Thursday, June 20, 2019 Last Updated 24 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.33 AM

ഞാന്‍ വോട്ട്‌ ചെയ്യും

uploads/news/2019/04/303372/k6.jpg

ഭരണഘടനാപരമായി പൗരനു ലഭിച്ച അവകാശമാണ്‌ വോട്ട്‌. രാജ്യഭരണം നടത്തുന്ന സഭയിലേക്ക്‌ അര്‍ഹരായവരെ തെരഞ്ഞെടുക്കാനുള്ള അവകാശമാണിത്‌. രാജ്യത്തോട്‌ സ്‌നേഹവും ആത്മാര്‍ത്ഥതയും ഉയര്‍ത്തി എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം.
വെള്ളാപ്പള്ളി നടേശന്‍,
എസ്‌.എന്‍.ഡി.പി. യോഗം
ജനറല്‍ സെക്രട്ടറി.

ഇതുവരെ വോട്ട്‌ ചെയ്യുന്നതു മുടക്കിയിട്ടില്ല. സാധാരണ പൗരന്മാര്‍ക്ക്‌ ജനാധിപത്യപരമായി പ്രതികരിക്കാനുളള ഏക അവസരം. മസില്‍ പവറിലൂടെ ആധിപത്യം നേടാനുള്ള ശ്രമങ്ങള്‍ക്കെതിരായ നിശബ്‌ദ പോരാട്ടം കൂടിയാണത്‌.
-വി. ദിനകരന്‍, മുന്‍ എം.എല്‍.എ, അഖില കേരള ധീവരസഭ ജനറല്‍ സെക്രട്ടറി.

വോട്ട്‌ ചെയ്യാനുള്ള അവകാശം വിനിയോഗിക്കും. ആ കടമ വിവേകത്തോടെ നിര്‍വഹിക്കുമ്പോള്‍ മാത്രമാണ്‌ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അര്‍ഹതയുണ്ടാകുക. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കാത്ത, കളങ്കരഹിതരായവരെ തെരഞ്ഞെടുക്കുക എന്നത്‌ എന്റെ ഉത്തരവാദിത്വമാണ്‌.
നടി ദിവ്യ ഗോപിനാഥ്‌

വോട്ട്‌ ചെയ്യുക എന്ന പൗരാവകാശം സാമാന്യബുദ്ധി ഉപയോഗിച്ച്‌ രാജ്യത്തിന്റെ ഉന്നമനവും സുരക്ഷയും സാധാരണക്കാരന്റെ ക്ഷേമവും മുന്‍നിര്‍ത്തി വിനിയോഗിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭരണസംവിധാനമാണു വേണ്ടത്‌. അതിനായി എല്ലാവരും വോട്ടവകാശം പ്രയോജനപ്പെടുത്തണം.
ഡോ. ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌
മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി
സഭ കൊച്ചി ഭദ്രാസനാധിപന്‍

മനുഷ്യത്വം നശിച്ചിട്ടില്ലെന്നും ജാതി-മത-ഫാസിസ്‌റ്റ്‌ ചിന്തകള്‍ക്ക്‌ അതീതമായി ചിന്തിക്കുന്നവര്‍ ഇവിടെ ബാക്കിയുണ്ടെന്നും സ്വയം ഉറപ്പിക്കാന്‍ ഞാന്‍ ഇത്തവണ വോട്ട്‌ ചെയ്യും. മനുഷ്യര്‍ ഒന്നല്ല എന്നു തോന്നിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ എതിര്‍ക്കപ്പെടണമെന്ന ചിന്തയാണ്‌ എന്നെ വോട്ട്‌ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌.
തനൂജ ഭട്ടതിരിപ്പാട്‌
എഴുത്തുകാരി

മതേതര, ജനാധിപത്യ ശക്‌തികള്‍ക്കു കരുത്തേകാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങേണ്ട കാലഘട്ടമാണിത്‌. അഴിമതിക്കും വര്‍ഗീയതയ്‌ക്കുമെതിരായ പോരാട്ടത്തില്‍ ഞാന്‍ അണിചേരുന്നത്‌ എന്റെ വോട്ടവകാശം വിനിയോഗിച്ചുകൊണ്ടാണ്‌.
പ്രദീപ്‌ പാറപ്പുറം
എന്‍.സി.പി. യുവജനവിഭാഗം
മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി

സുസ്‌ഥിര ഭരണത്തിനാണ്‌എന്റെ വോട്ട്‌. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഭരണവര്‍ഗം ആപത്താണ്‌. ലോകരാഷ്‌ട്രങ്ങള്‍ക്കു മുമ്പില്‍ ഇന്ത്യയുടെ യശസ്‌ കൂടുതല്‍ ഉയരണം. അടിസ്‌ഥാന ജനവിഭാഗങ്ങള്‍ക്ക്‌ ആശ്വസിക്കാനാവുന്ന ഭരണകൂടമാണ്‌ വരേണ്ടത്‌.
വിജയന്‍ മടക്കിമല,
റിട്ട. കെ.എസ്‌.ടി.സി. ജീവനക്കാരന്‍,
പുത്തൂര്‍വയല്‍, കല്‍പ്പറ്റ.

വര്‍ഗീയ ശക്‌തികളെ ചെറുത്തുതോല്‍പ്പിക്കാനാണ്‌ എന്റെ വോട്ട്‌. പശുവിന്റെ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുന്ന നാടായി നമ്മുടെ രാജ്യം അധഃപതിക്കരുത്‌. ജാതി-മത ഭേദമെന്യേ എല്ലാവര്‍ക്കും ഒത്തൊരുയോടെ ജീവിക്കാന്‍ കഴിയണം.
എം.പി. സജിത്ത്‌,
മാണിക്കോത്ത്‌ വീട്‌,
വരദൂര്‍, വയനാട്‌.

എന്റെ വോട്ട്‌ മതേതര ഭരണകൂടം നിലവില്‍ വരാനാണ്‌. ദേശത്തെയും മനുഷ്യരെയും തമ്മിലടിപ്പിച്ച്‌ ഭരിക്കുന്നിടത്ത്‌ മതേതരവും ജനാധിപത്യവും പുലരില്ല. വരുംതലമുറയ്‌ക്കു നല്ല നാളെ സ്വപ്‌നം കണ്ട്‌ വോട്ടവകാശം വിനിയോഗിക്കും.
ശില്‍പ സജിത്ത്‌, പറമ്പത്ത്‌ വീട്‌,
തലപ്പുഴ, വയനാട്‌.

കാലഹരണപ്പെട്ട സാങ്കേതികവിദ്യകളും മാലിന്യങ്ങളും അപകടകരമായ വ്യവസായങ്ങളും സമ്പന്ന രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്‌ത്‌ രാജ്യത്തെ കുപ്പത്തൊട്ടിയാക്കുന്നവര്‍ എനിക്ക്‌ എതിര്‍ചേരിക്കാരാണ്‌. പരിസ്‌ഥിതി സംരക്ഷിച്ചുള്ള വികസനം ആവിഷ്‌കരിക്കുന്നവര്‍ക്കാണ്‌ എന്റെ വോട്ട്‌.
നിശാന്ത്‌ പരിയാരം,
പരിസ്‌ഥിതി പ്രവര്‍ത്തകന്‍.

മതവും ജാതിയും പറഞ്ഞ്‌ വോട്ട്‌ ചോദിക്കുന്ന ഒരാള്‍പോലും കേരളത്തില്‍നിന്ന്‌ ലോക്‌സഭയിലേക്കു പോകരുതെന്ന്‌ ആഗ്രഹിക്കുന്നു. അതിനാണ്‌ എന്റെ വോട്ട്‌.
പി.വി. ഷാജികുമാര്‍.
കഥാകൃത്ത്‌-തിരക്കഥാകൃത്ത്‌,കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌.

ജനോപകാരപ്രദമായ നയങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന മുന്നണികളിലും സ്‌ഥാനാര്‍ഥികളിലും പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല. അതുകൊണ്ട്‌ വോട്ട്‌ ചെയ്യും. നോട്ടയോടും വോട്ട്‌ ബഹിഷ്‌കരണത്തോടും യോജിപ്പില്ല.
പി.പി. ദിനു,
കരാര്‍ തൊഴിലാളി.

പ്രവാസികളായ ഞങ്ങള്‍ക്ക്‌ നേടിയെടുക്കേണ്ട ഒരുപാട്‌ ആവശ്യങ്ങളുമുണ്ട്‌. പ്രവാസികളെക്കുറിച്ചു സംസാരിക്കാന്‍ എല്ലാവരും ഉണ്ട്‌, പക്ഷേ അവര്‍ക്ക്‌ ആവശ്യമായതു ചെയ്യാന്‍ ആരുമില്ല. ഇത്‌ മനസിലാക്കിയാണ്‌ ഇത്തവണത്തെ എന്റെ വോട്ട്‌.
നൗഷാദ്‌ മണ്ണന്‍,
പ്രവാസി.

ഇത്തവണത്തെ എന്റെ വോട്ട്‌ പൊതു വിദ്യാലയങ്ങളുടെ വളര്‍ച്ചയ്‌ക്കും അടിസ്‌ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനുമാണ്‌.
ടിനു സേവ്യര്‍, അക്കൗണ്ടന്റ്‌,
ആലുവ

അക്രമ രാഷ്‌ട്രീയത്തിനും വും വര്‍ഗീയതയ്‌ക്കുമെതിരേ വോട്ട്‌ ചെയ്യുന്നത്‌ മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനു തുല്യമാണെന്നു വിശ്വസിക്കുന്നു. സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനാണ്‌ ഇത്തവണത്തെ എന്റെ വോട്ട്‌.
ജയേഷ്‌ വര്‍ഗീസ്‌,
ഐടി പ്രഫഷനല്‍, മുരിക്കാശേരി.

മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കാനാണ്‌ എന്റെ വോട്ട്‌. രാജ്യത്തെ പൗരന്‍ എന്ന നിലയ്‌ക്ക്‌ ഓരോ വോട്ടും രേഖപ്പെടുത്തേണ്ടത്‌ ഉത്തരവാദിത്വ ബോധത്തോടെയാകണമെന്ന്‌ വിശ്വസിക്കുന്നു.
അനസ്‌ ജോസഫ്‌,
വിദ്യാര്‍ഥി, കോട്ടയം.

വോട്ട്‌ ചെയ്യുകയെന്നത്‌ എന്റെ ഉത്തരവാദിത്തമാണ്‌. ശാരീരിക വൈകല്യമുള്ളവരുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനു മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായ ഇത്തവണത്തെ വോട്ടെടുപ്പിനു കൂടുതല്‍ സന്തോഷത്തോടെയാണു പോകുന്നത്‌.
ടിഫാനി ബ്രാര്‍,
സാമൂഹിക പ്രവര്‍ത്തക, ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്‌ഥാപക.

ഇന്ത്യയില്‍ ജനാധിപത്യം വേണമോ വേണ്ടയോ എന്നു തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണിത്‌. ഇത്തവണ ആരും നോട്ടയ്‌ക്കു കുത്തരുതെന്ന്‌ അഭ്യര്‍ഥനയുണ്ട്‌. എന്റെ വോട്ട്‌ ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതയ്‌ക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമാണ്‌.
സാറാ ജോസഫ്‌,
എഴുത്തുകാരി.

ആര്‍ക്കു വോട്ടുചെയ്യുന്നു എന്നതിലല്ല, വോട്ടുചെയ്യുന്നതിലാണു കാര്യം. ജനകീയാഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യത്തിനേ കഴിയൂ. സുപ്രധാന പൗരാവകാശങ്ങളിലൊന്നാണത്‌.
കെ. വേണു.

ജനാധിപത്യം സാര്‍ഥകമാകാന്‍ എല്ലാവരും വോട്ടിങ്ങില്‍ പങ്കുചേരണം. അതിലൂടെ മാത്രമേ ജനകീയശക്‌തി വര്‍ധിപ്പിക്കാനാകൂ. രാഷ്‌ട്രീയകക്ഷികളെ വോട്ടര്‍മാര്‍ വിശ്വസിക്കുന്നു. തിരിച്ച്‌ അവരും ജനത്തെ വിശ്വസിക്കണം.
കലാമണ്ഡലം ക്ഷേമാവതി.

എന്റെ വോട്ട്‌ പാഴാക്കില്ല. നമുക്കു വേണ്ടതു ഫാസിസ്‌റ്റുകള്‍ക്കെതിരേ പടപൊരുതുന്ന, നാട്ടുകാരെ അറിയുന്ന ജനപ്രതിനിധിയെയാണ്‌. മനുഷ്യനെ മനുഷ്യനായിക്കണ്ട്‌ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാകണം നമ്മുടെ വോട്ട്‌.
അഞ്‌ജലി താരാദാസ്‌
വെട്ടം, മലപ്പുറം.

തലകുനിക്കാതിരിക്കാന്‍, ആഗ്രഹങ്ങള്‍ അടിയറവയ്‌ക്കാതിരിക്കാന്‍ ഞാന്‍ വോട്ട്‌ചെയ്യും. മാറ്റത്തിനുവേണ്ടിയാണെന്റെ വോട്ട്‌, നല്ല നാളേയ്‌ക്കുവേണ്ടിയും.
ശാക്കിറ അബ്‌ദുല്‍ ഖാദര്‍,
പെരിമ്പലം, മലപ്പുറം.

എന്റെ സ്വപ്‌നങ്ങളിലുള്ള സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സാമുദായിക ഐക്യത്തിന്റെയും സാമ്പത്തിക ഭദ്രതയുടെയും നാടിനാണ്‌ എന്റെ സമ്മതിദാനാവകാശം. നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ വോട്ടിടും.

നിഷ ഇസ്‌ഹാഖ്‌,
മഞ്ചേരി.

80 ശതമാനം വൈകല്യത്തോടെ സദാസമയവും വീല്‍ചെയറില്‍ കഴിയുന്ന എന്റെ കന്നി വോട്ടാണിത്‌. പ്ലസ്‌ ടു പാസായിട്ടും ജോലി ലഭിക്കാത്ത സാഹചര്യത്തില്‍ എന്റെ വോട്ട്‌ ഒരു തൊഴിലിനു വേണ്ടിയാണ്‌.
വി. അക്ഷയ്‌കുമാര്‍,
ആറ്റിച്ചിറ തെക്കതില്‍, ഉളിയക്കോവില്‍, കൊല്ലം.
രാജ്യത്തെ ഓര്‍ത്ത്‌ അഭിമാനിക്കുന്ന ഓരോ പൗരന്റെയും കടമയാണ്‌ വോട്ടവകാശം വിനിയോഗിക്കുക എന്നത്‌. എന്റെ നാടിന്റെ നന്‍മയ്‌ക്കുവേണ്ടിയാകും എന്റെ വോട്ട്‌.
രഞ്‌ജിത്ത്‌.എന്‍ , തച്ചേത്ത്‌ സരസ്‌,
നാറാണത്ത്‌ , ഏലൂര്‍

ജനാധിപത്യത്തിലെ രാജാവെന്ന പട്ടം പേറുന്ന വോട്ടര്‍ക്ക്‌ അക്ഷരാര്‍ഥത്തില്‍ രാജപദം കൈവരുന്ന ഏകദിവസം. വോട്ട്‌ ചെയ്യുന്നതു ഭാവി രാജാക്കാന്‍മാര്‍ക്കാണെന്ന ബോധ്യമുണ്ടെങ്കിലും പൗരാവകാശങ്ങള്‍ക്കു വില കല്‍പ്പിക്കുന്നതിനാല്‍ വോട്ട്‌ ചെയ്യും. -
ആര്‍. ശ്രീലക്ഷ്‌മി, കോട്ടയം.

രാജ്യത്തിന്റെ സിരകളിലൊഴുകുന്ന രക്‌താണു ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്‌ഥയിലെ ഏറ്റവു, വലിയ ഉത്സവത്തിന്റെ ഭാഗാമാകാന്‍ ഞാന്‍ ഇന്നു വോട്ടു ചെയ്യും.
അബിന്‍ മോഹനന്‍
വൈക്കപ്രയാര്‍.

Ads by Google
Tuesday 23 Apr 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW