Friday, June 21, 2019 Last Updated 7 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 10.14 PM

അമ്മയെ കാണാന്‍ എന്തെളുപ്പം

uploads/news/2019/05/307443/book.jpg

വിശ്വഗുരുവായ മാതാഅമൃതാനന്ദമയി ദേവിയെക്കുറിച്ച്‌ മലയാളത്തിലും ഇംഗ്ലീഷിലും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ഈ ശ്രേണിയില്‍ ഏറെ ശ്രദ്ധേയമായ കൃതിയാണ്‌ മുരളി.കെ.കൈമള്‍ എഡിറ്റ്‌ ചെയ്‌ത് പൂര്‍ണ്ണാ ബുക്‌സ് പ്രസിദ്ധീകരിച്ച അമ്മയെ കാണാന്‍ എന്തെളുപ്പം. വളരെ ഉപരിപ്ലവമായി അമ്മയോടുളള ആരാധനയും ഭക്‌തിയും പ്രകടിപ്പിക്കുന്ന കൃതിയല്ല ഇത്‌. മറിച്ച്‌ ഒരു സാധാരണ അരയകുടുംബത്തില്‍ ജനിച്ച, കേവലം പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച സുധാമണി എന്ന ഗ്രാമീണ സ്‌ത്രീ ലോകാരാദ്ധ്യയായ അമ്മയായി മാറിയതിന്‌ പിന്നിലെ കാര്യകാരണങ്ങളും ബാഹ്യവും ആന്തരികവുമായ സാഹചര്യങ്ങളും അതീവസൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന ആഴമേറിയ സൃഷ്‌ടിയാണിത്‌. കേരളത്തിന്റെ സാമുഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ ലബ്‌ധപ്രതിഷ്‌ഠരായ വ്യക്‌തിത്വങ്ങളുടെ അമ്മയെ സംബന്ധിച്ച്‌ സുചിന്തിതമായ കാഴ്‌ചപ്പാടുകളും നിരീക്ഷണങ്ങളും മിഴിവോടെ അവതരിപ്പിക്കുന്ന ഉജ്‌ജ്വലകൃതിയാണിത്‌.
മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത, എം.പി.വീരേന്ദ്രകുമാര്‍, ഉമ്മന്‍ചാണ്ടി, കെ.എം.മാത്യൂ, മളളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, ശ്രീകുമാരന്‍ തമ്പി, ഒ.രാജഗോപാല്‍, പി.വത്സല, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി, നെടുമുടി വേണു, ഉജാല രാമചന്ദ്രന്‍, സുഗതകുമാരി, കമല സുരയ്യ, പത്മാ സുബ്രഹ്‌മണ്യം, കെ.പി.എ.സി ലളിത, കവിയുര്‍ പൊന്നമ്മ...തുടങ്ങി ഒട്ടേറെ പ്രമുഖര്‍ തങ്ങള്‍ അടുത്തറിഞ്ഞ അമ്മയെ വളരെ ആഴത്തില്‍ ഈ പുസ്‌തകത്തിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്‌.
ഒപ്പം അമ്മയുടെ പിതാവും ജ്യേഷ്‌ഠസഹോദരിയും അദ്ധ്യാപികയും ഉള്‍പ്പെടെ ആ ജീവിതത്തോട്‌ വ്യക്‌തിപരമായി ഏറെ ഉള്‍ച്ചേര്‍ന്നു നിന്നവര്‍ പോലും അമ്മയിലെ അസാധാരണമായ തലങ്ങള്‍ ഇഴകീറി പരിശോധിക്കുന്നു. അത്ഭുതങ്ങള്‍ തേടുകയും കാണുകയും പറയുകയും പതിവുളളയാളല്ല ഞാന്‍. അമാനുഷികമായ സിദ്ധികളെ പറ്റി കേട്ടാല്‍ മിക്കവാറും അവിശ്വസിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യുന്ന താന്‍ പോലും അടുത്തറിഞ്ഞപ്പോള്‍ അമ്മ അസാധാരണശക്‌തി വൈഭവമുളള മഹത്‌വ്യക്‌തിയാണെന്ന്‌ തിരിച്ചറിഞ്ഞതായി സുഗതകുമാരി സാക്ഷ്യപ്പെടുത്തുന്നു.
മള്ളിയുര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്‌ അമ്മയെ വിലയിരുത്തുന്നത്‌ ഇങ്ങനെയാണ്‌: 'അശരണരായ എത്രയോ ആളുകള്‍ക്ക്‌ ആശ്വാസം പകരുക എന്ന വലിയ കാര്യം അമ്മ ചെയ്യുന്നു. കുഷ്‌ഠരോഗിയുടെ വ്രണം അമ്മ നക്കിയെടുത്തെന്ന്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. ആ രോഗിയുടെ അസുഖം മാറിയതായും പറയുന്നു. പാവങ്ങളോടും ദുഖിതരോടും രോഗികളോടും അമ്മ കാണിക്കുന്ന കരുണയാണ്‌ അമ്മയുടെ ഉപാസന. അമ്മ ഒരു അഭൗമശക്‌തി വിശേഷമാണെന്നും അമ്മയെ അവതാരമായാണ്‌ താന്‍ കാണുന്നതെന്നും മള്ളിയൂര്‍ പറയുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു സര്‍ക്കാരിന്‌ പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ്‌ പൊതുസമൂഹത്തിന്‌ വേണ്ടി അമ്മ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മിഭായി തമ്പുരാട്ടി തന്റെ ഒരു നേരനുഭവം പുസ്‌തകത്തിലൂടെ പങ്ക്‌ വയ്‌ക്കുന്നു. ഒരിക്കല്‍ അമ്മയെ കാണാന്‍ പോയ തന്നോട്‌ ആരോഗ്യം ശ്രദ്ധിക്കണമെന്ന്‌ അമ്മ പറയുകയുണ്ടായി. സ്വന്തം അറിവില്‍ പൂര്‍ണ്ണ ആരോഗ്യവതിയായിട്ടും എന്തിനാണ്‌ അമ്മ അങ്ങനെ പറഞ്ഞതെന്ന്‌ അവര്‍ അത്ഭുതപ്പെടുകയുണ്ടായി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ അവര്‍ക്ക്‌ വലിയൊരു ശസ്‌ത്രക്രിയയെ അഭിമുഖീകരിക്കേണ്ടി വന്നു. സമാനമായ അനുഭവമുളള ഒട്ടേറെ പേര്‍ സമൂഹത്തിന്റെ വിവിധ ശ്രേണിയിലുണ്ട്‌.
ക്രിസോസ്‌റ്റം തിരുമേനി അമ്മയെ വിലയിരുത്തുന്നത്‌ ഇങ്ങനെ: 'തന്റെ മുന്നിലെത്തുന്നവരെ മുഴുവന്‍ അമ്മ സ്വീകരിക്കുന്നു. അവരുടെ സങ്കടങ്ങള്‍ കേള്‍ക്കുന്നു. തന്റെ മുന്നിലെത്തുന്നവര്‍ കളളനാണോ നല്ലവനാണോ എന്ന്‌ ചിന്തിക്കാതെ അവന്റെ വേദന അമ്മ ഉള്‍ക്കൊളളുന്നു. ദൈവത്തിന്റെ സൃഷ്‌ടിയെന്നു കരുതി എല്ലാ മനുഷ്യരെയും അമ്മ സ്‌നേഹിക്കുന്നു'
18 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ താന്‍ ആദ്യമായി അമ്മയെ കാണാന്‍ പോയ ദിവസം നെടുമുടി വേണു ഓര്‍മ്മിക്കുന്നത്‌ ഇങ്ങനെ: ''അന്ന്‌ അധികം തിരക്കില്ല. ദൂരെ നിന്ന്‌ കണ്ടു. അമ്മ ഒരു ഓലക്കുടിലിന്റെ ഉമ്മറത്ത്‌ ഇരിക്കുന്നു. ഓരോരുത്തരായി അച്ചടക്കത്തോടെ അമ്മയുടെ അടുത്തേക്ക്‌ ചെല്ലുന്നു. അമ്മ അവരെ മാറോട്‌ അണയ്‌ക്കുന്നു. എന്തിനാണ്‌ ഇവരൊക്കെ കുഞ്ഞുങ്ങളെ പോലെ കരയുന്നത്‌. എനിക്ക്‌ അത്ഭുതമായി.
അമ്മയുടെ വെളളസാരിയുടെ തോളറ്റത്ത്‌ കണ്ണീരിന്റെ നനവും പടര്‍ന്ന കണ്‍മഷിയും. എന്റെ ഊഴമായി. നടനായ എന്നെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്ന്‌ തോന്നി. കരുതി നില്‍ക്കണം. മറ്റുളളവര്‍ക്കുണ്ടായ പതര്‍ച്ചയുണ്ടാവരുത്‌. അടുത്തു ചെന്ന എന്നെ അമ്മ തോളോട്‌ ചേര്‍ത്ത്‌ ചെവിയില്‍ മെല്ലെ വിളിച്ചു. മോനെ ചക്കരക്കുട്ടാ... കുഞ്ഞായിരുന്നപ്പോള്‍ എന്നോ അതോ ഗര്‍ഭാവസ്‌ഥയിലോ പെറ്റമ്മയുെട വാത്സല്യത്തില്‍ കുതിര്‍ന്ന അതേ ശബ്‌ദം. ഞാന്‍ നില മറന്ന്‌ പൊട്ടിക്കരഞ്ഞു. സന്തോഷമോ നിര്‍വൃതിയോ സ്വന്തം മനസിന്റെ നിസാരതയോ? അറിയപ്പെടുന്നവന്‍...അറിയപ്പെടാത്ത മക്കളിലൊരാളായി...''
സമാനമായ അനുഭവങ്ങള്‍ മറ്റ്‌ പ്രമുഖരും പങ്ക്‌ വയ്‌ക്കുന്നു. ആത്മീയപ്രഭാവത്തിനപ്പുറത്ത്‌ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും സഹജീവികളോടുളള കാരുണ്യത്തിന്റെയും വറ്റാത്ത ഉറവ മനസില്‍ സൂക്ഷിക്കുന്ന ഒരു മഹത്‌വ്യക്‌തിത്വത്തിന്റെ ഉള്ളറകളിലേക്കുളള സഞ്ചാരമാണ്‌ ഈ പുസ്‌തകം.

അമ്മയെ കാണാന്‍ എന്തെളുപ്പം
എഡിറ്റര്‍-മുരളി.കെ. കൈമള്‍
പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌

Ads by Google
Saturday 11 May 2019 10.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW