Thursday, May 23, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.33 AM

കൃത്രിമ തസ്‌തിക, വ്യാജ അക്കൗണ്ട്‌ : സാക്ഷരതാ മിഷനിലെ കോടികളുടെ തട്ടിപ്പ്‌: വിജിലന്‍സ്‌ കേസെടുത്തു

uploads/news/2019/04/303371/k5.jpg

തിരുവനന്തപുരം: സാക്ഷരതാ മിഷനില്‍ ജില്ലാ പ്രേരക്‌ തസ്‌തികയ്‌ക്കു പകരം ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍ എന്ന കൃത്രിമതസ്‌തിക സൃഷ്‌ടിച്ച്‌ ഖജനാവില്‍നിന്നു കോടികള്‍ ചോര്‍ത്തിയ സംഭവത്തില്‍ വിജിലന്‍സ്‌ കേസെടുത്തു. ഇല്ലാത്ത തസ്‌തികയുടെ പേരില്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ തുടങ്ങി 2005 മുതല്‍ കോടികള്‍ തട്ടിയ വിവരം മംഗളമാണു പുറത്തുകൊണ്ടുവന്നത്‌. സാക്ഷരതാ മിഷനു പുതിയ ഡയറക്‌ടര്‍ വന്നശേഷമാണ്‌ ഈ അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയത്‌.
സാക്ഷരതാ മിഷന്‍ അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ തസ്‌തികയില്‍ നിയമിക്കേണ്ടതു ഡോക്‌ടറേറ്റ്‌ ഉള്ളവരെയോ സര്‍ക്കാര്‍ കോളജില്‍ അധ്യാപനപരിചയമുള്ളവരെയോ ആണ്‌. എന്നാല്‍, 15 വര്‍ഷമായി ഈ തസ്‌തികയില്‍ പ്രവര്‍ത്തിക്കുന്നതു വിദൂരവിദ്യാഭ്യാസ കോഴ്‌സില്‍ പി.ജി. നേടിയയാളാണ്‌. ഇക്കാര്യത്തിലുള്‍പ്പെടെ വിജിലന്‍സ്‌ സംഘം സാക്ഷരതാ മിഷനിലെത്തി തെളിവെടുത്തു.
ജില്ലകളില്‍ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്‌ 2017 വരെ അനുവദിച്ചതു ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍മാരുടെ പേരിലുള്ള ബാങ്ക്‌ അക്കൗണ്ടുകളിലൂടെയാണ്‌. 2005 മുതല്‍ ഇപ്രകാരം കോടികള്‍ കോര്‍ഡിനേറ്റര്‍മാരുടെ അക്കൗണ്ടുകളിലെത്തി. ജില്ലാ മിഷനില്‍ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കേണ്ടതു ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിയാണ്‌. എന്നാല്‍, കരാര്‍ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍ തസ്‌തികയുടെ പേരില്‍ വ്യാജ ബാങ്ക്‌ അക്കൗണ്ടുകള്‍ തുറന്നതു ഗുരുതരക്രമക്കേടാണ്‌. ജില്ലാപഞ്ചായത്തുകള്‍ മുഖേന ലഭിക്കുന്ന പദ്ധതിപ്പണവും ഈ അക്കൗണ്ടുകളിലാണ്‌ എത്തിയിരുന്നത്‌. ചട്ടപ്രകാരം, റെഗുലറൈസ്‌ ചെയ്‌ത ഉയര്‍ന്ന തസ്‌തികകളുടെ പേരിലേ (കരാര്‍ തസ്‌തിക പറ്റില്ല) അവശ്യസാഹചര്യങ്ങളില്‍ ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാനാകൂ.
സാക്ഷരതാ മിഷനില്‍ ഡയറക്‌ടര്‍ ഉള്‍പ്പെടെ സംസ്‌ഥാന ഓഫീസിലെ ആറു തസ്‌തികകളേ ഈ ഗണത്തിലുള്ളൂ. ജില്ലാപഞ്ചായത്തുകള്‍ മുഖേന പദ്ധതികള്‍ തരപ്പെടുത്തി പണം തട്ടുന്നതു ബോധ്യപ്പെട്ടതോടെ ജില്ലകളില്‍ പദ്ധതികള്‍ തയാറാക്കുന്നതു പുതിയ ഡയറക്‌ടര്‍ വിലക്കിയിരുന്നു.
കുറഞ്ഞവേതനം നിശ്‌ചയിച്ച്‌ 2016 ഫെബ്രുവരിയില്‍ ധനവകുപ്പ്‌ അംഗീകരിച്ച നൂറോളം തസ്‌തികകളില്‍ ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍, അസി. കോര്‍ഡിനേറ്റര്‍ തസ്‌തികകളില്ല. ഈ തസ്‌തികകളുടെ സമാനതസ്‌തിക കണ്ടെത്തി നല്‍കാന്‍ ധനവകുപ്പിനു സാക്ഷരതാ മിഷന്‍ കത്ത്‌ നല്‍കിയതു കഴിഞ്ഞ ഒകേ്‌ടാബറിലാണ്‌. സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ സമാനതസ്‌തികകള്‍ കണ്ടെത്താന്‍ ധനവകുപ്പിനു കഴിഞ്ഞിട്ടില്ല. എന്നിട്ടും 2016 സെപ്‌റ്റംബര്‍ മുതല്‍ കൃത്രിമതസ്‌തികകളില്‍ വന്‍വേതനം അനുവദിച്ചു. അധികവേതനം നല്‍കുന്നതിനായി ബ്ലോക്ക്‌ തല കോര്‍ഡിനേറ്റര്‍, നോഡല്‍ പ്രേരക്‌, ജില്ലാ പ്രേരക്‌, ജില്ലാ അസി. പ്രേരക്‌ തസ്‌തികകളെ ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്‌റ്റ്‌ അസി. കോര്‍ഡിനേറ്റര്‍ എന്നിങ്ങനെ കൃത്രിമതസ്‌തികകള്‍ ആക്കുകയായിരുന്നു. സ്‌പെഷല്‍ റൂള്‍ ഇല്ലാത്തതിനാല്‍ അതതു കാലത്തെ ഭരണകക്ഷികള്‍ സാക്ഷരതാ മിഷനില്‍ ഇത്തരം തസ്‌തികകള്‍ സൃഷ്‌ടിക്കാറുണ്ട്‌. ഇവര്‍ക്കു വന്‍വേതനം നല്‍കി ഖജനാവില്‍നിന്നു പണം തട്ടുന്നതു തടയാനാണ്‌ 2016 ഫെബ്രുവരിയില്‍ അംഗീകൃത തസ്‌തികകളില്‍ സര്‍ക്കാര്‍ കുറഞ്ഞവേതനം നിശ്‌ചയിച്ചത്‌.

കൃത്രിമതസ്‌തികകള്‍ 44 എണ്ണം; തട്ടിയെടുത്തത്‌ അഞ്ചുകോടി

തിരുവനന്തപുരം: സാക്ഷരതാ മിഷനില്‍ ധനവകുപ്പ്‌ കുറഞ്ഞവേതനം നടപ്പിലാക്കിയതില്‍ അടിമുടി ക്രമക്കേട്‌. ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ 44 കൃത്രിമതസ്‌തികകള്‍ക്കാണ്‌ അധികവേതനം അനുവദിച്ചത്‌.
ജില്ലാ പ്രേരക്‌മാരായി പ്രവര്‍ത്തിക്കേണ്ടവര്‍ക്കു ജില്ലാ പ്രോജക്‌റ്റ്‌ കോ ഓര്‍ഡിനേറ്റര്‍ തസ്‌തികയില്‍ 39,500 രൂപയും അസി. ജില്ലാ പ്രോജക്‌റ്റ്‌ തസ്‌തികയില്‍ 32,300 രൂപയുമാണ്‌ അനുവദിച്ചത്‌. 2016 സെപ്‌റ്റംബര്‍ മുതല്‍ ഇങ്ങനെ കൃത്രിമതസ്‌തികകളില്‍ അധികവേതനം അനുവദിച്ചതിലൂടെ ഖജനാവിനു നഷ്‌ടം 4,96,73,000 രൂപ.
എന്‍ട്രി കേഡറില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്‌മാര്‍ക്ക്‌ 12,000 രൂപ, നോഡല്‍ പ്രേരക്‌മാര്‍ക്ക്‌ 15,000 രൂപ വീതമാണു വേതനം നല്‍കുന്നത്‌. എന്നാല്‍, ജില്ലാ പ്രേരക്‌, ജില്ലാ അസി. പ്രേരക്‌ (യഥാക്രമം ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍, ജില്ലാ അസി. പ്ര?ജക്‌റ്റ്‌ കോര്‍ഡിനേറ്റര്‍) തസ്‌തികകളില്‍ ഇത്രയധികം വേതനം നല്‍കുന്നത്‌ ഏതു മാനദണ്ഡപ്രകാരമാണെന്നു വ്യക്‌തമല്ല. കൃത്രിമതസ്‌തികകള്‍ സൃഷ്‌ടിച്ചതിലൂടെ പ്രേരക്‌മാരുടെ സ്‌ഥാനക്കയറ്റസാധ്യതയും അട്ടിമറിക്കപ്പെട്ടു. 20 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയവും ഉന്നതവിദ്യാഭ്യാസവുമുള്ളവരാണു പ്രേരകമാരില്‍ ഭൂരിപക്ഷവും. 44 കൃത്രിമതസ്‌തികകളില്‍ പ്രവര്‍ത്തിക്കുന്നവരെ സാക്ഷരതാ മിഷന്‍ നേരിട്ടാണു നിയമിച്ചത്‌. ഇവരിലാരും പ്രേരക്‌മാരില്‍നിന്നു സ്‌ഥാനക്കയറ്റം ലഭിച്ചവരല്ല. കരാര്‍വ്യവസ്‌ഥയില്‍ പ്രവര്‍ത്തിക്കുന്ന അസി. ഡയറക്‌ടര്‍ ജില്ലാ പ്രോജക്‌റ്റ്‌ കോര്‍ഡിനേറ്ററെന്ന കൃത്രിമതസ്‌തികയില്‍നിന്നു സ്‌ഥാനക്കയറ്റം ലഭിച്ചയാളാണ്‌.

ജി. അരുണ്‍

Ads by Google
Tuesday 23 Apr 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW