Saturday, May 18, 2019 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 07.49 AM

'ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങള്‍; ശ്രീലങ്കയും കേരളവും തമ്മില്‍ അരമണിക്കൂര്‍ ദൂരമേ ഉള്ളൂ, ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തില്‍ നടക്കാം, നമ്മള്‍ പാഠങ്ങള്‍ പഠിക്കണം, ജാഗരൂകരാകണം'; മുരളി തുമ്മാരുകുടി പറയുന്നു

 fb post

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തില്‍ ലോകമൊന്നടങ്കം ഞെട്ടിയിരിക്കുകയാണ്. 290 പേര്‍ മരിച്ചതായാണ് കണക്കുകള്‍. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങള്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്.

കേരളം പോലെ വിവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിന്റെ പേരിലുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ നിന്നും ഒരു കണക്കിന് രാജ്യം മുക്തി നേടി പുറത്തേക്ക് വന്ന് സാന്പത്തിക പുരോഗതി നേടുന്ന സമയത്ത് മതപരമായി ഭിന്നിപ്പിച്ചും സമാധാനം ഇല്ലാതാക്കിയും രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നാം കാണാതെ പോകരുതെന്ന് അദ്ദേഹം കുറിച്ചു. ശ്രീലങ്കയും കേരളവും തമ്മില്‍ അരമണിക്കൂര്‍ ദൂരമേ ഉള്ളൂ, ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തില്‍ നടക്കാം, നമ്മള്‍ പാഠങ്ങള്‍ പഠിക്കണം, ജാഗരൂകരാകണമെന്നും അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

ശ്രീലങ്കയിലെ കൂട്ടക്കുരുതി, കേരളത്തിനുള്ള പാഠങ്ങള്‍...

ഈസ്റ്റര്‍ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തില്‍ 290 പേര്‍ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകള്‍. അതില്‍ ഇരട്ടിയോളം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഏറ്റവും അപലപിക്കപ്പെടേണ്ടതും, നമ്മളെ ചകിതരാക്കേണ്ടതുമാണ് ഈ സംഭവം. അപകടത്തിനിരയായവരുടെ കുടുംബങ്ങളെ അനുശോചനങ്ങള്‍ അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിക്കുന്നു, ദേശീയ സുരക്ഷക്ക് ഭീഷണിയായി ഭീകരവാദം വളരുന്ന ഈ നിമിഷത്തില്‍ അതിനെ ഒറ്റക്കെട്ടായി നേരിടാന്‍ എല്ലാ ശ്രീലങ്കക്കാര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. കേരളത്തിന്റെ ഒരു മെഡിക്കല്‍ സംഘം ശ്രീലങ്കക്ക് സഹായത്തിനായി എത്തുന്നുണ്ടെന്ന് വായിച്ചു, വളരെ നല്ലത്. Lisan Ezhuvathra ഉള്‍പ്പെടെയുള്ള ധാരാളം മലയാളി സുഹൃത്തുക്കള്‍ അവിടെയുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ.

രാമ-രാവണ പുരാണങ്ങള്‍ അറിയാമെങ്കിലും ശ്രീലങ്ക, കേരളത്തിന്റെ എത്ര അടുത്താണെന്നും ഏതൊക്കെ തരത്തില്‍ ശ്രീലങ്കയും കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നും ശ്രീലങ്കയില്‍ പോകാത്ത മലയാളികള്‍ പൊതുവെ മനസ്സിലാക്കിയിട്ടില്ല. ശ്രീലങ്കയും കേരളവും തമ്മില്‍ ഐതീഹ്യമായും ചരിത്രപരമായും ബന്ധങ്ങളുണ്ട്. തെങ്ങും ആയി ശ്രീലങ്കയില്‍ നിന്നും കേരളത്തില്‍ എത്തിയവരാണ് തങ്ങളെന്നാണ് ഒരു വിഭാഗം മലയാളികള്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ വിശ്വസിച്ച് അല്‍പം കള്ളുകുടിക്കണമെങ്കില്‍ ശ്രീലങ്കയില്‍ തന്നെ പോകണം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത് മലയാളികളുടെ ഗള്‍ഫ് ആയിരുന്നു സിലോണ്‍. ഏറെ മലയാളികള്‍ അവിടെ കുടിയേറിയിട്ടുണ്ട്. ചങ്ങന്പുഴയുടെ കവിത ചൊല്ലി അത് മന്ത്രമാണെന്ന് വിശ്വസിപ്പിച്ച് ശ്രീലങ്കയില്‍ ജ്യോല്‍സ്യവും മന്ത്രവാദവും നടത്തി ജീവിക്കുന്ന മലയാളികളെക്കുറിച്ച് എ ടി കോവൂര്‍ എഴുതിയിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ഏറ്റവും നന്നായി മലയാളസിനിമാഗാനങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നത് സിലോണ്‍ റേഡിയോ ആണ്. ഞാന്‍ ആദ്യമായി ടി വി കാണുന്നത്, കൊടൈക്കനാലിലെ ഹോട്ടലുകാര്‍ ഏറെ പൊക്കത്തില്‍ ഒരു ആന്റിന വെച്ചുപിടിപ്പിച്ച് അവരുടെ ലോബിയില്‍ ശ്രീലങ്കന്‍ ടെലിവിഷന്‍ പ്രക്ഷേപണം ഒരു ആകര്‍ഷണമായി വെച്ചപ്പോഴാണ്. കേരളത്തെക്കാളും നല്ല വിദ്യാഭ്യാസം, ആരോഗ്യ സംവിധാനം, പരിസ്ഥിതി സംരക്ഷണം ഒക്കെയുള്ള പ്രദേശമായിരുന്നു പണ്ട് സിലോണ്‍.

1980 മുതല്‍ കാര്യങ്ങള്‍ മോശമായി. 2010 വരെ സ്ഥിതിഗതികള്‍ ഏതാണ്ട് അതുപോലെ തുടര്‍ന്നു. എന്നാല്‍ ആഭ്യന്തര യുദ്ധം കഴിഞ്ഞുള്ള ശ്രീലങ്കയുടെ സാന്പത്തികമായ തിരിച്ചു വരവ് അതിശയിപ്പിക്കുന്നത്ര വേഗത്തിലായിരുന്നു. സമാധാനത്തോടൊപ്പം ഹോട്ടലുകളും വിമാനസര്‍വീസുകളും കൂടി വന്നതോടെ ടൂറിസം അതിവേഗത്തില്‍ വളര്‍ന്നു. ഇന്ത്യന്‍ തുറമുഖങ്ങളെക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തുറമുഖങ്ങള്‍ അവിടെ വന്നത് മറ്റു സാന്പത്തിക രംഗവും ഉഷാറാക്കിത്തുടങ്ങി. നഷ്ടപ്പെട്ട പതിറ്റാണ്ടുകള്‍ അവര്‍ വേഗത്തില്‍ തിരിച്ചു പിടിക്കുകയാണെന്നും, അത് കേരളം ശ്രദ്ധിക്കണമെന്നും ഞാന്‍ രണ്ടു വര്‍ഷം മുന്‍പേ പറഞ്ഞിരുന്നു. കാര്യം കായലും ഹൗസ്ബോട്ടും ആയുര്‍വേദവും ഉള്‍പ്പെടെയുള്ള അവരുടെ ടൂറിസം പ്രമോഷന്‍ കേരളവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണെങ്കിലും, ശ്രീലങ്കയെ കേരളടൂറിസത്തെ വെല്ലുവിളിക്കുന്ന ഒരു ശക്തിയായി കാണേണ്ടതില്ല. കേരളത്തില്‍ ടൂറിസം നടത്തി പരിചയമുള്ളവര്‍ക്ക് അവിടെ പോയി മൂലധനം നിക്ഷേപിക്കാം, അവിടെ നിന്നും ടൂറിസം പഠിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ അവസരം നല്‍കാം, ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് കേരളവും കൂടി സന്ദര്‍ശിക്കാന്‍ പറ്റുന്ന ട്വിന്‍ പാക്കേജ് ശ്രീലങ്കന്‍ എയര്‍ലൈനും താജ് ഹോട്ടലുമായി ചേര്‍ന്ന് നടത്താം, ഒരു വിദേശയാത്ര പോലും ചെയ്തിട്ടില്ലാത്ത മലയാളികള്‍ക്ക് പതിനായിരം രൂപ ചെലവില്‍ ശ്രീലങ്കയില്‍ പോയി മൂന്ന് ദിവസം താമസിച്ച് തിരിച്ചു വരാവുന്ന പാക്കേജുകള്‍ ഉണ്ടാക്കാം, തിരിച്ചും. കേരളത്തിലെയും ശ്രീലങ്കയിലെയും ഓരോ ഗ്രാമത്തിലെയും ആളുകളെ ബന്ധിപ്പിക്കുന്ന എയര്‍ ബി ആന്‍ഡ് ബി പോലുള്ള ഹോംസ്റ്റേ സംവിധാനം ഉണ്ടാക്കിയാല്‍ തായ്ലണ്ടിന് പോലും വെല്ലുവിളിയാകുന്ന ടൂറിസം സംവിധാനം നമുക്കുണ്ടാക്കാം. ചുവപ്പുനാടയുടെയും ഹര്‍ത്താലിന്റെയും സമരത്തിന്റെയും പ്രശ്‌നങ്ങളില്ലാതെ പൂക്കൃഷി മുതല്‍ ഇലക്ട്രോണിക്ക് മാനുഫാക്ചറിംഗ് വരെ മലയാളികള്‍ക്ക് ശ്രീലങ്കയില്‍ നടത്താമല്ലോ.

ഇത്തരത്തിലുള്ള ധാരാളം അവസരങ്ങളുടെ സാധ്യതകള്‍ ഉള്ളതുകൊണ്ടാണ് എന്താണ് ശ്രീലങ്കയില്‍ നടക്കുന്നതെന്ന് ശ്രദ്ധിക്കണമെന്ന് ഞാന്‍ കേരളത്തിലെ ജനങ്ങളോടും ഉദ്യോഗസ്ഥരോടും നേതൃത്വത്തോടും പറയാറുള്ളത്. തീവ്രവാദി ആക്രമണം അതിന് ഒരു കാരണം കൂടിയായി. അങ്ങനെ നോക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടി. കേരളം പോലെ വിവിധ ജാതി മതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന സ്ഥലമാണ് ശ്രീലങ്ക. അവിടെ വംശത്തിന്റെ പേരിലുണ്ടായ ആഭ്യന്തരയുദ്ധത്തില്‍ നിന്നും ഒരു കണക്കിന് രാജ്യം മുക്തി നേടി പുറത്തേക്ക് വന്ന് സാന്പത്തിക പുരോഗതി നേടുന്ന സമയത്ത് മതപരമായി ഭിന്നിപ്പിച്ചും സമാധാനം ഇല്ലാതാക്കിയും രാജ്യത്ത് കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നാം കാണാതെ പോകരുത്. ഇതിന്റെ പിന്നില്‍ ആരാണ്, അവരുടെ ലക്ഷ്യങ്ങള്‍ എന്താണ്, സാന്പത്തികവും സാമൂഹ്യവുമായി എങ്ങനെ ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കുന്നു, അത് എങ്ങനെ ജനങ്ങളില്‍ പരസ്പരവിശ്വാസം നഷ്ടപ്പെടുത്തുന്നു, അതിനെ സര്‍ക്കാര്‍ എങ്ങനെ നേരിടുന്നു എന്നെല്ലാം നാം പഠിക്കേണ്ടതാണ്. കാരണം ശ്രീലങ്കയും കേരളവും തമ്മില്‍ അരമണിക്കൂര്‍ ദൂരമേ ഉള്ളൂ. ഇന്നലെ അവിടെ നടന്നത് നാളെ കേരളത്തില്‍ നടക്കാം. നമ്മള്‍ പാഠങ്ങള്‍ പഠിക്കണം, ജാഗരൂകരാകണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതില്‍ നിന്നും ഉടന്‍ രക്ഷനേടാനും സമൂഹം എന്ന നിലയില്‍ ഭിന്നിച്ചു പോകാതെ പ്രശ്‌നങ്ങളെ ഒന്നിച്ചു നേരിടാനും നാം തയ്യാറാകണം.

ശ്രീലങ്ക ഏറ്റവും വേഗത്തില്‍ വികസനത്തിന്റെ പാതയിലേക്ക് ഒത്തൊരുമയോടെ തിരിച്ചെത്തുമെന്ന വിശ്വാസത്തോടെ,

മുരളി തുമ്മാരുകുടി

Ads by Google
Tuesday 23 Apr 2019 07.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW