Friday, June 21, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 10.23 PM

പൂരം ആനകളാല്‍ സമ്യദ്ധം

uploads/news/2019/05/307447/sun1.jpg

പൂരങ്ങളുടെ നാടാണ്‌ തൃശുവാപേരൂര്‍. എന്നാല്‍ ആനകളുടെ നാടാണ്‌ പൂരപ്പറമ്പ്‌. ഇക്കൊല്ലം തൃശൂര്‍ പൂരം മെയ്‌ പതിമൂന്നിനാണ്‌. പൂരം കൊടി കയറിയാല്‍ കൊട്ടും മേളവും തിരുതകൃതി. ഉത്സവചായ്‌വാര്‍ന്ന പുരുഷാരം പൊലിമയും. വരവുകാരുടെ ബഹളം. തമിഴരും തെലുങ്കരും കന്നഡക്കാരും പൂരപ്പറമ്പില്‍ തമ്പടിക്കും. ഹോട്ടലുകളിലും ലോഡ്‌ജിലും തീപിടിച്ച നിരക്ക.്‌ ലോകപ്രസിദ്ധിയാര്‍ജ്‌ജിച്ച പൂരം നേരില്‍ കാണാന്‍ വിദേശരാജ്യങ്ങളിലുളളവര്‍ അടക്കം അണിനിരക്കും. തെക്കുവടക്ക്‌ പ്രതിധ്വനിക്കുന്ന അനൗണ്‍സ്‌മെന്റുകളുടെ മുഴക്കം. പോലീസ്‌ സേനയും പൂരക്കമ്മറ്റിക്കാരും മാറി മാറി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും. ആളും ആനേം തടഞ്ഞിട്ട്‌ വഴിനടക്കാന്‍ പറ്റണ്ടേ? സ്വരാജ്‌റോഡ്‌ വാഹന രഹിതമെങ്കിലും ജനനിബിഡം. എം.ഒ. റോഡും കുറുപ്പം റോഡും ഷൊര്‍ണൂര്‍ റോഡുമൊക്കെ കൈവഴികളായി നിറഞ്ഞുകവിയുന്ന അസാധാരണ കാഴ്‌ച.
പൂരക്കമ്പത്തിന്റെ മഹിമയെ മാറ്റുരയ്‌ക്കലാണെല്ലാം. പൂരം വീഡിയോ ക്യാമറകളിലാക്കുന്നവരുടെ തത്രപ്പാട്‌ വേറെ. തങ്ങളുടെ ദേശം ദൃശ്യങ്ങളിലേക്ക്‌ ആലേഖനം ചെയ്യാനുളള ഔത്സുക്യം. സെന്‍ഡ്‌ ചെയ്‌ത പൂരക്കളി കണ്ട്‌ അന്യനാട്ടുകാര്‍ വിസ്‌മയിക്കണം. മനോഹരമായി ഒപ്പിയെടുക്കപ്പെട്ട ദൃശ്യങ്ങള്‍. പൂരം വര്‍ഷങ്ങളായി മിസ്‌ ചെയ്‌ത് ഏഴാംകടലിന്നക്കരെ വസിക്കുന്നവര്‍ ഇതു കണ്ട്‌ വിഷ്‌ ചെയ്‌ത് ലൈക്ക്‌ ചെയ്യും. എന്തെന്ത്‌ പൊടിപൂരച്ചന്തം! ഭാവനയ്‌ക്കൊത്ത്‌ വിശേഷങ്ങള്‍ ഷെയര്‍ ചെയ്യാം, ആനവലുപ്പത്തില്‍. വടക്കുംനാഥന്റെ ഗമ അയല്‍നാടുകളില്‍ പാട്ടാണ്‌.
തൃശൂരിന്‌ പട്ടുകുടയുടെ ഭംഗിയും പൊലിമയും നല്‍കുന്ന ഇടങ്ങളിലൊന്നാണ്‌ സ്വരാജ്‌ റൗണ്ട്‌. വട്ടമെന്നു പറയുമ്പോള്‍ കുടയ്‌ക്ക് ശീലയും നെടുംതൂണും മുഖ്യം. അതാണ്‌ ശിവപ്രതിഷ്‌ഠയുള്ള ആസ്‌ഥാനം.
മൂന്നു നടകളായി തരംതിരിച്ചിരിക്കുന്നു. പ്രത്യക്ഷത്തില്‍ പാറമേക്കാവും തിരുവമ്പാടിയും ഭാഗിച്ചപോലെ. പൂജാദികര്‍മങ്ങള്‍ എക്കാലവും ഭക്‌തജനങ്ങളെന്നോണം കണ്‍മിഴിച്ചു കാണുന്ന ഇരുകൂട്ടരുണ്ട്‌. ഓടുള്ള മേല്‍ക്കൂട്ടിലും കഴുക്കോലിലും കുറുകുന്ന പ്രാവുകള്‍ പ്രഥമ കക്ഷി. പ്രകൃതിരമണീയത പോലാണവരുടെ പറ്റം പറ്റമായുള്ള ആവാഹനങ്ങള്‍. പുലരിക്ക്‌ കിഴക്കുനിന്നും സൂര്യോദയം പോലെ പറന്നെത്തും. ശ്ലോകോച്‌ഛാരണങ്ങളാടുന്ന വേള കഴിഞ്ഞാല്‍ ഉച്ചതോര്‍ച്ച. പിന്നെ സന്ധ്യാനമസ്‌കാരം. ഊട്ടും പാട്ടും കസറി തിരിച്ച്‌ പടിഞ്ഞാറോട്ടൊരു പ്രദക്ഷിണവഴി. ആല്‍ത്തറകളില്‍ കാറ്റുകൊണ്ട്‌ വിശ്രമിക്കുന്നവര്‍ക്ക്‌ സഞ്ചാരം ഭഗവല്‍ക്കാഴ്‌ചയാണ്‌. ഹോളീവുഡും ബോളീവുഡുമീ കാഴ്‌ചകള്‍ സസൂക്ഷ്‌മം പകര്‍ത്തിയിട്ടുണ്ട്‌.
ഇരട്ട ഭാഗ്യക്കാരന്‍ ആനയാണ്‌. അത്‌ ഭഗവാന്റെ സാന്നിധ്യമാണിന്നും. പണ്ടുമുതലേ ക്ഷേത്രപറമ്പില്‍ ആനക്കൊട്ടിലുകള്‍ നിരവധിയാണ്‌. ആനകളെ തീറ്റിപോറ്റാന്‍ ചെലവിടുന്ന തുക കാണിക്കയായി കരുതും. പട്ടയും തീറ്റയും ചവയ്‌ക്കുന്ന ആനകളെ അങ്ങിങ്ങ്‌ തളച്ചിട്ടിരിക്കും. ഗജരാജന്‍മാരുടെ ചിന്നംവിളി സദാ അന്തരീക്ഷത്തില്‍ മുഴങ്ങും. പാപ്പാന്മാരുടെ നിറുത്തിക്കൊട്ട്‌. കാഴ്‌ചയ്‌ക്ക് ആനക്കുറുമ്പിനെന്തു ലഹരി. പൂരം സ്‌പെഷലിനുള്ള കരുതലുകള്‍.
കരയിലെ ഏറ്റവും വലിയ ജീവി കാടുവിട്ട്‌ നാട്ടിലിറങ്ങുന്നത്‌ കൂട്ടമായി പൂരങ്ങള്‍ക്കാണെന്ന്‌ കൊച്ചി രാജഭരണം തൊട്ടുള്ള ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. താളിയോല ഗ്രന്ഥശേഖരങ്ങളില്‍ ആനയെ പൂരങ്ങളുടെ മഹാരാജാവായി വാഴിച്ചിരുന്നു. നാടുവാണിരുന്ന പ്രശസ്‌തര്‍ ആനകളെ ഭഗവാന്‌ തിരുമുല്‍ക്കാഴ്‌ചയായി നടയിരുത്തിയിരുന്ന പതിവുമുണ്ട്‌.
മനുഷ്യരെ പോലെ തന്നെ ഈശ്വരനെ പ്രണമിക്കുന്ന ശീലമുണ്ടാനകള്‍ക്കും. ഒട്ടുമുക്കാലും പൂജാരിമാര്‍ ധൈര്യംകാട്ടി ആനയുടെ തുമ്പിക്കയ്യാല്‍ മൂര്‍ത്തികള്‍ക്ക്‌ തിരുക്കുറി തൊടുവിക്കുന്ന ശീലം ശ്രേഷ്‌ഠമായി കൊണ്ടുനടക്കുന്നു.
ഗജവീരന്‍ അമ്പലപരിസരത്ത്‌ എപ്പോഴുമുണ്ട്‌. ചങ്ങലമുഴക്കമോടെ അവര്‍ പൂജാകര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നു. തിടമ്പെടുത്ത്‌ നേതൃത്വവും. പ്രഥമഗണനീയനായി പരിഗണിക്കാന്‍ തലയെടുപ്പ്‌ മാത്രം പോരാ. ചൊല്ലൊള്ളിയാകണം. വ്രതാനുഷ്‌ഠാനം തെറ്റിക്കാത്ത പോക്കിരികളുമുണ്ട്‌. അതിന്‌ ശട്ടംകെട്ടുന്ന പാപ്പാന്മാരും. ആനയോട്ടംമാതിരി പിന്തുടരും.
പുലര്‍ച്ചെ ഉണര്‍ച്ച. തുമ്പികൈ വീശി കുളി തേവാരം. പരമശുദ്ധനായി തൊഴുത്‌ ഭസ്‌മംപൂശി പ്രസാദം വാങ്ങി പിന്‍വാങ്ങുന്ന ഭക്‌തി. ദുശാഠ്യമൊതുക്കി മുന്‍കോപമില്ലാത്തവന്‍ വിജയി. പൂരത്തില്‍ പങ്കെടുക്കാന്‍ യോഗ്യന്‍.
എത്ര കടമ്പ കടന്നാലും ചങ്ങലമെരുക്കത്തിനയവില്ലതാനും. ഭക്‌തിയും അച്ചടക്കവും ഭയഭക്‌തിയും ദേവസ്വം കമ്മിറ്റി കണ്ണിമയ്‌ക്കാതെ പരിശോധിക്കും. പാലഭിഷേകം കഴിഞ്ഞ്‌ തിടമ്പെടുക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന നറുക്കുവീണ വമ്പന്‍, ജനസഹസ്രങ്ങള്‍ക്കൊരു അത്ഭുതക്കാഴ്‌ചയാണ്‌. ഈശ്വരനെ ചുമടെടുത്ത്‌ പുണ്യപ്പെട്ട ഗജരാജന്മാര്‍ എത്രയോ. നെറ്റിപ്പട്ടമോടെയുള്ള എഴുന്നള്ളത്ത്‌ വിലമതിക്കപ്പെടും. തിക്കും തിരക്കിനിടയിലും കൊമ്പോ തുമ്പിയോകൊണ്ട്‌ വിളവെടുക്കില്ല തിരുമാലി.
തൃശൂര്‍ പൂരം ഇരു ചേരികളുടെ യുദ്ധമാണ്‌. പാറേമക്കാവും തിരുവമ്പാടിയും തമ്മിലാണ്‌ വാതുവച്ച വാശിയേറിയ പൊരുതല്‍. നിലകളാര്‍ന്ന പന്തലില്‍ തുടങ്ങി എല്ലാ മല്‍സരങ്ങളും സമമായി പങ്കുവച്ചെടുക്കും. എട്ടും പത്തും നിലയുള്ള പന്തലുകള്‍. മണികണ്‌ഠനാലും നടുവിലാലും വിശേഷാല്‍ അലങ്കരിക്കും. സ്വരാജ്‌ റൗണ്ടിന്റെ മര്‍മ്മപ്രധാന ഭാഗങ്ങളാണ്‌.
വൈദ്യുതിയുടെ ഒഴുക്ക്‌ കണ്ണഞ്ചിക്കുന്ന മായാപ്രപഞ്ചമാകും. കൊട്ടുകാര്‍ക്കും തുള്ളലിനും വെളിച്ചമാണളവുകോല്‍. പാഞ്ചാരി മുറുകുമ്പോള്‍ പുരുഷാരം തിങ്ങിതുളുമ്പണം. മാര്‍ക്കിട്ട്‌ തോല്‍പ്പിക്കാന്‍ ഇരുകക്ഷികളേയും നോക്കണ്ട. വെടിപുരയുടെ ഭണ്ഡാരമായ കലവറകള്‍ പോലെ തട്ടിക്കൂട്ട്‌.
പിന്നെ പൂരം. ആനയെണ്ണം. ഇരുവിഭാഗവും ഒരെണ്ണം കമ്മി വരുത്തില്ല. നെറ്റിപ്പട്ടം, അഴക്‌, വെഞ്ചാമരം. താലവട്ടം, പട്ടുകുടകള്‍, ചേങ്ങലകള്‍, കൊമ്പുവിളി, ചെണ്ടമേളത്തിനൊപ്പം പെപ്പരപെരപെരപേ കലശലായി. കുടമാറ്റമല്ലേ കാണേണ്ടത്‌. ആനപുറത്തും മാനത്തും ഒരു മിന്നല്‍ തിളക്കം. ഇലഞ്ഞിത്തറമേളം കഴിഞ്ഞിറങ്ങിയാല്‍ തെക്കും കിഴക്കും പിടിവാശിയേറും. നിര്‍ത്താത്ത കൊട്ടും ബഹളവും. കൂടാതെ ക്രമംതെറ്റിയെത്തുന്ന ഭൂഗര്‍ഭപൊട്ടുകള്‍ കിടിലംകൊള്ളിക്കും. പൂരപ്പറമ്പ്‌ കുലുങ്ങും. കൊട്ടുകാര്‍ക്കും കാണികള്‍ക്കും കൂസലില്ല. ചങ്ങലകള്‍ക്കിടയിലാണേലും കൊമ്പന്മാര്‍ ചാഞ്ചാടി വീര്‍പ്പുമുട്ടിലും.
കൂട്ടത്തിലാരാനും ആനവാലുപറിച്ചാല്‍ ഇടംതടിക്കലായി മസ്‌തിഷ്‌കം. ആട്ടും കൊട്ടും ഇണക്കത്തിലുളള ചെവിയാട്ടവും നിലയ്‌ക്കും. തൊട്ടടുത്തുള്ള സതീര്‍ത്ഥ്യനെ വയറുകൊണ്ടൊരു കുത്തും. ദേഷ്യം ശമിച്ചില്ലേല്‍ ചെറുതായൊരു മദംതുള്ളലും. ആന മദിച്ചേ.... ആര്‍പ്പുവിളി. ജനം ആനപിണ്ടം ചവുട്ടി ജീവനും കൊണ്ടൊരോട്ടമുണ്ട്‌. ഈ േനരത്തെ ആനയെ മെരുക്കുന്ന മല്ല്‌ പാപ്പാന്മാര്‍ക്കല്ലേ അറിയൂ. പൂരശണ്‌ഠകളാണൊരുപക്ഷേ പൂരങ്ങളുടെ പൂരം എന്ന്‌ തൃശൂരിന്‌ കുലപേര്‌ വീഴ്‌ത്തിയത്‌. നിരനിര കാണുന്ന ഗജരാജാക്കന്മാരെ എണ്ണിതീര്‍ക്കാനൊക്കില്ല. കണ്ണു കഴയ്‌ക്കും.
ചെറുപൂരങ്ങളുടെ കൈലാസമാണ്‌ വഴിനീളെ. കൂര്‍ക്കഞ്ചേരി, കണിമംഗലം, വെളിയന്നൂര്‍ നടചുറ്റിയെത്തുന്ന ചെറുപൂരങ്ങള്‍ അമ്പതിലേറെയുണ്ട്‌. ഓരോന്നിനും ഒരാനവെച്ചുകൂട്ടിയാല്‍ തന്നെ കണക്കസലായി. ഷൊര്‍ണൂര്‍ റോഡില്‍ നിന്നും നടതിരിഞ്ഞുവരുന്ന പൂരങ്ങളും ഏതാണ്ടിത്രയുണ്ട്‌. വടക്കുംനാഥനില്‍ വന്നിവ യഥാവിധി ലയിക്കുന്നതാണ്‌ സമാപനം. കൊട്ടൊടുങ്ങി. വെടിക്കെട്ട്‌ മുഹൂര്‍ത്തമായി. ദേവീദേവന്മാര്‍ ദര്‍ശകരും. പൂരപറമ്പ്‌ തിങ്ങുന്ന ആനകളുടെ ആധിപത്യം നോക്കണേ? ജനനിബിഡമായ വഴികളില്‍ കൊട്ടിനൊപ്പം ഒറ്റടിവച്ച്‌ നടക്കണം. നട്ടുച്ച ചൂടും കൊടും വേനലും. ചൂടും ദാഹവും സഹിക്കാതെ ഇടംതടിച്ചാല്‍ വര്‍ഗത്തിന്‌ ഏക്കപ്പേരായി. പോരാഞ്ഞ്‌ മനുഷ്യന്റെ ആജ്‌ഞകള്‍ പാലിക്കണം. പീഡനങ്ങളും. ആനപ്പുറത്തിരിക്കുന്നവരുടെ ഭാരവും സഹിക്കണം.
കാഴ്‌ചപൊലിമയ്‌ക്ക് ആക്കം കൂട്ടാന്‍ വെഞ്ചാമരം വീശുന്നു. കണ്ണിന്‌ പട്ടയിട്ട നെറ്റിപ്പട്ടമോര്‍ത്ത്‌ കണ്ണീര്‍വാര്‍ക്കലായി. വാരിയെല്ലില്‍ ചവിട്ട്‌ മാത്രമല്ല പട്ടുക്കുടകാലുകുത്തും മുറയ്‌ക്ക് കിട്ടും. ദ്രോഹങ്ങളെല്ലാം സഹിച്ച്‌ കടിച്ചുപിടിച്ച്‌ ചാഞ്ചാടിയങ്ങിനെ നില്‍ക്കണം പൂരമൊന്നു കഴിഞ്ഞോട്ടെയെന്ന ക്ഷമാഭാവത്തില്‍.
മൊബൈലില്‍ ഗെയിമുകള്‍ നടമാടിയിട്ടും കളിക്കോപ്പുകാര്‍ക്കും കുപ്പിവളക്കാര്‍ക്കും തെല്ലും കുറവില്ല. മെഷീന്‍ഗണ്ണിന്റെ വലുപ്പം കണ്ടാല്‍ ആന ഭയക്കും. തണ്ണിമത്തന്‍ സ്‌റ്റാളുകളുടെ സുലഭത ദാഹം ഇരട്ടിപ്പിക്കും. കരിമ്പ്‌ കൈയില്‍ കിട്ടിയാല്‍ ആര്‍ത്തിപിടിച്ച്‌ വലിക്കുന്ന ബുദ്ധി. ഹലുവയും പൊരിയും മുറുക്കും മോതിരവടയും ഈന്തപഴവും മധുരസേവയും വായില്‍ ഉമിനീരു നിറയ്‌ക്കും. കുലപഴത്തിനേക്കാള്‍ തിരുമധുരം നുണയും കുറുമ്പന്‍.
കൊട്ടുകുഴലുകാരുടെ പൊക്കച്ചത്തിനിടെ മിണ്ടാപ്രാണി കടിച്ചിറക്കുന്ന ആശകളാരറിയാന്‍? കാട്ടില്‍ വളര്‍ന്നിട്ടും സസ്യഭുക്കായി തുടരുന്ന ഗതികേട്‌. ചന്തക്കാരാണേല്‍ കൂക്കുവിളിയാണ്‌. മണിയനീച്ചയാര്‍ക്കുന്ന വായ്‌ചൊടികളോര്‍ത്താല്‍ നാവില്‍ വെള്ളമൂറും. സംഭാരംപോലും കൊതിയടക്കാന്‍ ചോദിച്ചുകൂട. പൂരതീറ്റപോലെ ചെപ്പടിവിദ്യക്കാരുടെ വാങ്ക്‌വിളിയുമുണ്ട്‌. ശബ്‌ദകോലാഹലം പെപ്പരപെരപെരപേ.
നെഹ്‌റുപാര്‍ക്കിന്റെ തൊട്ടുരുമ്മി എക്‌സിബിഷന്‍ എന്ന അനൗണ്‍സ്‌മെന്റ്‌ ഇടതടവില്ലാതെ. അലോസരത്തില്‍ പെരുത്ത മസ്‌തിഷ്‌കന്‍ ആശയക്കുഴപ്പത്തിലാകും. ചുറ്റുവട്ടത്താണേല്‍ തിയറ്ററുകളില്‍ പൂരം സ്‌പെഷല്‍ ഷോകളും. വശംകെട്ട്‌ നില്‍ക്കുമ്പഴാണ്‌ വെടിക്കെട്ട്‌. കരിമരുന്ന്‌ മത്സരം പുകള്‍പെറ്റതാണ്‌. തുടക്കക്കാരന്‍ നറുക്കോടെ പൊരിയും. ഊഴക്കാര്‍ തലയില്‍ ചാക്കിട്ട്‌ ആനക്കാല്‍കൂട്ടിലൂടെയാണോട്ടം. അനധികൃത വെടിമരുന്ന്‌ കുത്തിനിരത്താന്‍. ആനയുണ്ടോ അമ്പാരിയുണ്ടോയെന്നൊന്നും പ്രശ്‌നമല്ല. തന്റെ ചേരി വിജയശ്രീലാളിതരാകണം.
മാനത്ത്‌ കുട വിരിയണ്ടേ. സമയമാണേല്‍ നടുപാതിര വിട്ടു. രണ്ടേമുക്കാല്‍ മൂന്നുമണി സമയം. എഴുന്നള്ളത്തിന്റെ കലാശെക്കാട്ട്‌. മിണ്ടാട്ടംമുട്ടുന്ന ആനകളനുഭവിക്കുന്ന നോവാര്‍ക്കും കാണണ്ടിപ്പോള്‍.
ചരിത്രമായും ഐതിഹ്യമായും പൂരം സൃഷ്‌ടിച്ചവര്‍ ഹരമറിയുന്നു. ആനയില്ലാത്ത പൂരം വിഭാവനം ചെയ്യാനാവില്ല. കണ്ടുപിടുത്തങ്ങളെത്ര നടന്നാലും ബദല്‍ സംവിധാനങ്ങളില്ലതിന്‌. അതുകൊണ്ടുതന്നെ ആനക്കാര്യം പൂരം പോലെ തന്നെ ശ്രേഷ്‌ഠമായി നിലകൊള്ളുന്നു. തലമുറകളുടെ അഭിരുചികളിലെ വൈവിധ്യങ്ങള്‍ കടന്ന്‌.

ജെസ്‌വിന്‍ ചേറൂക്കാരന്‍

Ads by Google
Saturday 11 May 2019 10.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW