Thursday, July 18, 2019 Last Updated 17 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 05.08 PM

മക്കയിൽ ഉംറ ഗ്രൂപ്പിന്റെ വഞ്ചനക്കിരയായി നാട്ടിലേക്കു മടങ്ങാനാവാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള 33 മലയാളി തീർഥാടകർ കുടുങ്ങി

uploads/news/2019/05/307221/Gulf100519e.jpg

ജിദ്ദ : മക്കയിൽ ഉംറ ഗ്രൂപ്പിന്റെ വഞ്ചനക്കിരയായി നാട്ടിലേക്കു മടങ്ങാനാവാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള 33 മലയാളി തീർഥാടകരാണ് കുടുങ്ങിയത് . ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്തവാളത്തിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട കാര്യം തീർഥാടകർ അറിയുന്നത് .

മടക്ക യാത്രാ ടിക്കറ്റ് ഇവരെ അറിയിക്കാതെ റദ്ദാക്കപ്പെട്ടതാണ് യാത്ര മുടങ്ങാൻ കാരണം.എയർ ഇന്ത്യ, ഇത്തിഹാദ്, ഒമാൻ എയർ വിമാനങ്ങളിലെത്തിയ 33 പേരാണ് നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഇവർ. കോൺസുലേറ്റിന്റെയും കെ.എം.സി.സിയുടെയും ഇടപെടലിൽ മക്കയിൽ താൽക്കാലിക താമസം ലഭ്യമായിട്ടുണ്ടെങ്കിലും എന്നു നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് തീർഥാടകർ .

മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഗൈഡ് ട്രാവൽ ആന്റ് ടൂറിസം ഏജൻസിയുടെ കീഴിലെത്തിയ തീർഥാടകരാണ് ഇപ്പോൾ പെരുവഴിയിലായത്.

മണ്ണാർക്കാട് അലനല്ലൂർ സ്വദേശി അക്ബർ അലിയാണ് ഏജൻസി നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളിൽനിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. ഇദ്ദേഹം ഇപ്പോൾ മുങ്ങിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മറ്റു ഗ്രൂപ്പുകളേക്കാളും കുറഞ്ഞ നിരക്കിൽ ഉംറ തീർഥാടനം വാഗ്ദാനം ചെയ്താണ് ആളുകളെ ആകർഷിച്ചിരുന്നത്. 100 കണക്കിനാളുകളിൽ നിന്നും കെണിയിലകപ്പെടുത്തി അവരിൽനിന്ന് പണം
ഈടാക്കി അതു റോൾ ചെയ്ത് ഇടക്കിടെ കുറച്ചു പേരെ വീതം ഉംറക്കു വിവിധ എയർലൈൻസുകളിൽ കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കൂടാതെ സബ് ഏജന്റുമാർ മുഖേനയും സാമൂഹിക, വാർത്താ മാധ്യമങ്ങളിൽ പരസ്യം നൽകിയുമായിരുന്നു ഇവർ തീർഥാടകരെ ആകർഷിച്ചിരുന്നത് .
എയർ ഇന്ത്യ, ഇത്തിഹാദ്, ഒമാൻ എയർ വിമാനങ്ങളിലെത്തിയ 33 പേരാണ് നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. ഇതേ ഏജൻസിക്കു കീഴിൽ ഇവർക്കു ശേഷം എത്തിയ 50 ലേറെ പേർക്കും ഇതേ പ്രയാസമാണ് നേരിടാൻ പോകുന്നതെന്നും യാത്ര മുടങ്ങി മക്കയിൽ കഴിയുന്നവർ വ്യക്തമാക്കി .

നിശ്ചിത ദിവസങ്ങൾക്കു ശേഷം മടക്കയാത്രക്ക് വിമാനത്താവളത്തിലെത്തുമ്പോഴായിരിക്കും തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം തീർഥാടകർ അറിയുക. ട്രാവൽ ഏജന്റ് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ചെയ്‌തെന്നാണ് എയർ ലൈനുകൾ നൽകുന്ന വിശദീകരണം. സാധാരണ ഉംറ തീർഥാടകരെ ഒന്നിച്ച് ഒരു വിമാനത്തിലാണ് ഏജൻസികൾ കൊണ്ടു വരാറ്. പക്ഷേ, വ്യത്യസ്ത എയർലൈൻസുകളിൽ ഘട്ടം ഘട്ടമായി ബുക്ക് ചെയ്താണ് ഇവരെ എത്തിച്ചത്.

യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ പ്രശ്‌നം ജിദ്ദ കെ.എം.സി.സിയാണ് കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കോൺസുലേറ്റും എയർലൈൻസ് അധികൃതരും ഉംറ തീർഥാടകർക്ക് മക്കയിൽ സൗകര്യമൊരുക്കുന്ന ഏജൻസിയുമായും സംസാരിച്ചാണ് യാത്ര മുടങ്ങിയവർക്ക് മക്കയിൽ താൽക്കാലിക താമസമൊരുക്കിയത്. നാട്ടിലേക്കു എത്രയും വേഗം മടക്കം സാധ്യമാക്കാമെന്നും ഉംറ തീർഥാടകരുടെ ചുമതലയുള്ള മക്കയിലെ ഏജൻസി ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ടിക്കറ്റിന്റെ ലഭ്യതയനുസരിച്ചായിരിക്കും അതു സാധ്യമാവുക.

നേരത്തെ മക്കയിൽ താമസിക്കുന്നതിനിടെ പൈസ ലഭിച്ചിട്ടില്ലെന്ന പരാതിയിൽ ഹോട്ടലുടമയും ഇവരെ ഇറക്കിവിടാൻ ഒരുങ്ങിയിരുന്നു. പിന്നീട് ഇത് സംസാരിച്ച് പരിഹരിച്ചു. മദീനാ സന്ദർശനം സാധ്യമാകണമെങ്കിൽ 250 റിയാൽ വീതം നൽകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.

പലരുടേയും കൈവശം പൈസ ഉണ്ടായിരുന്നില്ലെങ്കിലും നാട്ടിലെത്തിയാൽ നൽകാമെന്ന വാഗ്ദാനം നൽകിയും ഉള്ളവർ കൊടുത്തുമാണ് മദീന യാത്ര തരപ്പെടുത്തിയത്. അതിനു ശേഷം നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റില്ലെന്ന് അറിയുന്നത്. രോഗികളും പ്രായമായവരുമടക്കമുള്ള സംഘം ഇതുമൂലം ഏറെ പ്രയാസപ്പെട്ടു. ഇതിൽ 20 പേർ സ്ത്രീകളും രണ്ടു കുട്ടികളുമാണ്. സാമൂഹ്യ പ്രവർത്തകരുടേയും കോൺസുലേറ്റിന്റെയും ഇടപെടലാണ് ഇവർക്ക് ആശ്വാസം പകർന്നത്.

അതിനിടെ പിതാവിന് സുഖമില്ലെന്ന വിവരം അറിഞ്ഞ് സംഘത്തിലുള്ള തീർഥാടകനായ പാലക്കാട് സ്വദേശി ഷമീം മുഹമ്മദലി സ്വന്തം കൈയിൽനിന്ന് ടിക്കറ്റെടുത്ത് നാട്ടിലേക്കു മടങ്ങി. മുൻ പ്രവാസിയായ ഇദ്ദേഹം സുഹൃത്തുക്കളിൽനിന്നാണ് മടക്ക ടിക്കറ്റിനാവശ്യമായ പണം കണ്ടെത്തിയത്. അതിനിടെ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും തനിക്ക് ആത്മഹത്യയല്ലാതെ വേറെ പോംവഴിയില്ലെന്നും ഏജന്റ് തങ്ങൾക്ക് ശബ്ദസന്ദേശം അയച്ചതായി തട്ടിപ്പിനിരയായവർ പറഞ്ഞു.

ഇത്തരം തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യാത്ര മുടങ്ങി വിമാനത്തവാളത്തിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിന് നേതൃത്വം നൽകിയ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ആവശ്യപ്പെട്ടു. ഉംറക്കു വരുന്നവർ രജിസ്റ്റേർഡ് ഏജൻസികൾ മുഖാന്തിരമായിരിക്കണം വരേണ്ടതെന്നും ഇക്കാര്യത്തിൽ വശ്വാസ്യത നേടിയ അംഗീകൃത ട്രാവൽ ഏജൻസികളെയായിരിക്കണം സമീപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി .

ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഇവർ.ജിദ്ദ കോൺസുലേറ്റിന്റെയും കെ.എം.സി.സിയുടെയും ഇടപെടലിൽ മക്കയിൽ താൽക്കാലിക താമസം ലഭ്യമായിട്ടുണ്ടെങ്കിലും എന്നു നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് തീർഥാടകർ .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Friday 10 May 2019 05.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW