Wednesday, April 24, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.32 AM

അസല്‍ പന്താട്ടം : ഋഷഭ്‌ പന്തിനെ പുകഴ്‌ത്തി ഗാംഗുലിയും പോണ്ടിങും

uploads/news/2019/04/303618/s5.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ തോല്‍വിയിലേക്കു തള്ളിവിട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്തിന്‌ സാമുഹിക മാധ്യമങ്ങളില്‍ പ്രശംസ.
ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്‌, ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി തുടങ്ങിയ പ്രമുഖരാണു പന്തിനെ ഏറ്റവും കൂടുതല്‍ പ്രശംസിച്ചത്‌. തിങ്കളാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ 36 പന്തില്‍ നാല്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 78 റണ്ണുമായി പുറത്താകാതെനിന്ന ഋഷഭ്‌ പന്താണു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‌ അസാധ്യമായ ജയം നേടിക്കൊടുത്തത്‌. ഋഷഭ്‌ പന്തിനെ മൈതാന മധ്യത്ത്‌ കെട്ടിപ്പുണര്‍ന്നാണ്‌ മുന്‍ ഇന്ത്യന്‍ താരം സൗരവ്‌ ഗാംഗുലി അമ്പരപ്പിച്ചത്‌. മത്സരശേഷം ഡഗൗട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ ഓടിയെത്തിയ ഗാംഗുലി യുവതാരത്തിന്‌ സര്‍പ്രൈസ്‌ നല്‍കിയത്‌.
ഗാംഗുലി പന്തിനെ എടുത്തുയര്‍ത്തുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ''നീ ഇത്‌ അര്‍ഹിക്കുന്നു, നിന്റെ പ്രകടനത്തിന്‌ 'വൗ' എന്നല്ലാതെ എന്താണ്‌ പറയുക'' യെന്നും ഗാംഗുലി ട്വീറ്റ്‌ ചെയ്‌തു. ഗാംഗുലി തന്നെ എടുത്തുയര്‍ത്തിയത്‌ ഒരു സ്വപ്‌നം പോലെ തോന്നിയെന്നു പന്ത്‌ പറഞ്ഞതായി സഹതാരം പൃഥ്വി ഷാ പറഞ്ഞു. ഋഷഭ്‌ പന്തിനെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ സജീവമായ സമയത്താണു ഗാംഗുലിയുടെ സ്‌നേഹ പ്രകടനം. പന്തിന്റെ പ്രകടനം സമാനതകളില്ലാത്തതാണെന്നു ഡല്‍ഹി ടീം കോച്ച്‌ റിക്കി പോണ്ടിങ്‌ ട്വീറ്റ്‌ ചെയ്‌തു.
പന്തി ലോകകപ്പ്‌ ടീമില്‍നിന്ന്‌ ഒഴിവാക്കിയതിനെ പോണ്ടിങും വിമര്‍ശിച്ചിരുന്നു. പന്തിനെപ്പോലെ മത്സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളെ പുറത്തിരുത്തുന്നത്‌ ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പോണ്ടിങ്‌ കുറിച്ചു.
തിങ്കളാഴ്‌ച രാത്രി ജയ്‌പ്പുരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ റോയല്‍സ്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ക്യാപ്പിറ്റല്‍സ്‌ കളി തീരാന്‍ നാല്‌ പന്ത്‌ ശേഷിക്കേ വിജയ റണ്ണെടുത്തു.
സഞ്‌ജു സാംസണിനെ (0) തുടക്കത്തിലേ നഷ്‌ടപ്പെട്ടെങ്കിലും മുന്‍ നായകന്‍ അജിന്‍ക്യ രഹാനെയുടെ (63 പന്തില്‍ മൂന്ന്‌ സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 105) സെഞ്ചുറിയും നായകന്‍ സ്‌റ്റീവ്‌ സ്‌മിത്തിന്റെ (32 പന്തില്‍ 50) അര്‍ധ സെഞ്ചുറിയും ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. ബെന്‍ സ്‌റ്റോക്‌സ് (എട്ട്‌), ആഷ്‌ലെ ടേണര്‍ (0), സ്‌റ്റുവര്‍ട്ട്‌ ബിന്നി (19) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും രഹാനെ പിടിച്ചുനിന്നു. നായക സ്‌ഥാനം ഒഴിയാവതിന്റെ ആശ്വാസത്തിലാണു രഹാനെ ബാറ്റ്‌ ചെയ്‌തത്‌. ഡല്‍ഹിക്കു പൃഥ്വി ഷായും (39 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 42) ശിഖര്‍ ധവാനും (27 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 54) മികച്ച തുടക്കം നല്‍കി. ധവാനെ ഗോപാലിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണ്‍ സ്‌റ്റമ്പ്‌ ചെയ്‌തതോടെ കൂട്ടുകെട്ട്‌ പൊളിഞ്ഞു. നായകന്‍ ശ്രേയസ്‌ അയ്യര്‍ (നാല്‌) പരാഗിന്റെ പന്തില്‍ പുറത്തായതോടെ ഡല്‍ഹി ഒന്നുപതറി. പീയുഷ്‌ ഷായും പന്തും ചേര്‍ന്നതോടെയാണു ഡല്‍ഹിക്കു വീണ്ടും ജീവന്‍ വച്ചത്‌. മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 30 പന്തില്‍ 50 റണ്‍ കടന്നു. 16-ാം ഓവര്‍ പിന്നിടുമ്പോള്‍ സ്‌കോര്‍ 150 ലെത്തി. 26 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ഋഷഭ്‌ പന്താണു റോയല്‍സ്‌ ബൗളര്‍മാരെ കൂടുതല്‍ ആക്രമിച്ചത്‌.
റോയല്‍സ്‌ ബൗളര്‍മാരില്‍ ധവാല്‍ കുല്‍ക്കര്‍ണി നാല്‌ ഓവറില്‍ 51 റണ്‍ വഴങ്ങി. 18-ാം ഓവറില്‍ ഷോണ്‍ റഥര്‍ഫോഡിനെ (അഞ്ച്‌ പന്തില്‍ 11) പുറത്താക്കി ക്യാപ്പിറ്റല്‍സിനെ ചെറുതായി സമ്മര്‍ദത്തിലാക്കാന്‍ ധവാല്‍ കുല്‍ക്കര്‍ണിക്കായി. 47 റണ്‍ വഴങ്ങിയ ശ്രേയസ്‌ ഗോപാല്‍ രണ്ട്‌ വിക്കറ്റെടുത്തു. റിയാന്‍ പരാഗ്‌ ഒരു വിക്കറ്റുമെടുത്തു.

Ads by Google
Wednesday 24 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW