Friday, June 21, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.55 PM

ഡാര്‍ക്ക് നൈറ്റ് ഇന്റര്‍നെറ്റിലെ ഇരുണ്ട ലോകം

''ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അക്രമ വാസനയുണ്ട് എന്ന് കരുതുക. തന്റെ സമാനമായ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ചിന്താഗതിയുമുള്ള വ്യക്തിയെ അയാള്‍ക്ക് സൈബര്‍ ലോകത്ത് കണ്ടെത്തുവാന്‍ സാധിക്കുന്നു. മറ്റേ ആള്‍ ഒരു പക്ഷേ, അടുത്ത പഞ്ചായത്തിലോ ചിലപ്പോള്‍ വടക്കേ അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ളതോ ആവാം''
uploads/news/2019/05/307392/internet110519a.jpg

നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയാണോ? ദിവസം രണ്ടോ അതില്‍ അധികമോ പോസ്റ്റുകള്‍ ഇടുന്ന വ്യക്തിയാണോ? നിങ്ങളുടെ പോസ്റ്റുകളില്‍ വരുന്ന പ്രതികരണങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ട സമയമായി. സമൂഹിക, ദാമ്പത്യ തൊഴില്‍ മേഖലയില്‍ നിങ്ങള്‍ പിന്നിലേക്ക് നടക്കുകയാണ്.

ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അക്രമ വാസനയുണ്ട് എന്ന് കരുതുക. തന്റെ സമാനമായ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ചിന്താഗതിയുമുള്ള വ്യക്തിയെ അയാള്‍ക്ക് സൈബര്‍ ലോകത്ത് കണ്ടെത്തുവാന്‍ സാധിക്കുന്നു. മറ്റേ ആള്‍ ഒരു പക്ഷേ, അടുത്ത പഞ്ചായത്തിലോ ചിലപ്പോള്‍ വടക്കേ അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ളതോ ആവാം.

ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്താനും ഒടുവില്‍ അതൊരു കുറ്റകൃത്യത്തില്‍ എത്തിച്ചേരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ വ്യക്തമായ ഒരു കുറ്റകൃത്യം ആദ്യം നടന്നത് വേള്‍ഡ് ട്രേഡ്് സെന്റര്‍ ആക്രമണത്തിലാണ്.

ഡീപ്പ് വെബ്


പുറമെ കാണുന്ന ഇന്റര്‍നെറ്റിനേക്കാള്‍ വളരെ വലിയ ലോകമാണ് ഡീപ്പ് വെബ്. ആകെ ഇന്റര്‍നെറ്റിന്റെ 85 ശതമാനം ഫെയ്‌സ് ബുക്കിലെ പ്രൈവറ്റ് ഷെയറുകള്‍, പ്രൈവറ്റ് ചാറ്റുകള്‍, േക്ലാസ്ഡ് ഗ്രൂപ്പുകള്‍, വാട്‌സാപ്പ് ഡേറ്റകള്‍, പാസ്‌വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്ന ചര്‍ച്ചാ ഫോറങ്ങള്‍, ഗവേഷണ വിവരങ്ങള്‍, സൈനിക വിവരങ്ങള്‍ തുടങ്ങി വിവിധ ഭാഷകളില്‍ വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബിലാണുള്ളത്.

ഡീപ്പ് വെബിലുള്ള അധോലോകമാണ് ഡാര്‍ക്ക് നെറ്റ്. കൂടുതലായും നിയമവിരുദ്ധമായ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അതില്‍ മയക്കുമരുന്ന്, വേശ്യാവൃത്തി, ആയുധവ്യാപാരം എന്നിവയൊക്കെ ഉള്‍പ്പെടുന്നു.

uploads/news/2019/05/307392/internet110519c.jpg

സൈബര്‍ ലോകത്തെ അന്യന്മാര്‍


യഥാര്‍ഥ ലോകത്തു ഒരു സാധാരണ വ്യക്തി ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും സൈബര്‍ ലോകത്ത് അവര്‍ കാട്ടിക്കൂട്ടുന്നു. അതുകൊണ്ടുതന്നെ ഒരു സൈബര്‍ വ്യക്തിത്വം അളക്കുക എന്നത് മനഃശാസ്ത്രജന്മാര്‍ക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. സൈബര്‍ ലോകത്തെ നിറം പിടിച്ച പ്രൊഫൈല്‍ ചിത്രങ്ങള്‍ തന്നെ ഏറ്റവും വലിയ ആകര്‍ഷണഘടകമാണ്.

അത്യാകര്‍ഷകവും വശ്യവുമായ ഒരു പ്രൊഫൈല്‍ ചിത്രം മാത്രം കൊണ്ട് അനേകരെ കബളിപ്പിക്കുന്ന ആയിരങ്ങള്‍ സൈബര്‍ ലോകത്തുണ്ട്. ആ വ്യക്തി ഒരു യഥാര്‍ഥ വ്യക്തിയാണോ, ജീവിച്ചിരിക്കുന്ന ആളാണോ ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ ശരിയാണോ എന്നൊന്നും വിശകലനം ചെയ്യുവാന്‍ ആരും മെനക്കെടാറില്ല.

സൈബര്‍ സ്റ്റാകിങ്


ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വിഭാഗത്തെയോ അപമാനിക്കുവാന്‍ വേണ്ടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി കരുതിക്കൂട്ടി നുണപ്രചരണം നടത്തുക, തെറ്റായ ആരോപണം പ്രചരിപ്പിക്കുക, വ്യക്തിഹത്യ നടത്തുക, വ്യക്തികളുടെ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കുക, ഒരാളുടെ വിവരങ്ങള്‍ ചോര്‍ത്തി അയാള്‍ക്കെതിരേ ഉപയോഗിക്കുക തുടങ്ങിയവ സൈബര്‍ സ്റ്റാക്കിങ് എന്ന കുറ്റകൃത്യത്തില്‍പ്പെടുന്നു.

തനിക്ക് തീര്‍ത്തും അപ്രാപ്യമായ വ്യക്തിയെ വരുതിയില്‍ നിര്‍ത്തുക, അസൂയ, പരാജയത്തിലുള്ള മനോവിഷമം, അന്യന്റെ വേദനയില്‍ ആനന്ദം ഇവയെല്ലാമാണ് ഈ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരകങ്ങള്‍.

സൈബര്‍ ബുള്ളിയിങ്


ഒരാളെ മാനസികമായും സാമൂഹികമായും തളര്‍ത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപരമായ പ്രസ്താവനകള്‍, നുണക്കഥകള്‍, ചിത്രങ്ങള്‍ മുതലായവ പടച്ചു വിടുന്നതിനെയാണ് സൈബര്‍ ബുള്ളിയിങ് എന്ന് വിളിക്കുന്നത്. മറ്റുള്ളവരുടെ വേദനയില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ഇത് ചെയ്യുന്നത്.

കൗമാരക്കാര്‍ക്കിടയിലാണ് ഇത് കൂടുതല്‍. തങ്ങളുടെ ഇരയെ മാനസികമായി നിലംപരിശാക്കുക എന്ന ഉദ്ദേശത്തോടെ അവര്‍ക്കെതിരെ ദുഷ്പ്രചരണം നടത്തുക, അതുവഴി അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുക.

സാഡിസം എന്ന മനോവൈകല്യമാണിതിന് പിന്നില്‍. ആരെയും തേജോവധം ചെയ്യുവാനുള്ള മനസ്, ആരും തങ്ങളെ തിരഞ്ഞുവരില്ല എന്ന ചിന്ത, സഹജീവികളുടെ വികാരങ്ങളോടുള്ള കരുതലില്ലായ്മ എന്നിവയാണ് സൈബര്‍ ബുള്ളിയിങ് എന്ന കുറ്റകൃത്യത്തിലേക്ക് ആളുകളെ നയിക്കുന്നത്. അമേരിക്കന്‍ കൗമാരക്കാരില്‍ നാലില്‍ ഒന്നും ഇപ്രാകാരമുള്ള സൈബര്‍ ബുള്ളിയിങ് മൂലം വിഷമം അനുഭവിക്കുന്നവരാണ്.

uploads/news/2019/05/307392/internet110519b.jpg

വളരെ നിസാമായി തോന്നാമെങ്കിലും അമേരിക്ക ഉള്‍പ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളുടെയും പ്രധാന സാമൂഹിക പ്രശ്‌നങ്ങില്‍ ഒന്നാണ് ഈ സൈബര്‍ ബുള്ളിയിങ്. ഇതുമൂലം സമൂഹത്തില്‍ പെരുകുന്ന മനഃശാസ്ത്ര പ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളും ആത്മഹ്യ - ലഹരി ഉപയോഗം തുടങ്ങിയ വേറെയും.

നിയന്ത്രണങ്ങളില്ലാതെ ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുച്ഛമായ വിലയില്‍ ലഭിക്കുന്ന സെല്‍ഫോണുകള്‍ ഇവയൊക്കെ വിവര സാങ്കേതിക വിദ്യയെ ജനാധിപത്യവല്‍ക്കരിച്ചു.

എന്നാല്‍ ഇവ ക്രിമിനല്‍ വാസനയുള്ളവര്‍ക്ക് ചുവപ്പ്പരവതാനി വിരിക്കുകകൂടി ചെയ്തു. ഈ സൈബര്‍ ലോകത്ത് നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, മാന്യതകള്‍ ഇവയൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാന്‍ ഇപ്പോഴും സംവിധാനങ്ങളില്ല.

ബ്ലൂവെയില്‍


ഒരുപക്ഷേ, ഒരിക്കലുമില്ലാത്ത ഒന്നിന് ഏറ്റവുമധികം പ്രചാരം ലഭിച്ചത് ബ്ലൂവെയില്‍ ചലഞ്ചിനാവും. ഈ അടുത്ത കാലത്തു നടന്ന സകല കൗമാര ആത്മഹത്യകളും ബ്ലൂവെയില്‍ എന്ന സാങ്കല്‍പ്പിക കളിയില്‍ ആരോപിച്ചിരിക്കുകയാണ്.

കേട്ടുകേള്‍വികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂവെയില്‍ ചലഞ്ച് എന്നൊരു കളിയുണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ ഇതുവരെ ലോകത്തെ ഒരു കുറ്റാന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

എന്താണ് ബ്ലൂവെയില്‍ ചെയ്യുന്നതെന്നും പറഞ്ഞിരിക്കുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്നും എന്തൊക്കെ തരത്തിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നതെന്നും അവസാനത്തെ ചലഞ്ച് ആത്മഹത്യ ചെയ്യുകയാണെന്നതുമെല്ലാം അഞ്ജാതമാണ്.

മുകളില്‍ പറഞ്ഞ 50 നിര്‍ദേശങ്ങളാണ് ഒരാള്‍ തരാന്‍ പോകുന്നതെന്നും അവസാനം നമ്മള്‍ സ്വന്തം ചെലവില്‍ മരിക്കണം എന്നു പറയുന്ന ഒരാളുടെ കൂടെ എത്രപേര്‍ കൂടും?ഞാന്‍ അവസാനം നിങ്ങളെ കൊന്നുതരാം എന്നതായിരുന്നു വാഗ്ദാനം എങ്കില്‍ കുറച്ച് ആളുകളെങ്കിലും കൂടെകൂടുമായിരിക്കും.

ബ്ലൂവെയില്‍ ചലഞ്ച് എന്ന ഗെയിം യഥാര്‍ഥത്തിലുള്ള ഒന്നല്ല എന്ന് കേരള പോലീസിന്റെ സൈബര്‍ മേധാവി തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു പ്രാചരണം മുതലെടുത്ത് അതിന്റെ മറവില്‍ ചില ആുകള്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ കുടുക്കാനുള്ള ഒരു ഉപാധിയായി ഇതിനെ മുതലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനോവിഭ്രാന്തിയോ മറ്റ് മനഃശാസ്ത്ര വൈകല്യമോ ഉള്ള കുറ്റവാളികള്‍ ഈ അവസരം എങ്ങനെ മുതലെടുക്കുമെന്ന് പറയാനാവില്ല.

uploads/news/2019/05/307392/internet110519d.jpg

അപകടം അരികിലുണ്ട്


കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ ചുറ്റുമുള്ള അപകടങ്ങളും കൂടും. കുട്ടികള്‍ വീടിനുള്ളിലും പുറത്തും എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മനസിലാക്കുക. അവരുമായി ശരിയായ ആശയവിനിമയം നടത്തണം. ധൈര്യവും മനസുറപ്പും സ്വന്തമായി എല്ലാ കാര്യങ്ങളും ചെയ്യുവാനുള്ള പ്രാത്സാഹനവും നല്‍കുക.

വളരെ ചെറുപ്പം മുതല്‍ തന്നെ അവരെ ചെറിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുക. കംപ്യൂട്ടറിന്റെയും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ഉപയോഗം നിരീക്ഷിക്കുകയും അതിനുള്ള അവകാശം നിങ്ങള്‍ക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും വേണം.

ഡോ. റോബിന്‍ കെ. മാത്യു
സൈബര്‍ സൈക്കോളജി കണ്‍സള്‍ട്ടന്റ്, കോട്ടയം

തയാറാക്കിയത്:
ആഷ്‌ന മുഹമ്മദാലി

Ads by Google
Ads by Google
Loading...
TRENDING NOW