Friday, June 21, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 04.34 PM

ഓട്ടിസം കൂടെ നിര്‍ത്തണം ഇവരെ

'' ചെറിയ പ്രായത്തില്‍ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്കത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും ''
uploads/news/2019/05/306981/autism090519a.jpg

കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ രൂപപ്പെടുന്ന ഒരവസ്ഥയാണ് ഓട്ടിസം. ശരിയായ ആശയവിനിമയം, സാമൂഹിക ഇടപെടല്‍ എന്നിവയൊക്കെ ഓട്ടിസമുള്ളവരില്‍ പ്രതികൂലമായി ബാധിക്കും. സ്വാഭാവികമായ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ഇത് ബാധിക്കും.

കുട്ടികളിലെ ആശയവിനിമയ ശേഷിയെ ബാധിക്കുന്ന കുറവാണ് ഓട്ടിസമുള്ള കുട്ടികളിലെ പ്രധാനപ്രശ്്‌നം. ഒറ്റയ്ക്ക് അവരുടേതായ ലോകത്തേക്ക് ഉള്‍വലിയുന്നവരാണ് ഇവര്‍. ഇതൊരു നാഡീസംബന്ധമായ അസുഖമായും, ആശയവിനിമയത്തില്‍ ഉണ്ടാകുന്ന വൈകല്യമായും കണക്കാക്കാം.

പദസമ്പത്തിന്റെ കുറവ്, ആവര്‍ത്തിച്ചുള്ള ചേഷ്ടകളും ശീലങ്ങളും എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളില്‍പ്പെടുന്നു. എന്നാല്‍ ഓട്ടിസം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വേണ്ട പരിശീലനം നല്‍കിയാല്‍ ഇവര്‍ക്കും ആശയവിനിമയശേഷി നേടിയെടുക്കാനാകും.

കുട്ടികളില്‍ ആറ് വയസിനു മുന്‍പ് ഇത് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കുകയാണെങ്കില്‍ സാധാരണ കുട്ടികളെ പോലെ ഇവര്‍ക്കും ആശയവിനിമയത്തിനു സാധിക്കും. ചെറിയ പ്രായത്തില്‍ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്കത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും.

ലക്ഷണങ്ങള്‍


ആറ് മാസമായിട്ടും കുട്ടി ചിരിക്കുകയോ, സന്തോഷത്തോടെ പ്രതികരിക്കുകയോ ചെയ്യാതിരിക്കുക.
1. പേര് വിളിക്കുമ്പോള്‍ മനസിലാകാതിരിക്കുക
2. സംസാരിക്കുന്നതിലുള്ള വൈകല്യം
3. സംസാരിച്ചു തുടങ്ങാന്‍ താമസം വരിക
4. മിതമായ സംസാരം

5. ഉച്ചാരണത്തില്‍ പല വാക്കുകളും വിട്ടുകളയുക
6. വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ വെറുതെ പറയുക
7. വാക്കുകളോ, സംഭാഷണമോ അര്‍ത്ഥപൂര്‍ണമായിരിക്കില്ല
8. ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക

uploads/news/2019/05/306981/autism090519b.jpg

9. മറ്റുള്ളവര്‍ എന്തെങ്കിലും ചോദിച്ചാല്‍ ശ്രദ്ധിക്കാതിരിക്കുക
10. സ്പര്‍ശിക്കുന്നത് എതിര്‍ക്കുക
11. മറ്റുള്ളവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിച്ചെന്നു വരില്ല.
12. ഹൈപ്പര്‍ ആക്ടീവ് ആകുക

13. പലരും ശബ്ദത്തോട് ഹൈപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കും. കുക്കര്‍, മിക്‌സി തുടങ്ങിയവയുടെ ശബ്ദം ഇവര്‍ക്ക് സഹിക്കാന്‍ പ്രയാസമായിരിക്കും.
14. സംസാരിക്കുമ്പോള്‍ പ്രത്യേക ശബ്ദത്തില്‍ സംസാരിക്കുക
15. കോപം
16. മറ്റുള്ളവരെ ഉപദ്രവിക്കുക, ബഹളം വയ്ക്കുക

17. കാരണമില്ലാതെ കരയുക
18. ശൂന്യതയില്‍ നോക്കിയിരിക്കുക

ചികിത്സയുണ്ട്


കോഗ്നിറ്റീവ് സ്റ്റിമുലേഷന്‍, സ്പീച്ച് ആന്‍ഡ് ലാംഗേജ് തെറാപ്പി എന്നിവയാണ്് ഓട്ടിസത്തിന്റെ ചികിത്സയില്‍ പ്രധാനം. ഈ പരിശീലനങ്ങളിലൂടെ കുട്ടികളില്‍ ഭാഷയും ആശയവിനിമയത്തിനുള്ള കഴിവും വളര്‍ത്തിയെടുക്കാനാകും. ഓട്ടിസമുള്ള കുട്ടികള്‍ കരയുന്ന രീതി പോലും പലതും സൂചിപ്പിക്കുന്നതാകാം. അതുകൊണ്ട് അവര്‍ക്ക് ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങള്‍ക്ക് തുടക്കമിടാന്‍ ഈ തെറാപ്പികളിലൂടെ സാധിക്കും. വളരെ ലളിതമായ ചികിത്സയാണ് ഇതിനായി നല്‍കുക.

ഓട്ടിസമുള്ള കുട്ടികളില്‍ ചിലര്‍ ഹൈപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കും. ചെറിയ വേദനയോ ശബ്ദങ്ങളോ പോലും ഇവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ മറ്റു ചിലര്‍ക്ക് വേദനയോ, ശബ്ദങ്ങളോ പ്രശ്‌നമല്ല, ഇവര്‍ ഹൈപ്പോ സെന്‍സിറ്റീവ് വിഭാഗത്തില്‍പ്പെടുന്നു. ഇങ്ങനെ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഓട്ടിസമുള്ള കുട്ടികളില്‍ ഉണ്ടാകാം.

ഇവയൊക്കെ സമതുചിതമായി പരിഹരിക്കേണ്ടതുണ്ട്്. അതിനായി ഒരു ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റിന്റെ സഹായം ആവശ്യമായി വരും. ഡബ്ല്യൂ. എച്ച്. ഒ യുടെ കാഴ്ചപ്പാടനുസരിച്ച് ചെറിയ പ്രായത്തിലുള്ള തിരിച്ചറിവാണ് പ്രധാനം. ഓട്ടിസമുള്ള കുട്ടികളെ സാധാരണ രീതിയിലേക്ക് കൊണ്ടുവരിക എന്നതാണ് ആദ്യഘട്ടത്തിലെ തെറാപ്പി കൊണ്ടുദ്ദേശിക്കുന്നത്. ഓട്ടിസമുള്ള കുട്ടികളിലുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങള്‍ വരെ തെറാപ്പിയിലൂടെ പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ ചിലരില്‍ പെരുമാറ്റ വൈകല്യങ്ങള്‍ സൈക്യാട്രിക് മരുന്നുകളുടെ സഹായത്തോടെ ചി
കിത്സിക്കേണ്ടതുണ്ട്.

കടപ്പാട്:
അനില്‍ കുമാര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ സൈക്കോളജി,
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോഗ്നിറ്റീവ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ്
ന്യൂറോസയന്‍സസ്, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW