Monday, July 01, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 10.23 PM

അയൂബിന്റെ പരിദേവനം

uploads/news/2019/05/307445/sun4.jpg

അന്ന്‌ ഒരു വൈകുന്നേരമായിരുന്നു. ഏതാണ്ട്‌ ആറ്‌ മണി കഴിഞ്ഞ്‌ കാണും. പയ്യാമ്പലം കടല്‍ തീരത്തിനോട്‌ ചേര്‍ന്ന്‌ സ്‌ഥിതി ചെയ്യുന്ന പാര്‍ക്കില്‍ കാനായി കുഞ്ഞിരാമന്റെ മനോഹര ശില്‍പ്പങ്ങളും സുമാര്‍ അഴീക്കോടിന്റേയും ഇ. കെ. നായനാടെയുമടക്കം സാമൂഹിക സാംസ്‌കാരിക രാഷ്ര്‌ടീയ നേതാക്കന്മാടെയും സ്‌മൃതി മണ്ഡപങ്ങളും ശവടീരങ്ങളും കണ്ട്‌ നടക്കുകയും തീരത്തില്‍ ആളൊഴിഞ്ഞ കോണില്‍ ഇന്ന്‌ കാഴ്‌ചകള്‍ കാണുകയും എന്റെ ഒഴിവ്‌ സമയങ്ങളില്‍ പതിവായിരുന്നു. തദ്ദേശവാസികളും തീരത്തില്‍ പുതുതായി എത്തിയവരും വിദേശീയരുമായ ഒട്ടേറെ പേര്‍ തിരമാലകളെ ചവിട്ടിയും ആ മണല്‍ പരപ്പിലൂടെ ഉല്ലസിച്ചും തിമിര്‍ക്കുന്നുണ്ടായിരുന്നു.
സൂര്യന്‍ പകല്‍ വെളിച്ചം വേണ്ടുവോളം പ്രസാദിച്ച്‌ മീനമാസച്ചൂടില്‍ നിന്നും അല്‍പ്പം വിശ്രമം ആവശ്യമെന്ന്‌ തോന്നിയതുകൊണ്ടാകാം, അതുമല്ലെങ്കില്‍ പടിഞ്ഞാറെ ചക്രവാളവും ചുമപ്പിച്ച്‌ അറബിക്കടലിനെ പുണര്‍ന്നുകൊണ്ട്‌ ആ കുളിരേറ്റ്‌ ഒന്ന്‌ മയങ്ങാമെന്ന്‌ ഉറപ്പിച്ചുകൊണ്ടാകാം താഴേക്ക്‌ ഊര്‍ന്നിറങ്ങുകയായി. മനുഷ്യരും പകല്‍ മുഴുവന്‍ പ്രസരിപ്പോടെ തിമിര്‍ത്താടി ഉല്ലസിച്ച്‌ സായാഹ്നങ്ങളില്‍ കാത്തിരിക്കുന്ന കാമിനിമാരെ പ്രാപിച്ച്‌ ആ കുളിരേറ്റ്‌ രമിച്ച്‌ ആലസ്യത്തില്‍ മയങ്ങാന്‍ വെമ്പല്‍ പൂണ്ട്‌ സ്വന്തം വീടുകളിലേക്ക്‌ പായുന്നത്‌.
ആ ചുവന്ന സൂര്യ രശ്‌മികള്‍ ആകാശക്കൊട്ടാരത്തില്‍ ആയിരം രൂപങ്ങള്‍ തീര്‍ക്കുന്നുണ്ടായിരുന്നു. പൂഴിമണ്ണില്‍ ഇരുന്ന്‌ അറബിക്കടലിനെ തഴുകിയെത്തുന്ന ഇളം കാറ്റേറ്റ്‌ തിരമാലകളും ആകാശക്കാഴ്‌ചകളും കണ്ടുകൊണ്ടിരുന്ന ഞാന്‍ വീണ്ടും ആ ചെറുപ്പക്കാരനെ കണ്ടു.
പലപ്പോഴും ആരെയോ അന്വേഷിക്കുന്നുണ്ട്‌. ദൂരേക്ക്‌ നോക്കി ആ മണല്‍ പരപ്പിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ഏകദേശം 23 വയസ്സ്‌ പ്രായം വരുന്ന യുവാവ്‌. വെളുത്ത മെലിഞ്ഞ നല്ല ഉറച്ച ശരീരപ്രകൃതമാണയാള്‍ക്ക്‌. ഇന്നലെയും ഞാന്‍ അയാളെ കണ്ടിരുന്നു. അപ്പോഴും ഏകനായി തലയുയര്‍ത്തിപ്പിടിച്ച്‌ ദൂരേക്ക്‌ നോക്കി തന്നെയായി നടന്നിരുന്നത്‌.
എന്റെ മുന്നിലൂടെ തന്നെ തിരികെ നടന്ന്‌ നീങ്ങിയപ്പോള്‍ ചുണ്ടില്‍ ഒരു ബീഡി പുകയുണ്ടായിരുന്നു. അതിന്റെ രൂക്ഷ ഗന്ധം എന്റെ മൂക്കിനേയും ശ്വസ നാളത്തെയും കുത്തി മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. എങ്കിലും ഞാന്‍ മുഖത്ത്‌ നോക്കി ഒന്ന്‌ മന്ദഹസിച്ചു. പക്ഷേ അയാള്‍ അത്‌ കണ്ടതായിപ്പോലും ഭാവിച്ചിരുന്നില്ല.
പത്ത്‌ ചുവടുകള്‍ നടന്നിട്ടുണ്ടാവും. അയാള്‍ നിലത്ത്‌ വീണ്‌ പിടയുകയാണ്‌. ഞാന്‍ ഓടിയടുത്തു. അയാള്‍ക്ക്‌ ഒന്നും തന്നെ പറയാന്‍ കഴിഞ്ഞില്ല. ചുഴലി രോഗമാണെന്ന്‌ തോന്നിയിരുന്നു. അയാളുടെ കൈകാലുകള്‍ കോച്ചിവലിക്കുന്നുണ്ടായിരുന്നു. അപ്പോഴും പൂഴി മണലില്‍ കമിഴ്‌ന്ന് കിടന്ന ആ ചെറുപ്പക്കാരന്റെ മുഖം ആ മണല്‍പ്പരപ്പില്‍ അമരുകയായിരുന്നു.
വളരെ പ്രയാസപ്പെട്ട്‌ ഞാന്‍ അയാളെ മലര്‍ത്തിക്കിടത്തി. വായിലും, മൂക്കിലുംകണ്‍പോളകളിലും മണല്‍ നിറഞ്ഞിരുന്നു. അല്‍പ്പസമയത്തിനു ശേഷം രോഗശാന്തി ഉണ്ടായെങ്കിലും ഞാനും കുറെയേറെ പരിഭ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളെക്കൂടാതെ ആ കടല്‍ക്കരയില്‍ അല്‍പ്പം അകലെയായി ഒട്ടനവധിപേര്‍ ഇതൊക്കെ കാണുന്നുണ്ടാകും എന്ന്‌ ഞാന്‍ ചിന്തിച്ചുപോയി. എന്നില്‍ എന്തെങ്കിലും കുറ്റം ആരോപിക്കപ്പെട്ടാലോ എന്ന ഭയവും എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.
അയാള്‍ മെല്ലെ പറയുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ മരിച്ചെങ്കില്‍. ആരൊക്കെയോ കാണുന്നുണ്ടാകാം. പക്ഷേ ആരും ഞങ്ങളുടെ അടുത്തേക്ക്‌ വന്നില്ല.
ഞാന്‍ വളരെ സൗമ്യനായി ചോദിച്ചു. എന്താണ്‌ നിങ്ങളുടെ പേര്‌.
''അയൂബ്‌''
അയൂബിന്റെ കൈകളില്‍ ഞാന്‍ ഒന്ന്‌ അമര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ഒരിക്കല്‍കൂടി ചോദിച്ചു.
''അയൂബ്‌, നിങ്ങള്‍ എന്തിനാണ്‌ മരിക്കാന്‍ ആഗ്രഹിക്കുന്നത്‌?നിങ്ങള്‍ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനല്ലേ?''
അയാള്‍ പതുക്കെ എഴുന്നേറ്റിരുന്നു കൊണ്ട്‌ മുഖത്തെ മണ്ണ്‌ തുടയ്‌ക്കുന്നുണ്ടായിരുന്നു.
അവന്റെ നിശബ്‌ദതയിലും തിരമാലകളേക്കാള്‍ ഉച്ചത്തില്‍ ഹൃദയം ഇരമ്പുന്നത്‌ എനിക്ക്‌ കേള്‍ക്കാമായിരുന്നു.
''പറയൂ അയൂബ്‌.....നിങ്ങള്‍ക്ക്‌ എന്ത്‌ പറ്റി? ഒരു പക്ഷേ, നിങ്ങളെ സഹായിക്കാന്‍ എനിക്കായേക്കും. പറയൂ...''
അപ്പോഴേക്കും ആ ഹൃദയത്തില്‍ ഇരമ്പിയ തിരമാലകള്‍ കണ്ണൂനീരായി കവിളില്‍ക്കൂടി ഒഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന്‌ അവനെ കുറെയേറെ ശാന്തനായും കാണപ്പെട്ടു.
അയൂബ്‌ ആരോടെന്നില്ലാതെ പറഞ്ഞു.
''ഞാന്‍ കുറ്റവാളിയാണ്‌. പടച്ചവന്‍ പോലും എന്നോട്‌ പൊറുക്കില്ല. ഞാന്‍ പാപിയാണ്‌. റബ്ബേ..... മാപ്പിരക്കാന്‍ യോഗ്യനല്ലല്ലോ ഞാന്‍...''
ആര്‍ത്തലച്ചുകൊണ്ടേയിരുന്നു.
അപ്പോഴേക്കും ചുവന്ന സൂര്യനും മണല്‍ത്തിരകളെ ഉല്ലാസത്തിമിര്‍പ്പില്‍ ആറാടിച്ച മനുഷ്യരും ആ തീരം വിട്ടൊഴിഞ്ഞു പോയിരുന്നു. ബീച്ചില്‍ സ്‌ഥാപിച്ചിരുന്ന ഹാലജന്‍ ബള്‍ബിന്റെ പ്രകാശത്തില്‍ ഞാന്‍ വീണ്ടും ആ മുഖം കാണുന്നുണ്ടായിരുന്നു. ആ കണ്ണുകള്‍ എന്നോട്‌ എന്തോക്കെയോ പറയാന്‍ കൊതിക്കുന്നതായി എനിക്ക്‌ തോന്നിയിരുന്നു.
അല്‍പ്പം വിശ്രമത്തിന്‌ ശേഷം അയൂബ്‌ സ്വന്തം കഥ എന്നോട്‌ പറഞ്ഞു തുടങ്ങി.
''ഞാന്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി എന്ന സ്‌ഥലത്ത്‌ ഒരു യാഥാസ്‌ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ചതാണ്‌. ബാപ്പയും ഉമ്മയും മുതിര്‍ന്ന ഒരു സഹോദരിയും, ഞാനം, ഒരു കുഞ്ഞനുജത്തിയും അടങ്ങുന്നതാണ്‌ എന്റെ കുടുംബം. അമ്മ എന്റെ കുഞ്ഞ്‌ പ്രായത്തില്‍ തന്നെ മരണപ്പെട്ടു. ഞങ്ങളൂടെ കുഞ്ഞ്‌ പ്രായത്തില്‍ തന്നെ ബാപ്പ എന്നെയും സഹോദരിമാരെയും ഉപേക്ഷിച്ച്‌ കൊച്ചിയില്‍ പുതിയ വിവാഹം കഴിച്ച്‌ ജീവിതമാരംഭിച്ചു. ഞങ്ങള്‍ മൂന്ന്‌ പിഞ്ചു കുഞ്ഞുങ്ങളെ ഞങ്ങളുടെ കാര്‍ണോര്‍ ഏറ്റെടുത്ത്‌ സ്വന്തം വീട്ടില്‍ മാതാപിതാക്കളില്ലാത്തതിന്റെ കുറവുകളൊന്നും അറിയിക്കാതെ തന്നെ വളര്‍ത്തുകയായിരുന്നു. അവിടെയും മൂന്ന്‌ മക്കള്‍. രണ്ട്‌ സഹോദരന്മാരും ഇളയതായി ഒരു സഹോദരിയും.
ഞങ്ങള്‍ എല്ലാവരും ഏകോദര സഹോദരങ്ങളെപ്പോലെ തന്നെ വളര്‍ന്നു വന്നു. എനിക്ക്‌ ഒരു വയസ്സ്‌ ഇളയതായി കാര്‍ണോര്‍ക്കുള്ള ഏക മകള്‍ റംല.
റംലയും ഞാനും ഇരട്ടകളെപ്പോലെയായിരുന്നു. എല്ലാ കാര്യങ്ങളിലും അങ്ങിനെ തന്നെ. ഓള്‍ ഒരു മൊഞ്ചത്തിക്കുട്ടിയായിരുന്നു. ഓള്‍ ഒരു രാജകുമാരി കണക്കെ സുന്ദരിയായിരുന്നു. ഗോതമ്പിന്റെ നിറവും കരിനീല മിഴികളും മുട്ടോളമെത്തുന്ന പനംകുല കണക്കെയുള്ള മുടിയും വെണ്ണക്കല്ലില്‍ കടഞ്ഞെടുത്ത ശില്‍പം കണക്കെ തട്ടമിട്ട്‌ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മുംതാസിനെക്കാളും സൗന്ദര്യവതിയായ റംല എനിക്കെന്നും ഒരു ഹരമായിരുന്നു. ഓളെനിക്ക്‌ ഒരു ഭ്രമമായി തീര്‍ന്നിരുന്നു.
കൗമാരക്കാരനായപ്പോഴേക്കും എന്റെ ചിന്തകള്‍ അല്‍പ്പം വഴിപിഴച്ചു തുടങ്ങി. ഓള്‍ എന്റെ മാമയുടെ മകളാണ്‌. എന്റെ മുറപ്പെണ്ണാണ്‌. ആ നിലക്ക്‌ ഞാന്‍ ഇടപെട്ട്‌ തുടങ്ങിയിരുന്നു.
ഇത്തയുടെ വിവാഹവും കാര്‍ണോര്‍ (മാമ) തന്നെ കഴിപ്പിച്ചയച്ചു. ബാപ്പ ഇടയ്‌ക്ക് എപ്പോഴെങ്കിലും ഞങ്ങളെ വന്ന്‌ കാണുക മാത്രമേ ഉണ്ടായിള്ളൂ. ഞങ്ങള്‍ക്ക്‌ എല്ലാം മാമയും കുടുംബവുമായിരുന്നു. എന്നിട്ടും എന്റെ ഉള്ളില്‍ ചെകുത്താന്‍ കയറിയിരുന്നു.
ഇതിനോടകം റംലയുടെ വിവാഹവും ഒരു ഗള്‍ഫ്‌കാരനെ കൊണ്ട്‌ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക്‌ ജോലിയും മറ്റ്‌ വരുമാന മാര്‍ഗ്ഗങ്ങളും ഒന്നും തന്നെയില്ലാതിരുന്നതിനാല്‍ എന്നെയും ഒരു തൊഴില്‍ പഠിപ്പിക്കുന്നതിനായി എന്റെ കാര്‍ണോര്‍ അതിനുള്ള അവസരവും ഒരുക്കിയിരുന്നു.
''എനിക്ക്‌ റംലയോടുള്ള ഇഷ്‌ടം വീട്ടില്‍ അറിയിക്കുന്നതിന്‌ എന്റെ നാവനങ്ങിയതുമില്ല. എന്റെ ഇത്തയുടെ കല്ല്യാണം പോലെ തന്നെ റംലയുടെ കല്ല്യാണവും പുക്കാറായി നടന്നു''
കല്ല്യാണത്തിന്‌ ഞാനും നന്നായി സഹകരിച്ചു. വിവാഹ ശേഷം ലീവ്‌ തീര്‍ന്ന മുറയ്‌ക്ക് ഞാനും ഏതാണ്ട്‌ ഒരു മാസത്തെ ദാമ്പത്യത്തിന്‌ ശേഷം റംലയുടെ കെട്ടിയോനും അവിടം വിട്ടിരുന്നു.
എന്റെ ഖല്‍ബില്‍ ഒരു ഇബിലീസ്‌ കുടിയിരിപ്പുണ്ടായിരുന്നു. വീണ്ടും ഓളുമായി ഫോണിലൂടെ വിളിച്ചും, മെസ്സേജ്‌ അയച്ചും ലോഹ്യം കൂടുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഓന്‍ ആരോടും ഒന്നും പറയാതെയാണ്‌ ലീവിന്‌ വന്നിരുന്നത്‌. അതുകൊണ്ട്‌ ഞാനും അറിഞ്ഞിരുന്നില്ല.ഓനെ ഞാന്‍ ഇക്ക എന്നാണ്‌ വിളിച്ചിരുന്നതെങ്കിലും പേര്‌ ഹക്കീം എന്നായിരുന്നു. എന്റെ മെസ്സേജുകളും മറ്റും കാണുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതായി ഞാന്‍ അറിഞ്ഞിരുന്നു. എങ്കിലും ഇതൊന്നും അറിയാത്ത മട്ടില്‍ ഞാന്‍ ഹക്കീം ഇക്കയോട്‌ മറ്റെല്ലാപേരോടും എന്ന പോലെ പെരുമാറിക്കൊണ്ടിരുന്നു. എനിക്ക്‌ ആകെയുള്ള ആശ്വാസം ഓളുടെ കെട്ട്യോന്‍ ഒഴികെ മറ്റെല്ലാപേര്‍ക്കും എന്നോട്‌ വളരെ വിശ്വാസവും ഇഷ്‌ടവുമായിരുന്നു എന്നതാണ്‌. അത്‌ മൂപ്പര്‍ക്ക്‌ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.
എന്നെ ഒഴിവാക്കുന്നതിനായി ഒരു ദിവസം വീട്ടില്‍ നിന്നും കുറച്ചകലെയായി എന്നോട്‌ കയര്‍ക്കുകയും ഞങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്‌തു. പരാജിതനായ എനിക്ക്‌ ആ സംഭവം സഹിക്കാനേ കഴിഞ്ഞിരുന്നില്ല. അങ്ങിനെയാണ്‌ ഞാനും എന്റെ ചില സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ ഓനേയും പൊതിരെ തല്ലിയത്‌. അത്‌ വഴി അഭിമാനം വീണ്ടുകിട്ടിയതായി എനിക്ക്‌ തോന്നി. എങ്കിലും ഞാന്‍ പുതിയ ലാവണം തേടി നാടുവിടുകയായി.
പക്ഷേ, അടികൊണ്ട്‌ നിലത്തുവീണ ഹക്കീം ഇക്കയെ നാട്ടുകാര്‍ ആരൊക്കെയോ ചേര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌.
നടന്ന സംഭവങ്ങളൊക്കെ ഐ.സി.യു.വില്‍ കഴിഞ്ഞിന്ന ഹക്കീം ഇക്ക പറഞ്ഞാണ്‌ റംല അറിഞ്ഞത്‌. ഓള്‍ ആ സന്ദര്‍ശനത്തിന്‌ ശേഷം പുറത്തിറങ്ങിയെങ്കിലും ആരോടും ഒന്നും മിണ്ടിയില്ല. നേരെ ആശുപത്രി കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കാണ്‌ ഓള്‍ കയറിയത്‌. അവിടെ നിന്നു കൊണ്ട്‌ വീണ്ടും എനിക്ക്‌ മെസ്സേജുകള്‍ അയച്ചു. ഒടുവിലത്തേത്‌ ഇപ്രകാരമായി. എനിക്കുവേണ്ടി ആരും തമ്മില്‍ അടിക്കേണ്ട. ഞാന്‍ പോകുന്നു. നിമിഷങ്ങള്‍ക്കകം ഓള്‍ പടച്ചോന്റെ സന്നിധിയില്‍ എത്തിയിരുന്നു. ആ ഫോണും.
എന്റെ പേരില്‍ ഒരു കേസ്‌ ഉള്ളതായി പലരില്‍ നിന്നും അറിഞ്ഞെങ്കിലും ഞാന്‍ നാട്ടിലേക്ക്‌ വന്നിരുന്നില്ല. എന്റെ ബാപ്പ എന്നെ ഒളിപ്പിച്ചു നിര്‍ത്തിയതായി പോലീസ്‌ സംശയിച്ചതുകൊണ്ട്‌ ബാപ്പയെ അന്വേഷിച്ച്‌ പോലീസ്‌ എത്തിയിരുന്നു.
അങ്ങനെ എന്റെ ബാപ്പയാണ്‌ എന്നെ കണ്ടെത്തി തന്ത്രത്തില്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചത്‌. അതുവഴി ഞാന്‍ കുറച്ചു കാലം ജയിലിലും കിടന്നു.
അപ്പോഴും എന്റെ ബാപ്പ എന്നെ തേടി എത്തിയിരുന്നില്ല. എനിക്ക്‌ ജയിലില്‍ ഉദ്യോഗസ്‌ഥന്മാരോടും, സഹതടവുകാരോടും അത്ര നന്നായി പെരുമാറാനായില്ല. അവിടെ എന്റെ സഹോദരങ്ങളും കാര്‍ണോരും മറ്റ്‌ ചില ബന്ധുക്കളും വന്ന്‌ സാന്ത്വനിപ്പിച്ചിരുന്നു.
കുറ്റബോധം എന്റെ ഹൃദയത്തെ ഒരു വിഷ സര്‍പ്പം കണക്കേ ഓരോ നിമിഷവും ധ്വംസിച്ചു കൊണ്ടേയിരുന്നു. ആരോടും ഒന്നും ഏറ്റുപറയാനോ പശ്‌ചാത്തപിക്കാനോ എനിക്ക്‌ കഴിഞ്ഞില്ല.''
അയൂബിന്റെ പരിദേവനം കേട്ടു കൊണ്ടിരിക്കാനല്ലാതെ ഒന്നും ഉരിയാടാന്‍ എനിക്കും കഴിഞ്ഞില്ല. അയാളുടെ ഗദ്‌ഗദങ്ങള്‍ ആ തീരത്ത്‌ പ്രതിധ്വനികള്‍ ഉണ്ടാക്കുന്നതായി തോന്നി.
പൂര്‍ണ്ണചന്ദ്രന്റെ പ്രകാശ രാജികള്‍ അറബിക്കടലിന്റെ പട്ടുറുമാലിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. ഒരു പക്ഷേ, തിരമാലകള്‍ക്കപ്പുറം നിന്ന്‌ റംല അയ്യൂബിനെ മാടിവിളിച്ചിട്ടുണ്ടാകാം. റംലയുടെ പട്ടുറുമാലിനും അതിലേറെ ശോഭ തോന്നിയിട്ടുണ്ടാകാം. അല്‍പ നിശബ്‌ദതയ്‌ക്ക് ശേഷം അയാള്‍ എഴുന്നേറ്റ്‌ സാവധാനം തിരമാലകളെ ലക്ഷ്യം വെച്ചുകൊണ്ട്‌ നടക്കുകയായി.
വീണ്ടും ചുഴലിരോഗം വന്നിട്ടാകാം, ആ ചെറുപ്പക്കാരന്‍ ചെറു തിരമാലയെ ചവിട്ടി നടക്കുന്നതിനിടയില്‍ വീണു. രക്ഷിക്കാനായി ഞാന്‍ ഓടി അടുത്തെങ്കിലും അപ്പോഴേക്കും പിന്നാലെയെത്തിയ ശക്‌തിയേറിയ തിരമാല അയൂബിനെ വാരിപ്പുണര്‍ന്ന്‌ അറബിക്കടലിന്റെ ആഴങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോയി.
ഒന്നും പ്രതികരിക്കാനാകാതെ നിര്‍ഗന്ധകുസുമം കണക്കെ എനിക്ക്‌ നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ചന്ദ്രനും, താരാഗണങ്ങളും മൂകസാക്ഷിയായി.

അനില്‍കുമാര്‍ കാപ്പില്‍
7994217972

Ads by Google
Saturday 11 May 2019 10.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW