Wednesday, June 12, 2019 Last Updated 32 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

കേരളത്തില്‍ ബി.ജെ.പി.പ്രവര്‍ത്തനം ജീവന്‍ പണയംവച്ച്‌: നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ജീവനോടെ മടങ്ങുമെന്ന്‌ ഉറപ്പില്ലാതെയാണു കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടുചെയ്യാന്‍ പോകുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുമ്പ്‌ വാരാണസിയില്‍ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോഡി. ജീവന്‍പണയം വച്ചാണ്‌ പാര്‍ട്ടി അംഗങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നത്‌. വാരാണസിയിലെ പ്രവര്‍ത്തകര്‍ ഉയര്‍ന്ന സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്‌. എന്നാല്‍, കേരളവും ബംഗാളും പോലെയുള്ള സംസ്‌ഥാനങ്ങളില്‍ വളരെയധികം കഷ്‌ടപ്പാടുകള്‍ അനുഭവിക്കുന്നു. ഈ സംസ്‌ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ ജയിലില്‍ അടയ്‌ക്കപ്പെടുന്നു. അതുപോലെ കൊല്ലപ്പെടുന്നു. ഈ സാഹചര്യം തിരിച്ചറിയണം. മടങ്ങിവരുമെന്ന്‌ ഉറപ്പില്ലാതെയാണ്‌ കേരളത്തില്‍ ബി.ജെ.പിക്കാര്‍ വീടുകളില്‍നിന്നിറങ്ങുന്നത്‌. അമ്മമാരോട്‌ യാത്രപറഞ്ഞാണ്‌ എന്നും പുറത്തുപോകുന്നത്‌. ബംഗാളിലും സമാനമായ സ്‌ഥിതിയാണുള്ളതെന്നും മോഡി പറഞ്ഞു. രാജ്യം ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്നും അതിനുള്ള പ്രവര്‍ത്തനമാണ്‌ വേണ്ടതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. റാലിക്ക്‌ പിന്നാലെ വാരാണസി കലക്‌ടറേറ്റിനോട്‌ ചേര്‍ന്ന്‌ റൈഫിള്‍ ക്ലബ്ബില്‍ സജ്‌ജീകരിച്ച ഓഫീസിലെത്തി കലക്‌ടര്‍ മുമ്പാകെയാണു മോഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്‌.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, ജെ.ഡി.യു. നേതാവ്‌ നിതീഷ്‌ കുമാര്‍, രാംവിലാസ്‌ പാസ്വാന്‍, ഉദ്ദവ്‌ താക്കറെ, പ്രകാശ്‌ സിങ്‌ ബാദല്‍ തുടങ്ങിയവരും പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്‌ നേതാക്കളായ സുഷമാ സ്വരാജ്‌, രാജ്‌നാഥ്‌സിംഗ്‌, നിതിന്‍ ഗഡ്‌കരി തുടങ്ങിയവരും സന്നിഹിതരായിരുന്നു. വാരാണസിയിലെ കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തിയ ശേഷമാണ്‌ പ്രധാനമന്ത്രി പത്രിക സമര്‍പ്പിച്ചത്‌. ബുധനാഴ്‌ച രാത്രി പതിനായിരങ്ങള്‍ പങ്കെടുത്ത റോഡ്‌ ഷോ നടത്തിയിരുന്നു. തുടര്‍ന്ന്‌ ഗംഗാ ആരതിയിലും പ്രാര്‍ഥനയിലും മോഡി പങ്കെടുത്തു. ഇത്തവണ പത്രികയില്‍ വ്യത്യസ്‌ത മേഖലകളില്‍നിന്നുള്ള നാലു പേരാണ്‌ ഒപ്പുവച്ചത്‌. രാജ്യത്തിന്റെ ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ആയി വിശേഷിപ്പിക്കുന്ന മോഡിയുടെ ഓഫീസിന്റെ സുരക്ഷാച്ചുമതലയുള്ള കാവല്‍ക്കാരന്‍, ജനസംഘത്തിന്റെ മുതിര്‍ന്ന നേതാവ്‌, അധ്യാപിക, മണ്ഡലത്തില്‍ നിര്‍ണായകസ്വാധീനമുള്ള പട്ടേല്‍ സമുദായത്തില്‍നിന്നുള്ള നേതാവ്‌ എന്നിവരാണ്‌ ഒപ്പുവച്ചത്‌.
ഇതു രണ്ടാം തവണയാണ്‌ വാരാണസിയില്‍നിന്നു മോഡി ജനവിധി തേടുന്നത്‌. 2014ല്‍ 3,71,784 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. രണ്ടാം സ്‌ഥാനത്തായിരുന്ന എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കെജ്‌രിവാളിന്‌ 2,09,238 വോട്ടു കിട്ടി. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി അജയ്‌ റായ്‌ മൂന്നാംസ്‌ഥാനത്തായിരുന്നു. ഇത്തവണയും അദ്ദേഹം തന്നെയാണു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥി. ശാലിനി യാദവാണ്‌ എസ്‌.പി- ബി.എസ്‌.പി. സഖ്യം സ്‌ഥാനാര്‍ഥി.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW