Friday, July 19, 2019 Last Updated 35 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 07.26 AM

ഫോണി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപകനാശം, എട്ടു മരണം ; ഇന്നു ബംഗാളില്‍, കനത്ത മഴ ; കേന്ദ്രം ആയിരം കോടി സഹായം പ്രഖ്യാപിച്ചു

uploads/news/2019/05/305818/odisha.jpg

ഭുവനേശ്വര്‍/കൊല്‍ക്കത്ത: മാരകപ്രഹരശേഷിയില്‍ നിലംതൊട്ട ഫോണി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ വ്യാപകനാശം. ഇതുവരെ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. 11 ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. മരങ്ങള്‍ കടപുഴകി ഗതാഗത, വാര്‍ത്താവിനിമയ, െവെദ്യുതി വിതരണ സംവിധാനങ്ങള്‍ താറുമാറായി. വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും അടക്കം വന്‍ നാശം.

ബംഗാള്‍ ഉള്‍ക്കടലില്‍വച്ച് അതിതീവ്ര ചുഴലിക്കാറ്റായി രൂപംമാറിയ ഫോണി അഥവാ 'പാമ്പിന്‍പത്തി' ഇന്നലെ രാവിലെ എട്ടോടെ ഒഡീഷയിലെ പുരിയിലാണു കരയിലേക്കു കയറിയത്. മണിക്കൂറില്‍ 175 കിലോമീറ്ററായിരുന്നു കാറ്റഗറി-4ല്‍പ്പെടുന്ന കാറ്റിന്റെ വേഗം. ഫോണിയുടെ വരവറിയിച്ച് മണിക്കൂറുകള്‍ക്കുമുമ്പേ സംസ്ഥാനമെമ്പാടും പെരുമഴ തുടങ്ങിയിരുന്നു. പുരി, നയാഗഡ്, കേന്ദ്രപാറ എന്നിവിടങ്ങളിലായാണു മൂന്നുപേര്‍ മരിച്ചത്.

മുന്‍കരുതലായി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതോടെ തീരനഗരമായ പുരിയടക്കമുള്ള മേഖലകള്‍ ഏറെക്കുറെ വിജനമായിരുന്നു. ഭുവനേശ്വര്‍, ഗോപാല്‍പുര്‍, ബെറാംപുര്‍, ബാലുഗാവ്, കട്ടക്ക്, ഖുര്‍ദ, ജാജ്പുര്‍, ഭദ്രക്, ബാലസോര്‍ തുടങ്ങിയ മേഖലകളിലും കാറ്റ് വന്‍നാശം വിതച്ചു. കനത്ത മഴയ്‌ക്കൊപ്പം വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായത് ആഘാതം ഇരട്ടിയാക്കി. അതിശക്തമായ കാറ്റില്‍ മൊെബെല്‍ ടവറുകളും വൈദ്യുതിത്തൂണുകളും ഉള്‍പ്പെടെ നിലംപൊത്തി.

കെട്ടിടങ്ങള്‍ക്കു മുകളിലേക്കും റോഡിനു കുറുകെയും വന്‍മരങ്ങള്‍ കടപുഴകി. മേല്‍ക്കൂരകളും വാഹനങ്ങളും അടക്കം പറന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാലായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളിലായി സംസ്ഥാനമൊട്ടാകെ 11 ലക്ഷത്തോളം പേരെയാണു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്ത പ്രതികരണ സേന (എന്‍.ഡി.ആര്‍.എഫ്)യ്‌ക്കൊപ്പം സംസ്ഥാനസേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

ബംഗ്ലാദേശ് ലക്ഷ്യമാക്കി നീങ്ങുന്ന ഫോണിയുടെ പാതയിലുള്ള പശ്ചിമബംഗാളിലും കനത്തമഴ ജനജീവിതം താറുമാറാക്കി. ഇന്നലെ പുലര്‍ച്ചെയോടെ ബംഗാളിലേക്കു പ്രവേശിക്കുമ്പോള്‍ ഫോണിയുടെ വേഗം മണിക്കൂറില്‍ 100-115 കിലോമീറ്ററായിരുന്നു. കൊല്‍ക്കത്തയിലും സമീപ നഗരങ്ങളിലും ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. െവെകാതെ അണമുറിയാതെ പെരുമഴ തുടങ്ങി.

കൊല്‍ക്കത്ത, ഈസ്റ്റ് മിഡ്‌നാപ്പുര്‍, വെസ്റ്റ് മിഡ്‌നാപ്പുര്‍, ഹൗറ, ഹൂഗ്ളി, സുന്ദര്‍ബന്‍ മേഖലകളിലും ഫോണിയുടെ ഭീതിയിലായിരുന്നു. ബംഗാളില്‍ ഇന്നും കനത്തമഴയും കാറ്റും നാശം വിതയ്ക്കുമെന്നാണു മുന്നറിയിപ്പ്. പ്രഹരശേഷി കുറഞ്ഞ് നാളെയോടെ ഫോണി ബംഗ്ലാദേശിലെത്തും. രാജ്യം ഒപ്പമുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഒഡീഷയ്ക്ക് ധനസഹായം പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി 1000 കോടിയാണ് അനുവദിച്ചിരിക്കുന്നത്.

Ads by Google
Saturday 04 May 2019 07.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW