Friday, May 24, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.53 AM

ഉത്തരവാദിത്വപൂര്‍വം പോളിങ്‌ ബൂത്തിലേക്ക്‌

uploads/news/2019/04/303400/editorial.jpg

കേരളം ഇന്ന്‌ പോളിങ്‌ ബൂത്തിലേക്ക്‌ നീങ്ങുകയാണ്‌. അടുത്ത അഞ്ചു വര്‍ഷം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കേണ്ടത്‌ ആരെന്നു കേരളീയര്‍ ഇന്നു തീരുമാനിക്കുകയാണ്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ്‌ ഇന്ത്യയിലെ തെരഞ്ഞെടുപ്പ്‌. കോടിക്കണക്കിനു വോട്ടര്‍മാരും ലക്ഷക്കണക്കിനു പോളിങ്‌ ഉദ്യോഗസ്‌ഥരുമെല്ലാം ചേരുന്ന അതിബൃഹത്തായ ദൗത്യമാണ്‌ ഇത്‌. ഇന്ത്യക്കൊപ്പവും അതിനുശേഷവും സ്വാതന്ത്ര്യം നേടിയ പലരാജ്യങ്ങളും ഏകാധിപത്യത്തിലേക്കും പട്ടാള ഭരണത്തിലേക്കും ഒക്കെ വഴിമാറി ജനാധിപത്യത്തെ കൊല്ലാക്കൊല ചെയ്‌തപ്പോള്‍ ഇന്ത്യ എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. പോരായ്‌മകള്‍ പലതുമുണ്ടെങ്കിലും ലോകത്തിനു മാതൃകയാണ്‌ ഇന്ത്യന്‍ ജനാധിപത്യം.

രാഷ്‌ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ എന്നും മുന്നിലുള്ള നാടാണു കേരളം. നല്ലൊരു പങ്ക്‌ ജനങ്ങളും ഏതെങ്കിലും തരത്തില്‍ രാഷ്‌ട്രീയ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നുമുണ്ട്‌. ബഹുസ്വരതയാണു ജീവസുറ്റ ജനാധിപത്യത്തിന്റെ അന്തഃസത്ത. പലതരം രാഷ്‌ട്രീയ വിശ്വാസങ്ങളും അഭിപ്രായ വ്യത്യാസങ്ങളും വച്ചുപുലര്‍ത്തുന്നവരുണ്ടെങ്കിലും നാടിന്റെ സമാധാന അന്തരീക്ഷം പരിപാലിക്കുന്ന വിധത്തിലാവണം തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ ഏവരും പെരുമാറേണ്ടത്‌ എന്നത്‌ ഏറെ പ്രധാനമാണ്‌. ഏതുവിധേനയും വോട്ടു നേടുക എന്നതാവരുത്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടെയും ഇന്നത്തെ അജന്‍ഡ. എന്തൊക്കെ പുരോഗമനവും വിദ്യാഭാസ ഉന്നതിയും പറഞ്ഞാലും രാഷ്‌ട്രീയത്തിന്റെ കാര്യമെത്തുമ്പോള്‍ മലയാളി അതൊക്കെ മറന്ന്‌ അപരിഷ്‌കൃതമായി പെരുമാറുമെന്നത്‌ രഹസ്യമല്ലാത്ത കാര്യമാണ്‌. തങ്ങളുടെ ശക്‌തി കേന്ദ്രങ്ങളായ ബൂത്തുകളില്‍ മറ്റു പാര്‍ട്ടിക്കാരെ ഇരുത്തുക പോലും ചെയ്യാതെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച അനേകം ഉദാഹരണങ്ങള്‍ ഇതിനു മുന്‍പുള്ള തെരഞ്ഞെടുപ്പുകളിലുണ്ട്‌. കള്ളവോട്ട്‌ ചെയ്യുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പുകള്‍ വേദിയാകുന്നു എന്നത്‌ ജനാധിപത്യ പ്രക്രിയയോടുള്ള കൊഞ്ഞനം കാണിക്കലാണ്‌. ഇത്തരം പ്രവൃത്തികളില്‍ നിന്നൊക്കെ പാര്‍ട്ടികളും പ്രവര്‍ത്തകരും ഒഴിഞ്ഞു നില്‍ക്കുക എന്നതാണു ജനാധിപത്യത്തോടു ബഹുമാനം കാണിക്കാനുള്ള വഴി.

എന്നും വോട്ടിങ്ങിന്റെ കാര്യത്തില്‍ മുന്‍നിരയിലുള്ള സംസ്‌ഥാനമാണു കേരളം. ഓരോ തെരഞ്ഞെടുപ്പിലും വോട്ടിങ്‌ ശതമാനം കേരളത്തില്‍ വര്‍ധിച്ചു വരികയുമാണ്‌. ഉന്നതമായ പൗരബോധമാണ്‌ ഇതില്‍നിന്നു വ്യക്‌തമാകുന്നത്‌. ഈ ചിന്ത മുറുകെ പിടിച്ച്‌ ഇത്തവണയും ഉയര്‍ന്ന വോട്ടിങ്ങാവട്ടെ കേരളത്തില്‍നിന്ന്‌ ഉണ്ടാകുന്നത്‌. ഉയര്‍ന്ന വോട്ടിങ്ങിന്‌ അത്യാവശ്യം വേണ്ട രണ്ടു ഘടകം കാലാവസ്‌ഥയും സമാധാനപരമയ അന്തരീക്ഷവുമാണ്‌.

ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മഴയുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കഴിയുന്നത്ര വോട്ട്‌ ഉച്ചയ്‌ക്ക്‌ മുന്‍പേ ചെയ്യാന്‍ ഏവരും ശ്രദ്ധിക്കണം. പോളിങ്‌ ബുത്തില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരിക എന്നത്‌ ഓരോ പാര്‍ട്ടിയുടെയും ഓരോ പൗരന്റെയും കടമയാണ്‌. രാഷ്‌ട്രീയമായ എതിരഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ സംഘര്‍ഷ സാധ്യത ഏറെയാണ്‌. എന്നാല്‍, ആശയ സംഘര്‍ഷം സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സ്‌ഥിതിയിലേക്ക്‌ വളരാതെ ഏവരും ശ്രദ്ധിക്കണം. സ്വതന്ത്രമായി വോട്ട്‌ ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്‌. തങ്ങളുടെ വോട്ടവകാശം ഉത്തരവാദിത്വപൂര്‍വം വിനിയോഗിക്കുക എന്നത്‌ ഓരോ വ്യക്‌തിയുടെയും കടമയാണ്‌. ഒത്തൊരുമയുള്ള ശക്‌തമായ രാജ്യം കെട്ടിപ്പടുക്കാന്‍ നമുക്ക്‌ ഇന്നു വോട്ടു ചെയ്യാം.

Ads by Google
Tuesday 23 Apr 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW