Wednesday, June 26, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

ലഹരി മാഫിയയുടെ കുടിപ്പക: രണ്ട്‌ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി

uploads/news/2019/04/303805/c1.jpg

തൃശൂര്‍ : ലഹരി മാഫിയ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി മുണ്ടൂരില്‍ ബൈക്ക്‌ യാത്രികരായ രണ്ടു യുവാക്കളെ പിക്‌അപ്‌ വാന്‍ ഇടിച്ചുവീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തി. മറ്റൊരു ബൈക്കില്‍ ഒപ്പം സഞ്ചരിച്ച രണ്ടു സുഹൃത്തുക്കള്‍ക്കു വെട്ടേറ്റു.
മുണ്ടൂര്‍ അവണൂര്‍ പറവട്ടാനിയില്‍ ശശിയുടെ മകന്‍ ശ്യാം (25), മുണ്ടത്തിക്കോട്‌ ചൊവ്വല്ലൂര്‍ ജോസിന്റെ മകന്‍ ക്രിസ്‌റ്റി (ക്രിസ്‌റ്റഫര്‍-25) എന്നിവരാണു കൊല്ലപ്പെട്ടത്‌. വേലൂര്‍ സ്വദേശി രാജേഷ്‌ (24), അവണൂര്‍ സ്വദേശി തടത്തില്‍ ശശിധരന്റെ മകന്‍ പ്രസാദ്‌ (22) എന്നിവര്‍ക്കു പരുക്കേറ്റു. രാജേഷിന്റെ നില ഗുരുതരമാണ്‌.
ഇന്നലെ പുലര്‍ച്ചെ ഒന്നോടെ അവണാവ്‌ റോഡില്‍ മിച്ചഭൂമിക്കു സമീപമാണു സംഭവം. പിക്‌അപ്‌ വാന്‍ ഇടിച്ചുവീഴ്‌ത്തിയ ബൈക്ക്‌ 100 മീറ്ററോളം നിരക്കിക്കൊണ്ടുപോയി. ഗുണ്ടാ കുടിപ്പകയും കഞ്ചാവ്‌ വില്‍പ്പന സംബന്ധിച്ച തര്‍ക്കവുമാണ്‌ ആക്രമണത്തിനു പിന്നിലെന്നു പോലീസ്‌ പറഞ്ഞു. കൊലപാതകം നടന്ന സ്‌ഥലത്തിന്‌ ഒരു കിലോമീറ്റര്‍ അകലെയാണു പ്രസാദിനും രാജേഷിനും വെട്ടേറ്റത്‌. കാലിലൂടെ വണ്ടി ഓടിച്ചുകയറ്റിയെന്നു പ്രസാദ്‌ മൊഴി നല്‍കി. തെറിച്ചുവീണ രാജേഷിന്‌ തലയ്‌ക്കു ഗുരുതരപരുക്കേറ്റു.
പ്രസാദിന്റെ അമ്മയെ കഞ്ചാവുമായി കഴിഞ്ഞദിവസം എക്‌സൈസ്‌ പിടികൂടിയിരുന്നു. ഇതു ചോര്‍ത്തിക്കൊടുത്തതു വരടിയം നിവാസികളായ മാളിയേക്കല്‍ വീട്ടില്‍ ഡയമണ്ട്‌ എന്നു വിളിക്കുന്ന മിജോയും സഹോദരന്‍ ജിനുവുമാണെന്ന സംശയത്തിലാണു സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ 22-നു മിജോയെ തിരക്കിയെത്തിയ ശ്യാമും സുഹൃത്തുക്കളും സഹോദരന്‍ ജിനുവിനെ ആക്രമിച്ച്‌ കൈ തല്ലിയൊടിച്ചു. ഇതേച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇരുസംഘങ്ങളും തമ്മില്‍ ബോംബും പന്നിപ്പടക്കവും എറിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണു കൊലപാതകമെന്നു കരുതുന്നു. വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനേത്തുടര്‍ന്നു ശ്യാമിനെ അവണൂരില്‍നിന്നു മറ്റൊരിടത്തേക്കു മാറ്റാനാണു കൂട്ടുകാരെത്തിയത്‌. ക്രിസ്‌റ്റി ഡ്രൈവറും ഫോട്ടോഗ്രാഫറുമാണ്‌.
പ്രതികളെന്നു സംശയിക്കുന്ന മിജോ, ജിനു തുടങ്ങിയവര്‍ക്കായി പോലീസ്‌ തെരച്ചില്‍ ശക്‌തമാക്കി. അടുത്തിടെ വാങ്ങിയ പിക്‌അപ്‌ വാനാണ്‌ ആക്രമണത്തിന്‌ ഉപയോഗിച്ചത്‌. ചിയ്യാരം സ്വദേശികളായ പ്രതികള്‍ ആറുമാസം മുമ്പാണു വരടിയത്ത്‌ വാടകവീട്ടില്‍ താമസമാരംഭിച്ചത്‌. രാത്രി പലരും ഇവിടെ വന്നുപോകാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പോലീസ്‌ ഈ വീടു പരിശോധിച്ചു. പെട്രോള്‍ ബോംബുകളും പന്നിപ്പടക്കങ്ങളും കണ്ടെടുത്തു.
പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ഇന്നലെ പുലര്‍ച്ചെ 12.30-നുശേഷം ഡ്യൂക്ക്‌ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ക്രിസ്‌റ്റിയേയും ശ്യാമിനെയും പിന്നാലെ പിക്‌അപ്‌ വാനിലെത്തിയ ആറംഗസംഘം ഇടിച്ചുവീഴ്‌ത്തി. മറ്റൊരു ബൈക്കിലുണ്ടായിരുന്ന പ്രസാദും രാജേഷും ആക്രമണം കണ്ട്‌ വേഗത്തില്‍ ഓടിച്ചുപോയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്നു. ഒരു കിലോമീറ്ററോളം ദൂരെ കുരിശുപള്ളിക്കടുത്ത്‌ ഇവരെയും ഇടിച്ചുവീഴ്‌ത്തിയശേഷം വെട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. വിവരമറിഞ്ഞ്‌ എത്തിയ പോലീസാണ്‌ ഇരുവരെയും ആശുപത്രിയിലാക്കിയത്‌. മറ്റൊരിടത്തു വെട്ടേറ്റുകിടന്ന ശ്യാമിനെയും ക്രിസ്‌റ്റിയേയും ഒന്നരമണിക്കൂറിനു ശേഷമാണു കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു നീക്കി. കൊലപാതകത്തിനുപയോഗിച്ച വാള്‍ സ്‌ഥലത്തുനിന്നു കണ്ടെത്തി. ബോംബെറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഇതു പോലീസ്‌ നിര്‍വീര്യമാക്കി.
അക്രമികളെ പിടികൂടാന്‍ പ്രത്യേകസംഘം രൂപീകരിച്ചതായി സിറ്റി പോലീസ്‌ കമ്മിഷണര്‍ യതീഷ്‌ ചന്ദ്ര അറിയിച്ചു. ഇരുസംഘങ്ങളില്‍ പെട്ടവര്‍ക്കുമെതിരേ പേരാമംഗലം പോലീസില്‍ കേസുകളുണ്ട്‌. ശ്യാമിന്റെ അമ്മ: സുനിത. സഹോദരി: ശ്യാമിലി. ക്രിസ്‌റ്റിയുടെ അമ്മ: ഗ്രേസി. സഹോദരങ്ങള്‍: ജോയല്‍, എയ്‌ഞ്ചല്‍. ശ്യാമിന്റെ സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനു കൈപ്പറമ്പ്‌ പഞ്ചായത്ത്‌ കൊള്ളന്നൂര്‍ മോക്ഷാലയത്തില്‍.

Ads by Google
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW