Thursday, June 27, 2019 Last Updated 40 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.46 AM

യാത്രക്കാര്‍ക്കു ക്രൂരമര്‍ദനം: കല്ലട ട്രാവല്‍സിന്റെ ജീവനക്കാര്‍ അറസ്‌റ്റില്‍

uploads/news/2019/04/303388/c1.jpg

മരട്‌ (കൊച്ചി): യാത്രക്കാരെ ക്രൂരമായി ആക്രമിച്ച കേസില്‍ സുരേഷ്‌ കല്ലട ട്രാവല്‍സിന്റെ രണ്ടു ജീവനക്കാരെ മരട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആക്രമണത്തിനു നേതൃത്വം നല്‍കിയ ബസ്‌ ജീവനക്കാരായ ചിറയിന്‍കീഴ്‌ മടവൂര്‍ ജയേഷ്‌ ഭവനത്തില്‍ ജയേഷ്‌ (25), കൊടകര ആനന്ദപുരം ആലത്തൂര്‍ മണപ്പിള്ളില്‍ വീട്ടില്‍ ജിതിന്‍ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ട്രാവല്‍സ്‌ മാനേജര്‍ കൊല്ലം സ്വദേശി ഗിരിലാലിനെ പോലീസ്‌ ചോദ്യംചെയ്‌തു. കേസില്‍ കൂടുതല്‍പേരെ പ്രതിചേര്‍ക്കുമെന്നാണു സൂചന. ബസ്‌ സര്‍വീസ്‌ രേഖകള്‍ കൊച്ചി വൈറ്റിലയിലെ കല്ലട ഓഫീസിലെത്തി പോലീസ്‌ ശേഖരിച്ചു. കോണ്‍ട്രാക്‌റ്റ്‌ കാര്യേജ്‌ പെര്‍മിറ്റിന്റെ മറവിലാണു യാത്രാ സര്‍വീസുകള്‍ നടത്തിയിരുന്നതെന്നു കണ്ടെത്തി. അനധികൃത പാഴ്‌സല്‍ സര്‍വീസ്‌ നടത്തുന്നതിനും തെളിവു ലഭിച്ചു. ഇതേത്തുടര്‍ന്ന്‌ വൈറ്റിലയിലെ ഓഫീസ്‌ പോലീസ്‌ അടച്ചുപൂട്ടി. ഗതാഗത കമ്മിഷണറുടെ നിര്‍ദേശപ്രകാരം ബസിന്റെ പെര്‍മിറ്റ്‌ റദ്ദാക്കി.
സുരേഷ്‌ കല്ലട ഗ്രൂപ്പിനു സംസ്‌ഥാനത്തു മുപ്പതിലേറെ ഓഫീസുകളുണ്ട്‌. പോലീസ്‌ കസ്‌റ്റഡിയിലായിരുന്ന ജയേഷിന്റെയും ജിതിന്റെയും അറസ്‌റ്റ്‌ ഇന്നലെ ഉച്ചയ്‌ക്കാണു രേഖപ്പെടുത്തിയത്‌. മര്‍ദനം നടന്ന കെ.എല്‍. 45 എച്ച്‌ 6132 ബസും കസ്‌റ്റഡിയിലെടുത്തു.
സംഭവം ഇങ്ങനെ: കഴിഞ്ഞ ശനിയാഴ്‌ച രാത്രി തിരുവനന്തപുരത്തുനിന്നു ബംഗളുരുവിലേക്കു പോയ ബസ്‌ ഹരിപ്പാട്‌ കരുവാറ്റയില്‍ ബ്രേക്ക്‌ ഡൗണായി. പകരം സംവിധാനമേര്‍പ്പെടുത്താതെ, മൂന്നരമണിക്കൂറോളം നടുറോഡില്‍ കഴിയേണ്ടിവന്ന യാത്രക്കാര്‍ ഇതു ചോദ്യംചെയ്‌തതോടെ ജീവനക്കാര്‍ തട്ടിക്കയറി. തുടര്‍ന്ന്‌, ഹരിപ്പാട്‌ പോലീസ്‌ ഇടപെട്ട്‌ കൊച്ചിയില്‍നിന്നു കല്ലടയുടെ മറ്റൊരു ബസ്‌ വരുത്തി യാത്ര തുടര്‍ന്നു. പുലര്‍ച്ചെ ബസ്‌ വൈറ്റിലയിലെത്തിയപ്പോള്‍, മറ്റു ജീവനക്കാരെക്കൂടി വിളിച്ചുവരുത്തി യാത്രക്കാരായ മൂന്നു യുവാക്കളെ തല്ലിച്ചതച്ചു. പാലക്കാട്‌ സ്വദേശി മുഹമ്മദ്‌ അഷ്‌കര്‍, സുല്‍ത്താന്‍ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയഘോഷ്‌ എന്നിവരെയാണ്‌ ആക്രമിച്ചത്‌. അജയ്‌ഘോഷിന്റെ മൊബൈല്‍ ഫോണും പണമടങ്ങിയ ബാഗും തട്ടിയെടുത്തതായും പരാതിയുണ്ട്‌. അജയ്‌ഘോഷ്‌ കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്‌.
മര്‍ദനദൃശ്യങ്ങള്‍ ജേക്കബ്‌ ഫിലിപ്പ്‌ എന്ന യാത്രക്കാരന്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്‌. 11 അംഗസംഘം യുവാക്കളെ ബസില്‍നിന്നു വലിച്ചുപുറത്തിറക്കിയശേഷവും ബിയര്‍ കുപ്പികളുമായി പിന്തുടര്‍ന്നെന്നു ജേക്കബ്‌ ഫിലിപ്പിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു. മര്‍ദനമേറ്റ്‌ അവശരായ യുവാക്കള്‍ വൈറ്റില മസ്‌ജിദിനു സമീപത്തെ തട്ടുകടയില്‍ അഭയം പ്രാപിച്ചു. വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസ്‌ ഇവരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. അജയ്‌ഘോഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു സുരേഷ്‌ കല്ലട ബസ്‌ ജീവനക്കാര്‍ക്കെതിരേ കേസെടുത്തത്‌.
ട്രാവല്‍സിന്റെ വൈറ്റില ഓഫീസിലേക്കു യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. കെ.ആര്‍. സുരേഷ്‌കുമാറിന്റെ പേരില്‍ ഇരിങ്ങാലക്കുടയിലാണു ബസിന്റെ രജിസ്‌ട്രേഷന്‍. തുടര്‍നടപടികള്‍ക്കായി കേസ്‌ ഇരിങ്ങാലക്കുടയിലേക്കു മാറ്റും. ബസ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്നും എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസ്‌ അറിയിച്ചു.

Ads by Google
Tuesday 23 Apr 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW