Friday, June 21, 2019 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.19 AM

കെവിന്‍ വധം: സാക്ഷിയെ കബളിപ്പിക്കാന്‍ ഒരേ വേഷത്തില്‍ പ്രതികള്‍

uploads/news/2019/04/303803/c2.jpg

കോട്ടയം: കോളിളക്കം സൃഷ്‌ടിച്ച കെവിന്‍ വധക്കേസില്‍ സാക്ഷിയെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരേ വേഷം ധരിച്ച്‌ താടിയും മുടിയും വെട്ടിയൊരുക്കി പ്രതികള്‍. വേഷവും ഭാവം മാറിയെത്തിയ അഞ്ചു പ്രതികളെ കേസിലെ മുഖ്യസാക്ഷിയ്‌ക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സെഷന്‍സ്‌ ജഡ്‌ജി സി. ജയചന്ദ്രന്‍ മുമ്പാകെയാണ്‌ ഇന്നലെ വിചാരണനടപടികള്‍ ആരംഭിച്ചപ്പോഴാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.
വിസ്‌താരത്തില്‍ മുഖ്യസാക്ഷി മാന്നാനം കളമ്പുകാട്ടുചിറ അനീഷ്‌ ഒന്നാം പ്രതി കൊല്ലം തെന്മല ഒറ്റക്കല്‍ ഷാനുഭവനില്‍ ഷാനു ചാക്കോ ഉള്‍പ്പെടെ ഏഴു പ്രതികളെ തിരിച്ചറിഞ്ഞു. എന്നാല്‍, ഷാനുവിന്റെ അച്‌ഛനും അഞ്ചാം പ്രതിയുമായ ചാക്കോ ഉള്‍പ്പെടെ അഞ്ചു പേരെ തിരിച്ചറിയാന്‍ അനീഷിനായില്ല. പ്രതികള്‍ ഒരേതരത്തിലുള്ള വസ്‌ത്രം ധരിച്ചെത്തിയതാണു തിരിച്ചറിയാന്‍ കഴിയാത്തതെന്ന്‌ അനീഷ്‌ കോടതിയെ അറിയിച്ചു. കണ്ണിനു കാഴ്‌ചക്കുറവുള്ള അനീഷ്‌ പലപ്പോഴും പ്രയാസപ്പെട്ടാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌.
പ്രോസിക്യൂഷന്‍ നടത്തിയ വിസ്‌താരത്തില്‍ കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അനീഷ്‌ വിശദീകരിച്ചു. നാലോടെ പ്രോസിക്യൂഷന്‍ വിസ്‌താരം പൂര്‍ത്തിയായി. തുടര്‍ന്ന്‌ അനീഷിനെ പ്രതിഭാഗം അഭിഭാഷകന്‍ വിസ്‌തരിച്ചു. പ്രതിഭാഗത്തിന്‌ വിസ്‌താരം നടത്താനുള്ള സമയവും ബുധനാഴ്‌ച തന്നെ നല്‍കിയതോടെ കോടതി സമയം കഴിഞ്ഞു വിചാരണ നീണ്ടു. പ്രത്യേക കേസായി പരിഗണിക്കുന്നതിനാല്‍ രാവിലെ 10നു തന്നെ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു. വിചാരണ വരുംദിവസങ്ങളിലും തുടരും.
അതിനിടെ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പ്രതികളുടെ ബന്ധുക്കളുടെ അസഭ്യ വര്‍ഷമുണ്ടായി. ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞപ്പോഴും വൈകിട്ട്‌ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതികളെ പുറത്തേക്ക്‌ എത്തിച്ചപ്പോഴുമാണ്‌ മാധ്യമപ്രവര്‍ത്തകരെ ഇവര്‍ അസഭ്യം പറഞ്ഞത്‌. കൂടുതല്‍ പോലീസ്‌ എത്തിയാണ്‌ പ്രശ്‌നം പരിഹരിച്ചത്‌.
കൊല്ലം തെന്മല സ്വദേശിനിയായ നീനുവിനെ നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ പി. ജോസഫ്‌(24) പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌. ഇതിലുള്ള ദുരഭിമാനംമൂലം നീനുവിന്റെ സഹോദരനും അച്‌ഛനും മറ്റ്‌ ബന്ധുക്കളും കൂട്ടാളികളും ചേര്‍ന്ന്‌ കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. 2018 മേയ്‌ 26ന്‌ രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. 14 പ്രതികളാണ്‌ കേസിലുള്ളത്‌. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.എസ്‌. അജയന്‍ ഹാജരായി.

Ads by Google
Thursday 25 Apr 2019 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW