Tuesday, June 18, 2019 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 03.57 PM

ബാലതാരമെന്നു വിളിക്കരുത് എസ്തര്‍ ഇനി നായിക

''ബാലതാരത്തില്‍ നിന്ന് നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാകുന്ന എസ്തര്‍ അനിലിന്റെ വിശേഷങ്ങള്‍. ''
uploads/news/2019/05/306489/EstheranilINW070519.jpg

പ്ലസ്ടു പരീക്ഷയുടെ ചൂടില്‍ നിന്നും തെലുങ്ക് സിനിമയുടെ ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കൊരുങ്ങുകയാണ് എസ്തര്‍ അനില്‍. ദൃശ്യത്തിലെ അനുമോളെ ഓര്‍ക്കാതെ എസ്തറിനെക്കുറിച്ച് പറയാനാവില്ല. നല്ലവന്‍ എന്ന സിനിമയിലൂടെ ബാലതാരമായാണ് എസ്തര്‍ അനില്‍ സിനിമയിലെത്തുന്നതെങ്കിലും ദൃശ്യമാണ് ഈ കുറുമ്പത്തിയുടെ കരിയറില്‍ ബ്രേക്കായത്.

ടെറ്റില്‍ റോളിലെത്തിയ ജെമിനി എന്ന ചിത്രത്തോടെ ബാലതാരം എന്ന ഇമേജില്‍ നിന്ന് വിടപറയുകയാണ് എസ്തര്‍. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഏറെ കൈയടി നേടിയ ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിനൊപ്പം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലും നായികയാണ് എസ്തര്‍.

ഈസ്റ്റര്‍ ആഘോഷങ്ങളെക്കുറിച്ച്?


കണ്ണൂരിലെ അമ്മയുടെ വീട്ടിലാണ് ഈസ്റ്റര്‍ ആഘോഷങ്ങളൊക്കെ. വേനലവധിയായതുകൊണ്ട് ആ സമയത്ത് കസിന്‍സെല്ലാം എത്തിയിട്ടുണ്ടാകും. അവര്‍ക്കൊപ്പം രാത്രി പള്ളിയില്‍ പോകും. എല്ലാവരുമൊത്തിരുന്ന് ഭക്ഷണം കഴിക്കും. പക്ഷേ നോയമ്പെടുക്കുന്ന പതിവൊന്നുമില്ല.

വിഷു ആഘോഷിക്കുന്ന പതിവുണ്ടോ?


ഒരിക്കല്‍ മാത്രം വീട്ടില്‍ കണിയൊരുക്കിയിട്ടുണ്ട്. അന്ന് വീട്ടില്‍ വന്ന കുടുംബ സുഹൃത്തുക്കളാണ് വിഷുക്കണിയെക്കുറിച്ച് പറഞ്ഞത്. അവര്‍ പറഞ്ഞതനുസരിച്ച് ഞങ്ങളെല്ലാം ചേര്‍ന്ന് പലയിടങ്ങളില്‍ നിന്നായി മാമ്പഴവും ചക്കയും കൊന്നപ്പൂവുമൊക്കെ കൊണ്ടുവന്ന് കണിയൊരുക്കി. നാണയം കൈനീട്ടം തന്നു. അതൊക്കെ ഒരിക്കലും മറക്കാനാവില്ല.

ഓള് എന്ന ഫാന്റസി ചിത്രത്തെക്കുറിച്ച്?


ഷാജി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് പേടിയായിരുന്നു. ആ പേടി കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചതാണ്. ചിത്രത്തെക്കുറിച്ച് പറഞ്ഞവരെല്ലാം സിനിമ ചെയ്യാതിരുന്നാല്‍ വലിയൊരു നഷ്ടമാകുമെന്നും പിന്നീടതോര്‍ത്ത് സങ്കടം തോന്നുമെന്നുമൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കണ്‍ഫ്യൂസ്ഡായി.
uploads/news/2019/05/306489/EstheranilINW070519a.jpg

ഷാജി സാറിന്റെ വാനപ്രസ്ഥമെന്ന സിനിമയെക്കുറിച്ചൊക്കെ കേട്ടറിവേ എനിക്കുള്ളൂ. ഞാനഭിനയിച്ചാല്‍ സാറിന് ഇഷ്ടപ്പെടുമോ? ഞാന്‍ മൂലം സാറിന് ബുദ്ധിമുട്ടുണ്ടാകുമോ എന്നൊക്കെയാണ് ചിന്തിച്ചത്. എന്നാല്‍ എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമയില്‍ അവസരം തന്നതെന്നൊക്കെ പറഞ്ഞ് അപ്പയും അമ്മയുമൊക്കെ ധൈര്യം തന്നു. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ് ആ സിനിമയിലൂടെ കിട്ടിയത്.

ഞാന്‍ അഭിനയിച്ചതൊക്കെ അണ്ടര്‍വാട്ടര്‍ സീനുകളാണ്. വെള്ളത്തിലല്ല ഷൂട്ട് ചെയ്തത്. എന്നാല്‍ വെള്ളത്തിനടിയിലാണ് എന്ന പോലെ അഭിനയിക്കുകയും വേണം.

വെള്ളം നിറച്ച ട്യൂബുകള്‍ ദേഹത്ത് ചുറ്റിയാണ് വെള്ളത്തില്‍ കിടക്കുന്ന ഫീലുണ്ടാക്കിയത്. രാവിലെ ഷൂട്ട് തുടങ്ങുമ്പോള്‍ ആ ട്യൂബുകള്‍ ദേഹത്ത് ചുറ്റിയാല്‍ ഉച്ചയ്ക്കത്തെ ബ്രേക്കില്‍ മാത്രമാണത് മാറ്റുന്നത്. അതൊക്കെ കണ്ടപ്പോള്‍ അപ്പയ്ക്കും അമ്മയ്ക്കും സങ്കടമായി.

ഓരോ സീന്‍ കഴിഞ്ഞ് ഷാജി സാര്‍ ഒ.കെ പറയുമ്പോഴും ആ സീന്‍ ശരിയായോ എന്നെനിക്ക് സംശയമായിരുന്നു. ഞാന്‍ നന്നായി ചെയ്തെന്ന് ഷാജി സാര്‍ അപ്പയോട് പറഞ്ഞിരുന്നു. അതറിഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്.

ഗോവയില്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോഴുള്ള അനുഭവങ്ങള്‍ ?


ഫിലിംഫെസ്റ്റിവല്‍ സമയത്ത് ഞാന്‍ ഒരു റിയാലിറ്റി ഷോയില്‍ അവതാരകയായിരുന്നു. ഓള് പ്രദര്‍ശിപ്പിക്കുന്നതിന്റെ തലേ ദിവസം പ്രോഗ്രാമിന്റെ ഷൂട്ട് കഴിഞ്ഞ് രാത്രിയിലാണ് ഞാനും അമ്മയും ഗോവയിലേക്ക് പുറപ്പെടുന്നത്. പ്രദര്‍ശന സമയമായപ്പോഴാണ് ഞങ്ങളവിടെ എത്തിയത്.

ഓള് ടീമംഗങ്ങളെ പരിചയപ്പെടുത്തി മൊമന്റോയൊക്കെ തന്നത് എന്നെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. നിറഞ്ഞ കൈയടികളോടെയാണ് എന്നെ ഓഡിയന്‍സ് സ്വീകരിച്ചത്. സത്യത്തില്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറയുകയായിരുന്നു.

സന്തോഷ് ശിവന്റെ ചിത്രത്തിലും നായികയാണല്ലോ?


ഓള് ഷൂട്ട് കഴിഞ്ഞശേഷമാണ് ഞാന്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ ജോയ്ന്‍ ചെയ്യുന്നത്്. ടെന്‍ഷനടിച്ച് ലൊക്കേഷനിലെത്തി സന്തോഷ് ശിവന്‍ സാറിനെ പരിചയപ്പെട്ടപ്പോള്‍

ഞാന്‍ ഷാജിയേട്ടനെ വിളിച്ചിരുന്നു, ഹി സെഡ് യു ആര്‍ എ ബ്രില്യന്റ് ആക്ട്രസ്. ഐ ആം ലുക്കിങ് ഫോര്‍വേഡ് ടു വര്‍ക്ക് വിത് യൂൂ എന്ന് പറഞ്ഞു. അത്രയും വലിയൊരു കോംപ്ലിമെന്റ് സാറില്‍ നിന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. അതോടെ എന്റെ ടെന്‍ഷനൊക്കെ മാറി.

uploads/news/2019/05/306489/EstheranilINW070519b.jpg

ഷാജി സാര്‍ ഷൂട്ടിനിടയില്‍ വളരെ കൂളായിരുന്നു. സന്തോഷ് സാറും അങ്ങനെ ആയിരിക്കുമോ എന്നൊക്കെ ഓര്‍ത്താണ് ഞാന്‍ ലൊക്കേഷനിലെത്തിയത്. ഞാന്‍ വര്‍ക്ക് ചെയ്ത സെറ്റുകളില്‍ വച്ച് ഏറ്റവും അടിപൊളി സെറ്റായിരുന്നു സന്തോഷ് സാറിന്റേത്. വളരെ ചില്‍ ആണദ്ദേഹം. നല്ലൊരു കഥാപാത്രമാണെന്റേത്. ഇതുവരെ ചെയ്യാത്തൊരു വേഷമാണ്.

പരീക്ഷയായപ്പോള്‍ ഒരുപാട് കഷ്ടപ്പെട്ടോ? ഉപരിപഠനത്തെക്കുറിച്ച്?


പരീക്ഷ സമയമാകുമ്പോള്‍ വര്‍ക്കുകള്‍ വരുന്നത് പതിവാണ്. മോഡല്‍ പരീക്ഷയുടെ സമയത്ത് ഒരു ഷോയില്‍ അവതാരകയായിരുന്നു. ആ സമയത്താണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയും സന്തോഷ് സാറിന്റെ സിനിമയുമൊക്കെ ചെയ്യുന്നത്.

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ടീച്ചര്‍മാര്‍ പറഞ്ഞുതുടങ്ങി. അതോടെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യുന്നില്ലായെന്ന് തീരുമാനിച്ചു മിസ്സായ പാഠഭാഗങ്ങള്‍ ടീച്ചര്‍മാര്‍ പറഞ്ഞുതന്നു. പിന്നെ കുത്തിയിരുന്നു പഠിച്ചു. അതുകൊണ്ട് വലിയ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല.

ബിസിനസ് റിലേറ്റഡായ കരിയര്‍ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ട്. മുംബൈയില്‍ ബി.എം.എസ് കോഴ്സ് ചെയ്യാനാണ് ആഗ്രഹം. അതിനിടയില്‍ നല്ല സിനിമകളില്‍ നിന്ന് ഓഫറുകള്‍ വന്നാല്‍ പഠനത്തോടൊപ്പം സിനിമയും ചെയ്യണമെന്നുണ്ട്.

കുടുംബവുമായി വളരെ അറ്റാച്ച്ഡാണല്ലോ? എറിക്കും അഭിനയിച്ചു തുടങ്ങിയതോടെ എല്ലാവരും ഒരുമിച്ചുള്ള സമയങ്ങ ള്‍ കുറവായിരിക്കുമല്ലോ?


അപ്പയും അമ്മയും ഞങ്ങള്‍ മക്കളുമെല്ലാം ഭയങ്കര അറ്റാച്ച്ഡാണ്. എറിക്കിപ്പോള്‍ പൊള്ളാച്ചിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിലാണ്. അവന്‍ വരുമ്പോഴേക്കും തെലുങ്ക് പടത്തിന്റെ ഷൂട്ടിനായി ഞാന്‍ പോകും. എപ്പോഴും സിനിമകളൊന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെ തിരക്കുകളുണ്ടാകും. എങ്കിലും ഞങ്ങളൊരുമിച്ച് ഒരുപാട് സമയം ചെലവിടാറുണ്ട്.

ഷൂട്ടിന് പോകുമ്പോള്‍ രാത്രി ഒരുപാട് ലേറ്റായിട്ടായിരിക്കും വരുന്നത്. പിന്നെ ആരേയും കാണാനോ സംസാരിക്കാനോ ഒന്നും നില്‍ക്കാറില്ല. വീട്ടിലിരിക്കുന്ന സമയത്ത് അമ്മയുണ്ടാക്കുന്ന ഫുഡൊക്കെ കഴിച്ച് റെസ്റ്റെടുക്കും.

ഞാന്‍ പൊതുവേ ജോളിയായിട്ടിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒരുപാട് തിരക്കുകളൊന്നും ഇഷ്ടമല്ല. സ്‌കൂളിലൊക്കെ പോയി കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനൊക്കെയാണിഷ്ടം. പ്ലസ്ടു പഠനകാലത്ത് അങ്ങനെയുള്ള കുറേ നിമിഷങ്ങള്‍ കിട്ടിയിട്ടുമുണ്ട്.

uploads/news/2019/05/306489/EstheranilINW070519c.jpg

എറിക്കുമായി സിനിമ സംസാരിക്കാറുണ്ടോ?


കാണുന്ന സിനിമകളെക്കുറിച്ചും മേക്കിങ്ങിനെക്കുറിച്ചുമൊക്കെ സംസാരിക്കുമെന്നല്ലാതെ ഞങ്ങള്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് സം
സാരിക്കാറേയില്ല. ഞാനും എറിക്കും വളരെ ക്ലോസാണ്. ഓരോ സിനിമയില്‍ നിന്ന് ഓഫറുകള്‍ വരുമ്പോഴും പറയും, ഏത് തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്നും പറയാറുണ്ട്.

ഞാനും ചേട്ടനും എറിക്കുമൊരുമിച്ച് അഭിനയിച്ച സിനിമകള്‍ കാണാറുണ്ട്. എത്ര സീരിയസ് സീനാണെങ്കിലും ഞങ്ങള്‍ക്കത് കാണുമ്പോള്‍ ചിരി വരും. ചില സമയത്തൊക്കെ എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്യാറുണ്ട്. അത്രയൊക്കെയേ ഉള്ളൂ. അല്ലാതെ വീട്ടില്‍ അഭിനയിച്ച സിനിമകളെക്കുറിച്ച് വിശദമായ ചര്‍ച്ചകളൊന്നും ഉണ്ടാവാറില്ല.

തെലുങ്കില്‍ രണ്ടാമത്തെ ചിത്രത്തിന്റെ ഭാഗമായി. അന്യഭാഷ ചിത്രങ്ങളിലെ അനുഭവങ്ങള്‍?


ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലാണ് ആദ്യമഭിനയിച്ചത്. ചിത്രത്തില്‍ ഞാനല്ല ഡബ് ചെയ്തത്. ഇനി ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ എന്നോട് ഡബ് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്.

തെലുങ്ക് സ്‌ക്രിപ്റ്റ് ഇംഗ്ലീഷിലാക്കി അയച്ചു തന്നു. മലയാളത്തിലാണെങ്കിലും സ്‌ക്രിപ്റ്റ് കാണാപ്പാഠം പഠിച്ച് അഭിനയിക്കുന്നത് ശരിക്കും ബുദ്ധിമുട്ടാണ്. കാരണം അഭിനയിക്കുന്ന സമയത്തും ഡയലോഗിനെക്കുറിച്ചായിരിക്കും ചിന്തിക്കുന്നത്.

അശ്വതി അശോക്

Ads by Google
Tuesday 07 May 2019 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW