Thursday, July 18, 2019 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.53 AM

സംഘര്‍ഷം രൂക്ഷമായാല്‍ ഇന്ധന വിലക്കയറ്റം

uploads/news/2019/05/307980/in2.jpg

ദമാം: ഹോര്‍മൂസ്‌ കടലിടുക്കിലൂടെ പ്രതിദിനം കടന്നുപോകുന്നത്‌ 1.85 കോടി ബാരല്‍ എണ്ണയാണ്‌. രാജ്യാന്തര എണ്ണ വ്യാപാരത്തില്‍ മൂന്നിലൊന്നും ഇതുവഴിയാണെന്നാണു കണക്ക്‌. അതിനാല്‍, സംഘര്‍ഷം രൂക്ഷമായാല്‍ ഇന്ധന വിലക്കയറ്റമാകും ഫലം.
സൗദി അറേബ്യ, ഇറാഖ്‌, യു.എ.ഇ, കുവൈത്ത്‌, ഖത്തര്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള എണ്ണക്കടത്തിനു പ്രധാനമായും ഹോര്‍മൂസ്‌ ഉള്‍ക്കടലിനെയാണ്‌ ആശ്രയിക്കുന്നത്‌. ലോകത്ത്‌ ഉല്‍പാദിപ്പിക്കുന്ന സി.എന്‍.ജിയില്‍ ഭൂരിഭാഗവും മേഖലയിലൂടെയാണു കടന്നുപോകുന്നത്‌. 1980-1988ലെ ഇറാന്‍ - ഇറാഖ്‌ യുദ്ധം മേഖലയിലെ എണ്ണ ഗതാഗതത്തെ ബാധിച്ചിരുന്നു. ടാങ്കറുകള്‍ക്കു നേരെയും അന്ന്‌ ആക്രമണമുണ്ടായി. ഇത്‌ ഇന്ധന വിലവര്‍ധനയിലാണു കലാശിച്ചത്‌. ഹോര്‍മൂസിനെ അമിതമായി ആശ്രയിക്കുന്നത്‌ ഒഴിവാക്കാന്‍ വലിയ എണ്ണപൈപ്പുകള്‍ യു.എ.ഇയും സൗദിയും സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനെ വലിയ തോതില്‍ ആശ്രയിക്കാനാകില്ല.
തെക്കുകിഴക്കുള്ള ഒമാന്‍ ഗള്‍ഫിന്റെയും പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഇടയില്‍ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ജലപാതയാണ്‌ ഹോര്‍മൂസ്‌ കടലിടുക്ക്‌. ഹോര്‍മൂസിന്റെ വടക്കന്‍ തീരത്ത്‌ ഇറാനും തെക്കന്‍ തീരത്ത്‌ യു.എ.ഇയും ഒമാനുമാണ്‌.
54 കിലോ മീറ്ററാണ്‌ ഹോര്‍മൂസ്‌ കടലിടുക്കിന്റെ വീതി. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങള്‍ക്ക്‌ സമുദ്രത്തിലേക്ക്‌ വഴിതുറക്കുന്ന ഏക കടല്‍മാര്‍ഗമാണിത്‌. സംഘര്‍ഷം ഒഴിവാക്കാന്‍ യു.എന്‍. നിര്‍ദേശ പ്രകാരമാണ്‌ സമുദ്ര പാതയിലൂടെയുള്ള യാത്ര. നിരീക്ഷണത്തിനായി മുസന്ദം ഉപദ്വീപില്‍ ഒമാന്‍ റഡാര്‍ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്‌. ബഹ്‌റൈന്‍ കേന്ദ്രീകരിച്ചു അമേരിക്കന്‍ നാവികസേന മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്‌.
ഹോര്‍മുസ്‌ കടലിടുക്കില്‍ യു.എസ്‌. - ഇറാന്‍ വടംവലിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. 1988 ല്‍ അമേരിക്കന്‍ പടക്കപ്പലായ വിന്‍സെന്നിസ്‌ ഇറാന്റെ വിമാനം വെടിവച്ചിട്ടു. 290 പേരാണു കൊല്ലപ്പെട്ടത്‌. അബദ്ധമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. 2008 ല്‍ അമേരിക്കന്‍ കപ്പലുകളും ഇറാന്‍ ബോട്ടുകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. 2010 ല്‍ ജപ്പാന്റെ എണ്ണ ടാങ്കര്‍ ആക്രമിക്കപ്പെട്ടതും വിവാദമായി. ആക്രമണത്തിനു പിന്നില്‍ അല്‍ ക്വയ്‌ദയാണെന്നു തെളിഞ്ഞതോടെ സംഘര്‍ഷമൊഴിഞ്ഞു. 2015 മേയില്‍ എണ്ണ പ്ലാറ്റ്‌ഫോം തകര്‍ത്തെന്ന്‌ ആരോപിച്ച്‌ ഇറാന്‍ കപ്പലുകള്‍ സിംഗപുരില്‍നിന്നുള്ള എണ്ണ ടാങ്കറിനു നേരെ വെടിയുതിര്‍ത്തവും വിവാദമായി.

Ads by Google
Tuesday 14 May 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW