Friday, June 21, 2019 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 04.49 PM

'ഈ കുറിപ്പ് അമ്മമാര്‍ക്കുള്ളതല്ല' കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന എല്ലാ വിവാഹിതരായ സ്ത്രീകള്‍ക്കുമായി ഷില്‍ന എഴുതുന്നു...

Shilna sudhakar , Mother's day

അപകടത്തില്‍ മരണപ്പെട്ട ഭര്‍ത്താവ് സുധാകരന്റെ ബിജത്തില്‍ നിന്ന് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കിയ ഷില്‍ന മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മാതൃദിനത്തില്‍ ഷില്‍ന സുധാകരന്റെ പോസ്റ്റ് വൈറലാകുന്നു. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരില്‍ കയറി ഇറങ്ങിയ വന്ധ്യതാ ക്ലിനിക്കുകളെ കുറിച്ചും കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരില്‍ ആളുകളില്‍ നിന്ന് സഹിക്കേണ്ടി വന്ന ആപമാനത്തിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന മനസിക സമ്മര്‍ദങ്ങളെല്ലാം തുറന്നു പറയുന്നതാണ് ഷിന്‍നയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

2017 ഓഗസ്റ്റിലാണ് വാഹനാപകടത്തില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജ് അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ കെ.വി സുധാകരന്‍ മരണപ്പെടുന്നത്. സുധാകരനും ഷില്‍നയും കുഞ്ഞുങ്ങള്‍ക്കായുള്ള ചികിത്സയിലായിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ഷില്‍നയെ തനിച്ചാക്കി സുധാകരന്‍ പോയെങ്കിലും സുധാകരന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്താനായിരുന്നു ഷില്‍നയുടെ തീരുമാനം.

ഷില്‍നയുടെ കുറിപ്പ് വായിക്കാം

ഈ കുറിപ്പ് അമ്മമാര്‍ക്കുള്ളതല്ല.
വിവാഹ ശേഷമുള്ള പതിമൂന്നാം വര്‍ഷമാണിത്..കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ ജീവിതത്തിന്റെ സിംഹഭാഗവും എവിടെ ചിലവഴിച്ചു എന്ന് ചോദിക്കുകയാണെങ്കില്‍ ,വന്ധ്യത ക്ലിനിക്കുകളില്‍ എന്നുള്ളതാണ് ഏറ്റവും ശരിയായ ഉത്തരം..ജീവിതത്തില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും അത് തന്നെയായിരുന്നു.അതേ പ്രതിസന്ധി തന്നെയായിരുന്നു ഞങ്ങളെ ഇണ പിരിയാനാവാത്ത വിധം ജീവിതത്തോട്അടുപ്പിച്ചുനിര്‍ത്തിയത്.ഇന്ന് ഇതെഴുതുമ്പോള്‍ അദ്ദേഹം എന്നോടൊപ്പമില്ല...എങ്കിലും..

എന്നെങ്കിലും കുഞ്ഞുങ്ങളില്ലാത്ത സുഹൃത്തുക്കളുടെ സങ്കടങ്ങള്‍ക്കു നിങ്ങള്‍ ചെവി കൊടുത്തിട്ടുണ്ടോ ?കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് താങ്ങായി നിന്നിട്ടുണ്ടോ?
സമൂഹത്തില്‍ നിന്ദയും അപമാനവും അനുഭവിക്കുന്ന ഈ കൂട്ടരോട് അല്പമെങ്കിലും അനുഭവത്തോടെ നിങ്ങള്‍ പെരുമാറിയിട്ടുണ്ടോ ?

എല്ലാ ദിവസങ്ങളിലും അനേകം ആളുകളുമായി ഇടപഴകേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ഇത്രയും നാള്‍ ഞാന്‍ അനുഭവിച്ചിരുന്ന മാനസിക ആഘാതം ചില്ലറയല്ല..മുന്നില്‍ വന്നിരിക്കുന്ന ആളുകള്‍ ,അല്ലെങ്കില്‍ പലപ്പോഴായി നാം കണ്ടു മുട്ടുന്ന ആളുകള്‍..പരിചയപ്പെട്ടുവരുമ്പോള്‍ ,വീട് കുടുംബം കുഞ്ഞുങ്ങള്‍ കഴിഞ്ഞാല്‍... കുട്ടികളില്ലെന്നറിയുമ്പോള്‍ വരുന്ന നാലാമത്തെ ചോദ്യം, ആര്‍ക്കാണ് കുഴപ്പം എന്നുള്ളതായിരിക്കും..മറുപടി പറയാനാവാതെ ഞാന്‍ പലപ്പോഴും സീറ്റില്‍ നിന്നു എഴുന്നേറ്റു പോവുകയാണ് പതിവ്..മാഷോട് ഞാന്‍ ഇക്കാര്യം പറയുമ്പോള്‍ അദ്ദേഹം എപ്പോഴും തരുന്ന ഒരു മറുപടിയുണ്ട്..കുഴപ്പം ഭര്‍ത്താവിനാണെന്നു പറഞ്ഞോളൂ അങ്ങനെയെങ്കിലും അവര്‍ സന്തോഷിക്കട്ടെ എന്ന്..

യഥാര്‍ത്ഥത്തില്‍ കുഴപ്പം ആര്‍ക്കാണ് ?എനിക്കോ അതോ എന്റെ ഭര്‍ത്താവിനോ അതോ ചോദ്യം ചോദിക്കുന്ന നിങ്ങള്‍ക്കോ ?
പ്രിയമുള്ളവരേ, കഴിഞ്ഞ കുറെയേറെ വര്ഷങ്ങളായി ഈ മാനസിക പിരിമുറുക്കം അനുഭവിച്ച ,അതിനെതിരെ പൊരുതിയ ആളെന്ന നിലയില്‍ ഞാന്‍ പറയുന്നു,വന്ധ്യതയും മറ്റേതൊരു രോഗം പോലെ ജീവിതത്തെ കാര്‍ന്നു തിന്നുന്നു..ശാരീരിക വേദന ഇല്ലെന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ അത് തരുന്ന മാനസിക വേദന മറ്റേതൊരു രോഗത്തെക്കാളും കഠിനമാണ്...വന്ധ്യത മൂലം കഷ്ടപ്പെടേണ്ടി വരുന്ന രോഗികള്‍ സമൂഹത്തില്‍ ,തൊഴിലിടങ്ങളില്‍ ,വീടുകളില്‍ അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങള്‍ നിരവധി അനവധിയാണ്....

മറ്റേതൊരു രോഗം പോലെ എളുപ്പമല്ല വന്ധ്യത ചികിത്സയുമായുള്ള മുന്നോട്ടു പോക്ക്...
ചിലവഴിക്കേണ്ടി വരുന്ന പണം..ശരീരത്തില്‍ കുത്തികയറ്റുന്ന മരുന്നുകള്‍..നഷ്ടമാവുന്ന സമയം..എല്ലാം കഴിയുമ്പോഴും വിജയം സുനിശ്ചിതമല്ല..പരാജയമാണ് ഫലമെങ്കില്‍ രോഗി അപ്പോഴേക്കും മാനസികമായും ശാരീരികമായും തളര്‍ന്നിട്ടുണ്ടാവും...

അതൊക്കെ അനുഭവിക്കുന്ന/അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗികളോടായിരിക്കും നിങ്ങള്‍ മേല്‍പ്പറഞ്ഞ മാതിരിയുള്ള ചോദ്യങ്ങള്‍ ചോദിച്ചു വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത്..

സമൂഹമേ അവരും മനുഷ്യരാണ്..കാരുണ്യവും ദയയും ജീവിക്കാനുള്ള അവകാശവും അവരും അര്‍ഹിക്കുന്നുണ്ട്.
കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരുപാടൊരുപാട് ദമ്പതികള്‍ നമ്മുക്കിടയിലുണ്ട്..വന്ധ്യത അവരുടെ ആരുടെയും കുറ്റമല്ല...

ഈ മാതൃദിനം അവര്‍ക്കുള്ളതാവട്ടെ....കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്ന എല്ലാ വിവാഹിതരായ സ്ത്രീകള്‍ക്കുമായി ഈ കുറിപ്പും ഈ ഫോട്ടോയും സമര്‍പ്പിക്കുന്നു..

നിറയെ സ്നേഹം..?

Ads by Google
Sunday 12 May 2019 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW