Friday, June 21, 2019 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 04.05 PM

നമ്മുടെ ചിന്തകളും മനസ്സും

uploads/news/2019/04/303491/joythi230419a.jpg

നമ്മള്‍ എല്ലാക്കാര്യങ്ങളും പോസിറ്റീവായി ചിന്തിക്കണം. ഇങ്ങനെയുള്ള ചിന്താഗതി നമ്മള്‍ അറിയാതെ തന്നെ നമ്മെ ഉന്നതിയിലേക്ക് നയിക്കും. അതേസമയം നെഗറ്റീവ് ചിന്തകളാണ് നമുക്ക് ഉള്ളതെങ്കില്‍ അത് നമ്മുടെ ജീവിതഗതിയെ തടസ്സപ്പെടുത്തും.

നമുക്ക് ചുറ്റുമുള്ള പ്രകൃതിയിലേക്ക് ശ്രദ്ധിച്ചു നോക്കുക. ചെറിയ പക്ഷികള്‍ മനോഹരമായ കൂടുകള്‍ നിര്‍മ്മിക്കുന്നു. ആ കൂട് നിര്‍മ്മിക്കാന്‍ അവരെ പ്രേരിപ്പിച്ച ഘടകം എന്താണ്? അവയുടെ വംശവര്‍ദ്ധനയ്ക്ക് സുരക്ഷിതമായ ഒരു സ്ഥലം വേണമെന്ന് കിളികള്‍ക്കറിയാം. നിസ്സാരമെന്ന് നമ്മള്‍ കരുതുന്ന ഉറുമ്പുകള്‍ ചെയ്യുന്നത് നോക്കുക. സ്വന്തം ശരീരത്തേക്കാള്‍ നാലിരട്ടി ഭാരമുള്ള ധാന്യമണികളോ, മറ്റു വസ്തുക്കളോ അവ വളരെ പ്രയാസപ്പെട്ട് വലിച്ചിഴച്ചുകൊണ്ടുപോകുന്നു. എങ്ങനെയാണ് ഉറുമ്പിന് ഇത് സാധിക്കുന്നത്?

അവയ്ക്കറിയാം ജീവന്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആയതുകൊണ്ട് എത്ര സാഹസപ്പെട്ടും ഉറുമ്പ് തന്റെ ജോലി ചെയ്യുന്നു. ഇതുപോലെ ജീവിതത്തില്‍ ലക്ഷ്യത്തിലെത്തണമെന്ന ബോധം നമ്മുടെ മനസ്സില്‍ ഉറപ്പിച്ചാല്‍ മനസ്സ് അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തും.

നമ്മുടെ ഉപബോധ മനസ്സില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അറിവുകളുടെ നിധിതന്നെയുണ്ട്. അത് കണ്ടെത്തി നാം പ്രയത്‌നിക്കണം. മഹാന്മാരായിത്തീര്‍ന്ന വ്യക്തികള്‍ അവരുടെ ഉപബോധമനസ്സുകള്‍ തുറന്ന് അതില്‍നിന്ന് കിട്ടിയ അറിവുകളും ഉന്നത ചിന്തകളും ബുദ്ധിപരമായി ഉപയോഗിച്ച് പ്രശസ്തരായവരാണ്.

ഉദാഹരണമായി പറയാം. നാളെ വെളുപ്പിന് നാലുമണിക്ക് ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് അത്യാവശ്യമായി ഒരു സ്ഥലംവരെ പോകേണ്ടതുണ്ട്. വെളുപ്പിന് എഴുന്നേല്‍ക്കണമെന്ന ചിന്തയോടെ ഉറങ്ങാന്‍ കിടക്കുക. നിങ്ങളുടെ ഉപബോധ മനസ്സില്‍ അത് മായാതെ കിടക്കും.

ഇങ്ങനെ ചിന്തിച്ച് കിടന്ന് ഉറങ്ങിയ നിങ്ങള്‍ കൃത്യസമയത്തുതന്നെ ഉണരുകയും ചെയ്യും. അലാറത്തിന്റെ ആവശ്യം ഇവിടെ വരുന്നില്ല. ഇങ്ങനെയുള്ള നമ്മുടെ മനസ്സിലെ ദൃഢമായ ഓരോ ചിന്തയും മുന്നോട്ടുള്ള വിജയകരമായ ജീവിതത്തിന്റെ ശക്തിസ്രോതസ്സ് ആണ്. അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

മനസ്സില്‍ നല്ല ചിന്തകള്‍ വരുമ്പോള്‍ ശരീരത്തിന് നല്ല ആരോഗ്യം കിട്ടുന്നു. നല്ല പെരുമാറ്റം, സന്തോഷം, ദയ, ആരോഗ്യം ഇവയെല്ലാം നന്മയുള്ള മനസ്സില്‍ നിന്നുണ്ടാകുന്നു.

നല്ല പുസ്തകങ്ങള്‍ വായിക്കുക, നല്ല സുഹൃത്തുക്കുമായി സൗഹൃദം സ്ഥാപിക്കുക, ചെയ്യാനുള്ള ജോലികള്‍ കൃത്യസമയത്ത് തന്നെ ചെയ്ത് തീര്‍ക്കുക ഇവയെല്ലാം നമ്മുടെ മനസ്സിന് സംതൃപ്തി നല്‍കുന്നു. എപ്പോഴും നിശ്ചയ ദാര്‍ഢ്യത്തോടെ മുമ്പോട്ട് പോകുക. നമുക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത് സമയം കളയാതെ നമുക്ക് കഴിയുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുക.

ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ചു തരുന്ന പാഠങ്ങളില്‍ നല്ലതുമാത്രം മനസ്സില്‍ സൂക്ഷിക്കുക. വരാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍ത്ത് വിഷമിക്കാതെ, എന്തും നേരിടാന്‍ മനസ്സിന് ധൈര്യം കൊടുക്കുക. സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍ സാവധാനത്തില്‍ ചിന്തിച്ച് ഉചിതമായ തീരുമാനത്തിലെത്തുക.

''മല പോലെ വന്നത്, എലിപോലെ പോയി.'' എന്ന പഴഞ്ചൊല്ല് ഓര്‍ക്കുമല്ലോ. മിതമായ ആഹാരശീലം ആരോഗ്യവും മിതമായ സംഭാഷണം നന്മയും തരുന്നു. ജലത്തിലെ നീര്‍ക്കുമിളപോലുള്ള ഈ മനുഷ്യായുസ്സ് നല്ല വ്യക്തിയായി സമൂഹത്തിനുവേണ്ടി ജീവിക്കാന്‍ ഉപയോഗിക്കുക.

''അണ്ണാറക്കണ്ണനും തന്നാലയത്'' എന്നതുപോലെ നമ്മളാല്‍ കഴിയുന്ന നന്മകള്‍ സമൂഹത്തിന് ചെയ്യുക. ''ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി'' ഇവയെല്ലാം നമ്മള്‍ തന്നെ വളര്‍ത്തിയെടുക്കേണ്ടതാകുന്നു.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Ads by Google
Loading...
TRENDING NOW