Sunday, May 19, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 03.28 PM

എന്റെ ഇഷ്ടം ഇത് മാത്രമായിരുന്നു, അതുകൊണ്ട് ദൈവം എന്നെ ഇവിടെ എത്തിച്ചു

''കാലത്തെ തോല്‍പ്പിച്ച്, പ്രായത്തെ മെരുക്കി എടുത്ത കലാകാരി കലാമണ്ഡലം ക്ഷേമവതിക്ക് തന്റെ ഭൂതകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ഉള്ളാകെ നിളയുടെ കുളിരാണ്. ''
uploads/news/2019/04/304165/Kalashemavathy260419a.jpg

നിളയുടെ ഓളങ്ങളിലേക്ക് അസ്തമയ സൂര്യന്റെ പൊന്‍ ഇതളുകള്‍ കൊഴിഞ്ഞു വീഴുന്നു. പുഴയോരത്തെ മണല്‍ തരികളില്‍ നിന്ന് സന്ധ്യ കാറ്റിന്റെ ചൂട് ഊതിയെടുക്കുന്നു. പുഴയുടെ കിന്നാരത്തെ നാണിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍ പുഴയിലേക്ക് ഓടി ഇറങ്ങുന്നു.

കാലത്തിന്റെ താളം ഉള്ളില്‍ നിറച്ച് മിഴികളില്‍ മുദ്രയുടെ തെളിമയോടെ പുഴയില്‍ നീരാട്ടിനിറങ്ങുന്ന ഒരു കൂട്ടം നിര്‍ത്തകികള്‍.

കാലത്തെ തോല്‍പിച്ച്, പ്രായത്തെ മെരുക്കി എടുത്ത കലാകാരി കലാമണ്ഡലം ക്ഷേമവതിക്ക് തന്റെ ഭൂതകാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ഉള്ളാകെ നിളയുടെ കുളിരാണ്.

കലാമണ്ഡലത്തില്‍ ആദ്യകാല ഗുരുവായ ചിന്നമ്മ ടീച്ചറുമൊത്ത് വൈകുന്നേരങ്ങളില്‍ ശിഷ്യകളെല്ലാവരും പുഴയില്‍ ചെന്ന് കുളിക്കുമായിരുന്നു. ഇന്നും ഭൂതകാല ഓര്‍മ്മകളിലേക്ക് ഊളിയിടുമ്പോള്‍ ഈ പുഴയോര്‍മകളിലാണ് ടീച്ചര്‍ മുങ്ങിനിവരുന്നത്.

ബാല്യം വിട്ടുമാറാത്ത പ്രായത്തിലാണ് ടീച്ചര്‍ കലാമണ്ഡലത്തില്‍ ചേരുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ചുറ്റുവട്ടത്തെ അമ്പലങ്ങളിലെ ഉത്സവങ്ങള്‍ക്ക് നൃത്തങ്ങള്‍ ഒക്കെ അവതരിപ്പിച്ചിരുന്നെങ്കിലും ചിട്ടയായ പഠനത്തിലേക്ക് കടന്നിരുന്നില്ല. ഈ മുന്‍പരിചയം മുതല്‍ക്കൂട്ടാക്കിയാണ് കുഞ്ഞു ക്ഷേമവതി കലാമണ്ഡലത്തിലെ ഇന്റര്‍വ്യൂവിന് ചെല്ലുന്നത്.

നര്‍ത്തകി ആകണമെന്ന് അടങ്ങാത്ത ആഗ്രഹം ഒന്നു മാത്രമേ ആ പത്തുവയസുകാരിയുടെ ഉള്ളില്‍ താളമിട്ടിരുന്നുള്ളൂ. നീണ്ട എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ശരീരത്തെ വാര്‍ധിക്യത്തിനു വിട്ടുകൊടുക്കാതെ മനസിന്റെ താളവും അതല്ലാതെ വേറൊന്നല്ല.

ബാലസരസ്വതിയെയും കമാലാ ലക്ഷ്മണനെയും മനസില്‍ ആരാധിച്ചു നടന്ന പത്തുവയസുകാരിക്ക് കലാമണ്ഡലത്തിലെ ഗുരുകുലവാസ ചിട്ടകളൊന്നും പ്രശ്‌നമായിരുന്നില്ല. രാവിലെ അഞ്ചുമണിക്ക് തുടങ്ങുന്ന പാട്ടു സാധകം മുതല്‍ വൈകീട്ട് അഞ്ചുമണിവരെ ചിട്ടകള്‍ തുടരുന്നു.

uploads/news/2019/04/304165/Kalashemavathy260419b.jpg

ചില ദിവസങ്ങളില്‍ കഥകളി ആശാന്മാരുടെ കീഴില്‍ കണ്ണിനും പുരികങ്ങള്‍ക്കും ഉള്ള പരിശീലനം ഉണ്ടാവും. കണ്ണില്‍ പശു നെയ്യ് തേച്ച് രണ്ടുകൈകൊണ്ടും തുറന്ന് പിടിച്ചു ചെയ്യുന്ന കണ്ണുസാധകം ഏറെ നേരം തുടരും.

അഞ്ചു കൊല്ലത്തെ കലാമണ്ഡലത്തിലെ പഠനശേഷം മദ്രസിലേക്കു പോയ ക്ഷേമവതി ടീച്ചര്‍ അവിടെ മുത്തുസ്വാമി ഗുരുക്കളുടെ കീഴില്‍ ഏറെ ക്കാലം ഭരതനാട്യം ആഭ്യസിച്ചു. നാട്ടില്‍ പരിപാടികള്‍ കുറയുമ്പോഴെല്ലാം മദ്രാസില്‍ ചെന്ന് ഭരതനാട്യവും കുച്ചിപ്പുടിയും പരിശീലിക്കുമായിരുന്നു.

പുത്തന്‍ പരീക്ഷണങ്ങള്‍


1965 ലാണ് ക്ഷേമവതി ടീച്ചര്‍ കാലമന്ദിരം എന്ന പേരില്‍ സ്വന്തമായൊരു നൃത്ത വിദ്യാലയം ആരംഭിക്കുന്നത്. മോഹിയാട്ടത്തിലെ പരമ്പര്യശൈലികളെ പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ടീച്ചര്‍ ആരംഭിക്കുന്നതും ഈ കാലത്തു തന്നെ ആണ്.

തനിമയാര്‍ന്ന ഒട്ടേറെ പരീക്ഷണങ്ങള്‍ ടീച്ചര്‍ കൊണ്ടുവന്നു. മോഹിനിയാട്ടം തീരെ ജനപ്രിയമല്ലാതിരുന്ന കാലത്താണ് വൈലോപ്പിള്ളി കേരളീയ കലകള്‍ക്കായി കേരളകലാമണ്ഡലം സ്ഥാപിക്കുന്നത്.

ഇത് മോഹിനിയാട്ടത്തിന്റെ ജനപ്രീതിക്ക് ആക്കം കൂടിയെങ്കിലും അത് കച്ചേരി സമ്പ്രദായത്തില്‍ തന്നെ കുടുങ്ങിക്കിടന്നു. ശരാശരി മലയാളിയുടെ ആസ്വാദനത്തിന് തെല്ലകലെ വേലിക്കെട്ടില്‍ ഒതുങ്ങിയ കലയെ മോചിപ്പിക്കാനുറച്ചാണ് ഈ രംഗത്ത് ടീച്ചര്‍ പുത്തന്‍ പരീക്ഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ആദ്യ ചുവടായാണ് കവിതകളെ രംഗത്താവിഷ്‌കരിക്കാന്‍ ആരംഭിച്ചത്.

ചെറുശ്ശേരിയുടെ വേണുഗാനത്തിലൂടെ ആണ് ഇതിന് തുടക്കം കുറിച്ചത്. കേരളീയകലാലോകത്തിന് ഇത് പുത്തന്‍ അനുഭവമായിരുന്നു. അതിനു ശേഷം സുഗതകുമാരിയുടെ രാത്രിമഴയടക്കം ഒട്ടേറെ കവിതകള്‍ക്ക് ടീച്ചര്‍ രംഗഭാഷ്യം നല്‍കി.

തമിഴ്, തെലുങ്കു ഭാഷകള്‍ പിന്നീട്ട് ഗസലുകളില്‍ എത്തി നില്‍ക്കുന്നു ടീച്ചറുടെ രംഗപരീക്ഷണങ്ങള്‍. കാലത്തിനൊത്ത് കലയുടെ കോലം മാറിയെങ്കിലെ പ്രേക്ഷകരെ തൃപ്തിപെടുത്താനാകൂ എന്ന് പറഞ്ഞ് ഉറപ്പിക്കുകയാണ് ഈ നര്‍ത്തകി.

കവിതകള്‍ പകര്‍ന്നാടുമ്പോള്‍


കവിതയ്ക്ക് രംഗഭാഷ്യം നല്കുന്ന നര്‍ത്തകി കേവലം കവിതാസ്വദക മാത്രമല്ല, മറിച്ച് കവിയുടെയോ/ കവിയത്രിയുടെയോ തലത്തിലേക്ക് സ്വയം ഉയരുകയാണ്. കവിതയ്ക്കുള്ളില്‍ സ്വന്തം ലോകം കണ്ടെത്തുന്ന നര്‍ത്തകി കഥാപാത്രത്തെ സ്വന്തം ശരീരത്തിലൂടെ പകര്‍ന്നാടുന്നു.
uploads/news/2019/04/304165/Kalashemavathy260419c.jpg

കവിതയ്ക്ക് നൃത്തത്തിന്റേതായ പുതിയ ഭാഷ്യം നല്കുകയും അതിന് സംഗീതം നല്‍കി ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. കലാമണ്ഡലം ഹൈദരാലി ചിട്ടപ്പെടുത്തിയ സംഗീതത്തിന് ചുവടുവച്ച നിമിഷങ്ങള്‍ ക്ഷേമവതി ടീച്ചറുടെ ഓര്‍മകളില്‍ അവിസ്മരണീയങ്ങളായി നില്‍ക്കുന്നു.

സ്‌ത്രൈണതയുടെ കല


ഇന്ന് ചില പുരുഷന്മാരൊക്കെ മോഹിനിയാട്ടം കളിക്കുന്നുണ്ടെങ്കിലും വളരെ അപൂര്‍വമായേ പുരുഷന്മാര്‍ക്ക് സ്‌ത്രൈണത വഴങ്ങിക്കാണാറുള്ളൂ. ആദ്യകാലത്ത് മോഹിനിയാട്ടം പഠിപ്പിച്ചിരുന്നത് പുരുഷന്മാര്‍ ആയിരുന്നെങ്കിലും അവര്‍ പെര്‍ഫോമന്‍സ് ചെയ്തിരുന്നില്ല.

നടുവന്മാരായിരുന്ന ചിന്നയാ, പൊന്നയാ, ശിവാനന്ദ വടിവെല്‍ എന്നിവര്‍ കുലത്തൊഴിലായാണ് മോഹിനിയാട്ടം അഭ്യസിപ്പിച്ചിരുന്നത്. പൊതുവേദികള്‍ സ്ത്രീകള്‍ക്ക് അന്യമായിരുന്ന ആ കാലത്ത് ഇത്തരം കലകളും അവര്‍ക്കന്യമായിരുന്നു.

കല്ല്യാണി അമ്മയെ പോലെ ആദ്യ കാലത്ത് ചുരുക്കം ചില നര്‍ത്തകികളെ ഉണ്ടായിരുന്നുള്ളൂ. ചിന്നമ്മ ടീച്ചര്‍ ഒക്കെ കളിക്കാന്‍ വേദികള്‍ കിട്ടാതെ പലതും മറന്നു പോയതായി കേട്ടിട്ടുണ്ട്.

മനം നിറച്ച വേദികള്‍


നൃത്തം ചെയാന്‍ കിട്ടുന്ന വേദികള്‍ എല്ലാം പ്രിയപ്പെട്ടതുതന്നെ. വിദേശരാജ്യങ്ങളിലും നല്ല ആസ്വാദന ശേഷി ആണ്. ഫ്രഞ്ചുകാര്‍ നല്ല ആസ്വാദകരാണ്.

പാരീസില്‍ ആറുതവണ പോകാന്‍ സാധിച്ചു. നമ്മുടെ ശാരീരിക ചലങ്ങള്‍ക്കനുസരിച്ച് അവിടെ സദസ്യരും ചലിക്കും. വേദിയില്‍ നൃത്തം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം പ്രതികരണങ്ങള്‍ നല്ല പ്രോത്സാഹനമാണ്.

uploads/news/2019/04/304165/Kalashemavathy260419e.jpg

ഫിന്‍ലാന്‍ഡില്‍ വച്ചുണ്ടായ ഒരു അനുഭവം മറക്കാനാവാത്തതാണ്. ഓമന തിങ്കള്‍ കിടാവോ എന്ന പാട്ട് രംഗത്ത് അവതരിപ്പിച്ചു. കുഞ്ഞിനെ കയ്യില്‍ എടുത്ത് ഉറക്കി എന്ന് കാണിച്ചാണ് അത് അവസാനിപ്പിക്കുന്നത്. പെര്‍ഫോമന്‍സ് കഴിഞ്ഞ ശേഷം കൈ അടിക്കാതിരുന്നത് ഉറക്കിയ കുഞ്ഞ് ഉണരേണ്ടാ എന്ന് കരുതി ആണ് എന്ന് ഒരു കൂട്ടം കാണികള്‍ വന്ന് പറയുക ഉണ്ടായി. ആ കാണികളുടെ മുഖം ഇപ്പോഴും മനസില്‍ ഉണ്ട്..

വരും തലമുറക്കുള്ള സൂക്ഷിപ്പ്


നൃത്തത്തില്‍ അനവധി പരിഷ്‌കാരങ്ങള്‍ വരുമ്പോഴും അതിന്റെ കലാമൂല്യത്തിന് കോട്ടം തട്ടാതെ നോക്കണം. കാലങ്ങള്‍ക്കു ശേഷം അന്നുണ്ടാവുന്ന തലമുറയ്ക്ക് ഇവിടെ നിലനിന്നിരുന്ന സാംസ്‌കാരിക സമ്പത്തിനെ തൊട്ടറിയാന്‍ കലകള്‍ അതേ മൂല്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ഇഷ്ടങ്ങളില്‍ നിറഞ്ഞ് നൃത്തം


നൃത്തമില്ലാതെ വേറെ ഹോബികള്‍ ഒന്നും തന്നെ ഇല്ല. മനസില്‍ വരുന്ന ആശയങ്ങള്‍ വേദികളില്‍ അവതരിപ്പിക്കുക, പുതിയ വേദികള്‍ കണ്ടെത്തുക ഇതൊക്കെ തന്നെ ആണ് എന്നും ഇഷ്ടം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഉല്ലാസവതികള്‍ ആവും. പെര്‍ഫോമെന്‍സിന് വേണ്ടി എത്ര ദൂരം സഞ്ചരിക്കാനും ഇഷ്ടമാണ്.

കുടുംബം


പെണ്‍ മക്കള്‍ രണ്ടു പേരും നൃത്തം പഠിച്ചിട്ടുണ്ട്. അഭിേനത്രി കൂടിയായ മകള്‍ ഇവ പവിത്രന്‍ വല്ലപ്പോഴും പരിപാടികള്‍ അവതരിപ്പിക്കും. അവര്‍ എപ്പോഴും പറയും അമ്മയ്ക്ക് അവരെക്കാള്‍ ഇഷ്ടം നൃത്തത്തിനോടും ശിഷ്യകളോടും ആണ് എന്ന്.

ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍ വ്യത്യസ്ത മാകുമ്പോഴാണെങ്കിലും അതും ആയി മുന്നോട്ടു പോകുന്നു. അവരുടെ അച്ഛന്‍ പവിത്രന്‍ സര്‍ ഉണ്ടായിരുന്നപ്പോഴും അത് അങ്ങനെ ആയിരുന്നു. അദ്ദേഹത്തിന് എപ്പോഴും അദ്ദേഹത്തിന്റേതായ തിരക്കുകള്‍ ഉണ്ടാകുമെങ്കിലും അതിന്റെ ഇടയില്‍ എന്റെ ഇഷ്ടങ്ങള്‍ ഒന്നും മാറ്റിവച്ചില്ല.

uploads/news/2019/04/304165/Kalashemavathy260419d.jpg

ഇന്നത്തെ സ്ത്രീകള്‍


ഇന്നത്തെ സ്ത്രീകള്‍ ശക്തിയുടെ പ്രതീകം ആണന്നല്ലേ പറയുന്നത്. അവര്‍ എല്ലാ മേഖലയിലും പുരുഷന് ഒപ്പമാണ്. ആ സ്ത്രീ ശക്തിയെ ഞാന്‍ ബഹുമാനിക്കുന്നു. എങ്കിലും ഭാര്യ ഭര്‍ത്താവിന് കുറച്ചു താഴെ നില്‍ക്കണം എന്നാണ് എന്റ അഭിപ്രായം.

രാജ്യം 2011 ല്‍ പത്മശ്രീ നല്‍കി ആദരിച്ച ഈ നര്‍ത്തകി രാജ്യത്തിലെ തന്നെ പകരംവയ്ക്കാന്‍ ആളില്ലാത്ത മോഹിനിയാട്ടം നര്‍ത്തകരില്‍ ഒരാളാണ്. ഈ വര്‍ഷം കേരള സര്‍ക്കാരിന്റെ നിശാഗന്ധി പുരസ്‌ക്കാര പ്രഭയില്‍ നില്‍ക്കുന്ന കലാകാരിക്ക് അവാര്‍ഡുകള്‍ നല്‍കുന്നത് പ്രായത്തെ തോല്‍പ്പിക്കാനുള്ള ഉള്‍ക്കരുത്തുകൂടിയാണ്.

ശ്രുതി സഖി

Ads by Google
Ads by Google
Loading...
TRENDING NOW