Tuesday, July 09, 2019 Last Updated 37 Min 46 Sec ago English Edition
Todays E paper
Ads by Google
എന്‍. ഹരീഷ്‌
Tuesday 23 Apr 2019 01.51 AM

ആരാകും നായകന്‍...?

uploads/news/2019/04/303397/bft3.jpg

കേരളം ആര്‍ക്ക്‌ അനുകൂലമാകുമെന്ന ചോദ്യത്തിനൊപ്പം രാജ്യത്ത്‌ നരേന്ദ്ര മോഡിയോ രാഹുല്‍ ഗാന്ധിയോ ആരു മുന്‍തൂക്കം നേടുമെന്ന ആകാംക്ഷയും മൂര്‍ധന്യത്തിലേക്ക്‌. പുതുദശകത്തിലേക്കു നാടിനെ നയിക്കേണ്ട പാര്‍ട്ടിയേയും നേതാവിനെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പു യുദ്ധത്തില്‍ കേരളത്തിന്റെ വിധിയെഴുത്ത്‌ ഇന്ന്‌ നടക്കും.

അധികാര സോപാനത്തില്‍ തുടര്‍ച്ചയായ രണ്ടുവട്ടമെന്ന നേട്ടം യു.പി.എയ്‌ക്കു സമ്മാനിച്ച ജനവിധിതന്നെ എന്‍.ഡി.എയെ തേടിവരുമോ? യു.പി.എ. സര്‍ക്കാരിന്റെ ഹാട്രിക്‌ മോഹം നുള്ളിയെറിഞ്ഞ നരേന്ദ്ര മോഡിയാകുമോ മേയ്‌ 23 നു വിജയ പീഠമേറുക? ഭരണത്തുടര്‍ച്ചയെന്ന മോഡിയുടെ സ്വപ്‌നം മലര്‍പ്പൊടിക്കാരന്റേതാക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷപദത്തില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പു നേരിടുന്ന രാഹുല്‍ ഗാന്ധിക്കാകുമോ? നിരവധി ചോദ്യങ്ങളുമായിട്ടാണ്‌ ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും ജനം വിധിയെഴുതുക. ഉത്തരത്തിലേക്കുള്ള അകലം കുറയുന്തോറും തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ചൂടുമേറുന്നു.

യു.പി.ഐ. ഭരണത്തെ തൂത്തെറിഞ്ഞ്‌ 2014-ല്‍ ഇന്ദ്രപ്രസ്‌ഥം പിടിക്കാന്‍ എന്‍.ഡി.എയെ സഹായിച്ച നരേന്ദ്ര മോഡിയുടെ വ്യക്‌തിപ്രഭാവത്തില്‍ വിശ്വാസമര്‍പ്പിച്ചാണു ബി.ജെ.പി. സഖ്യം പ്രതീക്ഷകളുടെ രഥമുരുട്ടുന്നത്‌. ഒപ്പം പ്രായോഗിക രാഷ്‌ട്രീയ അടവുകളോരോന്നും മനഃപാഠമാക്കിയ അമിത്‌ ഷായെന്ന തന്ത്രജ്‌ഞന്‍ ഒപ്പമുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രിപദ തിളക്കവുമായി രാജ്യഭരണത്തിന്റെ ചുക്കാന്‍ പിടിച്ച മോഡി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്‌ പ്രചാരണവേദികള്‍ പിന്നിടുന്നത്‌.

സമസ്‌ത ജനവിഭാഗങ്ങളെയും സ്‌പര്‍ശിക്കുന്ന വികസനം യാഥാര്‍ഥ്യമാക്കിയെന്നാണ്‌ മോഡിയുടെയും സംഘത്തിന്റെയും അവകാശവാദം. ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസുയര്‍ത്തിയ അഞ്ചുവര്‍ഷമാണു കടന്നുപോയതെന്നാണു മറ്റൊരു വാദം. ശത്രുനിരയോടുള്ള മോഡി സര്‍ക്കാരിന്റെ വിട്ടുവീഴ്‌ചയില്ലാത്ത സമീപനത്തിനു ബാലാകോട്ട്‌ തിരിച്ചടിയാണു സാക്ഷ്യപത്രം.

രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക്‌ ഏഴു ശതമാനമായി ഉയര്‍ന്നതടക്കമുള്ളവയും നേട്ടങ്ങളുടെ ഗണത്തിലുണ്ട്‌. രാഹുല്‍ ഗാന്ധിയുടെ പരിചയക്കുറവും പ്രതിപക്ഷനിരയിലെ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ പേറുന്ന പ്രാദേശികമുഖവും തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നാണ്‌ ബി.ജെ.പി. പക്ഷത്തിന്റെ അനുമാനം.

വിള്ളലുകള്‍ പ്രകടമായ പ്രതിപക്ഷനിരയും മോഡിയുടെ ആത്മവിശ്വാസമാണ്‌. നോട്ട്‌ നിരോധനം, ജി.എസ്‌.ടി. എന്നിവ ഏല്‍പ്പിച്ച ആഘാതവും ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രകടിപ്പിക്കുന്ന അരക്ഷിതാവസ്‌ഥ അടക്കമുള്ള വിഷയങ്ങളും തിരിച്ചടിച്ചേക്കാമെന്നതും എന്‍.ഡി.എയില്‍ അസ്വസ്‌ഥത വിതയ്‌ക്കുന്നു.

ഒപ്പം ഭരണവിരുദ്ധ വികാരമെന്ന പതിവുനാടകം അരങ്ങിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കോണ്‍ഗ്രസ്‌ അധ്യക്ഷനായി ചുമതലയേറ്റശേഷം കൂടുതല്‍ പക്വതയും നേതൃപാടവവും പ്രകടിപ്പിക്കുന്ന രാഹുല്‍ ഗാന്ധിയിലൂടെ മോഡി പ്രഭാവത്തെ മറികടക്കാമെന്നാണു കോണ്‍ഗ്രസിന്റെ ആവേശം.

ഭരണപക്ഷത്തിന്റെ പതിവു പരിഹാസപാത്രത്തില്‍നിന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായുള്ള രാഹുലിന്റെ രൂപ-ഭാവമാറ്റം പ്രതിപക്ഷത്തിനാകെ ആത്മവിശ്വാസം പകരുന്നു. കോണ്‍ഗ്രസ്‌ മുക്‌തഭാരതമെന്ന ബി.ജെ. പി. മുദ്രാവാക്യം വായുവില്‍ അലിയിപ്പിച്ച സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനങ്ങളുടെ ആവര്‍ത്തനമാണു ലക്ഷ്യം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തനിപ്പകര്‍പ്പായ പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ വരവും ഓളമുണ്ടാക്കുന്നു.

റാഫേല്‍ യുദ്ധവിമാന ഇടപാട്‌, അസഹിഷ്‌ണുതാവാദം, തൊഴില്‍രംഗത്തെ മാന്ദ്യം, വര്‍ഗീയത ഉള്‍പ്പെടെ മോഡി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ്‌ തൊടുക്കുന്ന ആയുധങ്ങളേറെ. എന്നാല്‍, കേന്ദ്രത്തിനെതിരായ അഴിമതിയാരോപണങ്ങള്‍ പ്രചാരണരംഗത്ത്‌ സജീവമായി നിലനിര്‍ത്തുന്നതിനു കോണ്‍ഗ്രസ്‌ വൈമുഖ്യമാണു പ്രകടിപ്പിച്ചത്‌.

യു.പി.എ. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ അഴിയതിയാരോപണങ്ങളുടെ ഒഴിയാബാധ പാര്‍ട്ടിയെയും നേതാക്കളെയും വിട്ടൊഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണിത്‌. സജീവ രാഷ്‌ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവ്‌ അനുകൂലമാണെങ്കിലും ഭര്‍ത്താവ്‌ റോബര്‍ട്ട്‌ വാധ്‌രയ്‌ക്കെതിരായ കേസുകള്‍ ഉയര്‍ത്തുന്ന ആശങ്കയും മാറിയിട്ടില്ല.

തൂക്കു പാര്‍ലമെന്റിന്റെ സാധ്യത ചെറുപാര്‍ട്ടികള്‍ക്കു വലിയ സാധ്യതയാണ്‌ നല്‍കിയിരിക്കുന്നത്‌. തൃണമൂല്‍ കോണ്‍ഗ്രസ്‌, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌ പാര്‍ട്ടി, ഡി.എം.കെ, വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌, ടി.ആര്‍.എസ്‌. തുടങ്ങിയ പാര്‍ട്ടികള്‍ സ്വന്തം തട്ടകങ്ങളില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരാണ്‌.

ഇരുപക്ഷത്തെയും തറപറ്റിച്ച്‌ സീറ്റെണ്ണം കൂട്ടി വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുകയാകും ഈ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്‌. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത്‌ പ്രധാനമന്ത്രിപദംപോലും സ്വപ്‌നം കാണുന്നവരാണ്‌ ചെറുപാര്‍ട്ടികളിലെ നേതാക്കളില്‍ അധികവും. ഇത്തരം വിലയിരുത്തലുകളെല്ലാം കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ വോട്ടിങ്ങിനെ ബാധിക്കുമെന്ന്‌ ഉറപ്പ്‌.

Ads by Google
Ads by Google
Loading...
TRENDING NOW