Thursday, June 27, 2019 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 10.23 PM

മരിക്കാത്ത ഓര്‍മ്മകള്‍

uploads/news/2019/05/307448/sun2.jpg

ജീവചരിത്രങ്ങള്‍ക്കും ആത്മകഥകള്‍ക്കും മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഏറ്റവും പ്രസക്‌തിയുളള കാലമാണിത്‌. പ്രശസ്‌തരും അപ്രശസ്‌തരുമായ ഒട്ടേറെ പേരുടെ ജീവിതം വാക്കുകളില്‍ അടയാളപ്പെടുത്തപ്പെടുകയും അവയ്‌ക്കെല്ലാം വര്‍ദ്ധിച്ച സ്വീകാര്യത ലഭിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രേംനസീറിനെ പോലെ എക്കാലത്തെയും അതികായനും ലോകചരിത്രത്തില്‍ തന്നെ സ്‌ഥാനം പിടിച്ച മഹാശയനുമായ ഒരു വ്യക്‌തിക്ക്‌ വാക്കുകള്‍ കൊണ്ട്‌ ഉചിതമായ ഒരു സ്‌മാരകം സംഭവിച്ചില്ല എന്നത്‌ ഒരേസമയം വിസ്‌മയകരവും വേദനാജനകവുമാണ്‌. നസീര്‍ മണ്‍മറഞ്ഞ്‌ മൂന്ന്‌ പതിറ്റാണ്ടുകള്‍ പിന്നിട്ട സന്ദര്‍ഭത്തിലെങ്കിലും ഇത്തരമൊരു ഉദ്യമത്തിന്‌ മുന്‍കൈ എടുക്കാന്‍ ശ്രീ.ആര്‍.ഗോപാലകൃഷ്‌ണനെ പോലൊരാള്‍ സന്നദ്ധനായി എന്നത്‌ തന്നെ അഭിനന്ദാര്‍ഹമാണ്‌. എന്നാല്‍ പുസ്‌തകത്തിലൂടെ ആദ്യന്തം സഞ്ചരിച്ചപ്പോള്‍ ഈ കൃതി വൈകിപ്പോയതിലുളള ഖേദം ഇല്ലാതായി. കാരണം ധൃതിപിടിച്ച്‌ തട്ടിക്കൂട്ടുന്നവയാണ്‌ പലരുടെയും ജീവചരിത്രങ്ങള്‍.
ആര്‍.ഗോപാലകൃഷ്‌ണനാവട്ടെ ഏറെ അവധാനതയോടെയാണ്‌ ഈ സംരംഭത്തെ സമീപിച്ചിട്ടുളളത്‌. പ്രേംനസീറിന്റെ കലാജീവിതത്തിലെയും വ്യക്‌തിത്വത്തിലെയും സൂക്ഷ്‌മാംശങ്ങള്‍ പോലും കണ്ടെത്തി അതീവസുന്ദരമായ ഭാഷയില്‍ ആലേഖനം ചെയ്യുകയും ഒപ്പം ആകര്‍ഷകങ്ങളായ ചിത്രങ്ങളും ലേഔട്ടും കൊണ്ട്‌ ഒരു ആല്‍ബം കാണുന്ന അനുഭവം സമ്മാനിക്കുന്നു അദ്ദേഹം. എന്നാല്‍ കേവലം ദൃശ്യപരതയില്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഊന്നല്‍.
പ്രേംനസീര്‍ എന്ന വ്യക്‌തിയെ ആഴത്തിലും സമഗ്രതയിലും അടുത്തറിയാന്‍ പാകത്തിലാണ്‌ നിത്യഹരിതം എന്ന കൃതിയുടെ ആകത്തുക ഒരുക്കിയിട്ടുളളത്‌.
ഓരോ പേജുകളിലും അതിപ്രഗല്‌ഭനായ ഒരു എഡിറ്ററുടെ കയ്യൊപ്പ്‌ പതിഞ്ഞിരിക്കുന്നു.
പുസ്‌തത്തിന്റെ ഉളളടക്കത്തിലെ ഏറ്റവും വലിയ സവിശേഷത അതിന്റെ സമഗ്രസ്വഭാവമാണ്‌. പ്രേംനസീറിന്റെ ജീവചരിത്രം, ജീവിച്ചിരുന്ന കാലത്ത്‌ അദ്ദേഹം എഴുതിയ ലേഖനങ്ങള്‍, നസീറിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സഹപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും അദ്ദേഹവുമായുളള ഓര്‍മ്മകള്‍ പങ്ക്‌ വയ്‌ക്കുന്ന കുറിപ്പുകള്‍, നസീര്‍ അഭിനയിച്ച ചിത്രങ്ങള്‍, അദ്ദേഹം പാടി അഭിനയിച്ച ഗാനങ്ങള്‍...എന്നിങ്ങനെ നസീറിന്റെ ജീവിതത്തെ സംബന്ധിച്ച എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കി രൂപപ്പെടുത്തിയ പ്രൗഢവും ആധികാരികവുമായ ഗ്രന്ഥമാണ്‌ നിത്യഹരിതം. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങളുടെയും ഗവേഷണങ്ങളുടെയും പഠനങ്ങളുടെയും പരിണിതഫലമെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ ഉറപ്പിക്കാവുന്ന കൃതിയാണിത്‌. പുസ്‌തകത്തിന്റെ എഡിറ്റിംഗും രുപകല്‍പ്പനയും എടുത്തു പറയത്തക്ക വിധം സമുന്നത നിലവാരം പുലര്‍ത്തുന്നു. ഏറ്റവും ഗുണമേന്മയുള്ള കടലാസില്‍ അതിമനോഹരമായി അച്ചടിച്ച്‌ പുറത്തിറക്കിയ ഈ ഗ്രന്ഥം എഡിറ്റര്‍ ആര്‍.ഗോപാലകൃഷ്‌ണനും പ്രസാധകരായ പ്രേംനസീര്‍ ഫൗണ്ടേഷനും എല്ലാ അര്‍ത്ഥത്തിലും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു അമൂല്യകൃതിയാണ്‌്.
വളരെ ലളിതസുഭഗമായ ഭാഷയിലാണ്‌ അനുഭവകഥനം നിര്‍വഹിച്ചിട്ടുളളത്‌. ഒരു കഥയോ നോവലോ വായിക്കുന്ന ഒഴുക്കോടെ, പാരായണക്ഷമതയോടെ ഉടനീളം വായിച്ചു പോകാവുന്ന പുസ്‌തകം. കേവലവായനാനുഭവം എന്നതിനപ്പുറം ഒരു റഫറന്‍സ്‌ ഗ്രന്ഥം എന്ന നിലയിലും നിത്യഹരിതം എക്കാലവും വിലമതിക്കപ്പെടുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല.
നെടുമുടി വേണു മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ഫാസില്‍, ശ്രീകുമാരന്‍ തമ്പി, എ.കെ.ആന്റണി എന്നിങ്ങനെ നൂറുകണക്കിന്‌ പ്രമുഖര്‍ ഈ പുസ്‌തകത്തിലൂടെ നസീറിനെ അനുസ്‌മരിക്കുന്നു.
നസീറിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ജീവന്‍ തുടിക്കുന്ന ഫോട്ടോസാണ്‌ പുസ്‌തകത്തിന്റെ മറ്റൊരു സവിശേഷത. ദൃശ്യാത്മകതയ്‌ക്ക് മുന്‍തൂക്കം നല്‍കിയാണ്‌ ലേഔട്ട്‌ ചെയ്‌തിരിക്കുന്നത്‌്. ഒരു പേംനസീര്‍ സിനിമ കാണുന്ന ഹൃദ്യതയോടെ, ഗൃഹാതുരത്വത്തോടെ കണ്ടിരിക്കാവുന്നതും വായിച്ചുപോകാവുന്നതുമായ പുസ്‌തകമാണ്‌ നിത്യഹരിതം.
മലയാള സിനിമയ്‌ക്കും മലയാള ഭാഷയ്‌ക്കും വലിയ മുതല്‍ക്കൂട്ട്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ ഗ്രന്ഥം ചരിത്രം അടയാളപ്പെടുത്താന്‍ മറന്നു പോയ ഒരു മഹത്‌ജീവിതത്തിന്‌ ലഭിക്കുന്ന ശ്രദ്ധാഞ്‌ജലി കൂടിയാണ്‌.
ഈ പുസ്‌തകം ഒരു യാഥാര്‍ത്ഥ്യമാകാന്‍ മുന്‍കൈ എടുത്ത പ്രേംനസീര്‍ ഫൗണ്ടേഷന്‍ സാരഥിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ.ജി.സുരേഷ്‌കുമാറിനെയും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്‌.
നമ്മള്‍ വിഗ്രഹങ്ങളായി കൊണ്ടുനടക്കുന്ന മറ്റ്‌ പലരേക്കാള്‍ എത്രയോ മാതൃകാപരമാണ്‌ നസീറിന്റെ വ്യക്‌തിത്വമെന്ന്‌ ഈ പുസ്‌തകം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ എളിമ, സഹജീവിസ്‌നേഹം, കൃത്യനിഷ്‌ഠ, ഉത്തരവാദിത്തബോധം, അര്‍പ്പണബോധം, കഠിനാദ്ധ്വാനശീലം, കാരുണ്യപ്രവര്‍ത്തനങ്ങള്‍, സമഭാവന...എന്നിങ്ങനെ ഒരു മാതൃകാപുരുഷന്റെ എല്ലാ ലക്ഷണങ്ങളും നിറഞ്ഞ ആ ജീവിതം തീര്‍ച്ചയായും തലമുറകള്‍ക്ക്‌ ഒരു പാഠപുസ്‌തകമാണ്‌.
ആ ജീവിതം പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണെന്ന്‌ പുസ്‌തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത നടന്‍ മമ്മൂട്ടി പറഞ്ഞത്‌ അക്ഷരംപ്രതി സത്യമാണെന്ന്‌ പുസ്‌തകം വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.

സജില്‍ ശ്രീധര്‍

Ads by Google
Saturday 11 May 2019 10.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW