Friday, June 21, 2019 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 01.07 PM

ചിരിമാത്രമല്ല, അഭിപ്രായങ്ങളും മാറ്റില്ല; സിതാര കൃഷ്ണകുമാര്‍

uploads/news/2019/05/305389/sitharakrish020519a.jpg

കാണുമ്പോഴും സംസാരിക്കുമ്പോഴും ഇത് നമ്മുടെ ആരോ ആണല്ലോ എന്ന് തോന്നുന്ന വ്യക്തിയാണ് സിതാര കൃഷ്ണകുമാര്‍. ഗായിക എന്നതിലുപരി വ്യക്തമായ കാഴ്ചപ്പാടും ജീവിതമൂല്യങ്ങളുമുള്ള വ്യക്തി. തന്റെ കുട്ടിക്കാല വിഷു ഓര്‍മകളെക്കുറിച്ചും, മകളെക്കുറിച്ചും, ജീവിത വീക്ഷണങ്ങളെക്കുറിച്ചും സിതാര...

വിഷുക്കാലമാകുമ്പോള്‍ ഓടിയെത്തുന്ന ഓര്‍മകള്‍ ?


ആദ്യം മനസില്‍ നിറയുന്നത് പഴയ വിഷുക്കാലം തന്നെയാണ്. അച്ചമ്മയുടെയും അച്ചച്ചന്റെയും കൂടെയുള്ള വിഷു. അച്ചച്ചന്‍ ഇപ്പോള്‍ ഇല്ല. ഞങ്ങളുടെ എല്ലാ ആഘോഷവും തറവാട്ടിലായിരുന്നു. എന്റെ കസിന്‍സും ബന്ധുക്കളും ഒക്കെക്കൂടി അവിടെ ഒത്തുകൂടും. അച്ചച്ചന്‍ മരിക്കുന്നതുവരെ അങ്ങനെ തന്നെയായിരുന്നു.

അതിനു ശേഷം ഞങ്ങളുടെ വിഷു ആഘോഷങ്ങളെല്ലാം പാടേ മാറി. കുട്ടിക്കാലത്ത് എന്ത് ഉത്സവം വന്നാലും അച്ചച്ചന് ചി ല പതിവുകളുണ്ട്. സുഹൃത്തുക്കള്‍ക്കും ചുറ്റുവട്ടത്തുള്ളവര്‍ക്കുമൊക്കെ സമ്മാനങ്ങള്‍ കൊടുക്കുന്നതായിരുന്നു അതിലൊന്ന്. ലഡ്ഡു, ജിലേബി പോലുള്ള മധുര പലഹാരങ്ങള്‍, പഴങ്ങള്‍ ഇതൊക്കെ നേരത്തെ അച്ചച്ചന്‍ കരുതിവയ്ക്കും. ഓണക്കാലവും വിഷുക്കാലവുമൊക്കെയാകുമ്പോ ള്‍ പഴക്കുലകളൊക്കെ ശേഖരിച്ച് വീടിന്റെ സ്‌റ്റോര്‍ റൂമില്‍ തൂക്കിയിടുമായിരുന്നു. ഞങ്ങള്‍ കുട്ടികളാണ് ഈ പഴങ്ങളും മധുരപലഹാരങ്ങളുമെല്ലാം എല്ലാവര്‍ക്കും കൊടുക്കാന്‍ പോകുന്നത്.

അതുപോലെ വിഷുവിന് അച്ചച്ചന്റെ കുറേ സുഹൃത്തുക്കളെ ഉച്ചയ്ക്ക് സദ്യയുണ്ണാന്‍ വിളിക്കും. ഹസന്‍ കാക്ക, ദാസ് അച്ചച്ചന്‍, കറുത്ത മാപ്പിള അങ്ങനെയൊക്കെ ബഷീര്‍ കഥകളിലൊക്കെയുള്ളതുപോലെ കുറേ പേര്‍. അച്ചച്ചന്‍ പോയതോടുകൂടി അവരുമൊക്കെയായുള്ള ബന്ധങ്ങളും നിന്നുപോയി.

മകള്‍ക്കുവേണ്ടി കണിയൊരുക്കാറില്ലേ?


വിഷുവാണെങ്കിലും ഓണമാണെങ്കിലും നമ്മള്‍ പരിചയിച്ചതെന്താണോ അതൊക്കെ കുട്ടികള്‍ അറിയണമെന്ന ആഗ്രഹമുളളതുകൊണ്ടുതന്നെ വിഷുവിന് കണിയൊരുക്കുകയും ഓണത്തിന് പൂക്കളവും സദ്യയുമൊക്കെ ഒരുക്കാറുമുണ്ട്. ഞാന്‍ മലബാറുകാരിയാണ് അവിടെ എല്ലാ ആഘോഷവും വളരെ രസകരമാണ്. അതുകൊണ്ട് പഴയകാല ഓര്‍മകളൊക്കെ മകള്‍ക്കുവേണ്ടി രസമായിത്തന്നെ റീക്രീയേറ്റ് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
uploads/news/2019/05/305389/sitharakrish020519c.jpg

മകള്‍ക്ക് സംഗീതവാസനയുണ്ടോ?


സംഗീതത്തോട് അഞ്ച് വയസുള്ള ഒരു കുട്ടി കാണിക്കുന്ന താല്‍പര്യമൊക്കെ ഋതുവിനുമുണ്ട്. എത്രത്തോളം കൂടുതലായി അതിനെ ഇഷ്ടപ്പെടുന്നു എന്നൊക്കെ കുറച്ച് കഴിഞ്ഞാലേ അറിയാന്‍ കഴിയൂ. ഋതു ഇഷ്ടത്തോടെ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട്. നൃത്തവും സംഗീതവും ഒക്കെ പഠിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എന്റെ അച്ഛനമ്മമാര്‍ എല്ലാ കലകളെക്കുറിച്ചുമുള്ള ഒരു എക്‌സ്പോഷര്‍ എനിക്ക് തന്നിരുന്നു.

പിന്നീട് ഏതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തന്നു. എല്ലാം പരിചയപ്പെടുത്തിക്കൊടുക്കുക. പിന്നീടവള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കട്ടെ. ഋതു വാശിയുള്ള കുട്ടിയല്ല. അമ്മൂമ്മയുടെ വളരെ അടുത്ത ഫ്രണ്ടാണവള്‍. അവളുടെ ശ്വാസം എന്നുപറയുന്നതും എന്റെ അമ്മയാണ്. അമ്മ എന്നെ എങ്ങനെ നോക്കിയോ അതിന്റെ നൂറിരട്ടി കരുതലോടെയാണ് ഇപ്പോള്‍ അവളെ നോക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയിലുളള ഉത്തരവാദിത്തങ്ങള്‍?


അവളൊരു പെണ്‍കുട്ടിയാണ് എന്നതില്‍ ആശങ്കയില്ല. ഞാ ന്‍ ഗര്‍ഭിണിയായിരിക്കെ ഒരുപാട് ആളുകള്‍ ആണ്‍കുട്ടിയുണ്ടാവട്ടെ എന്ന് ആശംസിക്കുമായിരുന്നു. അങ്ങനെ ആശംസിച്ചവരുടെ കൂടെ വളരെയധികം വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ പോലുമുണ്ടായിരുന്നു.

അതാണ് എനിക്ക് ഏറ്റവും ഷോക്കിംഗ് ആയി തോന്നിയത്. ജനിച്ചിട്ടുപോലുമില്ലാത്ത ഒരു കുഞ്ഞ് ആണ്‍കുഞ്ഞാവണമെന്ന് ആശംസിക്കാന്‍ മാത്രമുള്ള മാനസികാവസ്ഥയിലേക്ക് ആളുകളെത്തണമെങ്കില്‍ എത്ര കൊടിയ പീഡനങ്ങളാണ് സ്ത്രീകള്‍ അനുഭവിച്ചിട്ടുണ്ടാവുക.

പെണ്‍കുട്ടി അപകടത്തിന്റെ സൂചനയോ അപവാദമോ ഒന്നുമല്ല. സ്ത്രീകളും പുരുഷന്മാരും എന്നുള്ള വ്യത്യാസം മാറേണ്ട കാലഘട്ടമൊക്കെ എപ്പോഴേ കടന്നുപോയി. മനുഷ്യരായി ജീവിച്ചുപോവുക. പെണ്‍കുട്ടിയായതുകൊണ്ടുള്ള പേടിയില്ല. അത്തരം ആധിയോടുകൂടി ഞാനവളെ വളര്‍ത്തുകയുമില്ല.

ജനിച്ചുവീഴുന്ന കുട്ടി പരിശുദ്ധമായ മനസോടുകൂടിയാണുണ്ടാവുന്നത്. നമ്മള്‍ മനസിലാക്കിയ കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ ജന്മസിദ്ധമായ പല നന്മകളും നമ്മള്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

ജാതി, മതം, വിദ്വേഷം ഇതൊക്കെ നമ്മുടെ സംസാരത്തില്‍നിന്നും പെരുമാറ്റത്തില്‍നിന്നും നമ്മള്‍ പോലുമറിയാതെയാണ് കുഞ്ഞുങ്ങള്‍ പഠിച്ചെടുക്കുന്നത്. ജന്മ സിദ്ധമായ ചില നന്മകള്‍ നമ്മുടെ പഠിപ്പിക്കലുകള്‍കൊണ്ട് ഇല്ലാതാകുന്നുണ്ട്. അതുകൊണ്ട് പുതിയ തലമുറയോടെങ്കിലും കരുതലോടെ പെരുമാറണം.

സ്ത്രീ നേരിടുന്ന ചില അവഗണനകളുണ്ട്. സ്വന്തം അഭിപ്രായങ്ങള്‍ എപ്പോഴും തുറന്നുകാട്ടുന്ന സ്ത്രീയെന്ന നിലയില്‍ ഇത്തരം മത്സരങ്ങളെയും അവഗണനകളെയും എങ്ങനെ നേരിടുന്നു?


ഒരു പെണ്‍കുട്ടി അല്ലെങ്കില്‍ സ്ത്രീ അവളുടെ അഭിപ്രായങ്ങള്‍ പറയുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നത് അത്ഭുതമായിട്ടാണ് എല്ലാവരും കാണുന്നത്. അങ്ങനെയുള്ള പ്രത്യേകത വേണ്ട എന്നതാണ് എന്റെ അഭിപ്രായം. കാരണം എല്ലാ മനുഷ്യര്‍ക്കും എല്ലാ ജീവജാലങ്ങള്‍ക്കും അവരവരുടേതായിട്ടുള്ള ജീവിത സ്വാതന്ത്രവും അഭിപ്രായവും ഉണ്ട്.

വളരെ സ്വാഭാവികമായി ബഹളങ്ങളില്ലാതെ സമരങ്ങളുടെ ആവശ്യമില്ലാതെ പറയാനും ജീവിക്കാനുമുളള അവസ്ഥയാണ് വേണ്ടത്. അല്ലാതെ ഓരോ തവണയും നമ്മളൊരു അഭിപ്രായം പറയുക, ഇഷ്ടങ്ങള്‍ അവതരിപ്പിക്കാന്‍ മുറവിളി കൂട്ടേണ്ടി വരിക എന്നുപറയുന്നതെല്ലാം വളരെ വേദനാജനകവും നിരാശയുമാണ് നല്‍കുന്നത്. അതല്ലാതെ എല്ലാവരും ഒരേ സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിച്ചുപോകാമല്ലോ.

uploads/news/2019/05/305389/sitharakrish020519d.jpg

പെണ്‍കുട്ടികള്‍ അഭിപ്രായം പറയുമ്പോള്‍ അതൊരു പ്രത്യേകതയായി കാണേണ്ട കാര്യം പോലുമില്ല. ഇക്കാലത്തും അങ്ങനെ വിചാരിക്കുന്നവരുണ്ടാകാം. ഞാന്‍ പ്രതീക്ഷിക്കുന്നത് എന്റെ മകളൊക്കെ വളര്‍ന്നുവരുന്ന കാലത്ത് ഒരു പെണ്‍കുട്ടി അഭിപ്രായം പറയുന്നു എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചപോലും ഇല്ലാതെ വളരെ സ്വാഭാവികമായ കാര്യമായി അത് മാറട്ടെ എന്നാണ്.

പാട്ടിനൊപ്പം ചിലങ്കയും മോഹിപ്പിക്കാറില്ലേ? നര്‍ത്തകിയായ സിതാരയെക്കുറിച്ച് ?


ഞാന്‍ നൃത്തവും സംഗീതവും ഒരേ ആവേശത്തോടെ, പ്രാധാന്യത്തോടെയാണ് ചെറിയ പ്രായം മുതല്‍ പഠിച്ചിട്ടുള്ളത്. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് സംഗീതവുമായി ബന്ധപ്പെട്ട ട്രാക്കിലേക്ക് മാറിപ്പോയതാണ്. പാട്ടുകാരിയെന്ന രീതി മതി എന്ന് ഞാനൊരു തിരഞ്ഞെടുപ്പ് നടത്തിയതല്ല.

അതൊരു ഭാഗ്യം മാത്രമാണ്. അതിനിടയില്‍ നൃത്തത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റിയില്ല. അതൊരു പോരായ്മയായിട്ടാണ് എനിക്ക് തോന്നുന്നത്. അതിനുളള അവസരങ്ങള്‍ ഇപ്പോള്‍ എനിക്ക് കിട്ടുന്നുണ്ട്, ഇപ്പോള്‍ നൃത്തവും ഒപ്പം ചെയ്യാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

എപ്പോഴാണ് സിതാരയെന്ന മനുഷ്യസ്നേഹിക്ക് ഏറ്റവും സങ്കടവും സന്തോഷവും തോന്നുന്നത്?


നമ്മുടെ ചുറ്റുപാടിനോടും സഹജീവികളോടും ഒക്കെ സ്നേഹത്തോടെയിരിക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഏതൊരു മനുഷ്യന്റെയുമുള്ളില്‍ സ്വാഭാവികമായി തോന്നേണ്ട കാര്യമാണത്. നമ്മളൊക്കെ പോലും ഒന്ന് ആലോചിച്ച ശേഷം അത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉള്ളുകൊണ്ട് എനിക്ക് വളരെ വിഷമം ഉണ്ടാവാറുണ്ട്.

ജാതിയുടേയും മതത്തിന്റെയും പേരില്‍ ആളുകളെ തരംതിരിച്ച് കാണുന്നത് എനിക്ക് വളരെയധികം വിഷമമുള്ള കാര്യമാണ്. ചില ആളുകള്‍ പറയും നമ്മുടെ ആള്‍ക്കാരെന്ന്. ആരാണീ നമ്മുടെ ആള്‍ക്കാര്‍? അത്തരം ചര്‍ച്ചകള്‍ എനിക്ക് മുഷിച്ചിലുണ്ടാക്കാറുണ്ട്, ഞാന്‍ ജനിച്ചുവളര്‍ന്നയിടത്തും വീട്ടിലും അങ്ങനെയൊന്നും കണ്ടിട്ടും കേട്ടിട്ടുമില്ല.

ഒരുപാട് സംസാരിക്കാനിഷ്ടപ്പെടുന്നയാളാണോ?


അതെ. വീട്ടിലും സുഹൃത്തുക്കളുടെ അടുത്തും. എനിക്ക് വളരെ കുറച്ച് സുഹൃത്തുക്കളേയുള്ളൂ. കൂടുതല്‍ സമയം ചെലവഴിക്കാനിഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പമാണ്. അല്ലാത്തവരോട് പൊതുവേ കുറച്ചേ സംസാരിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ആളുകള്‍ വിചാരിക്കും ഞാന്‍ അധികം സംസാരിക്കാത്ത ആളാണെന്ന്. ചിലര്‍ അത് അഹങ്കാരമാണെന്നുപോലും വിചാരിക്കാറുണ്ട്. എന്റെ പരിഭ്രമം കൊണ്ടാണ് ഞാനങ്ങനെ സംസാരിക്കാത്തത്.
uploads/news/2019/05/305389/sitharakrish020519b.jpg

സംഗീതവും നൃത്തവും കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം?


ഭക്ഷണം തയാറാക്കാനും അത് കഴിക്കാനുമൊക്കെ വളരെ ഇഷ്ടമാണ്. കുക്കറി ഷോകളാണ് അധികം ഇഷ്ടപ്പെടുന്നത്. ലോകത്തെവിടെച്ചെന്നാലും അവിടുത്തെ ഭക്ഷണം കഴിക്കുകയും അതിന്റെ കൂട്ടുകള്‍ മനസിലാക്കി തനിയെ ഉണ്ടാക്കാനും ശ്രമിക്കാറുണ്ട്. ഒരു സദ്യവട്ടത്തിനുവേണ്ടിയുള്ളതൊക്കെ ഒറ്റയ്ക്കുണ്ടാക്കാന്‍ പറഞ്ഞാല്‍ തയാറാക്കാനറിയാം.

ഏറ്റവും ബഹുമാനം തോന്നിയ സ്ത്രീ?


ജീവിതത്തില്‍ ബഹുമാനം തോന്നിയിട്ടുള്ള ധാരാളം സ്ത്രീകളുണ്ട്. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് എന്റെ അമ്മയോടുതന്നെയാണ്. എനിക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയുമൊക്കെ ഒരുപാട് ഇഷ്ടങ്ങള്‍ വേണ്ടെന്നുവച്ചിട്ടുണ്ട് അമ്മ. ഇപ്പോള്‍ എന്നോട് അങ്ങനെയുളള ഇഷ്ടങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ പറഞ്ഞാല്‍ എനിക്കതിന് പറ്റണമെന്നില്ല.

അമ്മ സ്വന്തം കാര്യങ്ങള്‍ ഭംഗിയായി നോക്കിയിരുന്നെങ്കില്‍ വളരെ വലിയ പൊസിഷനിലെത്തേണ്ട സ്ത്രീയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണ്ട് എന്നെ സ്‌കൂളിലും കോളജിലും ഒക്കെ കൊണ്ടുപോകുന്നത് കണ്ടിട്ടുള്ള എന്റെ സുഹൃത്തുക്കള്‍ ഇപ്പോഴും പറയാറുണ്ട് സാലി ആന്റി, സിതാരയുമായി നടന്നുവരുന്ന കാഴ്ചയാണ് എന്നെ കാണുമ്പോള്‍ ഓര്‍മവരാറുള്ളതെന്ന്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
TRENDING NOW