Tuesday, May 21, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.02 AM

'ചെയര്‍' തല്‍ക്കാലം ജോസഫിന്‌

uploads/news/2019/05/308028/k1.jpg

കോട്ടയം/തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല പി.ജെ. ജോസഫിന്‌. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെയാണു നിയോഗം. കെ.എം. മാണിയുടെ നിര്യാണത്തോടെ തുടങ്ങിയ അധികാരത്തര്‍ക്കത്തിന്‌ ഇതോടെ ഇടക്കാല പരിഹാരമായി. കോണ്‍ഗ്രസിന്റെ ഇടപെടലാണു വെടിനിര്‍ത്തലിനു പിന്നിലെന്നു സൂചന.
നിലവില്‍ വര്‍ക്കിങ്‌ ചെയര്‍മാനായ ജോസഫിനു ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല നല്‍കുന്നതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നു പാര്‍ട്ടി ഭാരവാഹികള്‍ക്കുള്ള സര്‍ക്കുലറില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം വിശദീകരിച്ചു.
കെ.എം. മാണി കൈവശംവച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ്‌ സ്‌ഥാനങ്ങളാണു തര്‍ക്കവിഷയം. കോട്ടയം ലോക്‌സഭാ സീറ്റ്‌ മോഹിച്ച ജോസഫിനെ ഭാരവാഹികളെക്കൊണ്ടു പ്രാദേശികവാദം ഉന്നയിപ്പിച്ചാണ്‌ ഒതുക്കിയത്‌. ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ്‌ സ്‌ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ ജോസ്‌ കെ. മാണി വിഭാഗം ഉപയോഗിക്കുന്നതു മാണി ഏറ്റവുമൊടുവില്‍ കാട്ടിക്കൊടുത്ത നീക്കം തന്നെ. ജോസിനെ ചെയര്‍മാനാക്കണമെന്നും സി.എഫ്‌്. തോമസിനെ നിയമസഭാകക്ഷി നേതാവാക്കണമെന്നും ജില്ലാ പ്രസിഡന്റുമാരില്‍ പത്തുപേര്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത പുറത്തുവിട്ടു.
അങ്ങനെയൊരു നിര്‍ദേശമില്ലെന്നും സംസ്‌ഥാന നേതൃത്വമാണു തീരുമാനിക്കേണ്ടതെന്നും ജോസഫ്‌ ഞായറാഴ്‌ച തുറന്നടിച്ചതോടെ തര്‍ക്കം മറനീക്കി. തോമസ്‌ ചെയര്‍മാനാകുന്നതില്‍ എതിര്‍പ്പില്ലെങ്കിലും നിയമസഭാകക്ഷി നേതൃപദവി തനിക്കു വേണമെന്ന നിലപാടിലാണു ജോസഫ്‌. അതിനിടെ, ജില്ലാ പ്രസിഡന്റുമാരുടെ നീക്കം പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നു മാണിയുടെ വിശ്വസ്‌തനായിരുന്ന തോമസ്‌ നിലപാടെടുത്തതു ജോസ്‌ വിഭാഗത്തിന്‌ അപ്രതീക്ഷിതമായി.
ജോസിനെ ചെയര്‍മാനാക്കാനുള്ള ജില്ലാ പ്രസിഡന്റുമാരുടെ കരുനീക്കത്തില്‍ മാണി വിഭാഗത്തില്‍ത്തന്നെ അതൃപ്‌തിയുണ്ട്‌. ഇക്കാര്യം പല നേതാക്കളും ജോസിനെ നേരിട്ടറിയിച്ചു. ഇപ്പോഴത്തെ നീക്കം പിളര്‍പ്പിനു കാരണമായേക്കുമെന്നു തന്നെ കാണാനെത്തിയ ജില്ലാ പ്രസിഡന്റുമാരോടു ജോയി ഏബ്രഹാം പറയുകയും ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു ശേഷം രാഷ്‌ട്രീയനീക്കങ്ങളുടെ പൊടിയടങ്ങുന്നതു വരെ പ്രശ്‌നങ്ങള്‍ അടക്കിനിര്‍ത്തും. ചെയര്‍മാന്‍, നിയമസഭാകക്ഷി നേതാവ്‌ സ്‌ഥാനങ്ങള്‍ക്കായി ചരടുവലി തുടരുകയും ചെയ്യും.

Ads by Google
Tuesday 14 May 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW