Monday, May 20, 2019 Last Updated 27 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 02.44 PM

ശോ... ഞാന്‍ തേപ്പുകാരിയല്ല

''ഇടവേളകള്‍ അവസാനിപ്പിച്ച് ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ ഭാഗ്യനായികയായി മാറുകയാണ് നിഖില വിമല്‍. ''
uploads/news/2019/05/307196/nikhilavimalINW100519b.jpg

രാസാത്തിയായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് നിഖില വിമല്‍. അയലത്തെ കുട്ടിയുടെ നിഷ്‌കളങ്കതയുള്ള ആ മുഖം മലയാളികള്‍ ഇടയ്ക്കൊന്ന് മറന്നുതുടങ്ങുമ്പോഴായിരിക്കും പുതിയൊരു വേഷത്തില്‍ നിഖില പ്രത്യക്ഷപ്പെടുന്നത്.

ഭാഗ്യദേവതയില്‍ നായകന്റെ അനിയത്തിയായി വന്ന നിഖിലയെ പ്രേക്ഷകര്‍ പിന്നീട് ലൗ 24റ്റ7 ല്‍ നായികയായാണ് കണ്ടത്. അരവിന്ദന്റെ അതിഥികള്‍ക്കുശേഷം നിഖിലയുടെ സമയം തെളിഞ്ഞുവെന്ന് പറയാം.

സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നിഖില സത്യന്‍ അന്തിക്കാട് ചിത്രത്തില്‍തന്നെ നായികയുമായി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിനുശേഷം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായി തിളങ്ങുകയാണ് നിഖില.

വിഷുക്കൈനീട്ടമായി കരുതുന്ന മേരാ നാം ഷാജി എന്ന ചിത്രത്തെക്കുറിച്ച് ?


മുന്‍പ് ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഒരു കോമഡി ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഈ മാറ്റം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊരു പേടിയുണ്ടെങ്കിലും നാദിര്‍ഷിക്കയുടെ പടമായതുകൊണ്ട് മോശമാകില്ലെന്നു വിശ്വാസമുണ്ട്.

മൂന്ന് ഷാജിമാരുടെ കഥ പറയുന്ന ചിത്രത്തില്‍ മൂന്നുപേര്‍ക്കൊപ്പവും എനിക്ക് കോമ്പിനേഷന്‍ സീനുകളുണ്ട്. ചിത്രത്തില്‍ ആസിഫ് അലിയുടെ പെയറാണ്. മൂന്ന് ഷാജിമാരെ കണക്ട് ചെയ്യുന്ന കഥാപാത്രം. കരിയറില്‍ രസകരമായ അനുഭവങ്ങള്‍ സമ്മാനിച്ച ചിത്രമായിരുന്നു മേരാ നാം ഷാജി.

തുടക്കം പിഴച്ചെങ്കിലും ഇപ്പോള്‍ ഭാഗ്യനായികയായല്ലോ?


ഞാന്‍ പ്രകാശനും മേരാ നാം ഷാജിയുമൊക്കെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അരവിന്ദന്റെ അതിഥികള്‍ക്കുശേഷമാണ് നല്ല സിനിമകള്‍ കിട്ടി തുടങ്ങിയത്. പിന്നീട് വന്ന ഞാ ന്‍ പ്രകാശനും മേരാ നാം ഷാജിയുമൊക്കെ പ്രേക്ഷകര്‍ക്കിഷ്ടമായെന്നറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

അഭിനയിച്ച സിനിമകള്‍ ഒരുപാട് പ്രേക്ഷകര്‍ കാണുമ്പോഴാണ് വീണ്ടും അഭിനയിക്കാന്‍ തോന്നുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന രീതിയിലുള്ള സിനിമകളുടെ ഭാഗമാകാനാണെനിക്കിഷ്ടം. ഇപ്പോള്‍ കുറച്ചൊക്കെ സെലക്ടീവാകാന്‍ ശ്രമിക്കാറുണ്ട്. ചില സിനിമകളുടെ കഥ ആദ്യം കേള്‍ക്കുമ്പോഴേ ഇഷ്ടപ്പെടും. ഒരു കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടാലല്ലേ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടൂ. അങ്ങനെയൊക്കെ ആലോചിച്ച് സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

സത്യന്‍ അന്തിക്കാട് കുടുംബത്തിലെ പല അംഗങ്ങളുടെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി?


ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയതെങ്കിലും ലവ് 24റ്റ7 എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. ശ്രീബാല ചേച്ചി സംവിധാനം ചെയ്ത സിനിമയില്‍ ദിലീപേട്ടന്റെ നായികയായിരുന്നു. സത്യന്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ശ്രീബാല ചേച്ചി. അരവിന്ദന്റെ അതിഥികള്‍ സംവിധാനം ചെയ്ത മോഹനേട്ടന്‍ സത്യനങ്കിളിന്റെ അസിസ്റ്റന്റ് ആയിരുന്നു.
uploads/news/2019/05/307196/nikhilavimalINW100519.jpg

മലയാളത്തില്‍ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ ആ കുടുംബത്തിന് (സത്യനങ്കിളിന്റെ) അകത്തുള്ളവരുടെ സിനിമ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. ഇപ്പോഴാണ് ഞാന്‍ മറ്റു പടങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നത്.

എട്ടില്‍ പഠിക്കുമ്പോഴാണ് ഭാഗ്യദേവത ചെയ്യുന്നത്. അന്നു മുതല്‍ ഇന്നുവരെയും എനിക്കവരെ അറിയാം. ഒരു ഫാമിലി ഫീല്‍ ഉള്ളതുകൊണ്ടുതന്നെ അവിടെയാണ് നമ്മള്‍ ഏറ്റവും കംഫര്‍ട്ടായി ഇരിക്കുക. അവര്‍ക്കൊപ്പമുള്ള സിനിമകളില്‍ നിന്ന് ഒരേ വൈബാണ് കിട്ടുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫാമിലി ഫീലുള്ള സെറ്റുകളാണവരുടേത്. തുടര്‍ച്ചയായി സത്യനങ്കിളിന്റെ ടീമിലുള്ളവരുടെ സിനിമകളുടെ ഭാഗമാവുക എന്നത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ലെന്ന് എനിക്കറിയാം.

ഞാന്‍ പ്രകാശനിലെ കഥാപാത്രത്തിന് ശേഷം തേപ്പുകാരി എന്നൊരു ഇമേജ് കിട്ടിയല്ലേ?


ഞാന്‍ പ്രകാശനിലെ സലോമി ഇഷ്ടപ്പെട്ട ആളെ മന:പ്പൂര്‍വം ഒഴിവാക്കുന്ന പെണ്‍കുട്ടിയല്ല. അതൊരു പകരം വീട്ടല്‍ മാത്രമാണ്. പ്രേക്ഷകര്‍ക്കത് മനസിലാകാത്തതിന്റെ കാരണമെന്താണെന്നറിയില്ല. എങ്കിലും സിനിമയിലായാലും ജീവിതത്തിലായാലും പെണ്‍കുട്ടികളെ തേപ്പുകാരി എന്ന് വിളിക്കുന്നത് ശരിയല്ല. ആണുങ്ങളെ തേപ്പുകാരന്‍ എന്ന് വിളിക്കാറില്ലല്ലോ.

പൊതുവില്‍ എനിക്ക് നെഗറ്റീവ് ക്യാരക്ടറുകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ 'തേപ്പ്' എന്നുള്ള രീതിയില്‍ ഒരു കഥാപാത്രമായി വരുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഡിസ്‌കംഫര്‍ട്ടബിള്‍ ആണ്. സിനിമ ഇറങ്ങിയ ശേഷം സലോമിയെക്കുറിച്ചുള്ള ട്രോളുകളൊക്കെ ഞാനും കണ്ടു. സിനിമ കണ്ടവര്‍ക്ക് സലോമിയെ മനസിലായിട്ടുണ്ടാവുമെന്നാണ് എന്റെ വിശ്വാസം.

അഭിനയിച്ച സിനിമകളൊക്കെയും സീനിയറായ അഭിനേതാക്കള്‍ക്കൊപ്പമായിരുന്നു ?


ഭാഗ്യദേവത മുതലുളള സിനിമികളില്‍ സീനിയര്‍ താരങ്ങള്‍ക്കൊപ്പമാണ് അഭിനയിച്ചത്. ലൗ 24റ്റ7 ല്‍ ശ്രീനിയങ്കിളിനൊപ്പവും ദിലീപേട്ടനൊപ്പവും വര്‍ക്ക് ചെയ്തു. സീനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ട്.

പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയുള്ള കോമ്പിനേഷനാണ് സത്യന്‍ അങ്കിള്‍ ശ്രീനി അങ്കിള്‍ സിനിമകള്‍. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ നായികയാവുന്നതിനൊപ്പം ഫഹദിന്റെ കൂടെ അഭിനയിക്കുന്നു എന്നതും സന്തോഷം തരുന്ന കാര്യമായിരുന്നു. അസാധ്യ പെര്‍ഫോമറാണ് ഫഹദിക്ക.

തമിഴില്‍ വെട്രിവേലും, കിടാരിയുമായി ശശികുമാറിനൊപ്പം രണ്ടു സിനിമയില്‍ നായികയായി അഭിനയിച്ചല്ലോ?


ഒരു നായകന്റെ നായികയായി വീണ്ടും വരിക എന്നുള്ളതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. ആദ്യത്തെ പടത്തില്‍ ഒന്നിച്ചഭിനയിച്ച ആള്‍ക്കൊപ്പം അടുത്ത പടത്തില്‍ അഭിനയിക്കുമ്പോള്‍ കുറെക്കൂടി എളുപ്പത്തില്‍ അഭിനയിക്കാനാവും. തമിഴില്‍ വെട്രിവേല്‍ കഴിഞ്ഞ ഉടന്‍ തന്നെയാണ് ഞാന്‍ കിടാരി ചെയ്യുന്നത്. ആദ്യത്തെ തമിഴ് പടത്തില്‍ വര്‍ക്ക് ചെയ്തവരായിരുന്നു കിടാരിയിലുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കംഫര്‍ട്ട് ആയിരുന്നു. അവിടെനിന്നാണ് വാസ്തവത്തില്‍ സിനിമയെക്കുറിച്ച് കുറെക്കൂടി പഠിക്കുന്നത്.

വലിയൊരു ലേണിംഗ് എക്സ്പീരിയന്‍സ് തന്ന ചിത്രങ്ങളായിരുന്നു അത്. ഒരു അഭിനേതാവിന് വേണ്ട ട്രെയിനിങ് എനിക്കവിടെ നിന്ന് കിട്ടിയിട്ടുണ്ട്. വെട്രിവേലും, കിടാരിയുമൊക്കെ ചെയ്ത ശേഷമാണ് കരിയറില്‍ സീരിയസാവണമെന്ന് തീരുമാനിക്കുന്നത്. ആ തീരുമാനമെടുക്കാന്‍ എന്നെ സഹായിച്ച സിനിമകളാണവ.

uploads/news/2019/05/307196/nikhilavimalINW100519a.jpg

മലയാളത്തില്‍ അഭിനയിച്ച് എന്തൊക്കെയോ പഠിച്ചു എന്നുവിചാരിച്ചാണ് ഞാന്‍ തമിഴ് സിനിമയില്‍ അഭിനയിക്കാനെത്തിയത്. അവിടെ ചെന്നപ്പോള്‍ എല്ലാ ഇമേജും ബ്രേക്ക് ചെയ്ത് കൊണ്ട് ഈ അഭിനയം ഒന്നും പോര എന്ന രീതിയില്‍ അവര്‍ ആദ്യം മുതല്‍ അഭിനയം പഠിപ്പിക്കുകയായിരുന്നു. അത് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരുന്നു. ഓരോ ഷോട്ടിലും അഭിനയിക്കേണ്ട രീതി പറഞ്ഞു തരുമായിരുന്നു. പഠിച്ചതിലുമേറെ ഇനിയും അറിയാനുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയതും ആ രണ്ട് സിനിമകളാണ്.

ഇതിനിടയില്‍ തെലുങ്കിലും അഭിനയിച്ചു?


ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് തെലുങ്കിലേക്ക് പോയത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ പ്രജിത് ചേട്ടന്‍ തന്നെയാണ് തെലുങ്കില്‍ സംവിധാനം ചെയ്തത്.

പൊതുവില്‍ എനിക്ക് റീമേക്ക് സിനിമകളോട് വലിയ താല്‍പര്യം കുറവാണ്. കാരണം നമ്മുടെ ഭാഷ വിട്ട് മറ്റു ഭാഷയിലേക്ക് പോകുമ്പോള്‍ നമ്മുടെ നാട്ടിലുള്ള ഒരു ഫീല്‍ ആയിരിക്കില്ല അവിടെ ഈ കഥകള്‍ക്ക് ഉണ്ടാവുക.

പ്രജിത്ത് ഏട്ടന്‍ സംവിധാനം ചെയ്യുമ്പോള്‍ വടക്കന്‍ സെല്‍ഫി പോലെ തന്നെ ആയിരിക്കുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഞാന്‍ ഏറ്റെടുക്കുന്നത്. ഭാഷ അറിയാത്ത ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും മലയാളത്തില്‍ നിന്നുള്ള ക്രൂ മെമ്പേഴ്സൊക്കെ ഉണ്ടായിരുന്നതുകൊണ്ട് അതൊക്കെ മാനേജ് ചെയ്യാനായി.

അരവിന്ദന്റെ അതിഥികള്‍ക്കുശേഷം നൃത്ത പരിശീലനത്തില്‍ മുടക്കം വന്നോ?


ചെറുപ്പത്തില്‍ നൃത്തം പഠിച്ചിട്ടുണ്ടെന്നല്ലാതെ പ്രാക്ടീസൊന്നുമില്ലായിരുന്നു. അമ്മ നൃത്താധ്യാപികയാണെങ്കിലും എനിക്ക് പ്രാക്ടീസ് ചെയ്യാന്‍ മടിയായിരുന്നു. അരവിന്ദന്റെ അതിഥികള്‍ ചെയ്ത സമയത്ത് കഥാപാത്രത്തിനുവേണ്ടി പതിവായി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. തിരക്കായതോടെ പ്രാക്ടീസ് മുടങ്ങി. വീണ്ടും തുടങ്ങണമെന്നുണ്ട്.

ഇതിനിടയില്‍ ഒരു ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാതാവായല്ലോ?


എന്റെയൊരു സുഹൃത്തിന്റെ വേലി എന്ന ഷോര്‍ട്ട് ഫിലമിന്റെ പ്രൊഡ്യൂസറായിരുന്നു. കഥ കേട്ടിഷ്ടപ്പെട്ടപ്പോള്‍ ചെയ്തുവെന്നേയുള്ളൂ.

അശ്വതി അശോക്
ഫോട്ടോ പ്രേംലാല്‍ പട്ടാഴി

Ads by Google
Ads by Google
Loading...
TRENDING NOW