Wednesday, June 12, 2019 Last Updated 15 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 04.11 PM

പാലക്കാടും ആറ്റിങ്ങലും എല്‍ഡിഎഫിനെ മറികടക്കാന്‍ കഴിയില്ല ; പത്തനംതിട്ടയിലും തിരുവനന്തപുരവും സംശയത്തില്‍ ; 18 സീറ്റുകളില്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ്

uploads/news/2019/04/304800/congrass.jpg

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിനായി കൂട്ടലും കിഴിക്കലുമായി പാര്‍ട്ടികള്‍ പ്രതീക്ഷ സജീവമാക്കുമ്പോള്‍ 18 സീറ്റുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കോണ്‍ഗ്രസും. ശക്തമായ വേരുകളുള്ള പാലക്കാട്ടും ആറ്റിങ്ങലിലും എല്‍ഡിഎഫിനെ മറികടക്കാന്‍ കഴിയില്ലെന്നും പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും സീറ്റുകളുടെ കാര്യത്തില്‍ സംശയമാണെന്നും വിലയിരുത്തലുണ്ട്. മണ്ഡലം കമ്മറ്റികളില്‍ നിന്നും ലഭിച്ച വോട്ടു വിവരങ്ങള്‍ വെച്ചാണ് കോണ്‍ഗ്രസും കൂട്ടിക്കിഴിക്കലുകള്‍ നടത്തുന്നത്.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് പത്തനംതിട്ടയിലെന്ന് വിലയിരുത്തുന്നു. തിരുവനന്തപുരത്ത് കുമ്മനം വന്നതും അപ്രതീക്ഷിത മലക്കം മറിച്ചിലിന് കാരണമാകുമോ എന്നു സംശയിക്കുന്നുണ്ടെങ്കിലും പാലക്കാടും ആറ്റിങ്ങലിലും മാത്രമാണ് തോല്‍വി ഉറപ്പിക്കുന്നത്. വോട്ടിംഗ് ശതമാനം കൂടിയതും ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം സംഭവിക്കുന്നതും യുഡിഎഫിന് അനുകൂല ഘടകമായി കോണ്‍ഗ്രസ് കരുതുന്നുണ്ട്. ന്യൂനപക്ഷ ഏകീകരണം ഉണ്ടായതാണ് വോട്ടിംഗ് ശതമാനം കൂടാന്‍ കാരണം. ഇത് കോണ്‍ഗ്രസിന് ഗുണകരമായി മാറും. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനുള്ളില്‍ ഉണ്ടായ വോട്ടു ചോര്‍ച്ചയും യുഡിഎഫിന് അനുകൂല ഘടകമായതായി വിലയിരുത്തുന്നു.

പാലക്കാട്ടും ആറ്റിങ്ങലിലും എല്‍ഡിഎഫിന് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ ഉണ്ടെന്നും അതിനെ മറികടക്കാനുള്ള മുന്നേറ്റം നടത്താന്‍ യുഡിഎഫിനായിട്ടില്ലെന്നുമാണ് വിലയിരുത്തുന്നത്. അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കുക എന്ന ലക്ഷ്യമിട്ടാണെങ്കിലും അത് വിജയമായോ എന്ന് സംശയിക്കുന്നതായും പറയുന്നു. ഇവിടെ പ്രചരണ കാര്യത്തിലും യുഡിഎഫ് പിന്നിലായിരുന്നു. സംശയമുണ്ടെങ്കിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിക്കുമെന്ന് തന്നെയാണ് യുഡിഎഫിന്റെ പ്രതീക്ഷ. അപ്രതീക്ഷിത ഘടകങ്ങള്‍ വോട്ടിംഗിനെ തുണച്ചില്ലെങ്കില്‍ 16 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW