Monday, July 08, 2019 Last Updated 39 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 09.02 PM

മരിച്ചതായി വ്യാജ പ്രചരണം; പ്രതികരണവുമായി മധുപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Madhupal's FB post

നടനും സംവിധായകനുമായ മധുപാലല്‍ മരിച്ചെന്ന് വ്യാജ പ്രചരണം. ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മധുപാലിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ സഹിതമാണ് വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിന് മറുപടിനല്‍കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് മധുപാല്‍.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് മധുപാല്‍ പറഞ്ഞിരുന്നതായി വ്യാജവാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോല്‍ ഇദ്ദേഹം മരിച്ചുവെന്ന് പ്രചരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചു നടന്ന ഒരു സായാഹ്ന പരിപാടിയില്‍ ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രചരണം നടത്തുന്നത്.

മധുപാല്‍ പറഞ്ഞത്

'ജീവനുള്ള മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാനാകണം. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് കണ്ടവരാണ് നാം. എല്ലാവര്‍ക്കും സന്തോഷത്തോടെ ഇവിടെ ജീവിക്കാനാകണം.
അഞ്ചുവര്‍ഷത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ രാജ്യരക്ഷാഭടന്മാര്‍ ഇവിടെ കൊല്ലപ്പെട്ടത്. ദേശീയത പറയുന്നവരുടെ കാലത്താണിത്. സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായതും ഇക്കാലത്താണ്. നമുക്കു വേണ്ടത് സമത്വത്തോടെ ജനങ്ങളെ കാണുന്ന ഒരു ഭരണകൂടത്തെയാണ്. പുരാതന സംസ്‌കൃതിയിലേക്ക് ഇന്ത്യയെ കൊണ്ടുപോകണമോ എന്ന് നാം ആലോചിക്കണം. മനുഷ്യനെ മതത്തിന്റെ ചതുരത്തില്‍ നിര്‍ത്തുന്ന ഭരണകൂടമല്ല നമുക്കു വേണ്ടത്. അതിനാല്‍ ഇടതുപക്ഷത്തോടൊപ്പം നാം നിലകൊള്ളണം'. ഇതിനെ വളച്ചൊടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതിന് ഇദ്ദേഹം ഫേസ്ബുക്കിലൂടെ മറുപടിയും നല്‍കി.

ഫേസ്ബുക്ക് പോസ്റ്റ്

'ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ വ്യാപകമായി പ്രചാരണം സോഷ്യല്‍ മീഡിയായില്‍ കണ്ടു. ഞാന്‍ പറഞ്ഞതെന്ത് എന്തു മനസിലാക്കാനുള്ള ആ സുഹൃത്തുക്കളുടെ കഴിവില്ലായ്മയെ പൂര്‍ണമായും ഉള്‍ക്കൊണ്ടും കാര്യങ്ങളെ വളച്ചൊടിച്ച് അവരുടെ ഇഷ്ടം പോലെ തരാതരമാക്കി മാറ്റാനുള്ള ഹീനതയെ അംഗീകരിച്ചുകൊണ്ടും ഞാന്‍ പറഞ്ഞതെന്തെന്ന് വ്യക്തമാക്കാം.

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാന്ത്ര്യത്തെ ഖണ്ഡിക്കാന്‍ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മള്‍ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തില്‍ ഒരു പൗരന്‍ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്‌നേഹവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാന്‍ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'

അതെ, ഞാന്‍ അങ്ങിനെ തന്നെ വിശ്വസിക്കുന്നു. ചോദ്യം ചോദിക്കുന്നതിനെ ഭരണകൂടങ്ങള്‍ ഭയപ്പെട്ടു തുടങ്ങുന്നുവെങ്കില്‍, ചോദ്യം ചോദിക്കുന്നവന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യലാണ് ഭരണകൂടം മുന്നോട്ടു വെയ്ക്കുന്ന പ്രതിവിധിയെങ്കില്‍ നമ്മള്‍ മനസിലാക്കേണ്ടത് ആ ഭരണകൂടം ജനാധിപത്യത്തില്‍ നിന്നു വ്യതിചലിച്ചു തുടങ്ങുന്നുവെന്നാണ്. ജനാധിപത്യത്തിന്റെ മരണം പൗരബോധത്തിന്റെയും പൗരന്റെയും മരണമാണ്. അങ്ങനെ മരിക്കാതിരിക്കാന്‍, ജനാധിപത്യത്തിന്റെ ജ്വാല കെട്ടുപോകാതിരിക്കാന്‍, നമ്മള്‍ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം മരിക്കുമ്പോള്‍ ഭരണഘടന മരിക്കുന്നു. അതു മുന്നോട്ടു വെയ്ക്കുന്ന പൗരാവകാശങ്ങള്‍ മരിക്കുന്നു. ഓരോ ചോദ്യം ചെയ്യലും അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഒരു സമരമാണ്. ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അതു നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.

ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പും അതുപോലെ തന്നെ ഒരു സമരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു ജീവന്മരണ സമരമാണ്. ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടം. ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണ്. അല്ലാതെ ഉള്ളുപൊള്ളയായ ദേശസ്‌നേഹത്തിന്റെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ വര്‍ഗീയതയല്ല. ഇനിയും വോട്ടു രേഖപ്പെടുത്താന്‍ നമുക്ക് ജനാധിപത്യത്തിലൂന്നിയ തിരഞ്ഞെടുപ്പുകളുണ്ടാകണമെന്ന്, ഇന്ത്യയുടെ ജനാധിപത്യമെന്നത് ജനലക്ഷങ്ങള്‍ അവരുടെ രക്തവും വിയര്‍പ്പും ജീവനും ഊറ്റിത്തന്ന് നേടിയെടുത്തും സംരക്ഷിച്ചും തന്നതാണെന്ന ബോധത്തോടു കൂടിതന്നെ നമുക്ക് നമ്മുടെ വോട്ടുകള്‍ രേഖപ്പെടുത്താനാവണം. ആ ജനാധിപത്യത്തിന്റെ സംരക്ഷണമാകണം നമ്മുടെ ലക്ഷ്യം. ഇല്ലെങ്കില്‍ നാം മൃതതുല്യരാവുക തന്നെ ചെയ്യും'.

മധുപാല്‍

Ads by Google
Tuesday 23 Apr 2019 09.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW