Wednesday, July 03, 2019 Last Updated 6 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.52 AM

പോളിങ്‌ 80 ശതമാനം കടക്കുമോ?

uploads/news/2019/04/303398/bft2.jpg

സംസ്‌ഥാനത്ത്‌ ഇക്കുറി പോളിങ്‌ ശതമാനം എത്രയാകുമെന്നതു സംബന്ധിച്ച്‌ രാഷ്‌ട്രീയകക്ഷികള്‍ക്കു തല പുകച്ചില്‍. 78-80 ശതമാനത്തിനടുത്ത്‌ പോളിങ്‌ നടന്നേക്കുമെന്നാണ്‌ പൊതുവെ കണക്കുകൂട്ടല്‍. മുന്‍ തവണത്തേതിനേക്കാള്‍ പോളിങ്‌ ഉയരുമെന്നു സി.പി.എമ്മും കോണ്‍ഗ്രസും ഉറപ്പിക്കുന്നു.
പോളിങ്‌ ഉയര്‍ന്നാല്‍ ആര്‍ക്കു ഗുണമുണ്ടാകുമെന്നതു സംബന്ധിച്ച ചര്‍ച്ചകളും സജീവം. നവവോട്ടര്‍മാരും വനിതകളും അന്തിമവിധി നിര്‍ണയിക്കുമെന്ന കണക്കുകൂട്ടലാണ്‌ പൊതുവെ. ശബരിമല വിഷയമടക്കം മുഖ്യപ്രചാരണവിഷയമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും അസാധാരണമായ വാശിയോടെയാണ്‌ താഴേത്തട്ടില്‍ ചര്‍ച്ച നടന്നത്‌. ഏതെങ്കിലുമൊരു പക്ഷത്തു ചേര്‍ന്നു നില്‍ക്കാന്‍ വോട്ടര്‍മാര്‍ നിര്‍ബന്ധിതരായി. അതു വോട്ടിങ്ങില്‍ വര്‍ധനയുണ്ടാക്കിയേക്കാം.
ചൂടേറിയ തെരഞ്ഞെടുപ്പു വിഷയങ്ങള്‍ വൈകാരിക ചലനമുണ്ടാക്കിയെന്നു കണക്കുകൂട്ടുന്നു. ശബരിമല വിഷയത്തിനു പുറമേ ദേശീയരാഷ്‌ട്രീയവും നരേന്ദ്ര മോഡിയുടെ നയങ്ങളും രാഹുലിന്റെ വയനാടന്‍ നവരവുമെല്ലാം കൊടും ചര്‍ച്ചകളിലേക്കു വോട്ടര്‍മാരെ തള്ളിയിട്ടു.
മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമുണ്ടായി. കലാശക്കൊട്ടിനിടെയുണ്ടായ അക്രമങ്ങളിലേക്കു നയിച്ചതും ഈ ആവേശപ്പെരുക്കമാകാമെന്നു കരുതുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും ആവേശം വര്‍ധിപ്പിച്ചു.
അതിനിടെ 2014-ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പിടിച്ച വോട്ടുകള്‍ എങ്ങോട്ടു ചായുമെന്ന കണക്കെടുപ്പും തകൃതിയാണ്‌. ഇടതുമുന്നണിക്ക്‌ പിന്തുണയെന്ന്‌ ഒരുവിഭാഗം ആം ആദ്‌മി നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പൂര്‍ണമായി ശരിയല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മൂന്നാം ബദലിനായി കാത്തിരുന്നവരാണ്‌ ആം ആദ്‌മിക്ക്‌ മുന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്‌തത്‌ എന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇക്കുറി അവരുടെ ശക്‌തി ദുര്‍ബലമായെന്നു രാഷ്‌ട്രീയ ചിന്തകന്‍ കെ.വേണു ചൂണ്ടിക്കാട്ടി.
തൃശൂരില്‍ മുമ്പു മത്സരിച്ച സാറാ ജോസഫ്‌ 44638 വോട്ടുകള്‍ നേടിയിരുന്നു. എറണാകുളത്ത്‌ അനിതാ പ്രതാപ്‌ 51517 ല്‍ അധികം വോട്ടുകളാണ്‌ പെട്ടിയിലാക്കിയത്‌. ചാലക്കുടിയില്‍ കെ.പി. നൂറുദ്ദീന്‍ 35,189 വോട്ടു നേടി. കേരളത്തില്‍ 15 സീറ്റുകളില്‍ മത്സരിച്ച്‌ 2,56,662 വോട്ടുകളാണ്‌ "ആപ്‌" നേടിയത്‌. കാര്യമായ പ്രചാരണമില്ലാതെയാണ്‌ ഇത്രയധികം വോട്ടുകള്‍ നേടിയത്‌ എന്നതു വിസ്‌മയമായിരുന്നു. ഇതു വിരല്‍ചൂണ്ടുന്നത്‌ വോട്ടര്‍മാരിലെ അടിയൊഴുക്കുകള്‍ അത്ര ശക്‌തമായിരുന്നുവെന്നാണ്‌.
അതേസമയം ബദലുകള്‍ സ്വപ്‌നം കണ്ട വോട്ടര്‍മാര്‍ വീണ്ടും മുന്നണികളുടെ ക്ലച്ചിലേക്കു കയറുകയില്ലെന്ന വിലയിരുത്തലുമുണ്ട്‌. അത്തരം വോട്ടുകള്‍ നിര്‍ണായകമാകും. 2014ല്‍ 74.04, 2009 ല്‍ 73.37 ശതമാനവുമായിരുന്നു പോളിങ്‌.
മുമ്പ്‌ പോളിങ്‌ ശതമാനം ഉയര്‍ന്നാല്‍ ഇടതുമുന്നണിക്ക്‌ എതിരാകുമെന്ന തരത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. പിന്നീട്‌ അതിനു അടിസ്‌ഥാനമില്ലെന്നു തെളിഞ്ഞു. പോളിങ്‌ ശതമാനം ഉയര്‍ന്നാല്‍ മികവു പിടിക്കാനാകുമെന്ന കണക്കുകൂട്ടലുമായി എന്‍.ഡി.എ. രംഗത്തുണ്ട്‌. പ്രചാരണം താഴേതട്ടിലേക്കു ശക്‌തമായി കടന്നു ചെന്നുവെന്നാണ്‌ എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും കണക്കുകൂട്ടുന്നത്‌. അതിനൊക്കെ വ്യക്‌തത വരാന്‍ വോട്ടെണ്ണുന്നതു വരെ കാത്തിരിക്കണം.
1.34 കോടി വനിതകളും 1.26 കോടി പുരുഷന്മാരും 174 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമടക്കം 2.61 കോടി വോട്ടര്‍മാരാണ്‌ ആകെയുള്ളത്‌. 227 സ്‌ഥാനാര്‍ഥികളാണ്‌ ജനവിധി തേടുന്നത്‌. 60 സ്‌ഥാനാര്‍ഥികള്‍ മുഖ്യമുന്നണികളുടേതാണ്‌. ആം ആദ്‌മി പാര്‍ട്ടി ഇക്കുറി രംഗത്തില്ല.

കെ. കൃഷ്‌ണകുമാര്‍

Ads by Google
Tuesday 23 Apr 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW