Monday, July 01, 2019 Last Updated 23 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.52 AM

ജനാധിപത്യം ഇനിയും മുന്നോട്ടു കുതിക്കട്ടെ

uploads/news/2019/04/303634/editorial.jpg

മലയാളിയുടെ ഉന്നത രാഷ്‌ട്രീയ ബോധം വെളിപ്പെടുത്തുന്നതാണു പൊതുതെരഞ്ഞെടുപ്പിലെ കനത്ത പോളിങ്‌ ശതമാനം തെളിയിക്കുന്നത്‌. തിങ്കളാഴ്‌ച രാത്രി മുതല്‍ കേരളത്തില്‍ പലസ്‌ഥലത്തും മഴയായിരുന്നു. ഇന്നലെ രാവിലെയും മഴ തുടര്‍ന്നെങ്കിലും കേരളത്തില്‍ രാവിലെ മുതല്‍ ഉത്സാഹത്തോടെയാണു ജനം പോളിങ്‌ ബൂത്തിലേക്ക്‌ ഒഴുകിയത്‌. സാധാരണ ഇതു കേരളത്തിലെ സ്‌ഥിരം കാഴ്‌ചയാണെങ്കിലും ഇത്തവണ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ പോളിങ്‌ രേഖപ്പെടുത്തിയത്‌ കേരളത്തിലെ ജനാധിപത്യ പ്രക്രിയയുടെ കരുത്താണു തെളിയിക്കുന്നത്‌.

ഇന്നലെ വോട്ടിങ്‌ അവസാനിക്കുന്ന സമയത്തിനുശേഷവും ധാരാളം ബൂത്തുകളില്‍ വോട്ടര്‍മാര്‍ കാത്തുനില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ അതേ ആവേശം പോളിങ്ങിലും കേരളം തുടര്‍ന്നു. ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന സിനിമാ താരങ്ങളടക്കം സമൂഹത്തിലെ പ്രമുഖര്‍ കൂടുതലായി വോട്ടുചെയ്യാനെത്തിയിരുന്നു. എല്ലാ ബൂത്തിലും വോട്ടു ചെയ്യുന്നത്‌ ജനങ്ങള്‍ക്ക്‌ ഉറപ്പു വരുത്താന്‍ സഹായിക്കുന്ന വി.വി.പാറ്റ്‌ സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്‌. വോട്ടര്‍മാരെ സഹായിക്കുന്ന ഈ സംവിധാനത്തിന്റെ പേരില്‍ ഇന്നലെ ഏതാനും ബൂത്തുകളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. സാങ്കേതികമായ തകരാര്‍ മാത്രമായിരുന്നതിനാല്‍ വലിയ താമസം വരാതെ പോളിങ്‌ തുടരാന്‍ സാധിച്ചുവെന്നത്‌ ആശ്വാസമായി.

ചില ബൂത്തുകളില്‍ വോട്ടിങ്‌ യന്ത്രം പണിമുടക്കിയതു കല്ലുകടിയുമായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയും സിനിമാ നടന്‍ മോഹന്‍ലാലും വോട്ട്‌ ചെയ്യാനെത്തിയ ബൂത്തുകളില്‍ ഇത്തരം ആശയക്കുഴപ്പമുണ്ടായി. ഇത്തവണ വോട്ടിങ്‌ യന്ത്രങ്ങള്‍ സജ്‌ജമാക്കിയപ്പോള്‍ തന്നെ ധാരാളം സ്‌ഥലങ്ങളില്‍ കുഴപ്പം കണ്ടെത്തിയിരുന്നു. അത്തരം യന്ത്രങ്ങള്‍ ഒഴിവാക്കിയപ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാനായി യന്ത്രങ്ങള്‍ സുക്ഷിച്ചു വയ്‌ക്കാന്‍ പോലും സാധിച്ചില്ല. പിന്നീട്‌ കൂടുതല്‍ യന്ത്രങ്ങള്‍ കൊണ്ടുവന്നു വീണ്ടും സജ്‌ജമാക്കേണ്ടിവന്നു. ഇത്‌ പാഠമായി അധികൃതര്‍ കാണേണ്ടതാണ്‌. അടുത്ത രണ്ടു വര്‍ഷവും കേരളത്തില്‍ പോളിങ്‌ നടക്കാനുള്ളതാണ്‌. പുതിയതും കുഴപ്പമില്ലാത്തതുമായ യന്ത്രങ്ങളാണു കേരളത്തിലേക്ക്‌ എത്തിക്കുന്നതെന്ന്‌ ഉറപ്പുവരുത്തിയാല്‍ ഇന്നലെയുണ്ടായ തരം ആശയക്കുഴപ്പം ഒഴിവാക്കാനാകും.

വോട്ടിന്റെ കാര്യമാകുമ്പോള്‍ മലയാളി വൈകാരികമായി പ്രതികരിക്കുന്നുവെന്നതിന്‌ ഇന്നലെയും മാറ്റമുണ്ടായില്ല. വോട്ട്‌ മാറിപ്പോകുന്നു എന്ന്‌ ഒരാള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങള്‍ വഴി ഇതു സംബന്ധിച്ച തെറ്റിദ്ധാരണാ ജനകമായ അനേകം സന്ദേശങ്ങളാണു പ്രചരിച്ചത്‌. വളരെ വേഗം തന്നെ അതു തെറ്റാണെന്നു തെളിയുകയും ചെയ്‌തു. ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങളുമുണ്ടായി. ഇന്നലെ വോട്ടിങ്‌ നീളുന്നതു സംബന്ധിച്ചും തര്‍ക്കവും സംഘര്‍ഷവുമുണ്ടായി. തുറന്ന മനസോടെ വിഷയങ്ങളെ സമീപിച്ചാല്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാവുന്നതാണ്‌. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ സംഘര്‍ഷം കുറഞ്ഞു വരുന്നു എന്നതു തന്നെ സ്വാഗതാര്‍ഹമാണ്‌. അത്‌ ഇനിയും കുറച്ചു കൊണ്ടുവരുമ്പോഴാണു ജനാധിപത്യം സമാധാന പൂര്‍ണമാകുന്നത്‌.

Ads by Google
Wednesday 24 Apr 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW