൂറോളം വീടുകളും മറ്റു കെട്ടിടങ്ങളും പൊളിച്ചുമാറ്റി. അടിസ്‌ഥാന വിലയുടെ മൂന്നിരട്ടി നല്‍കിയാണ്‌ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതെങ്കിലും വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇടങ്ങളില്‍നിന്നുള്ള മാറ്റം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ക്ഷേത്രത്തോടു ചേര്‍ന്ന്‌ കടച്ചവടം നടത്തിയിരുന്നവര്‍ കെട്ടിടം ഇല്ലാതായതിലെ നഷ്‌ടക്കണക്കുകളാണ്‌ നിരത്തുന്നത്‌. ഇടനാഴി യാഥാര്‍ഥ്യമാകുന്ന നടവഴിയില്‍ നടത്തിയിരുന്ന ദ്വാദശ ജ്യോതിര്‍ലിംഗ യാത്ര, ചപ്പന്‍ വിനായക യാത്ര, പഞ്ച്‌ കോശി യാത്ര, അന്തര്‍ഗ്രഹി യാത്ര, നവ്‌ ഗൗരിനവദുര്‍ഗ യാത്ര തുടങ്ങിയ വിശ്വാസപരമായ അനുഷ്‌ഠാനങ്ങള്‍ക്കും ഇനി വേറെ ഇടംകണ്ടെത്തേണ്ടിവരുമെന്ന്‌ പരിഭവിക്കുന്നവരേയും ഇതിനിടെ കണ്ടു. എന്നാല്‍ എന്തുതന്നെയായാലും ഗംഗാ ഇടനാഴി പദ്ധതിയില്‍നിന്ന്‌ ഒട്ടും പിറകോട്ടില്ലെന്നു തന്നെയാണ്‌ കേന്ദ്ര - സംസ്‌ഥാന സര്‍ക്കാരുകളുടെ നിലപാട്‌.
വൈദേശികാക്രമണത്താല്‍ മൂടപ്പെട്ട ചരിത്രത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണിത്‌. ഒരു ജനത തിരിച്ചറിഞ്ഞ ആത്മവീര്യത്തിന്റെ തുടിപ്പും ഈ പ്രവര്‍ത്തിയില്‍ പ്രകടം.- ഇടിച്ചുനിരത്തിയ കെട്ടിടങ്ങള്‍ക്കിടയില്‍ തെളിഞ്ഞ അസംഖ്യം ചെറുക്ഷേത്രങ്ങളിലേക്കു വിരല്‍ചൂണ്ടി ചമ്പല്‍റായി പറഞ്ഞു. മറ്റൊരു അയോധ്യയിലേക്കുള്ള പാതയാണോ മുന്നില്‍ തെളിയുന്നതെന്ന്‌ സന്ദേഹിക്കവേ, ചമ്പല്‍റായ്‌ തൊട്ടുപിന്നാലെ ചോദിച്ചത്‌ കുമ്മനം രാജശേഖരന്റെ തിരുവന്തപുരത്തെ സാധ്യതകളെകുറിച്ചാണ്‌.

ജിനേഷ്‌ പൂനത്ത്‌

(വാരാണസിയില്‍നിന്ന്‌)

Ads by Google
Tuesday 14 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW